Thursday, December 28, 2006

യുറീക്കാ....യുറീക്കാ...

പതിവു പോലെ ഇത്തവണയും കുട്ടികളുണ്ടാക്കിയ യുറീക്ക പുറത്തിറങ്ങി.മുന്‍ വര്‍ഷത്തേക്കാള്‍ അതിമനോഹരം എന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന ഒന്നാണ് ഈ ലക്കം.കുട്ടികള്‍ എഴുതി കുട്ടികള്‍ എഡിറ്റു ചെയ്ത് പുറത്തിറക്കുന്ന ആറാമത്തെ യുറീക്കായാണിതെന്ന് മുഖക്കുറിപ്പില്‍ പറയുന്നു.കേരളത്തിലെ മുഖ്യധാരാബാലമാസികകള്‍ക്ക് ആവാത്തത് ചെയ്തു കാണിക്കുകയാണ് യുറീക്ക. ഇതിന്റെ ചുവട്പിടിച്ച് തത്തമ്മയും ഒരു ലക്കം കുട്ടികളെക്കൊണ്ട് എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നു.
എന്താണ് ഇത്തരമൊരു ശ്രമത്തിന്റെ ആവശ്യമെന്ന് ചിലരെങ്കിലും ചിന്തിച്ചുകൂടായ്കയില്ല.ഇത്തരമൊരു രീതി
ലോകത്താദ്യമായി യുറീക്ക അവതരിപ്പിച്ചതാവാനും തരമില്ല.കുട്ടികള്‍ തന്നെ എഴുതി കുട്ടികള്‍ തന്നെ എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ലോകത്ത് വേറെയുമുണ്ടെന്നാണ് തോന്നുന്നത്.അറിയുന്നവര്‍ അതിവിടെ എഴുതുമല്ലോ.


മലയാളത്തില്‍ നല്ല ബാലസാഹിത്യകൃതികളുടെ അഭാവം കാര്യമായുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.പ്രശസ്തരായ എഴുത്തുകാരൊന്നും ബാലസാഹിത്യം കൈകാര്യം ചെയ്യുന്നില്ലെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.എം.ടി ഒരു മാണിക്യക്കല്ല് എഴുതിയിട്ടുണ്ട്.ടാഗോറോ ടോള്‍സ്റ്റോയിയോ ഇക്കാര്യത്തില്‍ നമുക്കില്ല.നമുക്കാകെയുള്ളത് ഒരു സിപ്പിപള്ളിപ്പുറമാണ്.സിപ്പിക്ക് തനതായ ഒരു ശൈലിയുണ്ട്.ഡി.പ്പി.ഇ.പി വന്നതുകൊണ്ട് ഒരുഗുണമുണ്ടായി.കുറെ അന്യഭാഷാ രചനകള്‍ മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്ത് വന്നു.ഇതിലേറെയും ബാലസാഹിത്യ വിഭാഗത്തിലായിരുന്നു.മാത്രമല്ല ബാലസാഹിത്യത്തിന് ഒരു മാര്‍ക്കറ്റും ഉണ്ടായി.ഡി.പി.ഇ.പി കൊണ്ട് ഇങ്ങനെ ചില പരോക്ഷ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്.ഉപഭോക്തൃസംസ്കാരത്തിലേക്ക് ആക്കം കൂട്ടുന്നാതാണെന്നതായിരുന്നല്ലോ അത് നേരിട്ട അനേകം ആരോപണങ്ങളില്‍ ഒന്നെന്ന് കാര്യവും വിസ്മരിക്കുന്നില്ല.അതിനെ തുടര്‍ന്നു വന്ന എസ്.എസ്.എ യും ഡി.പി.ഇ.പി യുടെ നല്ല വശങ്ങള്‍ പിന്തുടരുന്നുണ്ട്.സ്കൂള്‍ ഗ്രന്ഥശാലകള്‍ക്ക് ഫണ്ടനുവദിക്കുന്നതില്‍ വന്ന നല്ല മാറ്റമാണ് കേരളത്തിലെ ബാലസാഹിത്യകൃതികളുടെ എണ്ണം പെട്ടെന്ന് കൂട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ, തര്‍ജ്ജുമകളും സ്വതന്ത്രപരിഭാഷകളുമല്ലാതെ മലയാളത്തിന്റെ മണമൂള്ള ബാലസാഹിത്യകൃതികള്‍ ഇപ്പോഴും തുച്ഛമാണ്.വിശ്വ സാഹിത്യ കൃതികള്‍ ചെറുപ്പത്തിലേ പരിചയപ്പെടാമെന്ന ഒരു നല്ല വശം ഇതിനുണ്ട്.എങ്കിലും മലയാളത്തിന്റെ സ്വന്തമെന്ന് പറയാനാണെങ്കില്‍ ഞാനും നിങ്ങളും ചെറുപ്പത്തില്‍ വായിച്ചതില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കുട്ടികള്‍ക്ക് പുതിയതായി ഒന്നും വായിക്കാനില്ല എന്നത് ഒരു ദുഃഖസത്യമാണ്.


