Sunday, January 07, 2007

ഒരു കോടി കൊണ്ട് ഒരു സോമയാഗം

ബൂലോകരേ, ഒരു നോട്ടീസാണ്.വിഷയം: പന്നിയൂര്‍ സോമയാഗം.എന്റെ കയ്യില്‍ കിട്ടിയ നോട്ടീസ് പരിപാടികള്‍ എന്ന ഭാഗമൊഴിച്ച് ബാ‍ക്കിയെല്ലാം അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

പന്നിയൂര്‍ സോമയാഗം
ഭക്തജനങ്ങളേ,
മാനവരാശിയുടെയും സകലചരാചരങ്ങളുടെയും ഐശ്വര്യത്തിനും
പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിക്ഷേത്ര സമുച്ചയ തേജോവര്‍ദ്ധനയും ലക്ഷ്യം വെച്ച് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കുന്ന സോമയാഗം,2007 മാര്‍ച്ച് 23 മുതല്‍28 കൂടി ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് നടത്തുന്നതാണ്.ആയജ്ഞത്തിലേക്ക് എല്ലാവരേയും സഹര്‍ഷം സാദരം ക്ഷണിക്കുന്നു.

സോമയാഗം ക്രിയാവിധി നടത്തുന്ന ഋത്വിക്കുകളെ മാത്രമല്ല അതില്‍ ഏതു വിധത്തിലെങ്കിലും പങ്കു കൊള്ളുന്ന ഏവരേയും ,പ്രകൃതിയെപ്പോലും പവിത്രീകരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.കര്‍മം ഭക്തി യോഗം ജ്ഞാനം ഇവ നാലും ചേര്‍ന്നതാണ്ബ്രഹ്മവിദ്യ.കര്‍മം എന്നാല്‍ വൈദികമായ അഗ്നിഹോത്രം,യജ്ഞം ,ദാനം ,തപസ്സ് എന്നിവയെയാണ് ഉദ്ദേശിക്കുന്നത്.അഗ്നയെ ഇദം ന മമഃ എന്ന യജ്ഞ സന്ദേശം തന്നെ എല്ലാം ലോകനന്മയ്ക്കായി മാത്രമേയുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു.സര്‍വസാധാരണമാരായ മനുഷ്യര്‍ക്കെല്ലാം തന്നെ ദേവോപാസനകളും യജ്ഞങ്ങളും ബ്രഹ്മ ജ്ഞാനത്തിലേക്കുള്ള വഴികളായാണ് കണക്കാക്കുന്നത്.ആയതുകൊണ്ട് യജ്ഞങ്ങള്‍ക്ക് ഇക്കാലത്ത് പരമപ്രാധാന്യമുണ്ട്.

സ്ഥാനചലനം വന്ന കേരളക്കരയെ സ്ഥിരമാക്കാന്‍ പരശുരാമന്‍ കേരള മധ്യസ്ഥലമായ പന്നിയൂരില്‍ ശ്രീ വരാഹമൂര്‍ത്തി പ്രതിഷ്ഠ നടത്തി എന്നും ബ്രാഹ്മണരെ കൊണ്ടുവന്ന് കുടിയിരുത്തി പ്രത്യേക ദേവോപാസന സമ്പ്രദായ നിരൂപണം ചെയ്ത് ക്ഷേത്രവും ഭൂമിയും അവര്‍ക്ക് നല്‍കിയതായും ക്ഷേത്രമൈതാനിയിലെ തെക്കുഭാഗത്ത് മത്സ്യ തീര്‍ഥം നിര്‍മ്മിച്ചതായും പറയപ്പെടുന്നു.ഈ ക്ഷേത്ര സമുച്ചയത്തില്‍ വാറ്റാകോവില്‍ എന്ന ശിവക്ഷേത്രം ,മകരകുണ്ഠലമണിഞ്ഞ ശ്രീ അയ്യപ്പന്‍ ,ഐശ്വര്യദായിനിയായ ദുര്‍ഗാദേവിക്ഷേത്രം ,ഗണക്ക്പതി,സുബ്രഹ്മണ്യന്‍ , ലക്ഷ്മീനാരായണന്‍ ,എന്നീ പ്രത്യേക പ്രതിഷ്ഠകളോടെ ശ്രീ വരാഹമൂര്‍ത്തിശ്രീ കോവിലും വലൈയ ഒരു കൂത്തമ്പലം ഉണ്ടായിരുന്നതിണ്ടെ അവശേഷിച്ച തറയും തറയ്ക്കു മേല്‍ ഇന്നും വീഴാതെ നില്‍ക്കുന്ന ഒരു തൂണ്‍ (യക്ഷിയെ ബന്ധിച്ചത്) കൂടാതെ ചിത്രത്തില്‍ വരാഹസാന്നിദ്ധ്യവും ഇവിടത്തെ പ്രത്യേകതകളാണ്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വിശാലമായ പന്നിയൂര്‍ത്തുറയും ചരിത്രസത്യമാണ്.

