Sunday, October 28, 2007

യൂണികോഡ് മലയാളത്തില്‍ അശ്ലീല പോസ്റ്റുകള്‍

യൂണികോഡ് മലയാളത്തില്‍ അശ്ലീല പോസ്റ്റുകള്‍ വരുന്നത് എല്ലാ ബ്ലോഗര്‍മാരും ഇതിനകം ശ്രദ്ധിച്ചുകാണും.ഞാനും കണ്ടു.ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് ബൂലോകകവിതയുടെ സൈഡ് ബാറില്‍ ആഡ് ചെയ്തിരുന്നതിനാല്‍ പുതിയ പോസ്റ്റുകളുടെ ലിങ്ക് വന്നിരുന്നു.അതില്‍ പച്ചത്തെറി കിടക്കുന്നതു കണ്ട് പോയി നോക്കിയതാണ്.പോയപ്പോള്‍ എല്ലാ പോസ്റ്റുംവായിക്കാതെ പോരാന്‍ തോന്നിയില്ല....:)

വ്യക്തിപരമായി എനിക്ക് ഇത്തരം പോസ്റ്റുകളോട് ഒരു വിയോജിപ്പുമില്ല.എല്ലാ മനുഷ്യരും അവരുടെ ജീവിതകാലത്തിനിടയില്‍ എപ്പോഴെങ്കിലും ഉച്ചപ്പടം/നീലപ്പടം കാണുകയും മഞ്ഞപ്പുസ്തകം വായിക്കുകയും XXX സൈറ്റുകളില്‍ കയറുകയുമൊക്കെ ചെയ്യും.ചുരുങ്ങിയത് അതൊക്കെ അറിഞ്ഞെങ്കിലെന്ത് എന്ന് ആശിക്കുകയും ചെയ്യും.തെറ്റാണെന്ന് തോന്നുന്നില്ല.

പിന്നെന്താണിപ്പോള്‍ പ്രശ്നമെന്നല്ലേ?ഒരു നവമാധ്യമം എന്ന നിലയില്‍ ബൂലോകത്തിന്റെ അന്തസ്സ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഘട്ടമായിരുന്നു ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു.അച്ചടിമാധ്യമ രംഗത്തെ കെട്ടിലമ്മമാര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ തുടങ്ങിയിരിക്കുന്നു.അവരുടെ പുതിയ ഭയമാണ് ബൂലോകം എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.ബൂലോകത്ത് മുന്‍പ് പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ഇത് അച്ചടിമാധ്യമങ്ങളുടെ ഗൂഡാലോചനായാണെന്ന് പലരും പറഞ്ഞു കേട്ടിരുന്നു..അന്നൊക്കെ അതൊരു നല്ല തമാ‍ശയായാണ് തോന്നിയത്.

എന്നാല്‍ വിശാലനുമായി മാതൃഭൂമി നടത്തിയ അഭിമുഖം തുടക്കത്തില്‍ അത് ബൂലോകത്തിന് ഗുണകരമാവുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ന്ന് അവര്‍ തന്നെ പ്രസിദ്ധീകരിച്ച ഈ വിഷയത്തിലുള്ള ചില പ്രതികരണങ്ങളും ബ്ലോഗ് പോസ്റ്റുകളും ഉദ്ദേശ്യം നന്നായിരുന്നില്ലെന്ന് തോന്നിപ്പിച്ചു.കലാകൌമുദിയില്‍ വന്ന ലേഖനത്തെക്കുറിച്ച് രാം മോഹന്‍ എഴുതിയതും കൂട്ടി വായിക്കേണ്ടതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയുള്ള തെറിപ്പോസ്റ്റുകള്‍(സംഘഭോഗങ്ങളുടെ ചിത്രങ്ങള്‍ അടക്കം) യൂണികോഡ് മലയാളത്തില്‍ വരുന്നതിനെ ഞാന്‍ ഭയപ്പാടോടെയാണ് കാണുന്നത്.നിങ്ങളോ?