Thursday, December 28, 2006

യുറീക്കാ....യുറീക്കാ...

പതിവു പോലെ ഇത്തവണയും കുട്ടികളുണ്ടാക്കിയ യുറീക്ക പുറത്തിറങ്ങി.മുന്‍ വര്‍ഷത്തേക്കാള്‍ അതിമനോഹരം എന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന ഒന്നാണ് ഈ ലക്കം.കുട്ടികള്‍ എഴുതി കുട്ടികള്‍ എഡിറ്റു ചെയ്ത് പുറത്തിറക്കുന്ന ആറാമത്തെ യുറീക്കായാണിതെന്ന് മുഖക്കുറിപ്പില്‍ പറയുന്നു.കേരളത്തിലെ മുഖ്യധാരാബാലമാസികകള്‍ക്ക് ആവാത്തത് ചെയ്തു കാണിക്കുകയാണ് യുറീക്ക. ഇതിന്റെ ചുവട്പിടിച്ച് തത്തമ്മയും ഒരു ലക്കം കുട്ടികളെക്കൊണ്ട് എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നു.
എന്താണ് ഇത്തരമൊരു ശ്രമത്തിന്റെ ആവശ്യമെന്ന് ചിലരെങ്കിലും ചിന്തിച്ചുകൂടായ്കയില്ല.ഇത്തരമൊരു രീതി
ലോകത്താദ്യമായി യുറീക്ക അവതരിപ്പിച്ചതാവാനും തരമില്ല.കുട്ടികള്‍ തന്നെ എഴുതി കുട്ടികള്‍ തന്നെ എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ലോകത്ത് വേറെയുമുണ്ടെന്നാണ് തോന്നുന്നത്.അറിയുന്നവര്‍ അതിവിടെ എഴുതുമല്ലോ.


മലയാളത്തില്‍ നല്ല ബാലസാഹിത്യകൃതികളുടെ അഭാവം കാര്യമായുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.പ്രശസ്തരായ എഴുത്തുകാരൊന്നും ബാലസാഹിത്യം കൈകാര്യം ചെയ്യുന്നില്ലെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.എം.ടി ഒരു മാണിക്യക്കല്ല് എഴുതിയിട്ടുണ്ട്.ടാഗോറോ ടോള്‍സ്റ്റോയിയോ ഇക്കാര്യത്തില്‍ നമുക്കില്ല.നമുക്കാകെയുള്ളത് ഒരു സിപ്പിപള്ളിപ്പുറമാണ്.സിപ്പിക്ക് തനതായ ഒരു ശൈലിയുണ്ട്.ഡി.പ്പി.ഇ.പി വന്നതുകൊണ്ട് ഒരുഗുണമുണ്ടായി.കുറെ അന്യഭാഷാ രചനകള്‍ മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്ത് വന്നു.ഇതിലേറെയും ബാലസാഹിത്യ വിഭാഗത്തിലായിരുന്നു.മാത്രമല്ല ബാലസാഹിത്യത്തിന് ഒരു മാര്‍ക്കറ്റും ഉണ്ടായി.ഡി.പി.ഇ.പി കൊണ്ട് ഇങ്ങനെ ചില പരോക്ഷ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്.ഉപഭോക്തൃസംസ്കാരത്തിലേക്ക് ആക്കം കൂട്ടുന്നാതാണെന്നതായിരുന്നല്ലോ അത് നേരിട്ട അനേകം ആരോപണങ്ങളില്‍ ഒന്നെന്ന് കാര്യവും വിസ്മരിക്കുന്നില്ല.അതിനെ തുടര്‍ന്നു വന്ന എസ്.എസ്.എ യും ഡി.പി.ഇ.പി യുടെ നല്ല വശങ്ങള്‍ പിന്തുടരുന്നുണ്ട്.സ്കൂള്‍ ഗ്രന്ഥശാലകള്‍ക്ക് ഫണ്ടനുവദിക്കുന്നതില്‍ വന്ന നല്ല മാറ്റമാണ് കേരളത്തിലെ ബാലസാഹിത്യകൃതികളുടെ എണ്ണം പെട്ടെന്ന് കൂട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ, തര്‍ജ്ജുമകളും സ്വതന്ത്രപരിഭാഷകളുമല്ലാതെ മലയാളത്തിന്റെ മണമൂള്ള ബാലസാഹിത്യകൃതികള്‍ ഇപ്പോഴും തുച്ഛമാണ്.വിശ്വ സാഹിത്യ കൃതികള്‍ ചെറുപ്പത്തിലേ പരിചയപ്പെടാമെന്ന ഒരു നല്ല വശം ഇതിനുണ്ട്.എങ്കിലും മലയാളത്തിന്റെ സ്വന്തമെന്ന് പറയാനാണെങ്കില്‍ ഞാനും നിങ്ങളും ചെറുപ്പത്തില്‍ വായിച്ചതില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കുട്ടികള്‍ക്ക് പുതിയതായി ഒന്നും വായിക്കാനില്ല എന്നത് ഒരു ദുഃഖസത്യമാണ്.


