രണ്ട് മാസം മുന്പ് പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ അംഗസംഖ്യ 650 നോടടുത്തായിരുന്നു.ഇപ്പോഴത് 788.ബൂലോകം വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്നു.ബൂലോകത്തെ എഴുത്തുകാരെ സംബന്ധിച്ച് ആഹ്ലാദകരമായ കാര്യം തന്നെയാണിത്.പക്ഷേ ഇതില്‍ എത്ര പേര്‍ സജീവമായി ഇവിടെ നില്‍ക്കുന്നുവെന്നതാണ് അന്വേഷിക്കേണ്ട ഒരു കാര്യം. ബ്ലോഗ് റോളില്‍ എത്ര ബ്ലോഗുകള്‍ ഉണ്ടെന്ന് അറിയില്ല. അവയില്‍ ഭൂരിഭാഗം ബ്ലോഗുകളും നിര്‍ജ്ജീവമാണ്.ഞാന്‍ ഒരു വയനാട്ടുകാരനാണെന്ന് അറിയാമല്ലോ. നാട്ടുകാരനായതുകൊണ്ട് ആ പേരില്‍(വയനാടന്‍)ബ്ലോഗ് റോളിലുള്ള രണ്ടു ബ്ലോഗുകളും ഞാനെടുത്തു നോക്കി.രണ്ടും നിര്‍ജ്ജീവമാണ്.വള്ളുവനാടിനെ സംബന്ധിച്ച് ഒരു ബ്ലോഗ് തുടങ്ങണമെന്നു കരുതി. അപ്പോഴാണ് വള്ളുവനാട് എന്ന ബ്ലോഗ് കാണുന്നത്.അതും നിര്‍ജ്ജീവമാണ്.ഇങ്ങനെ എത്രയെത്ര ബ്ലോഗുകള്‍.
ഇതൊന്നുമല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.2006 സെപ്റ്റംബറിലാണ് ഞാന്‍ ബ്ലോഗിങ് ആരംഭിക്കുന്നത്.ഒരു വര്‍ഷം തികഞ്ഞിട്ടില്ല.അതിനിടയില്‍ വായിച്ചും കമന്റിട്ടും പിന്മൊഴികളില്‍ കണ്ടും ഒരു പാടു പേരെ അറിഞ്ഞു.ഈ അടുത്ത കാലത്ത് താനാണ് മൈനാഗന്‍ എന്നു ശിവപ്രസാദ് പറയുന്നതു വരെ മൈനാഗന്‍ മറ്റൊരാളാണെന്ന് ഞാന്‍ വിശ്വസിച്ചു.അതുകൊണ്ടു തന്നെ, ഒരേ പേരില്‍ എത്ര പേര്‍ ബ്ലോഗ് ചെയ്യുന്നുണ്ടാവും എന്ന് അറിഞ്ഞാലേ മലയാളം ബ്ലോഗര്‍മാരുടെ എണ്ണം കൃത്യമായി പറയാന്‍ പറ്റൂ. വെറുതേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കൂടെവന്ന ഒരു പാടു പേര്‍ വഴിയിലെവിടെയോ വീണു പോയെന്ന് ഞാന്‍ കണ്ടു.ഒരു പക്ഷേ മറ്റൊരു പേരില്‍ അവര്‍ നമ്മോടൊപ്പമുണ്ടാവാം...
മരിച്ചവരുടെ ഹോം പേജുകള്‍ എന്ന ലതീഷിന്റെ കഥ വായിച്ച ശേഷം ഞാന്‍ മരിച്ചവരുടെ ബ്ലോഗുകളെക്കുറിച്ചും ഓര്‍കൂട് പ്രൊഫൈലുകളെക്കുറിച്ചും ആലോചിച്ചു.ഓര്‍കൂടില്‍ നടന്ന കൊലപാതകം എന്നെ വല്ലാതെ അലോസരപ്പെടുത്തി.അതു സംബന്ധിച്ച് ഹരി ഒരു പോസ്റ്റിട്ടിരുന്നു.അതിനു ചുവട്ടില്‍ ഇതില്‍ എന്താണ് പ്രത്യേകത എന്ന അര്‍ഥത്തില്‍ ഏവൂരാന്റെ ഒരു കമന്റും കണ്ടു.ദൂരെയെവിടെയോ നടക്കുന്ന ഒരു കൊലപാതകം പോലെയല്ല,അയല്പക്കത്തെയോ,എന്റെ വീട്ടില്‍ തന്നെയോ നടന്ന ഒരു കൊലപാതകം പോലെ എനിക്കത് തോന്നിച്ചു.ഇവിടെ ഓര്‍കൂട് കൊലപാതകം നടന്ന ഒരു ഇടമല്ല. ഓര്‍കൂടിലെ രണ്ട് സ്നേഹിതരായിരുന്നു അവര്‍... അതിലൊരാള്‍ മറ്റൊരാളെ കൊന്നു എന്ന് ഞാന്‍ വായിച്ചു... എന്നെ ഒരു കനത്ത ഭയം വന്ന് മൂടി.ഓര്‍കൂടില്‍ ഒപ്പിട്ട് കയറുമ്പോള്‍ എനിക്ക് ഒരാഴ്ച്ചയോളം വല്ലത്തൊരു പേടിയുണ്ടായിരുന്നു.മരിച്ചവളുടെയും കൊന്നവന്റെയും(?) പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചു.അവരുടെ സ്ക്രാപ്പു ബുക്കുകളില്‍ അപരിചിതര്‍ രേഖപ്പെടുത്തിയിരിക്കുന്ന താളുകള്‍ പിന്നോട്ട് പിന്നോട്ട് മറിച്ചു കൊണ്ടിരുന്നു...കൊന്നവന്റെ പ്രൊഫൈലില്‍ കൊച്ചി എന്നും കൂടി കണ്ടതോടെ എന്റെ ഭയം ഇരട്ടിച്ചു.രസകരമായ ഒരു വസ്തുത കൂടി മരിച്ചവള്‍ക്കും കൊന്നവനും വേണ്ടി ഒരു ഓര്‍കൂട് കമ്മ്യൂണിറ്റിയും തുടങ്ങിവെച്ചതുകണ്ടു .ആരാധകര്‍ക്ക് ഇനി അവിടെ അര്‍മാദിക്കാം..
