Sunday, October 28, 2007

യൂണികോഡ് മലയാളത്തില്‍ അശ്ലീല പോസ്റ്റുകള്‍

യൂണികോഡ് മലയാളത്തില്‍ അശ്ലീല പോസ്റ്റുകള്‍ വരുന്നത് എല്ലാ ബ്ലോഗര്‍മാരും ഇതിനകം ശ്രദ്ധിച്ചുകാണും.ഞാനും കണ്ടു.ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് ബൂലോകകവിതയുടെ സൈഡ് ബാറില്‍ ആഡ് ചെയ്തിരുന്നതിനാല്‍ പുതിയ പോസ്റ്റുകളുടെ ലിങ്ക് വന്നിരുന്നു.അതില്‍ പച്ചത്തെറി കിടക്കുന്നതു കണ്ട് പോയി നോക്കിയതാണ്.പോയപ്പോള്‍ എല്ലാ പോസ്റ്റുംവായിക്കാതെ പോരാന്‍ തോന്നിയില്ല....:)

വ്യക്തിപരമായി എനിക്ക് ഇത്തരം പോസ്റ്റുകളോട് ഒരു വിയോജിപ്പുമില്ല.എല്ലാ മനുഷ്യരും അവരുടെ ജീവിതകാലത്തിനിടയില്‍ എപ്പോഴെങ്കിലും ഉച്ചപ്പടം/നീലപ്പടം കാണുകയും മഞ്ഞപ്പുസ്തകം വായിക്കുകയും XXX സൈറ്റുകളില്‍ കയറുകയുമൊക്കെ ചെയ്യും.ചുരുങ്ങിയത് അതൊക്കെ അറിഞ്ഞെങ്കിലെന്ത് എന്ന് ആശിക്കുകയും ചെയ്യും.തെറ്റാണെന്ന് തോന്നുന്നില്ല.

പിന്നെന്താണിപ്പോള്‍ പ്രശ്നമെന്നല്ലേ?ഒരു നവമാധ്യമം എന്ന നിലയില്‍ ബൂലോകത്തിന്റെ അന്തസ്സ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഘട്ടമായിരുന്നു ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.അച്ചടിമാധ്യമ രംഗത്തെ കെട്ടിലമ്മമാര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ തുടങ്ങിയിരിക്കുന്നു.അവരുടെ പുതിയ ഭയമാണ് ബൂലോകം എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.ബൂലോകത്ത് മുന്‍പ് പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ഇത് അച്ചടിമാധ്യമങ്ങളുടെ ഗൂഡാലോചനായാണെന്ന് പലരും പറഞ്ഞു കേട്ടിരുന്നു..അന്നൊക്കെ അതൊരു നല്ല തമാ‍ശയായാണ് തോന്നിയത്.

എന്നാല്‍ വിശാലനുമായി മാതൃഭൂമി നടത്തിയ അഭിമുഖം തുടക്കത്തില്‍ അത് ബൂലോകത്തിന് ഗുണകരമാവുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ന്ന് അവര്‍ തന്നെ പ്രസിദ്ധീകരിച്ച ഈ വിഷയത്തിലുള്ള ചില പ്രതികരണങ്ങളും ബ്ലോഗ് പോസ്റ്റുകളും ഉദ്ദേശ്യം നന്നായിരുന്നില്ലെന്ന് തോന്നിപ്പിച്ചു.കലാകൌമുദിയില്‍ വന്ന ലേഖനത്തെക്കുറിച്ച് രാം മോഹന്‍ എഴുതിയതും കൂട്ടി വായിക്കേണ്ടതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയുള്ള തെറിപ്പോസ്റ്റുകള്‍(സംഘഭോഗങ്ങളുടെ ചിത്രങ്ങള്‍ അടക്കം) യൂണികോഡ് മലയാളത്തില്‍ വരുന്നതിനെ ഞാന്‍ ഭയപ്പാടോടെയാണ് കാണുന്നത്.നിങ്ങളോ?

67 comments:

കുഞ്ഞന്‍ said...

അതെ വിഷ്ണു മാഷ് പറഞ്ഞതിനോട് 100 % യോജിക്കുന്നു. ഒളികണ്ണിട്ട് നോക്കുന്നവരാണ് നമ്മള്‍, പക്ഷെ അതിപ്രസരം വന്നാല്‍ അത് ബൂലോകത്തെ അധപതനലോകത്തേക്കു കൊണ്ടു പോകും. തീര്‍ച്ചയായും അഗ്രഗേറ്റേഴ്സിന് എന്തെങ്കിലും ഇതിനെതിരെ ചെയ്യാന്‍ പറ്റും എന്നു വിശ്വസിക്കുന്നു.

വിഷ്ണു പ്രസാദ് said...

അഗ്രഗേറ്ററുകള്‍ കാണിക്കുന്നൊന്നുമില്ല,കുഞ്ഞാ.

aneel kumar said...

പോസ്റ്റിനോട് (വിഷ്ണുമാഷിന്റെ) അടിമുടി യോജിക്കുന്നു, എല്ലാ നിരീക്ഷണങ്ങളോടും.
ഫ്ലാഗ് ചെയ്യല്‍ ഇത്തരം ബ്ലോഗുകളെ ചൂണ്ടിക്കാട്ടാന്‍ ഒരു മാര്‍ഗം.
ഓരോ പ്രദേശങ്ങളിലേയും ISP-മാര്‍ക്ക് Abuse നോട്ടിഫിക്കേഷന്‍ അയയ്ക്കാനും പറ്റും.
ഒട്ടും തന്നെ പ്രതിലോമപരമല്ലാത്ത പല മലയാളം ബ്ലോഗുകളെയും ഇവിടൊക്കെ നിരോധിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.

അക്കാര്യത്തില്‍ മുന്‍‌കൈയെടുത്ത മലയാളികള്‍ തന്നെ ഇതിലും എന്തെങ്കിലും ചെയ്യുമെന്നു പ്രത്യാശിക്കുന്നു

മെലോഡിയസ് said...

വിഷ്ണു മാഷിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു. കുറച്ച് കാലം മുന്‍പ് ഇങ്ങനെയൊന്ന് തനി മലയാളം അഗ്രിഗേറ്ററില്‍ കാണിച്ചിരുന്നു. ഉടനടി അതിന്റെ വേണ്ടപ്പെട്ടവര്‍ വേണ്ടത് ചെയ്തത് കൊണ്ട് പിന്നെ അതില്‍ വന്നിട്ടില്ല.

സഹയാത്രികന്‍ said...

മാഷേ സത്യം...!

അശ്ലീല ബ്ലോഗുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്ലാഗ് ചെയ്യുക എന്നതാണ് അറിയാവുന്ന ഒരു കാര്യം... അത് ശ്രദ്ധയില്‍പ്പെടുത്താന്‍ മറ്റു വഴികളുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു.

വാളൂരാന്‍ said...

മാഷുടെ പോസ്റ്റ്‌ അങ്ങിനെ തന്നെ ഞാന്‍ ഇവിടെ കമന്റായി ഇടുന്നു.

വിഷ്ണു പ്രസാദ് said...

സദാചാരപരതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന കേരളീയ സമൂഹത്തില്‍ നിന്നാണ് സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ ഇപ്പോര്‍ ബ്ലോഗിങ് ചെയ്യുന്നത്.ഇത്തരമൊരു സാഹചര്യം ഉണ്ടാവുകയും ഇതര മാധ്യമങ്ങളില്‍ ഇതൊരു ചര്‍ച്ചാവിഷയമാവുകയും ചെയ്താല്‍ ബ്ലോഗിങ് നിരോധിക്കപ്പെട്ടേക്കുമോ എന്നു പോലും പേടിക്കണം.

അടുത്ത വര്‍ഷം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇന്റെര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്താന്‍ പോവുകയാണ് സര്‍ക്കാര്‍.അക്ഷയ പദ്ധതി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

എന്താവും...?

തറവാടി said...

ഏതു രംഗത്തും നല്ലതും ചീത്തയുമുണ്ട്,
വായനക്കാരന്‌ വേണ്ടത് തിരഞ്ഞെടുത്ത് വായിക്കുകയല്ലെ ഉത്തമം?
"സ്വാതന്ത്ര്യ ബ്ലോഗിങ്ങ് കീ ജയ്" എന്നല്ലെ വെപ്പ്?
;)

( ഫ്ലാഗ് ചെയ്താല്‍ പുതിയ ഒന്നില്‍ വരും , അതും ഫ്ലാഗ് ചെയ്താല്‍ അടുത്ത ഒന്നില്‍)
തറവടി ഇതിനൊക്കെ (ഇത്തരം അശ്ലീല പോസ്റ്റ്കള്‍ക്ക്) സപോര്‍ട്ടാണോ എന്നു ചോദിക്കെണ്ട , ഒരു പൊതു തത്വം പറഞ്ഞെന്നെയുള്ളു

അതുല്യ said...

ഇത്രേം പേടിയ്കണോ? ഒട്ടും വേണ്ടാ എന്ന് തന്നെയാണു എന്റെ അഭിപ്രായം. പെട്ടിക്കടകള്‍ക്ക് മുമ്പില്‍ തൂങ്ങി കിടന്നിരുന്ന മഞ പുസ്തകങ്ങള്‍ നമ്മളില്‍ ആരൊക്കെ വാങി? മതിലിനെക്കാളും വലിയ കാവല്‍ മനസ്സ് തന്നെ മാഷേ. നെറ്റ് ഉപയോഗിയ്കുന്ന കുട്ടികള്‍ക്ക് എല്ലാ‍മറിയാം അതിലെന്തൊക്കെയുണ്ട്ന്ന്. അഗ്രഗേറ്റേഴ്സ് ഉണ്ടായാലും ഇല്ലെങ്കിലും നെറ്റ് തെറ്റിയുപയോഗിയ്കുന്നവര്‍ക്ക് ഒരു കുഴി തന്നെ. അത് കൊണ്ട് ബോധവല്‍ക്കരണം വേണ്ടത് ഗൂഗിളിലും, അഗ്രഗേറ്റേഴ്സിലുമൊന്നുമല്ല, നമ്മടേ കുടുമത്താണു.

വിഷ്ണു പ്രസാദ് said...

വായനക്കാര് അവര്‍ക്കിഷ്ടമുള്ളതു തന്നെ വായിച്ചോട്ടെ.അങ്ങനെ തന്നെയാണ് നടക്കുന്നതും.ഇന്ന് തറവാടിക്ക് താന്‍ ഒരു ബ്ലോഗറാണെന്ന് മാനക്കേടില്ലാതെ ആളുകളുടെ മുഖത്തു നോക്കി പറയാം. നാളെ അതായിക്കൊള്ളണമെന്നില്ല സ്ഥിതി.എന്റെ നാട്ടില്‍ നാലോ അഞ്ചോ തീയേറ്റര്‍ ഉണ്ട്.അവിടെ എവിടെ വേണമെങ്കിലും സിനിമകാണാന്‍ പോവാം.സ്ഥിരമായി പീസ് പടം കളിക്കുന്ന സന്തോഷ് എന്നൊരു ചെറിയ തീയേറ്ററുണ്ട്.അവിടെയാണ് പടം കാണാന്‍ പോയതെന്ന് പറയാന്‍ ചെറിയൊരു മാനക്കേടുണ്ടാവും ചിലര്‍ക്ക് (തറവാടികള്‍ക്ക്:))

ബൂലോകം സന്തോഷ് ടാക്കീസ് ആവണോ?ഇപ്പോ അലിക്കാടെ കുട്ടികള്‍ ബ്ലോഗുന്നുണ്ട്... നിങ്ങളില്ലാത്തപ്പോ അവര്‍ ഇമ്മാതിരി ബ്ലോഗുകള്‍ കാണുന്നതിനെ താങ്കള്‍ എങ്ങനെയാ കാണുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

സംഘരതി,ഗുദരതി,വദനസുരതം...ഏതു തരം വേണമെങ്കിലുമുണ്ട്.നോക്കിയിരുന്നോ...?

വിഷ്ണു പ്രസാദ് said...

അതുല്യേച്ചീ,എന്റെ പ്രധാന ഭയം അതൊന്നുമല്ല.
ഞാന്‍ സദാചാരത്തിന്റെ അപ്പോസ്തലനുമല്ല.
ഇതെങ്ങനെ നാളെ ബ്ലോഗ് എന്ന മാധ്യമത്തെ ബാധിക്കും എന്നതില്‍ മാത്രമാണ്.ബ്ലോഗിങ് തുടരണമെന്ന് ആഗ്രഹം ഉള്ളില്‍ ഉള്ളതുകൊണ്ടാണ്...

Unknown said...