ഇതര സാഹിത്യ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം ബാലസാഹിത്യത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിയവരാണ് ഇന്നത്തെ ബാലസാഹിത്യകൃതികളിലധികവും പടച്ചുവിടുന്നത്.ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യുറീക്കയുടെ ഈ ശ്രമത്തിന്റെ പ്രസക്തി.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിയാനും പോഷിപ്പിക്കാനും മറ്റ് ലാഭങ്ങളൊന്നുമില്ലതെ ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?
എങ്കിലും യുറീക്കയ്ക്ക് ചില ദോഷങ്ങളുള്ളത് അതിന്റെ ഇപ്പോഴത്തെ എഡിറ്ററായ ശ്രീ രാമകൃഷ്ണന്‍ കുമരനെല്ലൂരിനോട് ഞാന്‍ പറഞ്ഞിരുന്നു.യുറീക്കയില്‍ എഴുതുന്നവരധികവും വള്ളുവനാട്ടുകാരാണ്.എഴുതുന്നതാവട്ടെ നാട്ടു ഭാഷയിലും .മലയാളസിനിന്മയും എം.ടിയും ഈ നാട്ടുഭാഷയ്ക്ക് വേണ്ടത്ര പ്രചാരം കൊടുത്തിട്ടുള്ളതിനാല്‍ ഇതൊരു പ്രശ്നമായി ആര്‍ക്കും തോന്നിക്കാണില്ല.
ഇതൊരു തരം പക്ഷ്പാതിത്ത്മായാണ് എനിക്ക് തോന്നിയത്. എന്റെ കുഴപ്പമാവാം.ഇതിന് രാമകൃഷ്ണന്‍ പറഞ്ഞ മറുപടി രസകരമാണ്.തിരുവനന്തപുരത്തുള്ള ആളും എന്തെങ്കിലും എഴുതി അയയ്ക്കുന്നത് വള്ളുവനാടന്‍ ഭാഷയിലാണത്രേ...പിന്നെന്തു ചെയ്യും.

മറ്റൊന്ന്,നിലവാരത്തില്‍ വന്ന അപചയമാണ്. കുട്ടികളോട് സൌഹൃദപരമാക്കാനാണെന്നാവും അതിന് ന്യായമെന്ന് കരുതുന്നു.പണ്ട് യുറീക്കയില്‍ എഴുതിയിരുന്നത് ശാസ്ത്രജ്ഞരോ അതിനോടടുത്തു നില്ക്കുന്ന ഗവേഷകരോ പണ്ഡിതരോ ആയിരുന്നു. ഇപ്പോള്‍ എഴുതുന്നവര്‍ വെറും ബാലസാഹിത്യകാരന്മാര്‍ മാത്രമാണ്.

എന്തെല്ലാം പറഞ്ഞാലും ഡിസംബര്‍ രണ്ടാം ലക്കത്തെ എത്ര അഭിനന്ദിച്ചലും മതിയാവില്ല.ഇത്തവണത്തെ കുട്ടികളുണ്ടാക്കിയ യൂറീക്കയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.ഇപ്രാവശ്യത്തേത് കുട്ടികളുടേയും വലിയവരുടേയും ഒരു കൂട്ടായ്മയാണ്. അതായത് കുട്ടികള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്താണെകിലും ഈ ലക്കത്തില്‍ അവരുടെ രചനകള്‍ക്ക് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് കേരളത്തിലേ പ്രശസ്ത ചിത്രകാരന്മാരും കവികളുമാണ്.ഈ ലക്കം എനിക്ക് ഒരു നൊസ്റ്റാള്‍ജിക് പതിപ്പായി തോന്നിച്ചു. കൃത്യമായിപ്പറഞ്ഞാല്‍ ഞാനൊരു പഴയ മാസികയെ ഓര്‍മിച്ചു.കുട്ടികളെ ഭാവനയുടെ സ്വപ്ന സമാനമായ വഴികളിലൂടെ നടത്തിയ, എന്റെ കുട്ടിക്കാലത്തെ കഥകളുടെയും ചിത്രങ്ങളുടെയും വിസ്മയങ്ങളുടെ നിഗൂഢമായ ദ്വീപുകളിലേക്ക് കൊണ്ടുപോയ ...‘അമ്പിളിഅമ്മാവന്‍' എന്ന മാസിക.നിങ്ങളില്‍ ചിലരെങ്കിലും ആ മാസികയെ ഓര്‍ക്കുന്നുണ്ടാവും.

യുറീക്കയിലേക്ക് തിരിച്ചുവരാം.ആരൊക്കെയാ‍ണ് ഈ ലക്കം യുറീക്കയില്‍ ചിത്രങ്ങള്‍ വരച്ചെതെന്നറിയേണ്ടേ?
നമ്പൂതിരി,ജെ.ആര്‍ പ്രസാദ്,അമ്പിളി,മദനന്‍ ,ശേഖര്‍ അയ്യന്തോള്‍ ,പുണിഞ്ചിത്തായ,ഗണപതി,കെ .യു കൃഷ്ണകുമാര്‍ ,കൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രസിദ്ധര്‍ ഈ ലക്കത്തില്‍ കുട്ടികളുടെ രചനകളെ ചിത്രങ്ങള്‍ കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു.പി. പി രാമചന്ദ്രന്‍ ,റഫീക് അഹമ്മദ്,ശാന്തന്‍ തിടങ്ങിയ കവികളും ചിത്രം വരച്ചിട്ടുണ്ട്.ഇതില്‍ ചില ചിത്രങ്ങള്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.അരുണ്‍ ഒടുമ്പ്ര,സന്ദീപ് കെ ലൂയീസ്,ശേഖര്‍ അയ്യന്തോള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ എടുത്തു പറയുകയാണ്.കഥാകൃത്താ‍യ ഹാഫിസ് മുഹമ്മദ് ഒരുചിത്രം വരച്ചിട്ടുണ്ട്.ഇനിയും പല പ്രമുഖരുമുണ്ട്.വാസു പ്രദീപിന്റെ ഒരു ചിത്രം കണ്ടു.