ഏറ്റവു പ്രത്യേകതകളുള്ള അഭീഷ്ട സിദ്ധിപൂജ ഈ ക്ഷേത്രത്തിലെ പ്രശസ്തമായ പ്രധാന വഴിപാടാണ്.
പൌരാണികത്യും ചരിത്ര സത്യങ്ങളും ഒളിഞ്ഞുകിടക്കുന്ന 6 ഏക്രയോളം വിസ്തൃതിയുള്ള ഈ ക്ഷേത്ര സമുച്ചയം ഗതകാല രാഷ്ട്രീയ വൈരങ്ങളെക്കൊണ്ട് ജീര്‍ണമായിരിക്കുന്നു.പൌരാണികത നിലനിര്‍ത്തി പഴയ പ്രാഗത്ഭ്യം വീണ്ടെടുത്ത് തേജസ്സും ഐശ്വര്യവും വര്‍ദ്ധിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാന് ഈ സോമയാഗം.

ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച യജ്ഞസമിതിയുടെ ആഭിമുഖ്യത്തില്‍ 2007 മാര്‍ച്ച് 23 മുതല്‍ 28 കൂടി ദിവസങ്ങളില്‍ നടക്കുന്ന ഈ സോമയാഗത്തെ മാ.രാ.രാ.ശ്രീ. മാനവേദസാമൂതിരിരാജ അവര്‍കളും തിരുവിതാംകൂര്‍ ഉത്രാടം തിരുനാള്‍ മഹാരാജാവും ഈ സംരംഭ്ത്തെ ആശീര്‍വദിച്ചിട്ടുണ്ട്.16 ഋത്വിക്കുകളുടെ സഹായത്തോടെ ഒരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ തവനൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍അടിതിരിപ്പാട് യജമാനനായും പത്നി രമണി അന്തര്‍ജ്ജനം പത്തനാടി ആയും കര്‍മമം നടക്കുന്നു. മേഴത്തോള്‍ അഗ്നിഹോത്രിയിടെ പാരമ്പര്യം സൃഷ്ടിച്ച നിളാ തീരത്താണ്‍ ഈ യജ്ഞഭൂമിയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.കലാന്തരത്തില്‍ ഉണ്ടായ പോരായ്മ്കളോ വീഴ്ച്ചകളോ മൂലം മണ്‍ മറഞ്ഞുപോയതിനേ പുനരുജ്ജീവിപ്പിക്കുന്നുവെന്ന വിശേഷണം കൂടി പന്നിയൂര്‍ സോമയാഗത്തിനുണ്ട്.

അഗ്നിഷ്ടോമം ,അത്യാഗ്നീഷ്ടോമം,ഉക്ഥ്യം,ഷോഡശി,വാജപേയ,അതിരാത്രം,അപ്തോര്യാമ എന്നിങ്ങനെ സോമയാഗത്തിന് ഏഴ് പിരിവുകളുണ്ട്. ഇവയ്ക്കുള്ള ക്രിയകളെല്ലാം തന്നെ യജുര്‍ വേദാന്തര്‍ഗതങ്ങളാനേങ്കിലും മന്ത്രങ്ങള്‍ ഋക്സാമ വേദങ്ങളില്‍ നിന്നുമാണ്.മുഖ്യക്രിയ സോമാഹുതിയാണ്.ഈ ക്രിയ നടക്കുന്ന ദിവസത്തെ സൂത്യാഹസ്സ് എന്ന് പറയുന്നു.