വിഷ്ണുമാഷെ,

അശ്ലീല സൈറ്റുകള്ക്ക് അവരുടേതായ മേഖലകള്‍ ഉണ്ടെന്നതു കൊണ്ട് തന്നെ അധ:മ സംസ്കാരം വളരുത്തുന്ന ഇത്തരം ബ്ലോഗുകള്‍ക്കെതിരെ ആവശ്യമെങ്കില് ബ്ലോഗ് സമൂഹം കൂട്ടായ തീരുമാനമെടുക്കുകയും നിയമ നടപടികള് കൈക്കൊള്ളേണ്ടതുമാണ്. ഇതിന് ഒരു ബ്ലോഗര്‍ എന്ന നിലയില് നമുക്ക് എന്ത് ചെയ്യാന് കഴിയും എന്ന് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഈ കാര്യം ബഹറൈന് ബ്ലോഗറുകളായി ഞങ്ങളില്‍ ചിലര്‍ സംസാരിച്ചു കഴിഞ്ഞു. ഈ ആഴ്ച തന്നെ ഒരു പോസ്റ്റ് ഇതിനെ കുറിച്ചിടാം എന്ന് ഇന്നലെ രാത്രി സംസാരിച്ചപ്പോഴും കുഞ്ഞനോട് പറയുകയും ചെയ്തു. എന്തായാലും വിഷ്ണുമാഷീന്റെ അവസരോചിതമായ ഇടപെടലുകള് കൂടുതല് ശക്തി പകരുന്നു.

നിയമ രംഗത്തും അതു പോലെ സോഫ്ട് വെയര് രംഗത്തും കൂടുതല് പരിജ്ഞാനമുള്ളവരുടെ വിശദമായ അഭിപ്രായങ്ങള്‍ ഇവിടെ ആവശ്യമാകുന്നു.
മുളയിലേ നുള്ളിയില്ലെങ്കില്‍ ഇതൊരു ഇത്തിള്‍ കണ്ണിയായ് ഇവിടെ പറ്റിച്ചേരും.

ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഗുപ്തന്‍ said...

റീഡേഴ്സ് ലിസ്റ്റില്‍ കിട്ടുന്ന സെര്‍ച്ച് ഫീഡിലും ഒക്കെ ഈ പോസ്റ്റുകള്‍ കണ്ട് ഇന്നലെ ഞാനും ചില സെര്‍ച്ചുകള്‍ നടത്തിയിരുന്നു. അശ്ലീലസാഹിത്യം അടിച്ചമര്‍ത്തണോ എന്നതല്ല വിഷയം. കുറെ ബ്ലോഗുകള്‍ ഉണ്ട് ഇക്കൂട്ടത്തില്‍.

മാഷിന്റെ ഭയം പങ്കുവയ്ക്കുന്നു. യാഹൂഗ്രൂപ്പുകള്‍ താരതമ്യേന ആരോഗ്യകരമായ കാര്യങ്ങള്‍ക്കുള്ള കൂട്ടായ്മയായി തുടങ്ങിയതാണ്. ഇടക്കാലത്ത് അത് അശ്ലീലചിത്രങ്ങളുടെ വിതരണത്തിനുള്ള ഉപാധിയായി അധഃപതിച്ചു. യാഹുവില്‍ നിന്ന് ഒരുപാട് നിയന്ത്രണങ്ങള്‍ വന്നതിനു ശേഷമാണ് സ്ഥിതി അല്പമെങ്കിലും മെച്ചമായത് (മെച്ചമായിട്ടുണ്ടെങ്കില്‍...)

മുഖ്യധാരാപ്രസിദ്ധീകരണങ്ങളോടൊപ്പം പ്രായപൂര്‍ത്തിയായവര്‍ക്കുള്ള (അംഗീകൃത)പ്രസിദ്ധീകരണങ്ങളും ഒരേകടയില്‍ തുറന്നുവച്ചുവില്‍ക്കുന്ന തമ്പാനൂര്‍ബസ്റ്റാന്റിന്റെ തട്ടുകടകളുടെ മുന്നില്‍ സ്ത്രീകളെ കാണാറില്ല. പുരുഷന്മാര്‍ പോലും പെട്ടെന്ന് വന്ന് ദിനപ്പത്രമോ മറ്റോ വാങ്ങി അതു തുറന്ന് നാലുപേരേക്കാണിച്ച് സ്ഥലം വിടും. (മേല്പറഞ്ഞ ബ്ലോഗുകളില്‍ കാണുന്ന സാഹിത്യം കേരളത്തിലെവിടെയും തുറന്നുവച്ച് വില്‍ക്കുമെന്ന് തോന്നുന്നില്ല ) ഈ മനോഭാവം ആരോഗ്യകരമാണോ എന്ന് വിധിപറയുന്നില്ല. പക്ഷെ ഇത് നാട്ടില്‍ നിലനില്ക്കുന്നിടത്തോളം ഇത്തരം ബ്ലോഗുകള്‍ ഭാഷാബ്ലോഗിംഗിനു ഗുണം ചെയ്യില്ല.

തറവാടി said...

മാഷേ , എന്നെയങ്ങ് കൊല്ല്‌ :)

ഇന്‍‌റ്റര്‍നെറ്റില്‍ പലതും ഇല്ലേ മാഷെ ,
എന്‍‌റ്റെ വീട്ടില്‍ ഇരുപത്തിനാലു മണിക്കൂറും നെറ്റ് ഓണ്‍ ആണ്‌ , മക്കള്‍ ഒരിക്കലും അതു നോക്കില്ലെന്ന ഉറച്ച വിശ്വാസവുമുണ്ട്.

നമ്മള്‍ നെറ്റുപയോഗിക്കുന്നവര്‍ എന്നു പറഞ്ഞാല്‍ ഇത്തരത്തിലുള്ളതു നോക്കാനാണെന്നു മറ്റുള്ളവര്‍ കരുതി തറവാടിത്തം പോകുമോ ;) ?

അടച്ചുറപ്പുള്ള ഒരു മുറിയില്‍ിരിക്കുന്ന നമ്മളുടെ അടുത്തൊരുത്തന്‍ പ്രഭാതകൃത്യം ( ഉത്തരാധുനികന്‍‌ ;) )
ചെയ്താല്‍ വാസനിക്കും , നമുക്ക് മൂക്ക് പൊത്താം , ചെയ്യരുതെന്നും പറയാം ,

എന്നാല്‍

യാതൊരു മതില്‍ക്കെട്ടുകളുമില്ലാത്ത തുറന്ന ( സ്വാതന്ത്ര്യബ്ലോഗ്ഗിങ്ങ് ;) ) ഒരു സ്തലത്തിരിക്കുമ്പൊള്‍ , ദൂരെമെവിടെയോ ഒരു ത്തന്‍ മേല്‍‌പ്പടി ചെയ്താല്‍ വാസനവരുമെന്നു പറഞ്ഞ് മൂക്ക് പൊത്തണോ?

മറ്റൊരു കാര്യം നമുക്കിത്തരക്കാരെ മറ്റിനിര്‍ത്താന്‍ പറ്റില്ല മാഷെ , അവരെ വായിക്കുന്നവരും ഉണ്ടിവിടെ ( ഞാനല്ല :) )

ഞാന്‍ അതുല്യചേച്ചി പറഞ്ഞതിനോടെ യോജിപ്പുള്ളു :)

അല്ല , നിര്‍ത്തിയേ തീരൂ എന്നുണ്ടെങ്കില്‍ , മാഷൊരു ഗ്രൂപ്പുണ്ടാക്കുക എന്നിട്ടാ ഗ്രൂപ്പില്‍ മെമ്പര്‍മാരായ ഒരുത്തനും ഇങ്ങിനെ ചെയ്യരുതെന്നു പറയുക , അപ്പോള്‍ ഞാന്‍ മാഷുടെകൂടെ നില്‍ക്കാം , ഇപ്പോ പറ്റില്ല :)

പിന്നെ മാഷുടെ ഭയം ,( ബ്ലോഗിങ്ങ് നിര്‍ത്തുമോ എന്നത്) അടിസ്ഥാനമഉണ്‍ടെന്നു തോന്നുന്നില്ല , പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍ ഇവിടെ ഗള്‍ഫില്‍ പിന്നെയും ഒരു ചാന്‍സുണ്‍റ്റ്.

അരവിന്ദ് :: aravind said...

മാഷേ ഇതൊരുമാതിരി വല്ലാത്ത ഒരു എടപാടായിപ്പോയി!
മോശം മോശം!

അല്ല, ആ സൈറ്റുകളെക്കുറിച്ചല്ല, അതിന്റെ ലിങ്ക് ഈ പോസ്റ്റില്‍ തരാഞ്ഞതേയ്!

:-)

aneel kumar said...

ഇക്കാര്യത്തില്‍ പോസ്റ്റിലെ അവസാന ഖണ്ഡികയില്‍ പരാമര്‍ശിച്ച ഭയപ്പാടുമാത്രമേ പ്രസക്തമായുള്ളൂ എന്നുതന്നെ പറയാം. ഒപ്പം കുട്ടികളായാലും വലിയവരായാലും പ്രസ്തുത ബ്ലോഗുകള്‍ പ്രത്യേകിച്ച് തെരയാതെ തന്നെ കണ്ടെത്തപ്പെടുന്നുവെന്നു വരുന്നത് ഉചിതമല്ല എന്നതും ഓര്‍ക്കുക.

വിഷ്ണു പ്രസാദ് said...

തറവാടിത്തം പോയാലും ഇല്ലെങ്കിലും കൊള്ളാം.ഞാനീ തറവാടിത്ത ഘോഷണത്തില്‍ വിശ്വസിക്കുന്ന ആളല്ല അലിക്കാ‍.

പക്ഷേ ബ്ലോഗിങ്ങിന്റെ അന്തസ്സിനെ ഇത് ബാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.

തറവാടി said...

മാഷെ , കെറുവിക്കാതെ ,

ഫ്ലാഗൊഴികെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നറിയാന്‍ താത്പര്യമുണ്‍ട്.

അതുല്യ said...

(a) മലയാള ബ്ലോഗ്ഗിങ്ങിലില്‍ സെക്സ് പരന്നാല്‍ ബ്ലോഗ്ഗിങ്ങ് ബാനാവില്ല. ഗൂഗിളുകാര്‍ക്ക് മലയാളം ബ്ലോഗ്ഗുണ്ടെന്നന്നേ അറിയോ ആവോ? :)

(b)സീയിങ്ങ് സെക്സ് ഈസ് നോട്ട് ഡൂയിങ് സെക്സ് (അപ്പോ അത്രേം പേടി പോരെ? :)

(c)ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികളില്‍ എന്നാല്‍ മലയാളം ബ്ലോഗ്ഗിങ് അല്ല.

(d)മലയാള ബ്ലോഗ് സമൂഹവും കൂട്ടായ തീരുമാനവും (ലഡ്ഡുവും ചാളക്കറിയും)

(e)ഇന്റര്‍നെറ്റിലൂടെ, മലയാളം അഗ്രിഗേറ്ററില്‍ വന്ന ലിങ്കിലൂടേയാണു എന്റെ മകന്‍ സെക്സില്‍ തല്പരനായത് എന്ന് ഞാന്‍ ആരോടെങ്കിലും പറഞാല്‍, കഴിഞാശ്ച്ച കൂടി ഞാന്‍ എവറസ്റ്റില്‍ പോയി വന്നു എന്ന് പറയുന്നതായിട്ട് കൂട്ടിയാ മതി.

(f) അവര്‍വര്‍ക്ക് വേണ്ടാത്തത് ഫ്ലാഗ് ചെയ്യാന്‍ ഗൂഗിള്‍ സമ്മതിയ്കുന്നുണ്ട് :)

(g) മലയാളി ബൂലോഗത്തേ അധ:പതനത്തിലേയ്ക് നയിയ്കുന്നത് സെക്സുമായി ബന്ധപെട്ട് വരുന്ന് പത്തോ പതിനഞ്ചഓ പോസ്റ്റല്ല, മറിച്ച് പോസ്റ്റിലെ വിഷയം എത്ര നീതിയ്ക് നിരയ്കുന്നതാണെങ്കിലു, ബ്ലോഗ്ഗര്‍ എഇഡന്റിറ്റിയേ തിരഞ് പിടിച്ച് ആക്രമിയ്കാനുള്ള മലയാളിയുടേ ത്വരയാണു.

(h)അഗ്രഗേറ്ററിലൂടേ/നെറ്റിലൂടേ ഒക്കെ കിട്ടുന്ന സെക്സ് സംബന്ധമായ കുറിപ്പുകളും പടങ്ങളും ഞാന്‍ , ആവശ്യ്യമെന്ന് തോന്നുന്ന പക്ഷം വായിയ്ക്കാറും കാണാറുമുണ്ട്. നല്ല സ്റ്റെയിലന്‍ ലിങ്ക് എങ്കില്‍ കൈമാറുമുണ്ട് :)

(j)കേരളത്തിലു സദാചരമുണ്ടോ? (എന്റേം ഒന്ന് പുരപ്പറത്ത് ഇട്ടിട്ടുണ്ട്)

(k) ഇന്റര്‍നെറ്റ് എന്നാല്‍ സെക്സ് പറയാനും കേള്‍ക്കാനുമുള്ള സ്ഥലമെന്ന മലയാളിയുടേ തോന്നല്‍ ആദ്യം മാറണം. (സൈനേഡ് വിക്കാനുണ്ടേങ്കിലും നമ്മളത്, വേണ്ടാതെ വാങ്ങാറില്ലല്ലോ)

(l)സെക്സ് ഇല്ലാത്ത സ്ഥലമുണ്ടോ?