ഇതര സാഹിത്യ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം ബാലസാഹിത്യത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിയവരാണ് ഇന്നത്തെ ബാലസാഹിത്യകൃതികളിലധികവും പടച്ചുവിടുന്നത്.ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യുറീക്കയുടെ ഈ ശ്രമത്തിന്റെ പ്രസക്തി.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിയാനും പോഷിപ്പിക്കാനും മറ്റ് ലാഭങ്ങളൊന്നുമില്ലതെ ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?
എങ്കിലും യുറീക്കയ്ക്ക് ചില ദോഷങ്ങളുള്ളത് അതിന്റെ ഇപ്പോഴത്തെ എഡിറ്ററായ ശ്രീ രാമകൃഷ്ണന്‍ കുമരനെല്ലൂരിനോട് ഞാന്‍ പറഞ്ഞിരുന്നു.യുറീക്കയില്‍ എഴുതുന്നവരധികവും വള്ളുവനാട്ടുകാരാണ്.എഴുതുന്നതാവട്ടെ നാട്ടു ഭാഷയിലും .മലയാളസിനിന്മയും എം.ടിയും ഈ നാട്ടുഭാഷയ്ക്ക് വേണ്ടത്ര പ്രചാരം കൊടുത്തിട്ടുള്ളതിനാല്‍ ഇതൊരു പ്രശ്നമായി ആര്‍ക്കും തോന്നിക്കാണില്ല.
ഇതൊരു തരം പക്ഷ്പാതിത്ത്മായാണ് എനിക്ക് തോന്നിയത്. എന്റെ കുഴപ്പമാവാം.ഇതിന് രാമകൃഷ്ണന്‍ പറഞ്ഞ മറുപടി രസകരമാണ്.തിരുവനന്തപുരത്തുള്ള ആളും എന്തെങ്കിലും എഴുതി അയയ്ക്കുന്നത് വള്ളുവനാടന്‍ ഭാഷയിലാണത്രേ...പിന്നെന്തു ചെയ്യും.

മറ്റൊന്ന്,നിലവാരത്തില്‍ വന്ന അപചയമാണ്. കുട്ടികളോട് സൌഹൃദപരമാക്കാനാണെന്നാവും അതിന് ന്യായമെന്ന് കരുതുന്നു.പണ്ട് യുറീക്കയില്‍ എഴുതിയിരുന്നത് ശാസ്ത്രജ്ഞരോ അതിനോടടുത്തു നില്ക്കുന്ന ഗവേഷകരോ പണ്ഡിതരോ ആയിരുന്നു. ഇപ്പോള്‍ എഴുതുന്നവര്‍ വെറും ബാലസാഹിത്യകാരന്മാര്‍ മാത്രമാണ്.

എന്തെല്ലാം പറഞ്ഞാലും ഡിസംബര്‍ രണ്ടാം ലക്കത്തെ എത്ര അഭിനന്ദിച്ചലും മതിയാവില്ല.ഇത്തവണത്തെ കുട്ടികളുണ്ടാക്കിയ യൂറീക്കയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.ഇപ്രാവശ്യത്തേത് കുട്ടികളുടേയും വലിയവരുടേയും ഒരു കൂട്ടായ്മയാണ്. അതായത് കുട്ടികള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്താണെകിലും ഈ ലക്കത്തില്‍ അവരുടെ രചനകള്‍ക്ക് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് കേരളത്തിലേ പ്രശസ്ത ചിത്രകാരന്മാരും കവികളുമാണ്.ഈ ലക്കം എനിക്ക് ഒരു നൊസ്റ്റാള്‍ജിക് പതിപ്പായി തോന്നിച്ചു. കൃത്യമായിപ്പറഞ്ഞാല്‍ ഞാനൊരു പഴയ മാസികയെ ഓര്‍മിച്ചു.കുട്ടികളെ ഭാവനയുടെ സ്വപ്ന സമാനമായ വഴികളിലൂടെ നടത്തിയ, എന്റെ കുട്ടിക്കാലത്തെ കഥകളുടെയും ചിത്രങ്ങളുടെയും വിസ്മയങ്ങളുടെ നിഗൂഢമായ ദ്വീപുകളിലേക്ക് കൊണ്ടുപോയ ...‘അമ്പിളിഅമ്മാവന്‍' എന്ന മാസിക.നിങ്ങളില്‍ ചിലരെങ്കിലും ആ മാസികയെ ഓര്‍ക്കുന്നുണ്ടാവും.

