Tuesday, July 10, 2007

വെജിറ്റബിള്‍ കാര്‍വിങ്

തലക്കെട്ട് ഇംഗ്ലീഷിലാണ്.എന്താണിതിന് തത്തുല്യമായ മലയാളം?പച്ചക്കറികളില്‍ കൊത്തു പണികള്‍ ചെയ്ത് മനോഹരമായ രൂപങ്ങള്‍/മാതൃകകള്‍(ശില്പങ്ങള്‍ എന്ന് പറയാമോ?) ഉണ്ടാക്കലാണിത്.കലാകാരന്മാര്‍ക്കേ ഇതും വഴങ്ങൂ.അല്ലെങ്കില്‍ എന്തിലാണ് കലാംശം ഇല്ലാത്തത്?ജപ്പാനിലാണെന്ന് തോന്നുന്നു(അതോ ചൈനയിലോ?) ചായയുണ്ടാക്കല്‍ ഒരു ചടങ്ങാണ്.ആഹാരം ഉണ്ടാക്കലും,ഉണ്ടാക്കിയ ആഹാരം ക്രമീകരിച്ച് അലങ്കരിച്ച് അവതരിപ്പിക്കുന്നതും കലയാണ്.ആഹാരം തിന്നാന്‍ മാത്രമുള്ളതല്ല ,കാണാനും കൂടി ഉള്ളതാണ്...പക്ഷേ നമുക്ക് മലയാളികള്‍ക്ക് അമ്മാതിരി പരിപാടികളൊന്നും തിരിയൂല.വാഴയിലയില്‍ ചോറ് അതിനു ചുറ്റും വിഭവങ്ങള്‍....ചോറിന്റെ വെണ്മയ്ക്കു ചുറ്റും കുറേ നിറങ്ങള്‍...ഒരു അബ്സ്ട്രാക്റ്റ് ചിത്രകാരന്റെ ചിത്രം പോലെയിരിക്കും നമ്മുടെ ഊണ്.അതിനപ്പുറത്തേക്കുള്ള അലങ്കാരങ്ങളൊന്നും നമുക്ക് പിടിക്കുകയില്ലെന്ന് തോന്നുന്നു...

അല്ലെങ്കില്‍ പട്ടിണി കിടന്ന വയറിനെന്തിനാ അലങ്കരിച്ച ഭക്ഷണം?മലയാളി മൂന്നു നേരം തെറ്റാതെ ഉണ്ണാന്‍ തുടങ്ങിയിട്ട് അധികകാലമായില്ലല്ലോ അല്ലേ?

പച്ചക്കറിയിലെ ചിത്രപ്പണികള്‍ ഇവിടെ.

ഹൃദയഹാരിയായ ചൈന

ഒരു കാലത്ത്,ഡിജിറ്റല്‍ ടെലിവിഷന്‍ ചാനലുകളുടെ ഒരു ഭ്രാന്തന്‍ പ്രേക്ഷകനായിരുന്നു ഞാന്‍.
അക്കാലത്ത്-ചിലപ്പോള്‍ ഇക്കാലത്തും-ഫ്രീ ടു എയര്‍ ആയി വന്നിരുന്നത് കൂടുതലും ചൈനീസ് ചാനലുകളായിരുന്നു.ചൈനയുടെ ദൃശ്യ സൌന്ദര്യവും അവരുടെ സവിശേഷമായ കെട്ടിട മാതൃകകളും ജീവിത രീതിയും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.എന്‍.എന്‍ പിള്ളയുടെ ആത്മകഥയില്‍ രണ്ടാം മഹായുദ്ധകാലത്ത് താന്‍ കണ്ട ചില ചൈനക്കാരെ കുറിച്ച് വിവരിക്കുന്നുണ്ട്.അത് ചൈനക്കാരോട് അല്പം വെറുപ്പുണ്ടാക്കാന്‍ പര്യാപ്തമാണ്.(വിശദീകരണം ആവശ്യപ്പെടരുത്,പറ്റുമെങ്കില്‍ എന്‍,എന്‍ പിള്ളയുടെ ആത്മകഥ വായിക്കുക)
ചൈന ഒരു പാട് ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ നിവസിക്കുന്ന രാജ്യമാണ്.ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്നത് ചൈനയുടെ മന്ദാരിന്‍ ആണെന്ന് തോന്നുന്നു.ചൈനയാണല്ലോ ജനസംഖ്യയില്‍ മുന്നില്‍.എന്തൊക്കെ പറഞ്ഞാലും ചൈന സുന്ദരമാണ്.ഈ ചിത്രങ്ങള്‍ നോക്കൂ.

ടാന്‍ ഗ്രാം



ന്താണ് ടാന്‍ ഗ്രാം?ചിത്രത്തില്‍ ഒരു സമചതുരം കാണുന്നില്ലേ?ഈ സമചതുരത്തെ പിന്നെയുംചതുരങ്ങളായും ത്രികോണങ്ങളായും വിഭജിച്ചതും കാണാം.ആകെ ഏഴ് കഷ്ണങ്ങള്‍.ഈ ഏഴ് കഷ്ണങ്ങള്‍ പലതരത്തില്‍ ചേര്‍ത്തു വെച്ച് പലതരം ചിത്രങ്ങള്‍ ഉണ്ടാക്കാം.ഈ വിദ്യക്കാണ് ടാന്‍ ഗ്രാം എന്ന് പേര്.ഇത് സാധാരണ ചെയ്യാറ് ഇങ്ങനെയാണ്:

ഒരു കറുത്ത കടലാസില്‍ ഒരു സമചതുരം വെട്ടിയുണ്ടാക്കുക.അതില്‍ ചിത്രത്തില്‍ കാണും വിധം സമചതുരം,ത്രികോണങ്ങള്‍,സാമാന്തരികം തുടങ്ങിയവയൊക്കെ വരച്ച് വെട്ടിയെടുക്കുക.തുടര്‍ന്ന് അവ ചേര്‍ത്ത് ചിത്രങ്ങള്‍ ഉണ്ടാക്കുക.ഓണ്‍ ലൈനായി ഇനി ടാന്‍ ഗ്രാം പസില്‍ ഒന്നു ചെയ്തു നോക്കുന്നോ ?ഇവിടെ അവസരമുണ്ട്.

പച്ചാനക്കുട്ടി ഈ വിഷയത്തില്‍ ഒരു പോസ്റ്റിട്ടത് വല്യമ്മായി ചൂണ്ടികാണിച്ചപ്പോഴാണ് കണ്ടത്.പച്ചാനക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.

മേപ്പിള്‍ ഇലകളും പനിനീര്‍ പൂക്കളും..

മേപ്പിള്‍ ഇലകളും പനിനീര്‍പൂക്കളും തമ്മില്‍ എന്താ ബന്ധം?ഒരു ബന്ധവുമില്ല.എന്നാല്‍ മേപ്പിള്‍ ഇലകള്‍ കൊണ്ട് പനിനീര്‍പൂക്കള്‍ ഉണ്ടാക്കാം.ഇതൊന്ന് കാണൂ.പ്ലാവില കൊണ്ട് കഞ്ഞി കുടിക്കാനുള്ള കയിലും ഓല കൊണ്ട് തത്ത,പാമ്പ്,പന്ത് തുടങ്ങിയവയും ഉണ്ടാക്കാന്‍ മലയാളിക്ക് അറിയാം.
ആരെങ്കിലും അതൊക്കെ ഒരു ഫോട്ടോ പോസ്റ്റാക്കിയാല്‍....
ആക്കിയാല്‍...?
വെറുതെ കാണാമായിരുന്നു...:)