(m)എന്നുമെന്ന പോലെ, ന്യൂസ് പേപ്പറിന്റെ മുന്‍പേജില്‍ ആളെ വെട്ടിക്കൊന്ന് 4 തുണ്ടാക്കിയിട്ട പടമുണ്ട്, ഗര്‍ഭിണിയേ തല്ലിയ പടമുണ്ട്, കുഞിനെ കിണറ്റിലേറിഞ് കാമുകന്റെ കൂടേ ഓടിപോയ കഥയുണ്ട്, 3 വയസ്സുകാരിയേ 6 പേരു ചേര്‍ന്ന് പീഡിപ്പിച്ച് തോട്ടിലേറിഞത് പടം സഹിതമുണ്ട്, ഇന്നത്തേ പേപ്പ്പറ് നോക്കീയോ എന്നും പറഞ് നമ്മളിരിപ്പുണ്ട്, വായിച്ച് കോലായിലിട്ട് പോകുന്നുമുണ്ട്. സെക്സ് മാത്രം കുഞ്ഞുങ്ങള്‍ (സ്ത്രീകളേ പെടുത്തണോ‌?) അറിയുന്നതിലാണു തകരാറു. ങ്ഹും!

() മൊബൈല്‍ ഫോണ്‍ നിരോധിച്ചാല്‍ പെണ്-വാണിഭംവും, കൊലപാതകങ്ങളും ഇല്ലാതാവില്ല.

(n)ഫ്ലാഗിങ്ങ് അല്ലാതെ വേറേ ഒരു വഴിയുമില്ല അവരവര്‍ക്ക്.

(0) അതുല്യേച്ചിക്ക് തന്നെ പണിയിരിയ്കട്ടേ എന്നാണെങ്കില്‍ ഒരുപക്ഷെ നടക്കും. ദുബായിലെ മലാ‍യാളം ബ്ലോഗ്ഗിങ്ങ് ഒക്കെ സെക്സാണെന്ന് ഒരു മെയില്‍ മതി ISP യിലൊട്ട്. ഒക്കേനും റെഡിയാക്കും Etisalat. അതൊണ്ടാണല്ലോ f c k എന്ന കോമ്പിനേഷനിലുള്ള എന്തെലും വാക്ക് തിരഞാല്‍ ഞങ്ങള്‍ക്ക് കിട്ടാത്തത് - പാവം ഫ്ലിക്കറ് !

(p)ഒന്നും പേടിയ്കാനില്ല.

ഗുപ്തന്‍ said...

(j)കേരളത്തിലു സദാചരമുണ്ടോ? (എന്റേം ഒന്ന് പുരപ്പറത്ത് ഇട്ടിട്ടുണ്ട്)


മനസ്സുകൊണ്ടൊന്നു പാദം തൊട്ട് ദക്ഷിണ വച്ചോട്ടെ.. ഈ ചോദ്യം ഇങ്ങനെ എഴുതാന്‍ അറിയുന്ന ആള്‍ കൂടുതല്‍ എഴുതണം :)

പ്രയാസി said...

ഓരോരുത്തരുടെ ടേസ്റ്റിനും സംസ്കാരത്തിനും അനുസ്സരിച്ചു വായിക്കട്ടെ!
കുളിക്കടവിലും പൊതുമൂത്രപ്പുരകളിലും വരക്കുന്നവരും എഴുതുന്നവരും ബ്ലോഗെഴുതിയാല്‍ അശ്ലീലം ഉണ്ടാകും..
അപ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്തേണ്ടതു അതെഴുതുന്നവര്‍ തന്നെയാണു..
ഈ മനോരോഗത്തിനു അവര്‍ സ്വയം അറിഞ്ഞു ചികിത്സിച്ചാല്‍..ഈ കാന്‍സര്‍ ബൂലോഗത്തെ അധികം ബാധിക്കില്ല..

അതുല്യ said...

മനുവേ. (ഇത് ഏത് മനു?), ഇപ്പോ സദാചാരം പോയാലും (സ്വഭാ‍വം സദാ ചാരം മൂടി കിടക്കുന്നൂന്ന് :) അല്പം സമാധാനോണ്ട് എഴുതാണ്ടേ ബ്ലൊഗ്ഗേഴ്സ് ഓടിച്ചിട്ട് മതിലേക്ക്കേറ്റി കയത്തിലോട്ട് ചാടിക്കണ്ടെ ഇരിയ്കുമ്പോ.

വിഷ്ണുമാഷിന്റെ പോസ്റ്റ് ആന സ്റ്റീല്‍ പാത്രക്കട്യില്‍ കയറിയ പോലെ ആക്കീതിനു രണ്ടര ക്കിലോന്റെ ഒരു മാപ്പ്.

ശ്രീഹരി::Sreehari said...

പണ്ട് ഇന്റെര്‍നെറ്റ് ഉണ്ടായിരുന്നില്ല. അന്ന് മാര്‍കേസിന്റെ ബ്ക്ക് വായിക്കനിഷ്ടപ്പെടുന്നവര്‍ തേടിപ്പച്ച്ചു വായിച്ചു. അസ്ലീലസാഹിത്യം ആവശ്യമുള്ളവര്‍ അതും. ഇന്‍‌ഫോര്‍മേഷന്‍ യുഗത്തില്‍ ഒന്നും ഒളിച്ചുവെക്കാന്‍ കഴിയില്ല. അശ്ലീലസാഹിത്യങ്ങള്‍ വായിക്കന്‍ താല്പര്യം ഉള്ളവര്‍ക്ക് കേരളത്തിന്റെ ഏതു മൂലയില്‍ നിന്നും അത്‌ കിട്ടൂം.ിന്റര്‍നെറ്റൊന്നും ഇല്ലാത്ത കാലത്ത് ഇതൊന്നും ആരും കാണാറില്ലേ? ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസിലൂടെ ഇത്തരം മാഗ്ഗസീനുകള്‍ ഒഴുകിനട്ക്കുന്നെ കണ്‍റ്റിടുണ്ട്. ഓ പിന്നെ.. എനിയിപ്പം ബ്ലോഗിനെ അങ്ങ് നിരോധിച്ചാലും മതി.... ഇതിനു വേണ്ട് നെറ്റ് തുറക്കുന്നവര്‍, google, yahoo, തുടങ്ങി ഏതെങ്കിലും ഒരു സൈറ്റില്‍ ഒരു സെര്‍ച്ച് അങ്ങട് കൊടുത്താ മതി സൈറ്റിന്റെ ലിസ്റ്റ് പരപരാ ന്ന് വരും. ഇതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.


പ്രയാസി പറഞ്ഞ പോലെ ഓരോരുത്തരും സ്വയം അറിഞ്ഞു ചികിത്സിച്ചാല്‍..ഈ കാന്‍സര്‍ ബൂലോഗത്തെ അധികം ബാധിക്കില്ല..

മന്‍സുര്‍ said...

വിഷ്‌ണുജീ.....
പലപ്പോഴും ചിന്തിക്കാറുണ്ടു എന്തിനാണ്‌ ഈ അശ്ലീലത്തെ നഖശിഖാന്തം എതിര്‍ക്കുന്നതെന്ന്‌... ഈ ഭൂലോകത്ത്‌ ആണ്ണെന്ന വര്‍ഗ്ഗവും പെണ്ണെന്ന വര്‍ഗ്ഗവും ഉള്ളിടത്തോളം കാലം ഈ അശ്ലീലവും ഉണ്ടാകും അതില്‍ സംശയമില്ല. പിന്നെ നമ്മള്‍ ചിലപ്പോല്‍ പറയുന്ന അശ്ലീലങ്ങള്‍ മറ്റ്‌ പലര്‍ക്കും ആസ്വാദനമാണ്‌... അതിനെ എതിര്‍ക്കുകയല്ല വേണ്ടത്‌..പിന്നെ പ്രോത്‌സാഹിപ്പിക്കുകയല്ല വേണ്ടത്‌...അതിനെ അറിയതിരിക്കുകയാണ്‌ വേണ്ടത്‌...നമ്മുക്ക്‌ വേണ്ടത്‌ നാം തിരഞെടുക്കുകയായിരിക്കും ഉത്തമം.
ഒരു സംശയം ഈ അശ്ലീലം എന്ന്‌ പറയുന്നത്‌ സെക്‌സിനെ തന്നെയല്ലേ.... രീതികളിലുള്ള മാറ്റങ്ങള്‍ അല്ലാതെ സെക്‌സൊക്കെ ഒന്ന്‌ തന്നെ..അതൊരു കലയാണ്‌... ആ കല അവതരണത്തിലും...ആസ്വാദനത്തിലും മനുഷ്യര്‍ കാണിക്കുന്ന വ്യത്യാസങ്ങളായിരിക്കം അശ്ലീലമെന്ന്‌ നമ്മെ കൊണ്ടു പറയിപ്പിക്കുന്നത്‌.... ഇന്ന്‌ ഇന്റര്‍നെറ്റില്‍ പണം വാരികൂട്ടുന്ന സ്ഥാപനങ്ങളില്‍ കൂടുതലും ഇത്തരം അശ്ലീലങ്ങളുടെ ഉടമകളാണെന്ന്‌ നാം അറിയാതെ പോക്കുന്ന സത്യങ്ങള്‍..
കംപ്യുട്ടറില്‍ ഒരു അറിവിന്ന്‌ വേണ്ടിയുള്ള അന്വേഷണത്തില്‍ അച്ഛന്റെയും മകളുടെയും മുന്നിലെ സ്ക്രീനില്‍ തെളിഞത്‌ അശ്ലീല ചിത്രമായിരുന്നു...
നമ്മുക്ക്‌ ശ്രമിക്കാം...ഇത്തരം അശ്ലീലങ്ങളില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കാന്‍....ഭാവിതലമുറക്ക്‌ ഇതിന്റെ വിപത്തുകളെ കുറിച്ചുള്ള അറിവുകള്‍ പകരാം..
കാര്യപ്രസക്തിയുള്ള ഈ ചര്‍ച്ചക്ക്‌ തുടക്കമിട്ട വിഷ്‌ണുജീക്ക്‌ അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

അനിലൻ said...

കൊറേ തപ്പിനോക്കി, കിട്ടീല്യ വിഷ്ണൂ
കഷ്ടായി!

മനുഷ്യന്മാരില്യാത്ത വല്ല നാട്ടിലും പോയി ജീവിക്കേണ്ടി വരും ഇതൊക്കെ കാണാതെയൂം കേള്‍ക്കാതെയും ഇരിക്കണമെങ്കില്‍.
:)

Unknown said...

മാഷെ സംഭവം കണ്ടു. ബ്ലോഗില് ഒന്നൂലേലും അല്‍പം വിവരോം വിദ്യാഭ്യാസോം (സര്‍ട്ടിഫിക്കറ്റിലെങ്കിലും ) ഉള്ളവനാണല്ലോ കൈവക്കുന്നത്. അവര്‍ക്ക് ഈ പറഞ്ഞ വിരലിലെണ്ണാവുന്ന മലയാളം ബ്ലോഗ് വായിക്കണോ വായിക്കാതിരിക്കണോ എന്ന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടല്ലോ?

കോട്ടയം നഗരസഭയില്‍ പൊലീസിന്റെ മൂക്കിനുതാഴെ, കേരളത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളവരെന്ന് ഭാവിക്കുന്ന നാട്ടുകാരുടെ മുന്നിലൂടെ അശ്ലീലചിത്രങ്ങള്‍ പ്രേക്ഷപണം ചെയ്യാനാവുന്ന ടോര്‍ച്ച് ലൈറ്റുകള്‍ വിപണനം നടത്തിയവരുടെ നാടാണ് ഇത്.

പത്തുരൂപയുടെ (അതേ വെറും പത്തുരൂപ മാത്രം) സിഗററ്റ് ലൈറ്ററായിരുന്നു വില്ലന്‍. ഒരു ന്യൂസ് ചാനലല്‍ ആണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇവിടെ പെട്ടിക്കടകളിലും മറ്റുമായിരുന്നു ഈ നീല ലൈറ്റര്‍ വിതരണം ചെയ്തിരുന്നത്. അതിലെ സ്വിച്ച് അമര്‍ത്തി ചുമരിനുനേരെ പിടിച്ചാല്‍ രതിയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളാണ് ചുമരില്‍ പതിഞ്ഞിരുന്നത്.