ഈയിടെ ഞാന്‍ ആ പഴയ ബ്ലോഗര്‍മാരെ ഓര്‍ത്തു...?എവിടെയാണ് അവര്‍ പോയ് മറഞ്ഞത്...?ഒരു വാക്കു പോലും പറയാതെ...ആസ്ത്രേലിയയില്‍ നിന്ന് ഓരോചിത്രങ്ങളും അതിനു പറ്റിയ ഒരു കുറുങ്കവിതയുമായി വന്നിരുന്ന തനിമ....,മാഗ്നിഫയര്‍(ഓര്‍മയില്‍ പരാജിതന്‍,അതുല്യേച്ചി,ബൂലോക ക്ലബ്ബ്...സംഭവം ഓര്‍മ).മുരളി വാളൂര്‍,ശിശു തുടങ്ങിയവരും ഇതേ പോലെ മാഞ്ഞു പോയെന്നാണ് ഞാന്‍ കരുതിയിരുന്നത്.അവര്‍ ഈയിടെ വന്ന് ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് എന്നോട് പറയുകയുണ്ടായി.നവന്‍ എന്ന ബ്ലോഗര്‍ ഇപ്പോള്‍ ഉണ്ടൊ എന്ന് എനിക്കറിയില്ല....കൂമന്‍സ് എന്ന ബ്ലോഗറെ എനിക്കിഷ്ടമായിരുന്നു.നല്ല പോസ്റ്റുകളായിരുന്നു അയാളുടേത്....ഞാന്‍ വന്ന് ഒന്നോ രണ്ടൊ മാസം കഴിഞ്ഞതോടെ കൂമന്‍സിനെ കാണാതായി.മുസാഫിര്‍ എന്ന ബ്ലോഗര്‍ അടുത്തിടെ ഒരു കമന്റിലൂടെ ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ കണ്ടു... പോസ്റ്റുകളിലൂടെയല്ലെങ്കിലും തണുപ്പനെ എപ്പോഴും ഓണ്‍ലൈനായി കാണാറുള്ളതുകൊണ്ട് അയാള്‍ ഇല്ല എന്ന് എനിക്ക് പറയാനാവില്ല.മാത്രമല്ല അടുത്ത ദിവസം ഒരു പോസ്റ്റും വന്നിരുന്നുവെന്ന് തോന്നുന്നു.വീണ എന്നൊരു ബ്ലോഗര്‍ ഉണ്ടായിരുന്നു.നിത്യ എന്ന മറ്റൊരു ബ്ലോഗറും...ഇതൊക്കെ മറ്റു ചിലരുടെ അവതാരങ്ങളാണെന്നും കേള്‍ക്കുന്നുണ്ട്.അവതാരോദ്ദേശ്യം കഴിഞ്ഞതിനാലാവാം അവര്‍ മടങ്ങിപ്പോയത്...അവര്‍ ഇനി തിരിച്ചു വരുമോ...?ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍, പഴയൊരു വിവാദത്തോടെ വിട്ടുപോയ ദ്രൌപതി വര്‍മ എന്ന ബ്ലോഗര്‍ പുതിയൊരു ബ്ലോഗുമായി വന്നതറിഞ്ഞു.പഴയ ദ്രൌപതിയാണോ ഇതെന്ന് ആര്‍ക്കറിയാം...?നിലാവ് എന്ന പേരില്‍ ഒരു ബ്ലോഗര്‍ ഉണ്ടായിരുന്നു...പിന്മൊഴി എന്നും പിന്നീട് ആമി എന്നും പേര് സ്വീകരിച്ച വേറൊരാള്‍ ....എവിടെയോ മറഞ്ഞിരിക്കുന്നു.