കുട്ടികളുടെ രചനകളും ഒന്നാന്തരമായിട്ടുണ്ട്.ഹരിത ആര്‍ എഴുതിയ ഒരു തിരക്കഥയുണ്ട്.ഹരിത പൊന്നാനി എ.വി സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ്.(കവിയും എ.വി സ്കൂല്‍ അധ്യാപകനുമായ പി.പി രാമചന്ദ്രന്റെ മകളാവുമെന്ന് ഞാന്‍ കരുതുന്നു. സംശയനിവാരണം വരുത്തിയിട്ടില്ല.)ഒളിച്ചുകളി എന്ന ഈ തിരക്കഥ അസാധാരണമായ നിലവാരം പുലര്‍ത്തുന്നതാണ്:

അമ്മുവും ഉണ്ണിയും ഒളിച്ചു കളിക്കുകയാണ്.ഉണ്ണി എണ്ണുകയാണ്. എണ്ണുന്നതിനിടയില്‍ ഉണ്ണി ഒരു എട്ടുകാലിയെ കാണുന്നു.അവന്റെ ശ്രദ്ധ തെറ്റുന്നു..അവന്‍ എണ്ണിത്തീരുന്നു.ഉണ്ണി ചിലന്തിവല നോക്കി നില്‍ക്കുകയാണ്.അമ്മു അവന്‍ കണ്ടൊട്ടെ എന്ന് വിചാരിച്ച് ഒളിയിടത്തില്‍ നിന്ന് തന്റെ പാവാട ഉണ്ണിക്ക് കാണാനാവും വിധം വിടര്‍ത്തിയിടുന്നുണ്ട്. പക്ഷേ ഉണ്ണി തുമ്പിയുടേയും ഉറുമ്പിന്റേയും പിന്നാലെ പോവുന്നു. അവന്‍ കളിയെക്കുറിച്ച് മറന്നു പോയിരിക്കുന്നു.
പെട്ടെന്ന് മഴ വന്നു .ഉണ്‍നി മഴ നോക്കിയിരിക്കുന്നു. അവന്‍ ഒരു തോണിയുണ്ടാക്കുന്നു.തോണിയില്‍ ഒരു ഉറുമ്പിനെ പിടിച്ചിട്ട് വീട്ടുമുറ്റത്തെ വെള്ളത്തില്‍ തോണിയിറക്കുന്നു. തോണികാണാന്‍ ചേച്ചിയെ വിളിക്കുന്നു.അപ്പോഴാണ് അവന് ചേച്ചിയെ(അമ്മുവിനെ) ഓര്‍മ്മ വരുന്നത്.അവന്‍ ചേച്ചീ എന്ന് വിളിച്ച് ഓടി നടന്ന് തിരയുന്നു.അമ്മുവിനെ കാണുന്നില്ല.തോണി ഒഴുകിപ്പോവുന്നത് അവന്‍ കാണുന്നു.തോണി ഒരു തോട്ടിലേക്ക് കടക്കുന്നു.ഉണ്ണി ഓടി തോടിന്റെ വക്കത്തു വന്ന് നില്‍ക്കുന്നു.അവന്റെ മുഖത്ത് പരിഭ്രമവും അത്ഭുതവും.അവനുണ്ടാക്കിയ കടലാസു തോണിയില്‍ അമ്മു തുഴഞ്ഞ് പോവുന്നത് അവന്‍ കാണുന്നു.അമ്മു പുഞ്ചിരിച്ചുകൊണ്ട് കൈവീശികാണിക്കുന്നു.അവള്‍ തോണി തുഴഞ്ഞ് അകലേക്ക് പോവുന്നു.....

ഹാ..എത്ര മനോഹരമായ ത്രെഡ്. എങ്ങനെയാണ് ഈ കുട്ടിയെ അഭിനന്ദിക്കാതിരിക്കുക.വായനക്കാരേ,യുറീക്ക വായിച്ച് ഈ കുട്ടിക്ക് ഒരഭിനന്ദനക്കുറിപ്പെഴുതണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.അല്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിച്ചിടുകയുമാവാം.ഹരിതയ്ക്ക് ഇത് കാണാനുള്ള സൌകര്യങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.
.

15 comments:

വിഷ്ണു പ്രസാദ് said...

ലേഖനമെഴുത്ത് എനിക്ക് പറ്റിയ പണിയല്ല.എങ്കിലും ഇത്തവണത്തെ യുറീക്ക വായിച്ച് എന്തെങ്കിലും എഴുതാതിരിക്കൂന്നത് ശരിയല്ലെന്ന് എന്റെ മനസ്സു പറഞ്ഞു. അതനുസരിച്ച് ഇത്രയുമെഴുതി. അടുക്കും ചിട്ടയുമൊന്നും പാലിച്ചിട്ടില്ല. അക്ഷരതെറ്റുകള്‍ തിരുത്താന്‍ മിനക്കെടുന്നുമില്ല. ഇന്ന് വൈകുന്നേരംവരെ മാറ്റ്രമേ എയ്രടെല്‍ കണക്ഷന്‍ ഉണ്ടാവുകയുള്ളൂ. അത് നഷ്ടപ്പെടുന്നതിന് മുന്‍പ് പോസ്റ്റുകയാണ്. എല്ലാം സദയം ക്ഷമിക്കുക.