വില്‍പനക്കാരെ പിടിക്കാനും ബുദ്ധിമുട്ടായിരുന്നു, കാരണം വലിയവര്‍ വന്ന് ലൈറ്റര്‍ ചോദിച്ചാല്‍ കിട്ടുന്നത് സാധാരണ ലൈറ്റര്‍ മാത്രം. ഇനി ആരെങ്കിലും പ്രത്യേകിച്ച് ചോദിച്ചാല്‍ ഇവിടെയില്ലെന്നും പറയും. അതുമാത്രമല്ല, സാധാരണ വൈറ്റ് എല്‍ ഇ ഡി ഘടിപ്പിച്ച കുറച്ച് ലൈറ്ററുകളും ഇവിടെയുണ്ടാകും അതേ മുതിര്‍ന്നവര്‍ക്കു കിട്ടു. എന്നാല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചെന്നുചോദിച്ചാല്‍, സംഭവം പുറത്തുവരും. പിള്ളരാകട്ടെ പലതരം ചിത്രം ലഭിക്കുവാനായി ഇവയുടെ ശേഖരണവും തുടങ്ങി.

ഒടുവില്‍ 'ഭാവിയുടെ വാഗ്ദാനമായി വളരുന്ന' ഒരു പയ്യന്‍ തന്റെ ക്ലാസിലെ പെണ്‍കുട്ടിക്ക് ജന്മദിന സമ്മാനമായി ഇത്തരമൊരു ലൈറ്റര്‍ നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

എന്തായാലും പൊലീസ് 'ഗംഭീരമായി'ഇടപെട്ട് സംഭവം ഒതുക്കി തീര്‍ത്തു.

മാഷെ, ആത്മരോഷം കൊള്ളുമ്പോഴും ഒരു സത്യം മറക്കാനാവുന്നില്ല, നമ്മുടെ കാല്‍കീഴിലെ മണ്ണ് ഒലിച്ചു പോവുകതന്നെയാണ്. ഇവയോടൊന്നും എതിര്‍ക്കാനാവാതെ ഒരു തരം നിസ്സംഗതയോടെ നില്‍ക്കാനെ മലയാളികള്‍ക്ക് ആകുന്നുള്ളു. തനിക്കും തന്റെ കുടുംബത്തിനും ഇത് അതിജീവിക്കാനാവുമെന്ന വിശ്വാസം, മിഥ്യാധാരണ ഇവയിലൊന്ന് ധൈര്യം തരുന്നു. അല്ലെങ്കില്‍ എന്തായാലും നാടു കുട്ടിച്ചോറാകുന്നു, താന്‍ മാത്രം തിന്നാതിരുന്നിട്ടെന്താ എന്ന ചിന്താഗതി!

ബ്ലോഗിലെ അശ്ലീലത മലയാളത്തിന്റെ മാത്രം പ്രത്യേകതയൊന്നുമല്ല കേട്ടോ മാഷേ, ഇംഗ്ലീഷിലും ഒന്ന് സെര്‍ച്ച് ചെയ്തുനോക്കു.

Ziya said...
This comment has been removed by the author.
ശ്രീ said...

വളരെ സീരിയസ്സായി കാണേണ്ട വിഷയം ആണല്ലോ...

ബ്ലോഗിങ്ങിന്റെ നല്ല പേര്‍ കളയാനേ ഇതുപകരിക്കൂ...

:)

Ziya said...

ഏതൊരു മാധ്യമം അല്ലെങ്കില്‍ സാങ്കേതികത പുതുതായി വന്നാലും അശ്ലീലം അതിനെ ഉടനെ തന്നെ പിടികൂടും.
ഏതൊരു സാങ്കേതികതയും അശ്ലീലപ്രചാരണത്തിനുള്ള ഉപാധിയാക്കപ്പെടുന്നത് നമ്മാല്‍ തടുക്കാന്‍ സാധ്യമല്ല തന്നെ.

സങ്കടമുള്ള കാര്യം, ഇത്തരം ക്ഷുദ്രമായ അശ്ലീല ചിത്രങ്ങളും വൈകൃത വിവരണങ്ങളും ലൈംഗികതയെ കുറിച്ച് വികലമാ‍യ ധാരണകള്‍ കൌമാരമനസ്സുകളില്‍ കുത്തിവെക്കപ്പെടാന്‍ നിമിത്തമാകുന്നു എന്നതാണ്.

ധാര്‍മ്മിക ബോധവും കുട്ടികളുടെ ഭാവിയില്‍ ആശങ്കയുമുള്ളവര്‍ അത്തരം കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും തങ്ങളെ അത് ബാധിക്കാതെ നോക്കുകയുമാണ് വേണ്ടത്.

മറ്റൊന്ന്,
മലയാള ബ്ലോഗെന്നാല്‍ അശ്ലീലമാണ് എന്ന് നാളെ മുദ്രകുത്തപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാന്‍ നമുക്ക് പറ്റണം. മുഖ്യധാരാ ബ്ലോഗര്‍മാര്‍ (!) ഒരു തീരുമാനമെടുക്കാനുള്ള സമയാമായി എന്നു തോന്നുന്നു.

“(b)സീയിങ്ങ് സെക്സ് ഈസ് നോട്ട് ഡൂയിങ് സെക്സ് (അപ്പോ അത്രേം പേടി പോരെ?”:)

അതുല്യേച്ചി എത്ര ലാഘവത്തോടെയാണ് ഇങ്ങനെ പറഞ്ഞു കളഞ്ഞത്! ഈ പറഞ്ഞതിന്റെ അര്‍ത്ഥതലങ്ങള്‍ ആലോചിക്കാനുള്ള പക്വത അതുല്യേച്ചിക്ക് കൈ വന്നിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു-കൂടുതല്‍ എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

വിഷ്‌ണുപ്രസാദ് മാഷിനു നന്ദി, ഇത് ചര്‍ച്ചക്കെടുത്തതില്‍

വാല്‍ക്കഷണം.
മനുഷ്യനിലുള്ള അമിതമായ ലൈഗികോര്‍ജ്ജമാണ് കഥയായും കവിതയായും കലയായും പുറത്തു വരുന്നതെന്ന് ഫ്രോയ്‌ഡ്; ഇപ്പോഴായിരുന്നെങ്കില്‍ ബ്ലോഗ് പോസ്റ്റായും എന്നു കൂടി ചേര്‍ത്തേനെ മൂപ്പര്‍. (അല്ലെങ്കിലീ ബൂലോഗത്തിന്റെ ഗതിയെന്താകുമായിരുന്നു!)

അതുല്യ said...

സിയ മുഴുവനും പറയണം.

വെട്ടിക്കൊല്ലുന്നത് റ്റിവിയില്‍ ദിനം മുഴുവനും നമ്മള്‍ടേ കുഞ്ഞുങ്ങള്‍ ഇരുന്ന് കാണുന്നതാണോ കൂടുതല്‍ തെറ്റ് അതോ അത് ചെയ്യുന്നതാണോ?

സെക്സിനെ ഇത്രമാത്രം മറിച്ച് വെയ്കേണ്ട പെടേണ്ട ഒന്നാണു എന്ന് പറഞാണു ബസ്സിലിരിയ്കുമ്പോ മലയാളി തൂണേല്‍ ചാരി പെണ്ണുങ്ങളെ ഉരുമ്മണത്. കാണാണ്ടേ ആയിയ്കോ കണ്ടാല്‍ തുണ്ടമാക്കും എന്ന തത്വമാണു ആദ്യമേ ഇല്ലാണ്ടേ ആക്കേണ്ടത്. സൈറ്റിലൂടെ പടം കണ്ട് ദിനം മുഴോനും ഒരു കുഞും കേരളത്തിലു ഇരിയ്കണില്ല. തടുക്കുക എന്നത് തുടച്ച് മാറ്റപെടുക എന്ന തലത്തേക്കുറിച്ച് ചിന്തിയ്കപെടുമ്പോഴാണു സ്പ്രിങ് അമര്‍ത്തിപിടിച്ച അനുഭവം ഉണ്ടാവുന്നത്. മലയാള സിനിമ വരുന്ന യൂറ്റൂബിലു ഒരുപാട് ബിറ്റ് ഉണ്ടെന്നെ കരുതി യൂറ്റൂബ് അപ്പാടേ നിര്‍ത്തോ? അല്ല മലയാളികളു മുഴോനും സെക്സും കണ്ടിര്യ്കാന്ന് ഗൂഗിളു പറയോ? സെക്സ് എന്ന ഏത് മീഡീയയുടേയും ഉത്തേജന ഉപാധിയായ ചരക്കിനേ മാറ്റി വച്ച് കൊണ്ട് ഒരു മീഡിയയും എവിടെം വളരാന്‍ പോകുന്നില്ലിവിടേ. ഗൂഗിളു ധര്‍മ്മശാലയല്ലല്ലോ നടത്തണത് അതൊണ്ട് ഈ വകയൊക്കെയുണ്ടാവും. ബ്ലോഗിലോ/നെറ്റിലോ ഒക്കെ സെക്സിന്റെ പടം കണ്ടിട്ട് വഷളായാലും, “പോരാത്തതിനു ബ്ലോഗിലും കൂടിയുണ്ടിപ്പോ“ എന്ന് വാക്ക്യത്തില്‍ പ്രയോഗിയ്കാനെ അത് ഉപകരിയ്ക്കു. പെണ്ണുങ്ങള്‍ടെ വയറു കാട്ടാണ്ടേ ഏത് സാധനമിവിടേ വിറ്റഴിയ്കപെടുന്നുണ്ട് സിയ? ആണുങ്ങള്‍ടേ അണ്ഡര്‍ ഗാര്‍മന്റ്സിനെ പരസ്യത്തിലു പോലും പെണ്ണുങ്ങളാണു ഹൌ ഹാന്റ്സം ന്ന് പറഞ് ചൂളം വിളിക്കണത് റ്റിവീല്. ഇതൊക്കെ നമ്മുടേ കുഞുങ്ങള്‍ കാണണ മലയാളം ചാനലുകളിലു വരുന്നുമുണ്ട് മുടങ്ങാതെ. അത് കൊണ്ട് ലാഘവത്വം വന്നത് എന്റെ ചിന്തയ്കല്ല സിയ്യ, മറിച്ച് ചിതല്‍ പിടിച്ച ഈ കാലഘട്ടത്തിനാണു.

മലയാളികള്‍ അശ്ലീലത്തേക്കാള്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നവര്‍ എന്നാണു പുറം ലോകം കരുതുക.

ഒട്ടും പേടിയ്കണ്ട.

Sethunath UN said...

വിഷ്ണുമാഷേ,
മാഷിന്റെ ചൂട‌പ്പ‌ം സെക്ഷനില്‍ നിന്നു തന്നെ ക‌ഷ്ട‌കാല‌ത്തിന് ഞാന്‍ ഒരു സാഹിത്യ‌കാര‌ന്റെ ബ്ലോഗില്‍ ചെന്നു പെട്ടത്. പിന്നെ ചുറ്റിനും നോക്കി. ആരും ക‌ണ്ടില്ല. മിണ്ടാതെ ഇങ്ങു പോന്നു. ഞാന്‍ ഒരു സാധാര‌ണ‌ക്കാര‌ന്‍. സാഹിത്യകാര‌നൊന്നുമ‌ല്ല‌ല്ലോ. ‍" സാബു പ്രയാ‌ര്‍" എന്ന‌യാളുടെ ബ്ലോഗായിരുന്നു എന്നാണോ‌ര്‍മ്മ. ഇനിയിപ്പോ‌ള്‍ അദ്ദേഹ‌ം എഴുതിയിരിയ്ക്കുന്ന‌ത് എനിയ്ക്ക് പ‌ച്ച‌ത്തെറിയാണെങ്കിലും മറ്റുള്ള‌വ‌ര്‍ക്ക് വിശ്വ‌സാഹിത്യമാണെങ്കിലോ?:)
മാഷിന്റെ ബ്ലോഗിലെ സെക്ഷനാക‌യാല്‍ മാഷ് വായിച്ച‌താകുമെന്നു ക‌രുതിയാണ് ഞാന‌വിടെ പോയത്. എന്നിട്ട് :((.
ഇദ്ദേഹ‌ം എന്നെയാരും മൈന്റുന്നില്ലേ എന്നും പ‌റ‌ഞ്ഞ് എല്ലാരും കൂടി ച‌ര്‍ച്ചി ക്ഷീണിച്ചിരിയ്ക്കുംമ്പോഴാണ് ഈ തെറിപ്ര‌യോഗ‌ം. തൃപ്തിയായി..
ഇങ്ങനെയുള്ള ബ്ലൊഗുക‌ളെ അവ‌ഗണിയ്ക്കുക എന്നതു തന്നെയാണ് ഏറ്റവുമാദ്യം ചെയ്യാവുന്നത്. ട്രാഫിക്കുള്ള ബ്ലോഗുക‌ളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് അങ്ങനെയുള്ള ബ്ലോഗുക‌ളെ ബൂസ്റ്റ് ചെയ്യലാവും.

umbachy said...

