ഈ എയര്‍ടെല്‍ ഇല്ലായിരുന്നെങ്കില്‍ വിഷ്ണുപ്രസാദ് എന്ന ഒരു ബ്ലോഗര്‍ ഉണ്ടാവില്ലായിരുന്നു.മാത്രമല്ല ഈ ബൂലോകത്തെ കൂട്ടുകാരെയാരെയും എനിക്ക് കിട്ടില്ലായിരുന്നു.എയര്‍ടെല്ലിന് നന്ദി പറഞ്ഞ് ഒരു പോസ്റ്റിട് എന്ന് മനസ്സ് പല തവണ പറഞ്ഞതാണ്.എന്റെ മടി കൂട്ടാക്കിയില്ല. അല്ലെങ്കില്‍ സ്വയം പ്രകാശനം എന്ന കിട്ടാക്കനി കിട്ടിയപ്പോള്‍ ഞാനത് സൌകര്യ പൂര്‍വം മാറ്റിവെച്ചു.
മാസം 250രൂപ കൊടുത്ത് ഒരു GPRSകാര്‍ഡ് എടുത്താല്‍ ഒരു മാസം പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരുന്നത്.സെപ്റ്റംബര്‍ മാസം മുതലാണ് ഞാന്‍ എയര്‍ടെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തിതുടങ്ങിയത്.നവംബര്‍ മാസം വരെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
നവംബര്‍ ഒടുവില്‍ ഞാന്‍ വീണ്ടും പതിവു പോലെ റീചാര്‍ജ് ചെയ്തു.പുതിയ GPRSകാര്‍ഡും എടുത്തു.അന്നു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍ .ഒരു ദിവസം നെറ്റില്‍ ബ്രൌസ് ചെയ്തുകൊന്റിരിക്കുമ്പോള്‍ കുറേ മെസ്സേജുകള്‍ വന്നു. എയര്‍ടെല്‍ ലൈവ് ഉപയോഗിച്ചതിന് നന്ദി സൂചിപ്പിക്കുന്ന മെസ്സേജുകളായിരുന്നു അവ.ഞാനത് കാര്യമാക്കിയില്ല.ഞാന്‍ എയര്‍ടെല്‍ ലൈവ് ഉപയോഗിക്കുന്നില്ലല്ലോ.
പക്ഷേ പിറ്റേന്ന് അന്തം വിട്ടു. എനിക്ക് നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ല.ആര്‍ക്കും വിളിക്കാന്‍ പറ്റുന്നില്ല. ബാലന്‍സ് നോക്കിയപ്പോള്‍ മൈനസ്ബാലന്‍സും.മൊബൈല്‍ വാങ്ങി അധികമൊന്നും ആയിട്ടില്ലാത്ത എനിക്ക് ആരോടാണ് പരാതി പറയേണ്ടതെന്ന് വരെ അറിയില്ലായിരുന്നു(ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നത് എനിക്ക് കാണാം ).ഞാന്‍ റീചാര്‍ജ് ചെയ്യുന്ന കടയില്‍ പോയി അവിടെ നില്‍ക്കുന്ന കുട്ടിയോട്
വിവരങ്ങള്‍ പറഞ്ഞു.കസ്റ്റമെര്‍ കെയറിലേക്ക് വിളിച്ചു പരാതി ബോധിപ്പിച്ചു.എന്തായാലും 24 മണിക്കൂര്‍ കഴിഞ്ഞേ നടപടിയുണ്ടാവൂ എന്ന് അറിയിച്ചു. അതുവരെ എങ്ങനെ ഈ ബൂലോകത്തെ വിട്ടു നില്‍ക്കും ? എന്റെ ഈ ഭ്രാന്ത് കാരണം ഞാന്‍ ഒന്നും ആലോചിക്കാതെ അപ്പോള്‍ തന്നെ ഒരു 100 രൂപയുടെ ടോപ് അപ് എടുത്തു.അതില്‍ ശരിക്ക് 90 രൂപയിലധികം ടോക് ടൈം കിട്ടേണ്ടതാണ്. മൈനസ് ബാലന്‍സ് ഉള്ളതു കാരണം ബാലന്‍സായി 82 രൂപയും ചില്ലറയുമാണ് എനിക്ക് ലഭിച്ചത്.ഞാന്‍ വീട്ടില്‍ വന്ന് വീണ്ടും ബ്ലോഗാനിരുന്നു. പെട്ടെന്ന് കമ്പ്യൂട്ടര്‍ ചില തകരാറുകള്‍ കാണിച്ച് പൂര്‍ണമായും നിശ്ചലമായി. CPUവിലെ ഫാനുകളൊന്നും കറങ്ങുന്നില്ല. മദര്‍ബോഡിലെ ഇന്‍ഡികേറ്റര്‍ മാത്രം കത്തുന്നുണ്ട്.ഞാന്‍ നേരെ കുന്നംകുളത്തേക്ക് വെച്ചുപിടിച്ചു.