ഈ അടുത്ത നാളുകളിലൊന്നില്‍ ഞാന്‍ ആലോചിച്ചു.മരണം എപ്പോഴാണ് വരുന്നതെന്ന് നമുക്ക് പ്രവചിക്കാനാവില്ലല്ലോ.(തീര്‍ച്ചയായും ഒരു സഹതാപ തരംഗം ഉണ്ടാകുക എന്നത് എന്റെ ലക്ഷ്യമല്ല.)ഒരു ദിവസം ഞാനും മരിക്കും.എന്റെ പഴയൊരു ചങ്ങാതി രണ്ടാഴച്ച മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.മരിക്കാന്‍ കഴിഞ്ഞില്ല.പക്ഷേ നഷ്ടപ്പെട്ട ചില ബന്ധങ്ങള്‍ തിരിച്ചു കിട്ടിയത്രേ അവന്)ഇവിടെ വീട്ടില്‍ ആര്‍ക്കും എന്റെ മെയില്‍ തുറക്കാനോ ബ്ലോഗില്‍ കയറാനോ ഉള്ള സാങ്കേതിക ജ്ഞാനം ഇല്ല. പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞിട്ടും പാത്തുമ്മക്കുട്ടിക്ക് അതിലൊന്നും താത്പര്യമില്ല. എന്റെ മരണം എങ്ങനെ നിങ്ങളെ അറിയിക്കുമെന്ന കൌതുകത്തിലായിരുന്നു ഞാന്‍.എന്തിനറിയിക്കുന്നുവെന്നൊക്കെ ചോദിച്ച് എന്നെ വലയ്ക്കല്ലേ... അപ്രസിദ്ധനായതുകൊണ്ട് മാധ്യമങ്ങള്‍ എന്റെ മരണത്തെ കാണുകയില്ല.ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ പാത്തുമ്മക്കുട്ടി പറഞ്ഞു:‘ഞാന്‍ ഹരിക്കു(പാരാജിതന്‍) വിളിക്കും...’(ഹരിയുടെ ഫോണ്‍ നമ്പര്‍ ഇവിടെയുണ്ട്.) പക്ഷേ അപ്പോഴും ഒന്ന് ബാക്കിയുണ്ട്:മരിച്ചവന്റെ ബ്ലോഗിന്റെ പാസ് വേഡ് എങ്ങനെ കണ്ടു പിടിക്കും.അതിലെ ഒരു തെറ്റ് എങ്ങനെ തിരുത്തും...നിങ്ങളുടെ വൈകിവന്ന കമന്റ്റുകള്‍ക്ക് ആരു മറുപടി തരും?ഗൂഗിളമ്മച്ചിക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഇതിനൊക്കെ മറുപടിയുണ്ടാവും...എന്നെപ്പോലെയുള്ള പൊട്ടന്മാരേ ഇങ്ങനെയൊക്കെ ചിന്തിക്കൂ...
ജാമ്യാപേക്ഷ:
1.ഈ പോസ്റ്റിന്റെ അവസാനം എഴിതിയ കാര്യങ്ങള്‍ തീര്‍ത്തും യുക്തിരഹിതമായ കാര്യങ്ങളാണ്. ആയതിനാല്‍ അതിന്റെ മുകളില്‍ കമന്റ് തൊഴിലാളികള്‍ തൂങ്ങരുത്
2.ഈ പോസ്റ്റില്‍ (മറഞ്ഞുപോയി എന്ന് )പറഞ്ഞ ഏതെങ്കിലും ബ്ലോഗര്‍മാര്‍ ഇപ്പോഴും സജീവ ബ്ലോഗര്‍മാരായി തുടരുന്നുണ്ടെങ്കില്‍ ഇതെന്റെ വിവരക്കേടായി മാത്രം കരുതണം.
3.ഓര്‍കൂട് സംഭവത്തിന്റെ നിജസ്ഥിതി എനിക്ക് അറിയില്ല.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്
:ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ആത്മഹത്യാ ശ്രമം നടത്തിയാല്‍ ഞാന്‍ അതില്‍ ഉത്തരവാദി ആയിരിക്കില്ല
നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ചത്ത ബ്ലോഗുകളുകളുടെയും കാണാതെപോയ ബ്ലോഗര്‍മാരുടെയും ഒരു പട്ടികയുണ്ടാക്കൂ.ബൂലോകത്ത് ഒരു പോലീസ് സ്റ്റേഷന്‍ വേണം,കാണാതായവരെക്കുറിച്ച് പരാതിപ്പെടാന്‍...
പിന്നെ ഒരു ശ്മശാനവും.
Sunday, May 27, 2007
എവിടെപ്പോയ് മറഞ്ഞവര്‍
Posted by വിഷ്ണു പ്രസാദ് at Sunday, May 27, 2007 17 comments
Subscribe to:
Posts (Atom)