പമ്മന്‍റെ ഭ്രാന്ത് സൂപ്പറാന്ന് കൂട്ടുകാരൊക്കെ പറഞ്ഞപ്പോ കൂട്ടത്തിലെ നല്ലവായനക്കരന്‍ എന്ന് നാട്യമുള്ള ഞാന്‍ അതൊന്ന് കിട്ടാന്‍ പെട്ട പാട്!
ഇപ്പോള്‍ വിഷ്ണുമാഷ് പണിയെടുക്കുന്ന സ്കൂളുള്ള നാട്ടിലെ പഞ്ചായത്ത് ലൈബ്രറീന്ന് അതു കിട്ടി.
നോക്കുമ്പോ വിഷയത്തിലേക്ക് കടക്കുന്ന പേജുകളൊക്കെ
മുന്‍ കാമികള്‍ കീറിയെടുത്തു പോയിരിക്കുന്നു....

അവനവന്‍ തീരുമാനത്തിന് വിടുന്നതാ നല്ലത്.
ഈ കടപൂട്ടിക്കുന്ന
തീരുമാനങ്ങള്‍ ആരുമെടുക്കാതിരിക്കാന്‍ അപേക്ഷ.

വിഷ്ണു പ്രസാദ് said...

നിഷ്കളങ്കാ,
ചൂടപ്പം ഒരു ഫീഡാണ്. ഞാന്‍ വായിച്ചാലും ഇല്ലെങ്കിലും പുതിയ പോസ്റ്റുകള്‍ അവിടെ വരും.ഏതായാലും ആ ഫീഡ് നീക്കം ചെയ്യാന്‍ പോവുകയാണ്.

കുഞ്ഞന്‍ said...

അതുല്യേച്ചി..

സദാചാരം കാണിക്കുന്നവരെല്ലാം കാപട്യം കൂടുതലുള്ളവരാണെന്നാണ് എനിക്കു തോന്നുന്നത്,

ചേച്ചി പറഞ്ഞതില്‍ ചില അഭിപ്രായവ്യത്യാസമുണ്ട്, സ്കൂളിനു സമീപം ചാരയ ഷാപ്പൊ, ബാറൊ വന്നാല്‍ എന്തായിരിക്കും സ്ഥിതി? വളരെ ദൂരത്തായാലും ബാറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെ,കുട്ടികള്‍ കഴിക്കാറില്ലെ.? ആവിശ്യമുള്ളവര്‍ എത്ര ദൂരെയായാലും ബുദ്ധിമുട്ടി തേടിപ്പിടിച്ചോളും, പക്ഷെ സ്കൂളിനു സമീപം ഒരു ബാര്‍ സ്ഥിതിചെയ്താല്‍ അതിനോട് ചേച്ചിക്ക് യോജിക്കുവാന്‍ പറ്റുമൊ,ബൂലോകത്ത് ഇതുവരെ ഇതുപോലത്തെ പോസ്റ്റുകള്‍ വരുന്നത് കുറവായിരുന്നു, പക്ഷെ ഇപ്പോള്‍ അതിപ്രസരം വന്നു തുടങ്ങി.

ബോംബയില്‍ വേശ്യത്തെരുവുണ്ട് കാമം തീര്‍ക്കാന്‍ അവിടെ പോകാം ആരും തടയില്ല, പക്ഷെ ആളുകള്‍ മനസ്സമാധാനത്തോടെ താമസിക്കുന്ന വീടിനു സമീപം ഇത്തരം ഒരു ശാല വന്നാല്‍ ആളുകള്‍ സമ്മതിക്കുമൊ,സ്ഥിരം പറ്റുകാരാണെങ്കില്‍ക്കൂടിയും..!

Ziya said...

ലൈംഗികത കാണുക എന്നത് ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെടലല്ല എന്ന് അതുല്യേച്ചി പറഞ്ഞു വെച്ചു.
ഈ പ്രസ്‌താവന‍ ലൈംഗികത ദര്‍ശിക്കുന്നതിനെ തെറ്റല്ലാതാക്കുന്നു എന്നൊരു ധ്വനി വന്നതിനാലാണ് ഞാന്‍ അങ്ങനെ പ്രതികരിച്ചത്.

ലൈംഗികതയെ എല്ലാവരും കച്ചവടച്ചരക്കാക്കി അത് കുട്ടികള്‍ പോലും കണ്ടാല്‍ അസ്വാഭാവികതയൊന്നുമില്ലാ എന്നായിരിക്കുന്നു എന്ന് അതുല്യേച്ചി സമര്‍ത്ഥിക്കുന്നു.

എന്തായാലും അതുല്യേച്ചിയുടെ വിശദീകരണം നന്നായി.

അനംഗാരി said...

ആ ലിങ്കുകളൊക്കെ ഒന്ന് എനിക്ക് മെയില്‍ ചെയ്യ്. ഞാന്‍ വാ‍യിച്ച് നോക്കിയിട്ട് അഭിപ്രായം പറയാം:).

ഓ:ടോ:വായിക്കാതെ അഭിപ്രായം പറയാന്‍ പാടില്ലല്ലോ?:)

Roby said...

ഓ..വിഷ്ണുമാഷിന്റെയൊരു ശുഷ്‌കാന്തി....എനു പറയാന്‍ വരട്ടെ...

തനിമലയാളത്തില്‍ ലിസ്റ്റ്‌ ചെയ്തതു കണ്ടപ്പോള്‍ അക്ഷരത്തെറ്റാണെന്നാണ്‌ ആദ്യം കരുതിയത്‌. ഒന്നു പോയി നോക്കി...ഇന്റെര്‍നെറ്റെന്നാല്‍ അശ്ലീലം എന്നൊരു ധാരണ ഇപ്പോഴും സാധാരണക്കാരുടെ ഇടയിലുണ്ട്‌. ഇത്തരം സംഗതികള്‍ ഇനിയും ഉണ്ടാവുകയും ചെയ്യും. അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ്‌ ചെയ്യപ്പെടാതെ നോക്കുക എന്നതാണ്‌ മലയാളം ബ്ലോഗുകളുടെ identity സംരക്ഷിക്കാനുള്ള ഒരു വഴി. ഒരു വഴി...അതിന്റെ സങ്കേതികത എനിക്കറിയില്ല. ചില തെറിപ്പദങ്ങള്‍ വരുന്ന പോസ്റ്റുകള്‍ accept ചെയ്യാത്ത രീതിയില്‍ അഗ്രിഗേറ്ററുകള്‍ modify ചെയ്യാനാകില്ലേ...പിന്നെ ലിങ്കുകള്‍, ഫീഡുകള്‍(ഫീഡെന്താണെന്ന്‌ എനിക്കറിയില്ല കേട്ടോ...!!) നല്‍കാതിരിക്കുക അത്രയൊക്കെ പോരെ.

ബ്ലോഗിലെ ജനാധിപത്യ മര്യാദ നമ്മളും കാണിക്കണ്ടേ..

off topic:
എന്റെ ഒര്‍നുഭവം എഴുതാം..പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ സ്വല്‍പം തുണ്ടോക്കെയുള്ള ഒരു തമിഴ്‌ പടം കാണാന്‍ പോയി. അതറിഞ്ഞ ഒരമ്മാവന്‍, ഒരിക്കല്‍ വീട്ടില്‍ ഒരുപാട്‌ ബന്ധുക്കളൊക്കെയുള്ളപ്പോള്‍ പരസ്യമായി എന്നെ ഒന്നു കൊച്ചാക്കി, ഞാന്‍ തുണ്ട്‌ കാണാന്‍ പോയ കാര്യം പറഞ്ഞു. ഇതു കേട്ട എന്റെ പിതാജി പറഞ്ഞു. "പിള്ളേരായാല്‍ അതൊക്കെ കാണും."
ഏതായാലും ഞാന്‍ തിയേറ്ററില്‍ പോയി 'എ'പടം കണ്ടിട്ടില്ല. അതിനുള്ള ആഗ്രഹം അച്‌ഛന്റെ ആ വാക്ക്‌ എന്നില്‍ നിന്നും എടുത്തു കളഞ്ഞു.
നമ്മുടെ കുട്ടികളേ നാം തന്നെയാണ്‌ 'വളര്‍ത്തേണ്ടത്‌'...വേലികള്‍ കെട്ടുന്നതില്‍ കാര്യമില്ല. ഏതായാലും എന്റ മകള്‍ക്ക്‌ 13 വയസ്സാവുമ്പോള്‍ ഞാന്‍ അവളെ 'ടാക്സി ഡ്രൈവര്‍' കാണിയ്ക്കും..

വിഷ്ണു പ്രസാദ് said...

പ്രിയ ബൂലോകരേ ഇവിടെ പരാമര്‍ശവിധേയമായ ബ്ലോഗ് പൂട്ടിയിരിക്കുന്നു.വലിയ സന്തോഷമുണ്ട്.പൂട്ടാന്‍ തോന്നിച്ച ആ മനുഷ്യനും നന്ദി.

പ്രയാസി said...

ലൈംഗികത കാണുക എന്നത് ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെടലല്ല !!!എനിക്കിതിനോടു വിയോജിപ്പുണ്ട്,
ബോഡി ടെച്ചിങ് മാത്രമെ ലൈംഗികതയുടെ പരിധിയില്‍ വരുന്നുള്ളു എങ്കില്‍ ബ്ലോഗിലും അശ്ലീലം കുഴപ്പമില്ല!
പക്ഷെ നല്ലൊരു മമ്മൂട്ടിചിത്രമൊ മോഹന്‍ലാല്‍ ചിത്രമൊ കാണാനായി കുടുംബസമേതം തീയേറ്ററിലെത്തുമ്പോള്‍ ഷക്കീലയുടെ ബിറ്റു കാണേണ്ടി വന്നാല്‍ എങ്ങനെയിരിക്കും!എനിക്കു കാണണം എനിക്കു വായിക്കണം എന്നുള്ളവര്‍ക്കു ഒരു പാടു വഴികള്‍ വേറെയുണ്ട്,മഹാന്മാരായ പല എഴുത്തുകാരും ലൈംഗികതയെക്കുറിച്ചു ഒരു പാടെഴുതിയിട്ടുണ്ട്..! അതൊന്നും ലൈംഗിക ഉദ്ധീപനത്തിനു വേണ്ടി അല്ല, അവരുടെ സൃഷ്ടികളോടു നീതിപുലര്‍ത്താന്‍ അതു കൊണ്ടു തന്നെ അതൊന്നും വിമര്‍ശിക്കപ്പെട്ടില്ല, പബ്ലിസിറ്റിയാണു ലക്ഷിയമെങ്കില്‍ പൊതുജനമദ്യത്തില്‍ പരസ്യമായി സ്ട്രീക്കിംഗ് നടത്തൂ..!ഇതൊരുതരം വൃത്തികെട്ട കാന്‍സര്‍ ആണു..ഇതിനുള്ള ചികിത്സ എത്രയും പെട്ടെന്നു ചെയ്തില്ലെങ്കില്‍ പലരിലും ഇതു പടര്‍ന്നേക്കാം.! പലരും കൊഴിഞേക്കാം..പ്രബുദ്ധനായ മലയാളീ തീരുമാനം നിന്റേതാണു നിന്റേതു മാത്രം..

Latheesh Mohan said...

ബോറ് അറുബോറ്..ഈ പോസ്റ്റ് കൊണ്ടാണ് മറ്റേ ബ്ലോഗ് പൂട്ടിയതെങ്കില്‍ അതിലും ബോറ്..

തെറി പറയുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. തെറി മറ്റൊരുതരം ഭാഷയാണ്...ഇതിങ്ങനെ തുടര്‍ന്നാല്‍ എനിക്കു ബ്ലോഗ് ചെയ്യാനുള്ള അവസരം ഇല്ലതാവുമെന്ന് കരുതുന്നത് കട്ടി ഭീരുത്വമാണ്...

സാജന്‍| SAJAN said...

വിഷ്ണുമാഷേ, എനിക്കൊരു അബദ്ധം പറ്റി, സാധാരണ കുറച്ച് പോസ്റ്റുകള്‍ക്ലിക്കിയിട്ടതിനു ശേഷം ഓരോന്നോരോന്നായി വായിച്ച്, പോവുകയാണ് എന്റെ പതിവ്,


രണ്ടീസം മുമ്പ് ഒരു സുഹൃത്തിനോടും ഫാമിലിയോടും ബ്ലോഗിന്റെ സാധ്യതകളെ പറ്റി വിശദീകരിച്ച് തനിമലയാളം പരിചയപ്പെടുത്തി ഒരോ പോസ്റ്റ് ക്ലിക്ക് ചെയ്ത് വായിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടിരിക്കുകയായിരുന്നു,
ഒരു പോസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അത് അക്ഷരതെറ്റോ അല്ലെങ്കില്‍ ബാക്കി ത:മ കാണിക്കാത്തതോ ആണെന്ന് ഈസിയായി അതും ക്ലിക്കിയിട്ടു(ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലൊ ഈ ചതി)
അവസാനം ഇനി ആ ഫ്രണ്ടിന്റെ മുമ്പില്‍ നാറാന്‍ ഒന്നും മിച്ചമില്ലെന്ന് പറഞ്ഞാല്‍ മതിയാവും, (പുള്ളിയുടെ വൈഫ് എന്തായാലും അപ്പോള്‍ കമ്പ്യൂട്ടറിന്റെ മുമ്പിലില്ലായിരുന്നു എന്നത് മഹാഭാഗ്യം)എന്തെക്കൊയോ പറഞ്ഞ് ഞാന്‍ പെട്ടെന്ന് ക്ലോസ് ചെയ്തു ഒരു പോസ്റ്റിനുള്ള വഹയുണ്ടായിരുന്നു, ഇപ്പോള്‍ സന്ദര്‍ഭ വശാല്‍ എഴുതിയെന്ന് മാത്രം.