കുറുമാന്‍ said...

വിഷ്ണു പ്രസാദ് മാഷെ, നല്ല ലേഖനം. വായിച്ചു ഇഷ്ടപെട്ടു. ഹരിതയുടെ തിരക്കഥയുടെ തീം വളരെ മനോഹരം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഹരിതക്ക്. യൂറീക്ക എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍ മുഴുവനും വായിക്കാമായിരുന്നു.

സിപ്പി പള്ളിപ്പുറത്തിനെ കൂടാതെ,
ശ്രീ കെ. വി . രാമനാഥന്‍ മാസ്റ്ററും ബാല സാഹിത്യം എഴുതുന്നില്ലേ വിഷ്ണു മാഷേ? അതോ മാഷ് ഈയിടേയായി എഴുത്തു നിര്‍ത്തിയോ?

വിഷ്ണു പ്രസാദ് said...

കെ.വി രാമനാഥന്‍ എഴുത്ത് നിര്‍ത്തിക്കാണില്ല.അദ്ദേഹം എടുത്തുപറയേണ്ട ഒരാള്‍ തന്നെയാണ്.എന്നാല്‍ സിപ്പിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.

ഗുപ്തന്‍സ് said...

മാഷേ, ആരു പറഞ്ഞു താങ്കള്‍ക്ക്‌ ലേഖനമെഴുത്ത്‌ വഴങ്ങില്ലെന്ന് !!

യുറീക്കയെപ്പറ്റി വായിച്ചപ്പോള്‍ പഴയ കാലം ഓര്‍ത്തുപോയി..പണ്ടും യുറീക്ക പുതുമയുടെ കാര്യത്തില്‍ പിന്നിലായിരുന്നില്ലല്ലോ?..

മുമ്പ്‌ കോട്ടയം ഭാഷയായിരുന്നു അച്ചടി ഭാഷയായി വന്നിരുന്നത്‌...അത്‌ ഇപ്പോള്‍ വള്ളുവനാടന്‍ ഭാഷയാണെന്നു മാത്രം.. ഓരോ കാലത്തും ഓരോ ഭാഷ ...അല്ല..വള്ളുവനാടന്‍ ഭാഷയ്ക്കൊരു ശാലീനതയില്ലേ മാഷേ?

വിഷ്ണു പ്രസാദ് said...

വള്ളുവനാടന്‍ ഭാഷയ്ക്ക് ശാലീനതയുണ്ട്.കണ്ണൂര്‍ക്കാരുടെ ഭാഷയിലും മലപ്പുറം ഭാഷയിലും തൃശ്ശൂര്‍ ഭാഷയിലും എന്തിന് തനി പാലക്കാടന്‍ ഭാഷയിലും ഇട്യ്ക്കൊക്കെ ഒന്ന് ആവാമല്ലൊ.മാസിക സംബോധന ചെയ്യുന്നത് വള്ളുവനാട്ടിലെ കുട്ടികളെ മാത്രമല്ലല്ലോ.

OT:പിന്നെ ഗുപ്താ ശാലീനത ഭാഷയ്ക്ക് മാത്രല്ലാ ട്ടോ...:)

Sivadas said...

യൂറീക്ക ഇപ്പോള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷെ ഡിസംബര്‍ ലക്കം കണ്ടില്ല. www.kssp.org - ശിവദാസ്

Unknown said...

വിഷ്ണു ഏട്ടാ,
ലേഖനമെഴുത്ത് താങ്കള്‍ക്ക് പറ്റിയ പണിയല്ലെന്ന് ആരാ പറഞ്ഞത്? നന്നായിരിക്കുന്നു. നെറ്റില്‍ യുറീക്കയുടെ ഈ പറഞ്ഞ ലക്കം കാണാനില്ല. കിട്ടിയാല്‍ ലിങ്ക് തരുമല്ലോ. :-)

രാജ് said...

വിഷ്ണു ലേഖനം നന്നായി. ഹരിതയുടെ തിരക്കഥ സ്കാന്‍ ചെയ്തിട്ടാല്‍ ഉപകാരം. നവംബര്‍ ലക്കം യൂറീക്കയുടെ ഒന്നാം പേജും നാലാം പേജും ചേര്‍ത്തുവായിച്ചാല്‍ മാസികയില്‍ വന്ന രസകരമായ ഒരു അബദ്ധം കണ്ടുപിടിക്കാം. എന്തായാലും അതു് ഒഴിവാക്കേണ്ട ഒന്നായിരുന്നു.

Thiramozhi said...

വിഷ്ണു,
താങ്കളുടെ ഈ ലേഖനം ഞാന്‍ രാമകൃഷ്ണന്‍ കുമരനെല്ലൂരിന്റെ ശ്രദ്ധയില്‍പ്പെടുത്താം. ഹരിതയുടെ തിരക്കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. എന്റെ മകള്‍ തന്നെ.

Thiramozhi said...

ഹരിതയുടെ തിരക്കഥ വായിക്കാന്‍ ഇവിടെ പോവുക:
www.lalitham.blogspot.com

കാളിയമ്പി said...