യുറീക്കയിലേക്ക് തിരിച്ചുവരാം.ആരൊക്കെയാ‍ണ് ഈ ലക്കം യുറീക്കയില്‍ ചിത്രങ്ങള്‍ വരച്ചെതെന്നറിയേണ്ടേ?
നമ്പൂതിരി,ജെ.ആര്‍ പ്രസാദ്,അമ്പിളി,മദനന്‍ ,ശേഖര്‍ അയ്യന്തോള്‍ ,പുണിഞ്ചിത്തായ,ഗണപതി,കെ .യു കൃഷ്ണകുമാര്‍ ,കൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രസിദ്ധര്‍ ഈ ലക്കത്തില്‍ കുട്ടികളുടെ രചനകളെ ചിത്രങ്ങള്‍ കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു.പി. പി രാമചന്ദ്രന്‍ ,റഫീക് അഹമ്മദ്,ശാന്തന്‍ തിടങ്ങിയ കവികളും ചിത്രം വരച്ചിട്ടുണ്ട്.ഇതില്‍ ചില ചിത്രങ്ങള്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.അരുണ്‍ ഒടുമ്പ്ര,സന്ദീപ് കെ ലൂയീസ്,ശേഖര്‍ അയ്യന്തോള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ എടുത്തു പറയുകയാണ്.കഥാകൃത്താ‍യ ഹാഫിസ് മുഹമ്മദ് ഒരുചിത്രം വരച്ചിട്ടുണ്ട്.ഇനിയും പല പ്രമുഖരുമുണ്ട്.വാസു പ്രദീപിന്റെ ഒരു ചിത്രം കണ്ടു.

കുട്ടികളുടെ രചനകളും ഒന്നാന്തരമായിട്ടുണ്ട്.ഹരിത ആര്‍ എഴുതിയ ഒരു തിരക്കഥയുണ്ട്.ഹരിത പൊന്നാനി എ.വി സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ്.(കവിയും എ.വി സ്കൂല്‍ അധ്യാപകനുമായ പി.പി രാമചന്ദ്രന്റെ മകളാവുമെന്ന് ഞാന്‍ കരുതുന്നു. സംശയനിവാരണം വരുത്തിയിട്ടില്ല.)ഒളിച്ചുകളി എന്ന ഈ തിരക്കഥ അസാധാരണമായ നിലവാരം പുലര്‍ത്തുന്നതാണ്:

അമ്മുവും ഉണ്ണിയും ഒളിച്ചു കളിക്കുകയാണ്.ഉണ്ണി എണ്ണുകയാണ്. എണ്ണുന്നതിനിടയില്‍ ഉണ്ണി ഒരു എട്ടുകാലിയെ കാണുന്നു.അവന്റെ ശ്രദ്ധ തെറ്റുന്നു..അവന്‍ എണ്ണിത്തീരുന്നു.ഉണ്ണി ചിലന്തിവല നോക്കി നില്‍ക്കുകയാണ്.അമ്മു അവന്‍ കണ്ടൊട്ടെ എന്ന് വിചാരിച്ച് ഒളിയിടത്തില്‍ നിന്ന് തന്റെ പാവാട ഉണ്ണിക്ക് കാണാനാവും വിധം വിടര്‍ത്തിയിടുന്നുണ്ട്. പക്ഷേ ഉണ്ണി തുമ്പിയുടേയും ഉറുമ്പിന്റേയും പിന്നാലെ പോവുന്നു. അവന്‍ കളിയെക്കുറിച്ച് മറന്നു പോയിരിക്കുന്നു.
പെട്ടെന്ന് മഴ വന്നു .ഉണ്‍നി മഴ നോക്കിയിരിക്കുന്നു. അവന്‍ ഒരു തോണിയുണ്ടാക്കുന്നു.തോണിയില്‍ ഒരു ഉറുമ്പിനെ പിടിച്ചിട്ട് വീട്ടുമുറ്റത്തെ വെള്ളത്തില്‍ തോണിയിറക്കുന്നു. തോണികാണാന്‍ ചേച്ചിയെ വിളിക്കുന്നു.അപ്പോഴാണ് അവന് ചേച്ചിയെ(അമ്മുവിനെ) ഓര്‍മ്മ വരുന്നത്.അവന്‍ ചേച്ചീ എന്ന് വിളിച്ച് ഓടി നടന്ന് തിരയുന്നു.അമ്മുവിനെ കാണുന്നില്ല.തോണി ഒഴുകിപ്പോവുന്നത് അവന്‍ കാണുന്നു.തോണി ഒരു തോട്ടിലേക്ക് കടക്കുന്നു.ഉണ്ണി ഓടി തോടിന്റെ വക്കത്തു വന്ന് നില്‍ക്കുന്നു.അവന്റെ മുഖത്ത് പരിഭ്രമവും അത്ഭുതവും.അവനുണ്ടാക്കിയ കടലാസു തോണിയില്‍ അമ്മു തുഴഞ്ഞ് പോവുന്നത് അവന്‍ കാണുന്നു.അമ്മു പുഞ്ചിരിച്ചുകൊണ്ട് കൈവീശികാണിക്കുന്നു.അവള്‍ തോണി തുഴഞ്ഞ് അകലേക്ക് പോവുന്നു.....

ഹാ..എത്ര മനോഹരമായ ത്രെഡ്. എങ്ങനെയാണ് ഈ കുട്ടിയെ അഭിനന്ദിക്കാതിരിക്കുക.വായനക്കാരേ,യുറീക്ക വായിച്ച് ഈ കുട്ടിക്ക് ഒരഭിനന്ദനക്കുറിപ്പെഴുതണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.അല്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിച്ചിടുകയുമാവാം.ഹരിതയ്ക്ക് ഇത് കാണാനുള്ള സൌകര്യങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.
.