പരസ്യമായി ഇത്തരം ബ്ലോഗുകള്‍ ഇടുന്നതിനോടെനിക്ക് വിയോജിപ്പ് ആണുള്ളത്, ഇതിനൊക്കെ ആവശ്യക്കാര്‍ എവിടെ വേണമെങ്കിലും പോയി വായിക്കുമല്ലൊ അവര്‍ക്ക് അതിനു മാത്രം ലിങ്ക് കൊടുത്ത് പരസ്യമായി വരാത്ത രീതിയില്‍ ഇടാമല്ലൊ കുടുംബ സമേതം ബ്ലോഗ് വായിക്കാന്‍ കഴിയുന്നതായിരിക്കും നന്ന് എന്ന് എനിക്ക് തോന്നുന്നു,
അതിനോടോപ്പം ഒരു പാഠവും പഠിച്ചു, പുതിയ ബ്ലോഗുകള്‍ ക്ലിക്കാന്‍ ഞാന്‍ ഇനി ഒരിക്കല്‍ കൂടെ ആലോചിക്കും:)

വിഷ്ണു പ്രസാദ് said...

ലതീഷേ ബോറു തന്നെ.നിന്നെപ്പോലെ ഒരാള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.തെറി പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നോ?എവിടെയാണത്?

തെറി ഒരു ഭാഷയാണെന്നും അതു പറയാനും സ്വാതന്ത്ര്യം വേണമെന്നുമാണ് പറയുന്നതെങ്കില്‍ ഞാന്‍ യോജിക്കും.എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അനേകം മലയാള ബ്ലോഗര്‍മാര്‍ കഷ്ടപെട്ടുണ്ടാക്കിയെടുത്ത ഒരു പ്രതിച്ഛായയെ അശ്ലീല ബ്ലോഗുകള്‍ ഈ സാഹചര്യത്തില്‍ എങ്ങനെ കെടുത്തിയേക്കുമെന്നും അതിനെ പ്രിന്റ് മീഡിയ എങ്ങനെ ദുരുപയോഗം ചെയ്തേക്കുമെന്ന കടുത്ത ഭീതി തന്നെയാണ് എന്റേത്. നിനക്കത് കാണിക്കേണ്ട കാര്യമില്ല.മലയാളം യൂണികോഡില്‍ നാലക്ഷരം ടൈപ്പാന്‍ കുറെ ചെറുപ്പക്കാര്‍ വഴി കണ്ടുപിടിച്ചതും ഗൂഗിള്‍ മലയാളിക്ക് ഇത്തിരി ഇടം തന്നതും തെറി പറയാനും കൂടിയാവും.ആയിക്കോട്ടെ.ഈ ശൈശവത്തില്‍ തന്നെ കൊന്നുകളയണമോ ഈ ബൂലോകത്തെ...
അതൊന്ന് എഴുന്നേറ്റ് നടക്കട്ടെ.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

:) ithrykkokke vyaakulappeTeNtthuNto? net prachaarathil vanakaalath enthokke kolaahalangalaayirunnu. ippol oruvidham vyaapakamyallo. nallathu theethayum thirichariyan kazhinjan pinne enthayal entha. ella rangathu mille ee paara veyppokke.
ennu vech prathikarikkukayao ethirkkukayo cheyyentennalla. ee ethirppu polum :).. ellam part of show avum palappozhum.

അനിലൻ said...

ലതീഷ് പറഞ്ഞതില്‍ ശരിയുണ്ടല്ലോ വിഷ്ണൂ.
ഒരു ആചാരമായിട്ടെങ്കിലും... കൊടുങ്ങല്ലൂര്‍ ഭരണി. തെറി ഒരു ഭാഷതന്നെയാണെന്ന് ഞാനും വിശ്വസിക്കുന്നു. ഒരു തെറിവാക്കെങ്കിലും (നമ്മളെയല്ല) കാതില്‍ വീഴാതെ ഒരു നാട്ടിന്‍ പുറത്തുകൂടെ അരമണിക്കൂര്‍ നടക്കാനാകുമോ? (അപ്പൊ ഇയാള് ആ ഭാഷ ഇയാളുടെ വീട്ടിലും ഉപയോഗിക്കുമോ എന്ന് ഇപ്പൊ വരും ചോദ്യം :) )

പൊതു ഇടങ്ങളില്‍ വച്ച് മലയാളി നടത്തുന്ന കൊലപാതകങ്ങളേക്കാള്‍, മാനഭംഗപ്പെടുത്തലുകളേക്കാള്‍ അശ്ലീലം മറ്റെന്തിലാണ് ഉള്ളത്?
ബൂലോഗമലയാളം ഭൂലോകമലയാളത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നാണെന്ന തോന്നലുണ്ടോ?
നമ്മുടെ വിനിമയങ്ങളില്‍ ജീവിതപരിസരങ്ങളുടെ അഴുക്കുകള്‍ അറിഞ്ഞും അറിയാതെയും കലരുന്നത് സ്വാഭാവികമല്ലേ?
ഇതുകൊണ്ട് പുറം നാടുകളിലുള്ളവരുടെ ബ്ലോഗിംഗ് നിര്‍ത്തപ്പെടുമോ എന്ന ആശങ്ക മാത്രം മതിയാവില്ലേ?

ഓഫ്: ചിരിവരും സദാചാരചര്‍ച്ചകള്‍ വായിക്കുമ്പൊ!!!

Ziya said...

"ഗൂഗിള്‍ മലയാളിക്ക് ഇത്തിരി ഇടം തന്നതും തെറി പറയാനും കൂടിയാവും.ആയിക്കോട്ടെ."

ന്യായമായ പ്രതിഷേധമുണ്ട് വിഷ്‌ണുപ്രസാദ് മാഷേ. ഒട്ടുമിക്ക മലയാളി ബ്ലോഗര്‍മാര്‍ക്കും ബ്ലോഗെന്നാല്‍ ഗൂഗിളിന്റെ ബ്ലോഗറാണെങ്കിലും ബ്ലോഗ്ഗറല്ലാത്ത, ബ്ലോഗ്ഗറേക്കാള്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന ബ്ലോഗുകള്‍ വേറെയുമുണ്ടെന്ന് ഓര്‍ക്കണം. ഗൂഗിള്‍ മാത്രം കനിയണമെന്നില്ല ഇപ്പോള്‍ മലയാളത്തില്‍ ബ്ലോഗാന്‍.
അതുല്യേച്ചി ചോദിച്ചല്ലോ, മലയാളം ബ്ലോഗിംഗ് എന്ന വിഭാഗമുണ്ടോ എന്നു തന്നെ ഗൂഗിളിനറിമോ എന്ന്? ഇല്ല. അവരുടെ ഭാഷാലിസ്റ്റില്‍ മലയാളം ഇല്ല.
എന്നാല്‍ മലയാളവിഭാഗം ഉള്ള ഒരു ബ്ലോഗ് പ്രൊവൈഡര്‍ ഉണ്ട്. വേഡ്പ്രെസ്സ്. അവിടെ നിങ്ങള്‍ക്ക് ബ്ലോഗിന്റെ ഭാഷ മലയാളമാക്കാം.
തന്നെയുമല്ല, ബ്ലോഗിന്റെ യഥാര്‍ത്ഥ ശക്തിയും ഭാവവും നിങ്ങള്‍ക്ക് വേഡ്‌പ്രെസ്സില്‍ ആസ്വദിക്കാം..അതിന്റെ ഡാഷ്‌ബോഡിലേക്കൊന്നു പോയാല്‍ മതി.
ഞാന്‍ എന്തു കൊണ്ടും ഏറെ ഇഷ്‌ടപ്പെടുന്നത് വേഡ്‌പ്രെസ്സാണ്.

Murali K Menon said...

വിഷ്ണുപ്രസാദിന്റെ ചിന്താഗതിയോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു. ബ്ലോഗുകളെ ഇതില്‍ നിന്ന് മോചിപ്പിച്ച് നിര്‍ത്തുന്നത് അതിന്റെ മൂല്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. ബ്ലോഗ് ഞരമ്പ് രോഗികള്‍ക്ക് പോസ്റ്ററൊട്ടിക്കാനുള്ളതായ് അധ:പതിക്കാതിരിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട്,

നിസ്സാരന്‍ said...

അശ്ലീലമെന്നാല്‍ അത് രഹസ്യമായി സര്‍വ്വരാലും അസ്വദിക്കപ്പെടുന്നതും ,പരസ്യമായി അപലപിക്കപ്പെടുന്നതുമാണ് . അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക വാഞ്ചയല്ലേ സമൂഹത്തില്‍ ഞരമ്പ് രോഗം പകര്‍ച്ച വ്യാധി പോലെ വ്യാപിക്കാന്‍ കാരണം ?

sandoz said...

ആ ബ്ലോഗ്‌ പൂട്ടിയാ...
കഷ്ടോയി പോയി...
വിഷ്ണു മാഷ്‌ ആവശ്യോല്ലാത്ത കാര്യങ്ങളിലൊക്കെ എടപെട്ടാല്‍ മാഷിനെ ഞങ്ങള്‍ ഫ്ലാഗ്‌ ചെയ്യേണ്ടി വരും...
[ഇതു പോലുള്ള ബ്ലോഗുകള്‍ വേറേം ഉണ്ടെങ്കില്‍ ആരെങ്കിലും അതിന്റെ ലിങ്ക്‌ എനിക്ക്‌ മെയില്‍ ചെയ്യേണ്ടതാണു..
അവിടെ പോയി നേരിട്ട്‌ പ്രതിഷേധിക്കാനാണു]

തറവാടി said...

"പരസ്യമായി ഇത്തരം ബ്ലോഗുകള്‍ ഇടുന്നതിനോടെനിക്ക് വിയോജിപ്പ് ആണുള്ളത്"

സാജാ ,

ഏതു ബ്ലോഗര്‍ക്കാണ്‌ തന്നെ പരസ്യപ്പെടുത്താതിരിക്കാന്‍ താത്പര്യമുണ്ടാകുക? മാത്രമല്ല എല്ലാവര്‍ക്കും കൂടുതല്‍ ആളുകള്‍ വായിക്കണമെന്ന തോന്നലല്ലെ ഉണ്ടാകൂ? , ഏതു തരത്തിലുള്ള ഉള്ളടക്കമായാലും എവിടെയൊക്കെ പരസ്യം കൊടൂക്കന്‍ പറ്റുമോ അവിടെയെല്ലാം ബ്ലോഗെഴുത്തുകാരന്‍ കൊടുക്കും.
നമുക്ക് ചെയ്യാന്‍ പറ്റുന്നത് , കണ്ടാല്‍ ഫ്ലാഗ് ചെയ്യുക ,
പ്രൊവൈഡര്‍ കനിഞ്ഞാല്‍ അവര്‍ ഡിലീറ്റും , അത്രതന്നെ.

:)

Latheesh Mohan said...
This comment has been removed by the author.
Latheesh Mohan said...

വിഷ്ണു ഞങ്ങള്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ‘ദിനവെടി’ എന്ന പേരില്‍ ഒരു 'പത്രം’ നടത്തിയിരുന്നു. ഇപ്പോഴീ ബ്ലോഗില്‍ വരുന്ന കമ്പിക്കഥകളെക്കാള്‍ നൂറിരട്ടി കടുപ്പമുള്ള കഥകള്‍ എഴുതിയിരുന്നത് 8 സി-യില്‍ പഠിച്ചിരുന്ന അലക്സാണ്ടര്‍ ആയിരുന്നു (നെറ്റ് ഉപയോഗിച്ച് വഴിതെറ്റിയാവരായിരുന്നില്ല ഞങ്ങള്‍. ഇതൊക്കെ ജന്‍മവാസനയും നാഗരികതയുടെ പാപവുമാണെന്ന് അന്നേ ബോധ്യമുണ്ടായിരുന്നു). ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും സര്‍ക്കുലേഷനുള്ള പത്രമായിരുന്നു അത് :) തിരുവല്ലയിലെ, കോണ്‍വന്റെ സെറ്റപ്പുള്ള ഒരു സ്കൂളിലാണ് ഞാന്‍ പഠിച്ചത്.