കുറെ കാര്യങ്ങളെഴുതണമെന്ന് വിചാരിച്ചതാണ്‍.ആലോചിച്ച് വന്നപ്പോ സ ബോള ബൊളിച്ചത് പോലെയായി( :)ബക്കാരിയണ്ണാ )

അതായത് പണ്ട് ഞാന്‍ കബ് എന്നൊരു മാസിക വാങ്ങുമായിരുന്നു.കൊല്ലം റെയില്വേസ്റ്റേഷനിലെ പോറ്റീടേ ഹിഗിന്‍ബൊത പുസ്തകമാസ്കശാലയില്‍ നിന്ന് മാത്രം കിട്ടുന്ന അമുല്‍ അമൂല്യ സമ്പത്തുകളിലൊന്നായിരുന്നത്.(വേറൊന്ന് മെയിന്‍സ്ട്രീം)..
വേറൊരൊറ്റ കടയിലും ഇതുരണ്ടും കിട്ടുമാരുന്നില്ല?..കണ്ടിട്ടില്ല:)

അതായത് ഈ കബ് കുട്ടികള്‍ മാത്രമിറക്കുന്ന മാസികയാണെന്നായിരുന്നെന്റെ ഓര്‍മ്മ അതൊന്ന് സിമന്റിട്ടുറപ്പിച്ചിട്ട് കമന്റാം എന്ന് വിശാരിച്ച് രണ്ട് ദിവസമായി ഗൂഗിളുന്നു..വേറേല്ലാം പറഞ്ഞിട്ടുണ്ട് അവരുടേതു അല്ലാത്തേതുമൊക്കെയായ വെബ്സൈറ്റുകളില്‍..എഡിറ്റിംഗ് കുട്ടികളാണേന്ന് മാത്രം പറഞ്ഞിട്ടില്ല..(കണ്ടില്ല?)
ഉറപ്പാക്കാതെ എങ്ങനെ എഴുതും..?

മറ്റൊന്ന് ബാലസാഹിത്യത്തില്‍ വന്ന കുറവിനെപ്പറ്റിയാണ്.സത്യം പറഞ്ഞാല്‍ ബാലസാഹിത്യം നല്ലത് ഇപ്പോഴുമുണ്ടാകുന്നുണ്ട് എന്നാണെന്റെ പക്ഷം.

പിന്നെ ബാല എന്നു പറഞ്ഞൊരു സാഹിത്യചേരിതിരിവെനിയ്ക്ക് ദേഷ്യമാണ്..ഞങ്ങള് ബാലന്മാരൊക്കെ എന്താ മണ്ടന്മാരാണേന്നാ വിശാരം..

ഒരു ടിപ്പിയ്ക്കല്‍ ബാലസാഹിത്യം

ഒരു മാഷ് വരുന്നു..

കൂട്ടുകാരേ
എന്തോ..

മാഷ്:കേള്‍ക്കുന്നില്ല ഉറച്ച്

കുട്ടികള്‍: ;;;;ഏന്തോ;;;;(എഫക്റ്റിനാണേ)
നിങ്ങള്‍ക്ക് പാറ്റയെപ്പറ്റി എന്തറിയാം..?
പാറ്റ പഞ്ചാര തിന്നും

ഹ ഹ അഹമ്മദേ പാറ്റ പഞ്ചാര തിന്നുമോ..അതുകൊള്ളാം പിന്നെയെന്തറിയാം

പാറ്റ തുണികടിച്ചു പറിയ്ക്കും എനിയ്ക്ക് പാറ്റയെ ഇസ്റ്റമല്ല

മിനിക്കുട്ടിയ്ക്ക് പാറ്റയെ പേടിയാണോ..പേടിയ്ക്കണ്ടാ കേട്ടോ..

ദാ ഇത് നോക്ക്

ഹമ്മേ ‍പാറ്റ

ഇമ്മട്ടിലല്ലേ എഴുത്ത്..:)

ശിവദാസ് മാഷും ശാന്തകുമാറ് സാറും ഭാസ്കരപ്പണിയ്ക്കര്‍സാറുമൊക്കെ എന്തെഴുതിയോ അതിനെ അനുകരിയ്ക്കുന്നു..പിന്നെ പരിഷത്തില്‍ നിന്നുതന്നെ ചില നല്ല പുസ്തകങ്ങള്‍ വന്നിരുന്നു ഈയടുത്ത്.,.ചിത്രശലഭങ്ങളെപ്പറ്റിയൊന്ന്,(സുരേഷ് ഇളമണ്‍?) ഉരഗങ്ങളെപ്പറ്റി....നല്ല കളര്‍ പടങ്ങളൊക്കെയാ‍യി..പക്ഷേ എല്ലാത്തിലും അവതരണം ഇതുതന്നെ..ഗോപാലകൃഷ്ണകാരണവരുടെയൊക്കെ ഒരു സ്റ്റയില്‍..ചേട്ടന്‍ ഉസ്ക്കൂളില്‍ നിന്നു വരുന്നു..പിള്ളേറ് അവധിക്കാലം ആനന്ദകരമാക്കാന്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നു എന്നിങ്ങനെ..ആ അവതരണരീതി മോശമായിട്ടല്ല..ബോറടിച്ചു അത്ര തന്നെ..

അണ്ണന്‍ എഴുതും..എന്താ എഴുത്ത്..കളികളെപ്പറ്റിയൊക്കെ..