അനപത്യ നിവാ‍രനത്തിനും (സന്താനലബ്ധി)കുട്ടികളുടെ ബുദ്ധിശക്തിക്കും ഉത്തമമായ സൌമ്യം എന്നു വിളിക്കുന്ന ഈ മഹാക്രിയയുടെ ഹവിസ്സ് യാഗശാലയില്‍ വെച്ച് സേവിക്കുന്നത് അതി വിശേഷമാണ്. താത്പര്യമുള്‍ലവര്‍ ബൊക്ക് ചെയ്ത് മാര്‍ച്ച് 28ന് പുലര്‍ച്ചെ ദമ്പതീ സമേതരായി പ്രസാദം സേവിക്കാന്‍ യാഗശാലയില്‍ ഹാജരാകേണ്ടതാണ്. വേദം മനുഷ്യ രാശിയുടെ പൊതുസ്വത്താണ്.അഹങ്കാരം, അസൂയ,സ്വാര്‍ഥത , ദുഷ്ടവിചാരം എന്നീ ദുര്‍ വാസനകളെ ഇദം ന മമഃ എന്ന ആത്മാര്‍ഥ പ്രാര്‍ഥന നടത്തി മന്ത്രോച്ചാരണസഹിതം വിശിഷ്ടദ്രവ്യങ്ങളെക്കൊണ്ട് ജ്ഞാനാഗ്നിയില്‍ ഹോമിച്ച് ലോകജനതയെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് മോചിപ്പിച്ച് പ്രകൃതിയേയും പവിത്രീകരിക്കുന്ന പ്രക്രിയകള്‍ക്ക് സോമയാഗം പോലുള്ള യജ്ഞങ്ങള്‍ ശക്തി പകരുന്നു.തദ്വാരാ, ക്ഷേത്രതേജോവര്‍ദ്ധനയും നാടിന്റെ ഐശ്വര്യവും വര്‍ദ്ധിക്കുമെന്നും പ്രവചിക്കുന്നു.കൈമുക്ക് വൈദികരായ സര്‍വശ്രീ ജാതവേദന്‍ നമ്പൂതിരിയും ശ്രീധരന്‍ നമ്പൂതിരുയുമാണ് വൈദികക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.സോമയാഗം നറ്റക്കുന്ന ദിവസങ്ങളിലും അതിനു മുന്‍പും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സാമുദായിക,സാംസ്കാരിക ,നയതന്ത്ര,കലാ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.യാഗശാലയിലെത്തുന്നവര്‍ക്ക് ഉച്ച നേരത്ത് പ്രസാദ ഊട്ടിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്. അത്യപൂര്‍വമായ സോമാപ്യായനമെന്ന കര്‍മത്താല്‍ പവിത്രമാക്കുന്ന ചിതി(ശ്വേനപ്പക്ഷി)യുടെയും ശ്രീ വരാഹമൂര്‍ത്തിയുടെയും രൂപം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ രണ്ടുഗ്രാം,നാലുഗ്രാം,എട്ടുഗ്രാം എന്നീ തൂക്കങ്ങളില്‍ (2500 ക,4500 ക,9000ക.)ക്രമപ്രകാരം വില നിശ്ചയിച്ച് തയ്യാറാക്കുന്നുണ്ട്.ഇവയ്ക്കുള്ള ബുക്കിങിന് ആവശ്യക്കാര്‍ മുഴുവന്‍ തുകയും അടച്ച് കൂപ്പണ്‍ എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണ്.പൂജിച്ച് പവിത്രമാക്കിയ ലോക്കറ്റുകള്‍ 2007 മാര്‍ച്ച് 29 ന് കാലത്തു മുതല്‍ കൂപ്പണ്‍ ഹാജരാക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം, യജ്ഞസമിതി ഓഫീസ്,ധന ലക്ഷ്മി ബാങ്കിന്റെ എല്ലാ ശാഖകള്‍ , ഭീമ ജ്വല്ലേഴ്സിന്റെ ഷോരൂമുകള്‍ എന്നിവിടങ്ങളില്‍ കൂപ്പണ്‍ ലഭിക്കുന്നതാണ്.
സ്വര്‍ണം ,വസ്ത്രം, നെയ്യ് മറ്റു വിശിഷ്ട ദ്രവ്യങ്ങള്‍ , ഹോമത്തിനുപയോഗിക്കുന്ന മണ്‍ പാത്രങ്ങള്‍ തുടങ്ങിയവ വഴിപാടായി നല്‍കാന്‍ അപേക്ഷിക്കുന്നു.
കൂടാതെ യാഗദിനങ്ങളിലെ അതിഥികളായെത്തുന്ന ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ക്ക്
സൌജന്യ ഭക്ഷണം(പ്രസാദ ഊട്ട്) നല്‍കേണ്ടതിലേക്ക് സാധനങ്ങളായോ സാമ്പത്തികമായോ
മറ്റോ പരമാവധി സംഭാവന ചെയ്ത് സഹായിക്കാനും അപേക്ഷിക്കുന്നു.
അത്യപൂര്‍വമായി നടക്കുന്ന ഈ സോമയാഗത്തിന് ഓരോരുത്തരും പങ്കാളികളായി ഈ യജ്ഞ സംരംഭത്തെ വിജയിപ്പിക്കാനപേക്ഷിക്കുന്നു. ശ്രീ വരാഹമൂര്‍ത്തി ഭഗവത് കൃപ ഓരോരുത്തരിലും വര്‍ഷിക്കേണമെന്ന് പ്രാര്‍ഥിച്ച്

