Sunday, October 21, 2007

മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും

കേരള ചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയവരാണ് മലബാറിലെ മുസ്ലീങ്ങള്‍.സാമ്പത്തികവും സാമൂഹികവുമായ ഒരു സന്തുലിതാവസ്ഥ കേരളീയ ജീവിതത്തിന് പ്രധാനം ചെയ്യുന്നതില്‍ മുസ്ലീങ്ങള്‍ വഹിക്കുന്ന പങ്ക് ഈ ആഗോളീകരണ കാലത്തും വളരെ ഉയര്‍ന്നതാണ്.ആഗോളീകരണ നയങ്ങളുടെ പ്രത്യാഘാതമായി കേരളത്തിലെ കൃഷിക്കാര്‍ സാമ്പത്തികമായി തകരുകയും ആത്മഹത്യകള്‍ പെരുകുകയുംചെയ്ത സമീപ കാല വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും.ആത്മഹത്യ ചെയ്തവരില്‍ മുസ്ലീങ്ങള്‍ ആരുമില്ല.പ്രതിസന്ധികളെ നേരിടാനുള്ള മുസ്ലീങ്ങളുടെ കഴിവ് ജനിതകപരമാവണം.മുസ്ലീം ചരിത്രം പരിശോധിച്ചാല്ലോകമെങ്ങും അവര്‍ പലവിധ പ്രതിസന്ധികളെയും നേരിട്ടിട്ടുണ്ടെന്ന് കാണാന്‍ കഴിയും.

എഴുത്തിനും കുത്തിനും തമ്പ്രാക്കന്മാര്
പുത്തീലും ശക്തീലും വെള്ളക്കാര്
മുന്നിലെറങ്ങാന് മാപ്ലാര്
മോത്തിക്ക് നോക്കാനേ എന്നെ പറ്റൂ...

എന്ന ചവിട്ടുകളി പാട്ടില്‍ മാപ്പിളമാരുടെ ധീരതയെക്കുറിച്ചുള്ള ഈ നിരീക്ഷണം കാണാന്‍ കഴിയും.മലബാറിലെ നാട്ടു രാജ്യങ്ങളില്‍ പടയാളികളായിരുന്നവര്‍ നായന്മാരും മാപ്പിളമാരും ആയിരുന്നുവെന്നത് ഇവിടെ ഓര്‍മിക്കാവുന്നതാണ്.തിരുവിതാംകൂറില്‍ നായന്മാര്‍ക്കുള്ള ഒരു സ്ഥാനപ്പേരാണ് പിള്ള. മഹാപിള്ള എന്ന അര്‍ത്ഥത്തിലാണത്രേ മാപ്പിള എന്ന വാക്ക് ഉപയോഗിക്കുന്നത്.മലയാളക്കരയില്‍ വന്നെത്തിയ കൃസ്ത്യാനികളെ നസ്രാണി മാപ്പിള എന്നും മുസ്ലീങ്ങളെ ജോനകമാപ്പിള എന്നുമാണ് വിളിച്ചിരുന്നത്.ജോനക എന്ന പദം യവനക (ഗ്രീക്ക് എന്ന അര്‍ഥം)എന്ന വാക്കിന്റെ തദ്ഭവമാ‍വണം.

പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ചിരുന്ന ചരിത്ര പണ്ഡിതന്‍ ഷെയ്ക്ക് സൈനുദ്ദീന്റെ അറബി ഭാഷയിലുള്ള തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ കേരളത്തില്‍ ആദ്യമെത്തിയ വിദേശികള്‍ ജൂതന്മാരാണെന്ന് പറയുന്നു.കൃസ്തുവിനു മുന്പ് തന്നെ അവര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് പല ചരിത്രകാരന്മാരും പറയുന്നുണ്ട്.അന്നത്തെ പ്രധാന തുറമുഖമായിരുന്നു മുസിരിസ്,മുചിരി,എന്നെല്ലാം വിളിച്ചിരുന്ന കൊടുങ്ങല്ലൂര്‍ .കൃസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും ശേഷം അറേബ്യയില്‍ നിന്ന് മുസ്ലീങ്ങളായഫുറാഖള്‍(യോഗീ സംഘം) ശ്രീ ലങ്കയിലെ പ്രസിദ്ധമായ ആദം മലയിലെ പാദം സന്ദര്‍ശിക്കുവാന്‍ പോവുമ്പോള്‍ യാത്രാമധ്യേ കൊടുങ്ങല്ലൂര്‍ ഇറങ്ങിയതായും ഇത് കേരളത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ഉണ്ടാവാന്‍ ഇടയാക്കിയെന്നും സൈനുദ്ദീന്‍ തന്റെ കൃതിയില്‍ പറയുന്നു.