ശിവദാസ് മാഷിനെ ഈയിടെ ഡീ സീ ബുക്സ് വഴിയാണ് കാണാറ്..ആരാധന മൂത്ത് ഒരിയ്ക്കലൊരു കത്തെഴുതി അദ്ദേഹത്തിന് ..തിരിച്ചയച്ച കാര്‍ഡ് സൂക്ഷിച്ച് വച്ചിട്ടുണ്ട്..:)

ഇവരൊക്കെ ഇപ്പോഴും എഴുതുന്നുണ്ടല്ലോ..

നമുക്ക് ബാലന്മാര്‍ക്ക് കളര്‍ പടങ്ങളുള്ള പുസ്തകങ്ങളൊക്കെ മതിയെന്ന പരമ്പരാഗതമായ വിശ്വാസങ്ങളില്‍ നിന്ന് കുറച്ചൂടേ മുന്നോട്ട് പോകണ്ടേ..കേട്ടാ മാഷന്മാരേ.ഇനി ഞങ്ങള്‍ ഉറക്കെ ‘എന്താ‘ എന്ന് വിളി കേള്‍ക്കില്ല..

ഒരു സംഭവം..യുറീക്കാ വിജ്ഞാനോത്സവം..
അത് നടത്താനുള്ള പാട് അന്താരാഷ്ട്ര സെമിനാറ് വരെ നടത്താനില്ല(സത്യം:)

ആദ്യം കായ്ച്ച് മാവിന്റെ വടക്കോട്ട് പോണ വേര് 4 എണ്ണം,പത്തുവര്‍ഷം ചവിട്ടിയ സൈക്കിളിന്റെ നാലാം വര്‍ഷത്തെ വാല്‍ട്യൂബ് 3,മഞ്ഞ നിറമില്ലാത്ത ഗവുളിത്തെങ്ങിന്റെ ഓലയ്ക്കാല്, ചെമ്പരത്തിപ്പൂവ്(നടത്തിപ്പ്കാര്‍ക്ക് ചെവിയില്‍ വയ്ക്കാനാണേ:) എന്നിങ്ങനെ മന്ത്രവാദികള്‍ പോലും പറയാത്ത സാധനങ്ങള്‍ നമ്മള്‍ തന്നെ(സ്വാഗത സംഘ ഒറ്റ(രണ്ട്,മൂന്നാള്‍) സമിതി തയ്യറാക്കണം.മാഷന്മാരെ(പള്ളിക്കൂട വാധ്യാന്മാരെത്തന്നെ,..കഴിവതും അവരെ അടുപ്പിയ്ക്കാറില്ല:)) ഉദ്ബുധരാക്കണം..
അങ്ങനെയങ്ങനെ പഞ്ചായത്ത് , മേഖലാ തലമായാല്‍ പിന്നെ പറയണ്ടാ..ഉറക്കമില്ലാത്ത പകലുകള്‍..
പക്ഷേ അതൊക്കെകഴിഞ്ഞ് കുഞ്ഞുങ്ങളിങ്ങനെ ബഹളം വച്ച് പാട്ടൊക്കെ പാടി അര്‍മ്മാദിച്ച് നടക്കുന്ന കാണാന്‍ തന്നെ രസം..പരീക്ഷയാണേന്ന് ആരേലും പറയുമോ..വാശിയില്ല വൈരാഗ്യമില്ല..

അതില്‍
മഞ്ഞുരുകല്‍ എന്ന് ഒരു പരിപാടിയുണ്ട്..ബ്രേക്ക് ദ ഐസ് തന്നെ)

ആ പ്രാവശ്യം കൂട്ടുകാരേ എന്ന് ഉറക്കെ വിളിച്ച് അവരെക്കൊണ്ട് എന്തോ എന്ന് ഉറക്കെ വിളികേള്‍പ്പിയ്ക്കുന്നതാണ് മഞ്ഞുരുകല്‍.

ഒരു ഹൈസ്കൂള്‍ സാറ് മുറിയില്‍‍ കയറി..

കൂട്ടുകാരേ
....തൊ...ന്നൊരു ഞെരക്കം മാത്രം
ഉറക്കെ പറയൂ..

(രണ്ടാമത്) കൂട്ടുകാരേ..

...(ഞെരക്കം) ..തോ..

(പുള്ളിയുടെ ഭവാദികളൊക്കെകണ്ടാല്‍ ആ‍രും ഉറക്കെ ഒന്നും പറയില്ല..പട്ടാളക്കാരനാന്നാ ഭാവം)
എന്തോ എന്ന് ഉറക്കെ പറയണം കേട്ടോ

കൂട്ടുകാരേ
...തോ....

ഭ ...ഉറക്കെ പറയാനല്ലേടാ പറഞ്ഞത്..അനുസരണ വേണം അനുസരണ..എത്രപ്രാവശ്യം പറഞ്ഞെടാ ഉറക്കെ പറയണംന്ന്..എന്താടാ കളിയാക്കുന്നോ..നിന്റെയൊക്കെ വീട്ടിപ്പോയി കാണിച്ചാ മതി ..വെളച്ചിലൊന്നും എന്റടുത്ത് വേണ്ടാ..നിന്റെയൊക്കെ തൊടേലെ തൊലിയുരിയും..ഗ്രൌണ്ടിലോട്ടെറങ്ങിയാലെന്തൊരു നാവാണേ..ഇപ്പം വായി കയ്യിട്ട് നോക്കണം..നോക്കുന്നോടാ..അവന്റെയൊക്കെയൊരു മഞ്ഞുരുകല്‍..(തുടര്‍ന്നുകൊണ്ടേയിരുന്നു എന്നതിന്റെ ആംഗലേയമെന്താ:))

ദേവന്‍ said...