സ്വാതന്ത്ര്യം നിങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നു പറയാനാണ് ഇതു പറഞ്ഞത്. തെറി പറയാന്‍ എവിടെ സ്വാതന്ത്ര്യം എന്നൊക്കെ ചൊദിച്ചാല്‍ നടക്കില്ല. അങ്ങൊട്ട് കയറി പറയുക തന്നെ. :) വിഷുണുവിനെ പോലുള്ളവര്‍ ഇങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍..ഹാ ഹാ.

പിന്നെ മലയാളം ബ്ലോഗ് ആള്‍ക്കാര്‍ കുത്തിയിരുന്ന് ഉണ്ടാക്കിയ കാര്യം. മലയാളം ബ്ലോഗിനു മുമ്പേ ഇവിടെ നെറ്റുണ്ടല്ലൊ, ബ്ലോഗിംഗ് ഉണ്ടല്ലോ, അശ്ലീലം ഉണ്ടല്ലോ. അതിവിടെ മാത്രം പാടില്ല എന്നു പറയുന്നത്, എന്തോ എനിക്കു മനസ്സിലാകില്ല.

ഇവിടെ വന്ന് സദാചാര കമന്റെ ഇട്ടവരെല്ലാവരും ആ ലിങ്ക് തിരക്കി പോയിട്ടുണ്ടെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണെല്ലോ. അതുകൊണ്ട് ചര്‍ച്ചകള്‍ തുടരുക തന്നെ

അനിലൻ said...

unknown,

ഞരമ്പുരോഗത്തെക്കുറിച്ച് അങ്ങനെയൊന്നും പറഞ്ഞു കളയല്ലേ. അതും സാംസ്കാരികമായി സംസ്കരിക്കപ്പെട്ട മലയാളിയോട്.

വെണ്ണക്കല്ലില്‍ പണിതു മിനുസപ്പെടുത്തി വെച്ചിരിക്കുകയല്ലേ സാംസ്കാരികച്ചുമര്‍!!!

ഓഫ്: ഉമ്പാച്ചീ പമ്മന്റെ ഭ്രാന്തിനേക്കാള്‍ നല്ലത് വഷളന്‍ ആണ്. ഒന്നു ‘സാംസാരികമാക്കിയാല്‍’ എം.ടി.യുടെ അസുരവിത്തിനോളം വരും അതിലെ നായകന്‍!

നിസ്സാരന്‍ said...

അനിലാ ഒരു ബ്ലോഗ് കൊണ്ടൊന്നും ഇവിടെ ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല . അതിനേക്കാളൊക്കെ ഇവിടെ സംഭവിയ്ക്കുന്നുണ്ട് . ഇവിടെ കമന്റിട്ട സദാചാര പാലകരെ കാണുമ്പോള്‍ ഒരു സംഭവം ഓര്‍മ്മ വരുന്നു . ഒരു ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ഒരാള്‍ രാത്രി ഒരു ലൈംഗികത്തൊഴിലാളിയെ കൂട്ടി വരുന്നു . സംഭവം ആരോ മണത്തറിയുന്നു . നിമിഷങ്ങള്‍ക്കകം ആ വീട് ആല്‍ക്കൂട്ടം വളയുന്നു , ആക്രമിക്കാന്‍ ശ്രമിക്കുന്നു . എന്ത് കൊണ്ട് ? രണ്ട് വ്യക്തികള്‍ ഉഭയസമ്മതപ്രകാരം വളരെ രഹസ്യമായി വേഴ്ച നടത്തിയാല്‍ നമ്മുടെ സദാചാരം തകര്‍ന്നു പോകുമോ ? അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് അവരെ അവിടെ എത്തിച്ചത് . എനിക്ക് ലഭിക്കാത്തത് ആര്‍ക്കും വേണ്ട എന്ന മനോഭാവം . ലൈംഗികത അടിസ്ഥാനപരമായ ഒരു ജന്മവാസനയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചാല്‍ തീരുന്നതാണ് ഇവിടത്തെ പ്രശ്നം . അതില്ലാതെ തലയില്‍ മുണ്ടിട്ട് ഉച്ചപ്പടത്തിന് പോവുകയും സദാചാരത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്യുന്ന കാപട്യമാണ് ഞരമ്പ് രോഗം വളരാന്‍ ഇടയാത് . ഇന്ന് ഡിവിഡികള്‍ വ്യാപകമായത് കൊണ്ട് ഷക്കീലയ്ക്ക് പണിയില്ലാതായി . ഒരു കാലത്ത് മലയാളസിനിമയെ താങ്ങി നിര്‍ത്തിയത് ഷക്കീലയായിരുന്നു . എന്ത് കൊണ്ട് ? രണ്ട് വ്യക്തികള്‍ എന്തെങ്കിലും ചെയ്യുന്നത് അത് അവരുടെ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് കരുതി ഒരു ഇഷ്യു ആക്കാതിരുന്നെങ്കില്‍ സമൂഹത്തില്‍ ലൈംഗികാരോഗ്യം നിലനിന്നേനേ ! ഇന്ന് നെറ്റ് കഫേകളില്‍ പോണ്‍ സൈറ്റ് പ്രോഹിബിറ്റഡ് എന്ന് എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ട് . പല ചെറുപ്പക്കാരും ആ അറിയിപ്പ് കണ്ടാണ് അത്തരം സൈറ്റുകളില്‍ എത്തിപ്പെടുന്നത് . സമൂഹത്തില്‍ ഇന്ന് എറ്റവും വൃത്തിയില്ലാതെ ലൈംഗിക അരാജകത്വം നടമാടുന്നു . പഞ്ചാര അടിയ്ക്കാത്ത ഒരു പുരുഷനെ കാണാന്‍ പ്രയാസം . ഇതിനൊക്കെ കാരണം ഈ കപടസദാചാരവും അടിച്ചമര്‍ത്തലുകളുമാണ് . ഏറ്റവും കൂടുതല്‍ ലൈംഗികദാരിദ്ര്യം അനുഭവിയ്ക്കുന്ന ഒരു ജനതയാണ് മലയാളികള്‍ .ഈ ലൈംഗിക അസംതൃപ്തിയാണ് വേഷപ്രച്ഛന്നമായി മലയാളിയുടെ സ്വൈര്യം കെടുത്തുന്നത് .ലൈംഗികത ഒരു മനുഷ്യനെയും മോശക്കാരനാക്കുന്നില്ല . എന്നാല്‍ അത് അടിച്ചമര്‍ത്തേണ്ടി വരുമ്പോള്‍ അവന്‍ പല തരത്തില്‍ മോശക്കാരനാകുന്നു .

പരാജിതന്‍ said...
This comment has been removed by the author.
പരാജിതന്‍ said...

വിഷ്ണുവിനെ ‘സദാചാരവാദി’യായി ചിത്രീകരിച്ചത് എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ഇതും ഇതുമെഴുതിയ ആളെന്ന നിലയ്ക്ക് അങ്ങേര് കേട്ടിട്ടുള്ള തെറിയ്ക്ക് ഒരു പരിഹാരമായി! വിഷ്ണൂവേ, ആ ഇമേജോ പോയി. ഇനി ഈ ഇമേജെങ്കിലും കളയാതെ നോക്ക്!

പിന്നെ, തെറി ഒരു ഭാഷ തന്നെ, സംശയമില്ല. അടി കൊണ്ട് താഴെ വീണ ഇരയ്ക്ക് തന്നെ വീഴ്ത്തിയ ശക്തനും ദുഷ്ടനുമായ എതിരാളിയെ അടിയ്ക്കാതെ വീഴ്‌ത്താന്‍ ഉതകുമ്പോള്‍ അത് കഴമ്പുള്ള ഭാഷയാകും. അടിച്ചു കോണ്‍‌തിരിഞ്ഞ് ഉണ്ണാനിരിക്കുന്നവന്‍ സ്വന്തം പെറ്റ തള്ള ചോറിലേക്കൊഴിച്ചു തരുന്ന കറിയെപ്പറ്റി “ഇത് നിന്റെ .....ല്‍ കൊണ്ടെഴിക്കെടീ ..... മോളേ!“ എന്നു പറയുമ്പോള്‍ തെറി നെറികെട്ട ഭാഷയാകും. സ്വകാര്യതയില്‍ ചെയ്യുമ്പോള്‍ സെക്സ് സുന്ദരവും റോഡിലിറങ്ങി നിന്ന് ചെയ്യുമ്പോള്‍ അശ്ലീലവുമാകും (നായ്‌ക്കള്‍‌ക്ക് ബാധകമല്ല).

ഒരാള്‍‌ക്ക് അശ്ലീലബ്ലോഗ് തുടങ്ങാനും മറ്റുള്ളവര്‍‌ക്ക് അത് വായിക്കാനും സ്വാതന്ത്ര്യം ഉണ്ടാ‍യിരിക്കാം. പക്ഷേ, ഇന്റര്‍‌നെറ്റിലെ മലയാളമെഴുത്തും അതിന്റെ ഉന്നതിയുമെന്നൊക്കെയുള്ള ഒരു പൊതുചിന്താഗതിയോട് (റെബല്‍ ബുജികള്‍ ക്ഷമിക്ക്!) ആഭിമുഖ്യമുള്ള ഒരാള്‍ അതില്‍ ആകാംക്ഷ പ്രകടിപ്പിച്ചതിനാല്‍ അയാളെ സദാചാരവാദി എന്നു സീലടിക്കുന്നത് അത്ര വലിയ ക്രൂരതയല്ല. അവഗണന മാത്രം അര്‍ഹിക്കുന്ന ചെറിയ ലൈന്‍ ക്രൂ‍രതയാണ്.

Kuzhur Wilson said...

വിഷ്ണുമാഷ് ഉന്നയിച്ച ആകുലതകളെ അതേ അര്‍ത്ഥത്തില്‍ തിരിച്ചറിയുന്നുണ്ട്.

അച്ചടിമലയാളം അസഹിഷ്ണുതയോടെ ഇ മലയാളത്തെ കാണുന്ന കാലമാണ്.
ബ്ലോഗിനെക്കുറിച്ചുള്ള മാത്യഭൂമി കവറും, കലാകൌമുദിയിലെ ലേഖനവും ഉദാഹരണം

പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവ് കയ്ക്കുന്നു എന്നെഴുതിയത് കെ.ജി.എസ്സാണ്. ഏറ്റവും പ്രിയമുള്ളവരെ ഇപ്പോഴും തെറി വിളിക്കാന്‍ കൊതിയുമാണ്.
തെറി ഭാഷയുടെ ഭാഗം ആണെന്ന് പറഞ്ഞതിന് പണ്ട് കൂട്ടുകാര്‍ കവിയെന്ന് കളിയാക്കിയിട്ടുണ്ട്.

എന്ന് കരുതി മാതാപിതാക്കളേയും ഗുരുക്കന്മാരെയും അത് വിളിച്ചിട്ടുമില്ല.
എടുക്കേണ്ട ഇടങ്ങളില്‍ എടുത്ത് പെരുമാറിയിട്ടുമുണ്ട്. (ഹൊ ശരിക്കും മനസ്സറിഞ്ഞ് ഒരു പൊ- വിളി നടത്തിയിട്ടെത്രയായി)

പിന്നെ തെറിക്കഥ. അതും വേണ്ടെ ? പിന്നെന്ത് സ്വയം പര്യാപ്തത. മാഷ് എഴുതിയത് പോലെ (സിനിമാ തിയറ്ററുകള്‍) അടൂരിന്റെ പടം മലയാളത്തില്‍ ഉണ്ടായപ്പോള്‍ തന്നെ കെ.എസ്.ഗോപാലക്യഷ്ണന്റെ പടവും ഓടിയില്ലേ. രണ്ടും കണ്ടവര്‍ ഇത് വായിക്കുന്നവരിലും കാണും.രണ്ടും രണ്ട് രീതിയില്‍ തന്നെ അല്ലേ നമ്മള്‍ കണ്ടത്(ഞാന്‍)

പിന്നെ കിടപ്പറയില്‍ ചെയ്യുന്നത് പൂമുഖത്ത് വയ്യാത്തത് കൊണ്ട്,( അങ്ങനെ ആവുന്നവര്‍ക്ക് അതാവാം കേട്ടോ) മാഷ് പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ബൂലോക പൂമുഖത്ത് അവ വരാതിരിക്കാനുള്ള പണി, അതറിയാവുന്ന ടെക്-മിടുക്കന്മാര്‍ ചെയ്യുക.

മാഷ് സൂചിപ്പിച്ച അതൊക്കെ ഒന്ന് ഓടിച്ച് വായിച്ചിരുന്നു.
പോരാ എന്ന തോന്നലാണ് ഉണ്ടായത്.