അക്കാലത്ത് കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ അബ്ദുള്‍ റഹ്‌മാന്‍ സമിരി എന്ന പേര് സ്വീകരിക്കുകയും ഇസ്ലാം മത വിശ്വാസിയായി മാറുകയും അറേബ്യയിലേക്ക് യോഗീ സംഘത്തോടൊപ്പം രഹസ്യമായി പോയതായും കേരള ചരിത്രത്തെ സംബന്ധിച്ച പല രേഖകളും സാക്ഷ്യപ്പെടുത്തുന്നു.ഈ മലയാളരാജാവിന്റെ ഖബര്‍ അറേബ്യന്‍ തീരത്ത് ഷഹറില്‍ നിന്ന് അധികം അകലെയല്ലാത്ത സഫര്‍ എന്ന സ്ഥലത്ത് ഇക്കാലത്തുമുണ്ടെന്ന് വില്യം ലോഗന്‍ പ്രസിദ്ധമായ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് പോവുന്നതിനു മുന്‍പ് തന്റെ രാജ്യം ബന്ധുമിത്രാദികള്‍ക്ക് പകുത്തുകൊടുത്തു.ഉദയ വര്‍മ്മന്‍ കോലത്തിരിക്ക് വടക്കുഭാഗവും തെക്കുഭാഗം വേണാട്ടടികള്‍ക്കും പെരുമ്പടപ്പു സ്വരൂപം സൂര്യക്ഷത്രിയര്‍ക്കും കുവള രാജ്യം വള്ളുവനും നല്‍കി.ഇതു കൂടാതെ വള്ളുവക്കോനാതിരി അടക്കമുള്ള പലര്‍ക്കും പല ദേശങ്ങള്‍ നല്‍കി.ഏറ്റവും ഒടുവില്‍ വന്ന സാമൂതിരിക്ക് പെരുമാള്‍ തന്റെ ഉടവാളും കോഴി കൂവിയാല്‍ കേള്‍ക്കുന്നത്ര ചെറിയൊരു ദേശവും(കോഴിക്കോട്) നല്‍കി.സാമൂതിരിക്ക് വാള്‍ മാത്രമാണ് നല്‍കിയതെന്ന് ചില കൃതികളില്‍ കാണുന്നു.പെരുമാള്‍ തന്നെ വാള്‍ നല്‍കി ‘നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക’ എന്നൊരു ഉപദേശവും സാമൂതിരിക്ക് നല്‍കുന്നുണ്ട്.

സാമൂതിരി തന്റെ ഉടവാളിന് പ്രാധാന്യവും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അധികാരത്തില്‍ ഏറുന്നതിനു മുന്‍പ് ചെയ്യുന്ന പ്രതിജ്ഞയും (മക്കത്തു നിന്നും തങ്ങളുടെ കുലകൂടസ്ഥന്‍ മടങ്ങി വരുന്നതു വരെ മാത്രം രാജ്യഭാരം എന്ന പ്രതിജ്ഞ) അറയ്ക്കല്‍ രാജ വംശത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായവും (കണ്ണൂര്‍ ഭാഗത്തെ മുസ്ലീങ്ങളില്‍ മരുമക്കത്തായ വ്യവസ്ഥ ഉണ്ടായിരുന്നു-വില്യം ലോഗന്‍ )അറയ്ക്കല്‍ കൊട്ടാരത്തില്‍ എല്ലായ്പ്പോഴും കത്തിച്ചുവെച്ചിട്ടുള്ള ഭദ്രദീപവും ചേരമാന്‍ പെരുമാളിന്റെ കഥയില്‍ സത്യമുണ്ടാവാമെന്ന് ചരിത്രകാരന്മാരെ സംശയിപ്പിക്കുന്നു.

അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് പെരുമാളില്‍ നിന്ന് ഒരു കത്തുമായി കേരളത്തില്‍ വന്ന അറബികള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.ഇവരാണ് ഇസ്ലാം മത പ്രചരണാര്‍ഥം ധാരാളം പള്ളികള്‍ സ്ഥാപിച്ചതും ആദ്യമായി പലരേയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും.പെരുമാള്‍ പറഞ്ഞയച്ച ആളുകള്‍ എന്ന നിലയിലാണ് കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ അവരെ സ്വീകരിച്ചത്. ചേരമാന്‍ പെരുമാള്‍ തിരിച്ചു വരുമെന്നും തിരിച്ചു വരുന്നതു വരെയാണ് തങ്ങള്‍ക്ക് അധികാരമെന്നും നാട്ടുരാജാക്കന്മാര്‍ വിശ്വസിച്ചിരുന്നു.