യുറീക്കയെക്കുറിച്ചുള്ള ലേഖനം അവസരോചിതമായി വിഷ്ണു പ്രസാദ്‌. ഞാനൊക്കെ യുറീക്കയെ മറന്നു തുടങ്ങിയിരുന്നു.

ബാലസാഹിത്യവും കുട്ടികള്‍ക്കായുള്ള ലേഖനങ്ങളും‍ എഴുതുന്നത് ഏറെ ശ്രമകരമായതും വളരെയൊന്നും അംഗീകാരം (പ്രതിഫലവും) ലഭിക്കാത്തതുമായ കാര്യമാണെന്നതാവും പ്രശസ്തരെയൊക്കെ ആ മേഖല വിട്ട്‌ പ്രശസ്തി തരുന്ന ഇടങ്ങളില്‍ തന്നെ കൂടാന്‍ പ്രേരിപ്പിക്കുന്നത്‌.

കുട്ടികള്‍ക്ക്‌ വേണ്ടി ലേഖനങ്ങള്‍ എഴുതണമെന്ന് (പ്രിന്റ്‌ മീഡിയയിലല്ല, നാളെയുടെ മുഖ്യധാരയാകാന്‍ പോകുന്ന ബ്ലോഗ്ഗില്‍ തന്നെ) ആഗ്രഹമുണ്ട്‌ എനിക്ക്‌, പക്ഷേ ഒരെണ്ണം എഴുതുമ്പോള്‍ തന്നെ അതെത്ര വിഷമം പിടിച്ച കാര്യമാണെന്ന് മനസ്സിലാക്കി കൂടുതല്‍ സമയം കിട്ടുമ്പോഴാകാമെന്ന് കരുതി മാറ്റി വച്ചുപോകുന്നു. കുട്ടികളോട്‌ സൌഹൃദപരമാക്കാനെന്ന ന്യായം എന്തോ എനിക്കു ബോദ്ധ്യമാവുന്നില്ല, കൂറഞ്ഞപക്ഷം ശാസ്ത്രം, ചരിത്രം, തുടങ്ങിയ മേഖലകളിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മിക്കതും കുട്ടികള്‍ക്ക്‌ മനസ്സിലാവും, അവര്‍ക്ക്‌ താല്‍പ്പര്യം തോന്നുന്ന രീതിയിലും മനസ്സിലാവുന്ന രീതിയിലും പറയാന്‍ നമുക്ക്‌ കഴിവു വേണമെന്നേയുള്ളു. പറഞ്ഞു പറഞ്ഞ്‌ യുറീക്കയില്‍ നിന്ന് മാറിപ്പോയി, കുറഞ്ഞപക്ഷം പഴയ നിലവാരത്തിലേക്കെങ്കിലും അത്‌ തിരിച്ചു വന്നെന്നറിഞ്ഞ്‌ ഏറെ സന്തോഷിക്കുന്നു. ഹരിതയുടെ ബ്ലോഗ്ഗിലൊന്നു പോയി വരാം ഞാന്‍.

വിഷ്ണു പ്രസാദ് said...

കുട്ടികളുണ്ടാക്കിയ യുറീക്കയെ സംബന്ധിച്ച ഈ കുറിപ്പിനോട് പ്രതികരച്ചവര്‍ക്കെല്ലാം (കുറുമാന്‍ജി,ഗുപ്തന്‍ ,ശിവദാസ്,ദില്‍ബു,പെരിങ്സ്,പി.പി ആര്‍,അംബി,ദേവേട്ടന്‍ )നന്ദി .അംബിയുടെ കമന്റ് വായിച്ച് ചിരിക്കാതിരിക്കാനായില്ല.ബൂലോകത്ത് കുട്ടികള്‍ക്ക് വേണ്ടി എഴുതാന്‍ അംബിയോളം പറ്റിയ ഒരാള്‍ ഇല്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.
ദേവേട്ടാ,കുട്ടികള്‍ക്കൊരു ബ്ലോഗ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പലരും ബൂലോകത്ത് ശ്രമിച്ചു കണ്ടു.പൂത്തുമ്പി എന്ന ബ്ലോഗ് അത്തരമൊരു ശ്രമമാണ്.കുട്ടിപ്പാട്ടുകള്‍ ശേഖരിക്കുന്ന ഒരു ബ്ലോഗും കണ്ടു. എന്റെ സ്കൂള്‍കുട്ടി എന്ന ബ്ലോഗും ആ വഴിക്കാണ്. പക്ഷേ ,ദേവേട്ടന്‍ പറഞ്ഞതു പോലെ കുട്ടികള്‍ക്കു വേണ്ടി എഴുതുന്നത് ദുഷ്കരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിനാല്‍ ആ ബ്ലോഗ് മുന്നോട്ടു കൊണ്ടുപോവാനാവാതെ ഞാന്‍ കുടുങ്ങിയിരിക്കുകയാണ്.അതൊരു കൂട്ടു ബ്ലോഗാക്കിയാലോ എന്ന് ഞാനാലോചിക്കുകയാണ്. ദേവേട്ടനും അംബിയും
ബൂലോകത്തെ മുഴുവന്‍ കുട്ടികളും ഇതൊന്ന് ഏറ്റെടുക്കുമോ...?