വന്ദനത്തോടെ ,
യജ്ഞസമിതിക്കു വേണ്ടി
എന്‍ . ആര്‍ നമ്പൂതിരി(ജനറല്‍ കണ്‍വീനര്‍ )
ബ്രഹ്മശ്രീചോന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ( (ഗുരുവായൂര്‍ തന്ത്രി) (ചെയര്‍മാന്‍ )

N.B:യാഗത്തിലെ നാമ സ്തുതികളും പന്ത്രണ്ട് ശസ്ത്രങ്ങളും അതി വിശിഷ്ടങ്ങളായി പറയപ്പെടുന്നു.
ദദസോമയാഗത്തില്‍ പങ്കെടുക്കാനെത്തി ച്ചേരുന്ന ആയിരക്കണക്കിനുപേര്‍ക്ക് അന്നദാനം നടത്തുന്നതിന് കഴിവിനനുസൃതമായി സംഭാവനകള്‍ നല്‍കിയോ അരി പച്ചക്കറി പലചരക്കുസാധനങ്ങള്‍ പാല്‍ മോര് നാളികേരം തുടങ്ങി ആവശ്യമായ പദാര്‍ഥങ്ങല്‍ നല്‍കിയോസഹായിക്കുക.

സോമാപ്യായനം ചെയ്തു പവിത്രമാക്കിയ സ്വര്‍ണലോക്കറ്റ് ആവശ്യമുള്ളവര്‍ ഉടന്‍ ബുക്ക് ചെയ്യുക.സൌമ്യം ഹവിസ്സ് ആവശ്യമുള്ളവര്‍ക്ക് 28-ആം തീയതി പുലര്‍ച്ചെ 2 മണിക്കും6 മണിക്കും ഇടയില്‍ യാഗഭൂമിയില്‍ വെച്ച് വിളമ്പി നല്‍കുന്നതാണ്.

50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ മഹല്‍ യജ്ഞത്തിന് സംഭാവനയായോ സ്വര്‍ണം, വെള്ളി ,വസ്ത്രം,ധാന്യങ്ങള്‍ ,അത്യപൂര്‍വമായ മറ്റ് ഹോമദ്രവ്യങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്ത് സഹായിക്കേണ്ടതാണ്.

കൂട്ടരേ, നോട്ടീസ് വായിച്ചുവല്ലോ.യജ്ഞസമിതിയിലുള്ള ഒരു പ്രധാനവ്യക്തി യജ്ഞത്തിന് ഒരു കോടിയിലധികം ചെലവു വരുമെന്ന് എന്നോട് പറയുകയുണ്ടായി.എന്തു പറയുന്നു.കടക്കെണിയില്‍ പെട്ട് മരിക്കുന്ന മലയാളികളെ ഈ യജ്ഞങ്ങള്‍ രക്ഷിക്കുമോ?
ഈ നോട്ടീസ് ഇവിടെ പ്രസിദ്ധീകരിച്ചത് വിപരീതഫലമേ ചെയ്യൂ എന്നറിയാഞ്ഞിട്ടല്ല.മതങ്ങളും ദൈവങ്ങളും മനുഷ്യരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന ഗവേഷണം തുടരുമ്പോള്‍
വിവേകമുള്ളവരെ ഉദ്ദേശിച്ച് ഈ നോട്ടീസ് ഇവിടെ ഒരു ചര്‍ച്ചയ്ക്കായി പതിക്കാമെന്ന് കരുതി
.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റുണ്ട്:ഇതാ...
പന്നിയൂരമ്പലത്തിന്റെ ചിത്രങ്ങള്‍...