മലബാറിലെ രാജാക്കന്മാരില്‍ എന്തുകൊണ്ടും പ്രഗത്ഭനും പ്രശസ്തനും ആയിരുന്നു സാമൂതിരി എന്ന് ഷെയ്ഖ് സൈനുദ്ദീന്‍ പറയുന്നു.സാമൂതിരിയുടെ രാജ്യത്ത് ധാരാളം മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു.ഹിന്ദുക്കളായ മുക്കുവരില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരി അനുശാസിച്ചിരുന്നു.നാവിക മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.സാമൂതിരിയുടെ നാവിക സൈന്യത്തില്‍ ഉണ്ടായിരുന്ന കുഞ്ഞാലി മരയ്ക്കാരെ കടല്‍ക്കൊള്ളക്കാരന്‍ എന്നാണ് ലോഗന്‍ തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത്. മലബാറിലെ മുഹമ്മദീയര്‍ പൊതുവെ കച്ചവടക്കാരോ കടല്‍ക്കൊള്ളക്കാരോ ആയിരിക്കുമെന്ന് ഡച്ച് നാവിക സേനാനിയായ ന്യൂ കാഫ് തന്റെ കൃതിയില്‍ പറയുന്നു.നായന്മാരും മുസ്ലീങ്ങളും പടയ്ക്കു പോവുന്നതു കൂടാതെ കവര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ലോഗന്‍ തന്റെ കൃതിയില്‍ പലഭാഗങ്ങളിലും പറയുന്നുണ്ട്.മാപ്പിളമാര്‍ പെറ്റു പെരുകുന്നതല്ല,മറിച്ച് കീഴാളര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതാണ് മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവിന് കാരണമെന്നും ലോഗന്‍ നിരീക്ഷിക്കുന്നു.

ഇസ്ലാം മതത്തിലേക്ക് മാറുന്ന കീഴാളരെ ഹിന്ദുക്കള്‍ ആദരവോടെയാണ് കണ്ടിരുന്നത്. കീഴാളന്‍ മതം മാറുമ്പോള്‍ അയിത്തം കുറയുന്നതിന് ഇതാണ് കാരണം..കീഴ് ജാതിക്കാരനുമായുള്ള ബന്ധത്താല്‍ കോലത്തിരിരാജകുമാരിക്ക് പ്രഭുത്വം നഷ്ടപ്പെട്ടപ്പോള്‍ അവളുടെ പതിത്വം പരിഹരിക്കുന്നതിന് രാജാവ് അവളെ സമ്പന്നനായ ഒരു മുസ്ലീം അറബിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും അയാള്‍ക്ക് ആലി രാജാവെന്ന ബഹുമതി നല്‍കുകയും ആഴിരാജ്യത്തെ അധിപനായി വാഴിച്ചതായും അറയ്ക്കല്‍ രാജവംശത്തെ സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്..

മലബാറിലെ മുസ്ലീങ്ങള്‍ തെക്കന്‍ യമന്റെ തീരത്തു നിന്ന് വന്നതായിരിക്കണമെന്ന് അഹ്‌ലുബൈത്ത് എന്ന കൃതി പറയുന്നു.മലബാര്‍ മുസ്ലീങ്ങളുടെ അരപ്പട്ട കയ്യുള്ള ബനിയന്‍ കള്ളിത്തുണി,തലപ്പാവ് തുടങ്ങിയവ ഇതാണത്രേ സൂചിപ്പിക്കുന്നത്.

അധികാരത്തിന്റെ സ്വാധീനമാവണം മാപ്പിളമാരോടുള്ള ഹിന്ദുക്കളുടെ സവിശേഷമാ‍യ മര്യാദകള്‍ക്ക് കാരണമെന്ന് കരുതുന്നു.ചേരമാന്‍ പെരുമാളിന്റെ പ്രതിനിധികളായാണ് എല്ലാ കേരളീയ രാജാക്കന്മാരും അറിയപ്പെടുന്നത്.പെരുമാള്‍ക്ക് നല്‍കുന്ന ബഹുമാനം മാപ്പിളമാര്‍ക്ക് ലഭിച്ചിരിക്കാം.സാമൂതിരിയുമായുള്ള മുസ്ലീങ്ങളുടെ അടുത്ത ബന്ധവും അവരുടെ സാമൂഹികമായ അന്തസ്സുയര്‍ത്തി. അധികാരം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം കേരളത്തില്‍ ശക്തമായി പ്രതിഫലിപ്പിച്ചതും മുസ്ലീങ്ങളായിരുന്നു(ഖിലാഫത്ത്).പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ വരെ കൊലക്കുറ്റം ചെയ്യുന്ന മുസ്ലീമിനെ പോലും മുസ്ലീം നേതാക്കളുടെ സമ്മത പ്രകാരമേ തൂക്കിക്കൊന്നിരുന്നുള്ളൂ.ശവശരീരമാവട്ടെ സംസ്കരിക്കുന്നതിനായി മുസ്ലീങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അമുസ്ലീങ്ങളെ തൂക്കിക്കൊന്നാല്‍ ശവം നായക്കോ കുറുക്കനോ തിന്നാനിട്ടു കൊടുക്കുകയായിരുന്നു പതിവെന്ന് തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥം സാക്ഷ്യപെടുത്തുന്നു.

കടപ്പാട്:
1.മലബാര്‍ മന്വല്‍-വില്യം ലോഗന്‍
2.കേരളം പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍-വേലായുധന്‍ പണിക്കശ്ശേരി
3.അറയ്ക്കല്‍ രാജവംശം-ഡോ.കെ.കെ.എന്‍ കുറുപ്പ്
4.ന്യൂ ഹാഫ് കണ്ട കേരളം-കെ ശിവശങ്കരന്‍ നായര്‍
5.അഹ്‌ലുബൈത്ത്-സയ്യിദ് അബ്ദുള്ള മുനഫര്‍
6.വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍-എം.ശിവശങ്കരന്‍