കാളിയമ്പി said...

ciiciഈ കമന്റ് ഇന്നാണ് കാണുന്നത് വിഷ്ണുമാഷേ..

ആദ്യം സത്യം പറഞ്ഞാല്‍,ബാലസാഹിത്യം എഴുതാന്‍ ഞാന്‍ കൊള്ളാം എന്ന അഭിപ്രായം വായിച്ച് ഇരുന്നിടത്തുനിന്നും അല്‍പ്പം പൊങ്ങി..

ഇനി നുണ പറഞ്ഞാല്‍ “ഏയ് അങ്ങനെയൊന്നുമില്ല മാഷേ..ബാലസാഹിത്യം എന്ന മഹാസാഗരത്തിന്റെ കരയിലിരുന്ന് കാറ്റു കൊള്ളുന്ന വെറും കൊറ്റികളാണ് എന്നൊക്കെ പറയാം:)

പക്ഷേ അത് പറ്റൂല്ല മാഷേ..ചെറുപ്പം മുതലേ എഴുതി വായിയ്ക്കുമ്പോള്‍ വരികള്‍ക്കിടയില്‍ ശിവദാസ് മാഷ് വന്ന് ചിരിയ്ക്കും, ഗോപാലകൃഷ്ണ കാരണവര്‍ മാഷ് നോക്കി നില്ക്കും, സീ ജീ ശാന്തകുമാര്‍ സാര്‍ നടന്നു പോകും..

ഞാന്‍ നിരാശനായി എഴുതിയത് കീറിക്കളയും:)

ടോട്ടോചാനെപ്പോലൊരു പുസ്തകമെഴുതണമെന്നത് ഏറ്റവും വലിയ ആഗ്രഹം തന്നെ ..പക്ഷേ മെയ്ക്കപ്പിനും ഒരു പരിധിയുണ്ടല്ലോ:)...തെസ്തുസ്കോ കുറയോനഗി ആവാന്‍ ഒരുകാരണവശാലും പറ്റില്ല എന്നു വച്ച് നിരാശനായിരിയ്ക്കുകയാ..(താടിയൊക്കെ കിളിച്ചു..നിരാശ കാരണം)...

കുട്ടികള്‍ക്കെന്ന് പറഞ്ഞ് ചുമ്മാ നമുക്ക് എഴുതാന്‍ പറ്റില്ല.

എന്റെ നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്ന്, പരിഷത്തിന്റെ ചില പുസ്തകങ്ങളും കുഞ്ഞുണ്ണിമാഷും കഴിഞ്ഞാല്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ എടുക്കുന്നത് ഡീ സീ ബുക്സിന്റെ പണ്ടത്തെ ഹിറ്റായ വിശ്വസാഹിത്യമാലയിലെ ക്ലാസിക് പുനരാഖ്യാനങ്ങളായിരുന്നു..പൈങ്കിളി പൂക്കിളി മത്താപ്പ് എന്ന പേരിലൊക്കെ വരുന്ന ടിപ്പിയ്ക്കല്‍ ബാലസാഹിത്യങ്ങള്‍ ആരും തിരിഞ്ഞു നോക്കാറ് പോലുമില്ലായിരുന്നു.
അതായത് കുഞ്ഞുങ്ങളെ പറ്റിയ്ക്കാന്‍ പറ്റില്ലെന്ന് സാരം.
ദേവേട്ടന്‍ എഴുതുന്നതുണ്ടല്ലോ അതാണ് കുട്ടികള്‍ക്കുള്ള എഴുത്ത്..അതായത് ഒരു കാര്യം കുട്ടികള്‍ മനസ്സിലാക്കാത്തത് ബുദ്ധിശക്തിയില്ലാഞ്ഞിട്ടല്ല എന്നാണെന്റെ വിശ്വാസം.സാങ്കേതിക പദങ്ങള്‍..(അതായത് ആ വിജ്ഞാനം കൂടുതല്‍ അറിയാവുന്നവര്‍ക്ക് ആവര്‍ത്തന വിരസതയില്ലാണ്ടാക്കാനാണല്ലോ ഈ സാങ്കേതിക പദങ്ങള്‍)..ആ പദങ്ങളൊഴിവാക്കി സമഗ്രമായിഎഴുതുക എന്ന ദേവേട്ടന്റെ വഴി..അതാണ് കുട്ടികള്‍ക്ക് വേണ്ടത്..(ദിസ് ഈസ് ജുസ്റ്റ് ബാക്ക് സ്ക്രാച്ചിംഗ് എന്ന് ആരും വിശാരിയ്ക്കല്ലേ)

ഞാനെഴുതിയതില്‍ സരളതയുണ്ടാകും സമഗ്രതയുണ്ടാവില്ല..

ബിന്ദു said...

ലേഖനം നന്നായതുകൊണ്ടല്ലെ മറവിയിലേക്കു പോയ യുറീക്കയും അമ്പിളി അമ്മാവനുമൊക്കെ ഞാനിതാ എത്തിയേ എന്നുപറഞ്ഞുകൊണ്ട് ഓടി വീണ്ടും വന്നത്.:)
അംബി ഒരു കൈ നോക്കൂന്നെ.