Saturday, June 06, 2009

ടെട്രിസിന് ഇരുപത്തഞ്ച് വയസ്സ്

കഴിഞ്ഞ രണ്ടുമാസക്കാലം എന്റെ സമയം മുഴുവനായി അപഹരിച്ച ഒരു കളിയാണ് ടെട്രിസ്.ടെട്രിസ് കളിച്ചുകളിച്ച് എനിക്ക് ടെട്രിസ് ബാധയുണ്ടായി.കളി കഴിഞ്ഞ് റോഡിലൂടെ പോകുമ്പോഴും പല ആകൃതികളില്‍ കിടക്കുന്ന വസ്തുക്കളേയും മനുഷ്യരേയും ചേര്‍ത്തു നിര്‍ത്തി ഒരു വരി തികയ്ക്കാന്‍ പറ്റുമോ എന്നായി എന്റെ വിഭ്രമം.ചെസ്സ് കളി കുറച്ചു ദിവസം തുടരുമ്പോഴും ഇത്തരമൊരു വിഭ്രമം എനിക്കുണ്ടായിട്ടുണ്ട്.ചെസ്സുകളിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കരുനീക്കം കുതിര തന്നെ.കുതിരയുടെ ആ L ആകൃതിയിലുള്ള ചാട്ടവും എതിരാളിയുടെ ഏതെങ്കിലും കരുവിനെ വെട്ടിവീഴ്ത്തലും എന്റെ മനസ്സില്‍ പതിഞ്ഞുകിടക്കും.കളി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ലോകം ഒരു ചെസ്സ്ബോഡാവും.അതില്‍ ഒരു നാലാളെ അടുപ്പിച്ചു കിട്ടിയാല്‍ ഒരു കുതിരനീക്കം ആയി.L ആകൃതിയില്‍ നില്‍ക്കുന്ന നാലാളുകളില്‍ ഒരറ്റത്തു നില്‍ക്കുന്ന ആളെ മറ്റെ അറ്റത്തുള്ള ആളെക്കൊണ്ട് ഞാന്‍ വെട്ടി വീഴ്ത്തും.


ഒരു പക്ഷെ കമ്പ്യൂട്ടറില്‍ ഞാനാദ്യം കളിച്ചതും ടെട്രിസ് ആവാം.ഇന്ന് ഗൂഗിള്‍ ഹോം പേജ് നോക്കുമ്പോഴാണ് ടെട്രിസിന് ഇരുപത്തഞ്ചു വയസ്സായെന്ന് അറിയുന്നത്.2007ല്‍ ഐ.ജി.എന്‍ തെരഞ്ഞെടുത്ത എക്കാലത്തേയും 100വീഡിയോ ഗെയിമുകളില്‍ രണ്ടാം സ്ഥാനത്തേക്ക് ടെട്രിസ് തെരഞ്ഞെടുക്കപ്പെട്ടത് ഈ കളിയുടെ ജനപ്രിയത വ്യക്തമാക്കുന്നു.


1984 ജൂണ്‍ ആറിന് അലെക്സെ പജിത്‌നോവ് എന്നയാളാണ് ഈ ഗെയിം സൃഷ്ടിച്ചത്.അദ്ദേഹം അക്കാലത്ത് യു.എസ്.എസ് ആറിലെ മോസ്കോയിലുള്ള USSRശാസ്ത്ര അക്കാദമിയില്‍ ജോലി ചെയ്യുകയായിരുന്നു.ടെട്രിസിലെ വന്നുവീഴുന്ന കഷ്ണങ്ങള്‍ നാലുകഷ്ണങ്ങള്‍ ചേര്‍ന്ന മട്ടിലാനല്ലോ.ഇവZSTLJO I എന്നീ ആകൃതികളിലാണ് ഉള്ളത്.
ഈ നാലിനെ സൂചിപ്പിക്കുന്ന ടെട്ര എന്ന ഗ്രീക്കു പദവും തന്റെ ഇഷ്ടകളിയായ ടെന്നീസും ചേര്‍ത്താണ് ടെട്രിസ് എന്ന് താന്‍ സൃഷ്ടിച്ച കളിക്ക് പജിത്‌നോവ് പേരിടുന്നത്.