സ്വയം ബ്ലോഗം പോലെ തന്നെ സ്വയംഭോഗവും ചിലപ്പോള്‍ നല്ലതാണ്(തികച്ചും വ്യക്തിപരം)

മന:ശാന്തിക്കും അതിലൂടെ പൊതുസമാധാനത്തിനും

Pramod.KM said...

ആ പോസ്റ്റിലെ ഒന്നു രണ്ടു കഥകള്‍ വായിച്ചിരുന്നു.സംസ്കൃതത്തിനു പകരം,തനി നാടന്‍ വാമൊഴി മലയാള ഭാഷ ഉപയോഗിച്ച് എഴുതി എന്നതു കാരണം വ്യക്തിപരമായി എനിക്ക് സന്തോഷമാണ് തോന്നിയത്.
ഇത്തരം പോസ്റ്റുകള്‍ ബൂലോകത്തെ അധ:പതിപ്പിക്കും എന്നതിനോട് എനിക്കു യോജിപ്പില്ല.ലൈഗിക കപട സദാചാരങ്ങളില്‍ നിന്നും മലയാളി എന്നെങ്കിലും മോചിതരാകേണ്ടതുണ്ട്. ഇത്തരം ഒരു പോസ്റ്റ് വായിച്ച് ജനങ്ങള്‍ മോശമാകുമെന്ന് പറയുന്നവരോട് : യു.ആര്‍.അനന്ത മൂര്‍ത്തിയുടെ ‘സംസ്കാരം’ എന്ന നോവലില്‍ വിടനും ദുര്‍ന്നടപ്പുകാരനുമായ അനുജന്‍,നിത്യബ്രഹ്മചാരിയും ബ്രഹ്മചര്യം അനുഷ്ഠിക്കാനായ് തന്നെ രോഗിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചവനുമായ ജ്യേഷ്ഠനോട് പറയുന്നു,“താന്‍ ശാകുന്തളം തര്‍ജ്ജമ ചെയ്തതു കേട്ട് ഉന്മത്തനായാണ് ഞാന്‍ ആദ്യമായി ബലാത്സംഗം ചെയ്തത്“ എന്ന്.!!
ശാകുന്തളത്തെ ആരും തള്ളിപ്പറയുമെന്ന് തോന്നുന്നുല്ല.

വിഷ്ണു പ്രസാദ് said...

കമ്പിക്കഥകളുടെ ആരാധകരായ കവികളേ,എന്നോട് ക്ഷമിക്കുക.‘സൂക്കട്’ ശരിക്കും മനസ്സിലാവുന്നുണ്ട്.
ഇതൊന്നും മലയാളത്തില്‍ പാടില്ലെന്ന് ഞാന്‍ ശഠിക്കുന്നില്ല.പ്രതിഭാഷ എന്നാല്‍ ഭാഷയ്ക്ക് എതിരെ നില്‍ക്കുന്നത്,പുതിയതായി രൂപപ്പെടുത്തുന്ന ഭാഷ,തെറി എന്നൊക്കെ അര്‍ഥം കണ്ടാണ് ഞാനൊരു ബ്ലോഗിന് പ്രതിഭാഷ എന്ന പേരിട്ടിരിക്കുന്നത്.തെറി ഒരു പ്രതിഭാഷയാണ്.അത് പ്രയോഗിച്ച് ഭാഷയെ ചികിത്സിക്കുന്നതില്‍ ഞാന്‍ എതിരല്ല.

ലൈംഗികതയെ അടിച്ചമര്‍ത്തൂ എന്ന് ഞാന്‍ ആഹ്വാനം ചെയ്തുമില്ല.അനിലനെപ്പോലുള്ളവരോട് അങ്ങനെ പറഞ്ഞിട്ട് ഒരു വിശേഷവുമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്... :)

ഇത്തരത്തിലുള്ള ബ്ലോഗുകള്‍ ഇവിടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൂലോകത്തെ ബാധിക്കുമെന്നാണ്
ഞാന്‍ വിലയിരുത്താന്‍ ശ്രമിച്ചത്.

അത് അനിലനെപ്പോലെയുള്ള വ്യവസ്ഥാപിത(എസ്റ്റാബ്ലിഷ്ഡ്) എഴുത്തുകാരെ ബാധിക്കുന്ന പ്രശ്നമല്ല.അവര്‍ക്ക് ഈ മീഡിയത്തിന്റെ ആവശ്യം പോലുമില്ല.

Pramod.KM said...

പിന്നെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്.ഇത്തരം പോസ്റ്റുകള്‍ ‘അഡള്‍ട്ട് ഓണ്‍ലി’ എന്ന ഒരു സെക്ഷന്‍ ഉണ്ടാക്കി അതില്‍ പോസ്റ്റ് ചെയ്യുക.ഗൂഗിളിന് ചെയ്യാന്‍പറ്റുന്ന ഒന്നായിരിക്കും ഇത്. നെറ്റിലെ ചില വീഡിയോകളെപ്പോലെ മുന്നറിയിപ്പുകളും‘18നു മുകളിലാണ്’ എന്നെഴുതിയുള്ള ഒപ്പിടലും കഴിഞ്ഞ് കാണേണ്ടവര്‍ കാണട്ടെ വായിക്കേണ്ടവര്‍ വായിക്കട്ടെ.
പിന്നെ വിഷ്ണുമാഷെ..‘ഞാനെങ്ങനെ ചീത്തയാകാതിരിക്കും’ എന്ന കവിതക്ക് ‘ഇത്ര അധ:പതിച്ചു പോയോ ചിന്ത?” എന്ന് കമന്റിട്ട അനോണിയുടെ, അതേ തരംഗദൈര്‍ഘ്യത്തില്‍ വായിക്കപ്പെട്ടേക്കാവുന്ന ഈ പോസ്റ്റിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം മനസ്സിലാകുന്നു.പക്ഷേ ആശങ്കകള്‍ അസ്ഥാനത്താണെന്നാണ് എന്റെ പക്ഷം. ഒരുപക്ഷേ ഈ പോസ്റ്റില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ ബ്ലോഗ്ഗ് ഇത്രവേഗം കാണുകയോ വായിക്കുകയോ ചെയ്യുമായിരുന്നില്ല.:)

വിഷ്ണു പ്രസാദ് said...

ഒരുപക്ഷേ ഈ പോസ്റ്റില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ ബ്ലോഗ്ഗ് ഇത്രവേഗം കാണുകയോ വായിക്കുകയോ ചെയ്യുമായിരുന്നില്ല.:)

ഡാ...പ്രമോദേ,നുണയാ....:)

അനിലൻ said...

വിഷ്ണൂ..
(പരമ്പരാഗത കമന്റ് ശൈലിയില്‍)
കമന്റ് ആസ്വദിച്ചു. നന്നായിട്ടുണ്ട്. വീണ്ടുമെഴുതൂ.. :)

വിഷ്ണു പ്രസാദ് said...

ന്റെ അനിലോ,എങ്ങനെ വേണെങ്കിലും കമന്റിക്കോ...
എനിക്കു പറയാനുള്ളത് പറയുക തന്നെ ചെയ്യും...

ടി.പി.വിനോദ് said...

ഞാന്‍ സദാ-ചാര വാദി പോയിട്ട് വല്ലപ്പോഴും-ചാര വാദി പോലുമല്ല.. എങ്കിലും, വിഷ്ണുമാഷിന്റെ ആശങ്കയില്‍ കാര്യമുണ്ടെന്ന് തോന്നുന്നുണ്ട്.

ഒരു മാധ്യമം എന്ന നിലയിലുള്ള മലയാളം ബ്ലോഗിംഗിന്റെ പ്രതിച്ഛായയെ സ്ഥാപിതതാത്പര്യങ്ങള്‍ക്ക് വേണ്ടപ്പെട്ട രീതിയില്‍ വൈകൃതപ്പെടുത്തി അവതരിപ്പിക്കാന്‍ സഹായിക്കുന്ന ചിലത് അശ്ലീല ബ്ലോഗുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ഇത്തരം ഒരു പ്രതിച്ഛായാ നിര്‍മ്മാണവും അതിനു ലഭിക്കാനിടയുള്ള സ്വീകാര്യതയും ഒക്കെ സാധ്യമാവുന്നത് നമ്മുടെ കപട ലൈംഗിക സദാചാരം മൂലവും അതില്‍ നിന്നുണ്ടായിട്ടുള്ള അതിലൈംഗിക ഉപബോധം കാരണവുമാകാം.പക്ഷേ അതല്ലല്ലോ ഈ പോസ്റ്റ് മുന്നോട്ട് വെയ്ക്കുന്ന പ്രാഥമിക ആശങ്ക...?

വിഷ്ണു പ്രസാദ് said...

ഹാവൂ,ന്റെ ലാപുടാ.ഇതന്നെയാണ്
ഇത്രേം നേരോം ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.എത്ര അസ്സലായി പറഞ്ഞു നീ.ഇതാ പറഞ്ഞത് നീ ഗണിതജ്ഞനാണെന്ന്.എന്തൊരു കൃത്യത.


ലാപുട പറഞ്ഞതു തന്നെയാണ് എന്റെ ആശങ്ക

അനിലൻ said...

പണ്ടാരെടങ്ങാന്‍!
ആ ആശങ്കയല്ലല്ലോ ഇവിടെ പലരും പ്രകടിപ്പിച്ചത്. ലൈംഗികതയെക്കുറിച്ച് വല്ലവരും വല്ലതും പറയുമ്പോഴേയ്ക്കും കുറേ സംസ്കാര സംരക്ഷകര് ഇറങ്ങും. ഏത് മീഡിയയെയാണ് രതികമ്പക്കാര്‍ വിട്ടുകളഞ്ഞിട്ടുള്ളത്? ഫോണില്‍ പോലും ചൂടന്‍ വര്‍ത്തമാനങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനങ്ങളുണ്ടല്ലോ.
ബ്ലോഗ് അതിനൊക്കെ അതീതമായി നില്‍ക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. സ്വതന്ത്ര മാധ്യമം, അവനവന്‍ എഡിറ്റര്‍ എന്നീ വിശേഷണങ്ങള്‍ പേറുന്ന ഒരു മാധ്യമത്തില്‍ നീല പടരില്ല എന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ?
സാങ്കേതികമായി അതിനെ തടയാന്‍ വല്ലതും ചെയ്യാനാവുമെങ്കില്‍ അതു ചെയ്യുക. ‍

ഓഫ്: പരാജിതാ, വിഷ്ണുവിനെയല്ല സദാചാരവാദി എന്നു പറഞ്ഞത്. (വിഷ്ണു സദാചാരവാദിയാണെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും പറയില്ല.)


അനിലൻ said...

പണ്ടാരെടങ്ങാന്‍!
ആ ആശങ്കയല്ലല്ലോ ഇവിടെ പലരും പ്രകടിപ്പിച്ചത്. ലൈംഗികതയെക്കുറിച്ച് വല്ലവരും വല്ലതും പറയുമ്പോഴേയ്ക്കും കുറേ സംസ്കാര സംരക്ഷകര് ഇറങ്ങും. ഏത് മീഡിയയെയാണ് രതികമ്പക്കാര്‍ വിട്ടുകളഞ്ഞിട്ടുള്ളത്? ഫോണില്‍ പോലും ചൂടന്‍ വര്‍ത്തമാനങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനങ്ങളുണ്ടല്ലോ.
ബ്ലോഗ് അതിനൊക്കെ അതീതമായി നില്‍ക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. സ്വതന്ത്ര മാധ്യമം, അവനവന്‍ എഡിറ്റര്‍ എന്നീ വിശേഷണങ്ങള്‍ പേറുന്ന ഒരു മാധ്യമത്തില്‍ നീല പടരില്ല എന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നോ?
സാങ്കേതികമായി അതിനെ തടയാന്‍ വല്ലതും ചെയ്യാനാവുമെങ്കില്‍ അതു ചെയ്യുക. ‍

ഓഫ്: പരാജിതാ, വിഷ്ണുവിനെയല്ല സദാചാരവാദി എന്നു പറഞ്ഞത്. (വിഷ്ണു സദാചാരവാദിയാണെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും പറയില്ല.)


umbachy said...

ചര്‍ച്ച തെറിയിലേക്ക് കടന്നല്ലോ,
ഒന്നെടപെട്ടളയട്ടേ ഞാന്‍.
“എല്ലാ കാര്യത്തിലും
അറിയുന്നവരും അറിയാത്തവരും തമ്മിലാകുന്നു
വിത്യാസം,
തെറിയുടേ കാര്യത്തില്‍ മാത്രം അങ്ങനെയല്ല,
അതു പറയുന്‍വരും പറയാതിരിക്കുന്നവരും തമ്മിലാ...എല്ലാവര്‍ക്കും അതറിയാം“

ഇത് വിജയന്‍ മാഷ്
പറഞ്ഞതാ,
അവസാ‍നത്തെ കൂടിക്കാഴ്ചയില്‍.
ഇതിവിടെ വെക്കുന്നു