ഇന്നിപ്പോള്‍ മൊബൈലുകളിലും ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പവുമൊക്കെ ടെട്രിസ് ലഭിക്കുന്നുണ്ട്.ടെട്രിസ് ഉണ്ടാക്കിയ കാലത്ത് അന്നത്തെ റഷ്യയില്‍ ബൌദ്ധികസ്വത്തവകാശം നിര്‍വചിക്കപ്പെട്ടിട്ടില്ലാതിരുന്നതിനാല്‍ ഇത് വില്‍ക്കുവാന്‍ സാധിച്ചിരുന്നില്ല.പജിത്‌നോവും സുഹൃത്തുക്കളും ടെട്രിസ് സൌജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.വളരെവേഗം ടെട്രിസ് റഷ്യയില്‍ പ്രചരിച്ചു.സൌജന്യമായി വിതരണം ചെയ്യപ്പെട്ട ടെട്രിസിന്റെ പി.സി പതിപ്പ് ടെട്രിസിനെ യു.എസ്.എസ്.ആറിനു പുറത്തും എത്തിച്ചു.ഒരു വിദേശകമ്പനി ടെട്രിസിന്റെ ലൈസന്‍‌സില്‍ താത്പര്യം പ്രകടിപ്പിച്ച.1988ല്‍ യു.എസ്.എസ്.ആര്‍ ഗവണ്‍‌മെന്റ് ടെട്രിസിന്റെ വിതരണാവകാശം വിപണനം ചെയ്യാന്‍ Elektronorgtechnicaഎന്നൊരു സംഘടനയെ ഏല്‍പ്പിച്ചു.പജിത്നോവ് തന്റെ അവകാശം പത്തുവര്‍ഷത്തേക്ക് ഗവണ്മെന്റിനു കൈമാറി.1989ല്‍ ആറോളം കമ്പനികള്‍ ടെട്രിസ് നിര്‍മിക്കാനും വിതരണം ചെയ്യാനും അവകാശം പറഞ്ഞ് രംഗത്തു വന്നു.പജിത്‌നോവ് 1991ല്‍ യു.എസ്.എയിലേക്ക് പോയി.ടെട്രിസ് പല നിയമപ്രശ്നങ്ങളിലും ചെന്നുപെട്ടു.1996ല്‍ ടെട്രിസിന്റെ അവകാശം റഷ്യന്‍ ഗവണ്മെന്റില്‍ നിന്ന് പജിത്‌നോവില്‍ തിരിച്ചെത്തി.ഇക്കാലമത്രയും പജിത്നോവിന് ടെറ്റ്രിസില്‍ നിന്ന് കാര്യമായി സമ്പാദിക്കാനൊന്നുമായില്ല.ആ വര്‍ഷം ടെട്രിസ് കമ്പനി രൂപീകരിച്ചു.ടെട്രിസില്‍ നിന്ന് വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.ടെട്രിസിനോട് സാദൃശ്യമുള്ള ധാരാളം കളികള്‍ ഇന്ന് നെറ്റില്‍ ലഭ്യമാണ്.


ടെട്രിസിനെക്കുറിച്ചറിയാന്‍ ഇവിടെ .
അലെക്സെ പജിത്നോവിനെകുറിച്ച് ഇവിടെ.
ടെട്രിസ് ഉണ്ടാക്കാന്‍ പ്രാരംഭത്തില്‍ സഹകരിച്ചതായി അവകാശപ്പെടുന്ന ഒരാളുടെ ലേഖനം ഇവിടെ വായിക്കാം.
ഞാന്‍ കളിച്ചിരുന്ന ടെട്രിസിന്റെ(ടെട്രിസ് അല്ല)രൂപം
ടെട്രിസിന്റെ കഥ ഇവിടെയും.

(ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും നെറ്റിലെ വിവിധസൈറ്റുകള്‍ക്ക് കടപ്പാട്)

Friday, June 05, 2009

സ്വെയ്ന്‍ ബിര്‍ക്കറിന്റെ ഫോട്ടോ പ്രൊജക്റ്റ്

ഈ ബ്ലോഗില്‍ മുന്‍പും ചില ഫോട്ടോ പ്രൊജക്റ്റുകള്‍ വിഷയമാ‍യിട്ടുണ്ട്.സ്വെയ്ന്‍ ബിര്‍ക്കറിന്റെ ഫൊട്ടോപ്രൊജക്റ്റ് മുന്‍പേ കണ്ടവരുണ്ടാവാം.ഞാനിപ്പോഴാണ് കാണുന്നത്.കാണാത്തവരുമായി പങ്കുവെക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്.ബിര്‍ക്കര്‍ 1976ലാണ് ജനിച്ചത്.താന്‍ ജനിച്ച വര്‍ഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ഒരു ശേഖരമാണ് അവരുടെ പ്രൊജക്റ്റ് .മഡോണ,മാര്‍ഗരറ്റ് താച്ചര്‍,ചെയര്‍മാന്‍ മാവോ,തുടങ്ങിയവരുടെ ചിത്രങ്ങള്‍ ആദ്യപേജില്‍ കാണാം.ആ വര്‍ഷം താച്ചര്‍ അവരുടെ വിവാഹജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു.മാവോ മരിച്ചതും ആ വര്‍ഷമായിരുന്നു.അഗതാ ക്രിസ്റ്റിയും ആ വര്‍ഷം മരിച്ചവരില്‍ പെടുന്നു.
76ല്‍ ഇറങ്ങിയ മാസികകളുടെ കവറുകള്‍,തെരുവു കാഴ്ച്ചകള്‍(ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടെ ഘോഷയാത്ര,അക്കാലത്തെ ന്യൂയോര്‍ക്ക് പോലീസ് തുടങ്ങി പ്രസക്തമെന്ന് തോന്നുന്ന പല ചിത്രങ്ങളും ഈ പ്രൊജക്റ്റില്‍ കാണാം..
IBM സീരീസ് ഒന്ന് എന്ന പൊതു ആവശ്യങ്ങള്‍ക്കുള്ള ചെറിയ കമ്പ്യൂ‍ട്ടര്‍ ഇറങ്ങുന്നതും ആ വര്‍ഷമാ‍ണ്.കലാപങ്ങളുടേയും കെടുതികളുടേയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
എന്തെല്ലാം സംഗതികള്‍ കൊണ്ടാവും ഒരുവര്‍ഷം ചരിത്രത്തില്‍ ഇടം പിടിക്കുക...ഇത്രയൊക്കെ കണ്ടു കഴിയുമ്പോള്‍ സ്വാഭാവികമായും ഒരു ഗൂഗിള്‍ ചിത്ര തെരച്ചില്‍ എങ്ങനെ നടത്താതിരിക്കും?
ഞാന്‍ ജനിച്ച വര്‍ഷം(1972)എന്തെല്ലാം സംഭവങ്ങളാണ് ചിത്രമായിട്ടുള്ളത്.ഒരു കൌതുകത്തിനു നോക്കി:
1972നെ കുറിച്ചുള്ള ചിത്രങ്ങള്‍ വന്നുപെട്ടതിലൂടെ പോയപ്പോള്‍ ഒരു സൈറ്റിലും ചെന്നുപെട്ടു.ബിര്‍ക്കറിന്റെ പ്രൊജക്റ്റ് ഒന്ന് കണ്ടുനോക്കൂ.നിങ്ങള്‍ക്കും ഒന്ന് തുടങ്ങണമെന്ന് തോന്നുന്നില്ലേ??

ചിത്രങ്ങള്‍ ക്രമമായി:
1)ഡ്രാക്കുള 1972 എന്ന സിനിമ
2)പ്രസിദ്ധമായ വിയറ്റ്നാം ചിത്രം
3)1972ല്‍ ഇറങ്ങിയ ഒരു ഹിന്ദിചിത്രം,
4)അപ്പോളോ 16
5)മൈക്കേല്‍ ജാക്സന്‍ 1972ല്‍
6)ബേനസീര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സ്വരണ്‍ സിങിനോടൊപ്പം