വഴിയില്‍ വെച്ച് ഒരു ടെക്നീഷ്യന്റെ നമ്പറില്‍ വിളിച്ചു. അതു കഴിഞ്ഞതും തുരു തുരെ സന്ദേശങ്ങള്‍ വന്നു. പ്രതിപാദ്യ വിഷയം പഴയതു തന്നെ. ഞാന്‍ ബാലന്‍സ് പരിശോധിച്ചു. 40 രൂപ കുറഞ്ഞിരിക്കുന്നു. വൈകുന്നേരമായപ്പോഴേക്കും കാശൊക്കെ തീര്‍ന്നു..കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.നിരന്തരം വിളിച്ചു. അവര്‍ പലതരം ആരോപണങ്ങള്‍ ഉന്നയിച്ചു.ഞാന്‍ ചാര്‍ജബിള്‍ സൈറ്റുകളില്‍ കയറിയെന്നാണ് ഒന്ന്. മറ്റൊന്ന് ഞാന്‍ വാള്‍പേപ്പറും റിങ്ടോണും ഡൌണ്‍ ലോഡ് ചെയ്തുവെന്നാണ്. സത്യത്തില്‍ ഇതൊന്നും ഞാന്‍ ചെയ്തിട്ടില്ല.ഞാനല്ലാതെ വീട്ടില്‍ ആരും നെറ്റ് ഉപയോഗിക്കുന്നില്ല. അവസാനം അവര്‍ സമ്മതിച്ചു നഷ്ടപ്പെട്ട കാശ് റീഫണ്ട് ചെയ്തു.പക്ഷേ പ്രശ്നം അതുകൊണ്ടും തീര്‍ന്നില്ല.
ഈ സന്ദേശങ്ങളുടെ വരവ് തുടരുകയാണ്. ഇതിനകം പലതവണ കാശ് പോവുകയും നിരന്തരം വിളിച്ച് ബുദ്ധിമുട്ടിയതുകൊണ്ടുമാത്രം പലതവണ റീഫണ്ട് ചെയ്യുകയും ചെയ്തു. പക്ഷേ അതു കൊന്റ് ഒരു കാര്യവുമില്ല. റീഫണ്ട് ചെയ്ത് അഞ്ചാറ് മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും തഥൈവ. അന്ന് 100 രൂപയ്ക്ക് ടോപ് അപ് എടുത്തതിനു ശേഷം ഞാന്‍ രണ്ട് മൂന്ന് ലോക്കല്‍കാളുകള്‍ മത്രമേ വിളിച്ചിട്ടൂള്ളൂ.ഇപ്പോള്‍
എന്റെ ബാലന്‍സ് അഞ്ചു രൂപയാണ് സുഹൃത്തുക്കളേ. ആദ്യത്തെ സംഭവത്തിനു ശേഷം തന്നെ എന്റെ മൊബൈലിലെ എയ്ര്ടെല്‍ ലൈവിന്റെ അഡ്രസ്സ് ഞാന്‍ ഡിലിറ്റിയിരുന്നു.എന്നിട്ടും സന്ദേശങ്ങള്‍ വരികയാണ്: എയര്‍ടെല്‍ ലൈവ് ഉപയോഗിച്ചതിന് നന്ദി....
കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചാല്‍ പരിഹാരത്തിന് 24 മണിക്കൂര്‍ കഴിയണം. 48 മണിക്കൂര്‍ കഴിഞ്ഞ് വിളിച്ചാല്‍
ഒരു 6മണിക്കൂര്‍ കൂടി കാത്തിരിക്കൂ എന്ന് പറയും .ചിലര്‍ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കും.ഞാന്‍ മടുത്തു.എയര്‍ ടെല്‍ , ഇങ്ങനെ നിന്നെ കൊണ്ടുനടക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് ബൂലോകരേ, ചിലപ്പോള്‍ എയര്‍ടെല്ലിന്റെ കണക്ഷന്‍ ഞാന്‍ ഒഴിവാക്കിയാല്‍ ഈ ബൂലോകം എങ്ങനെ എനിക്ക് തിരിച്ചുകിട്ടും...?
Monday, December 25, 2006
എയര്‍ടെല്‍ ,ഇത് ശരിയോ...?
Posted by വിഷ്ണു പ്രസാദ് at Monday, December 25, 2006
Subscribe to:
Post Comments (Atom)
19 comments:
ഒരു ഉപഭോക്താവിന്റെ ധര്‍മസങ്കടങ്ങള്‍...
ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ് തുടങ്ങിയവയുടെ ഇന്റര്‍നെറ്റ് സേവനം താങ്കളുടെ പ്രദേശത്ത് ലഭ്യമല്ലേ.
പക്ഷേ അത് മാത്രമല്ല ഇവിടെ പ്രശ്നം എന്ന് തോന്നുന്നു. നമുക്ക് വേണ്ടാത്ത കാര്യങ്ങള്‍ നമ്മളില്‍ തുടര്‍ച്ചയായി അടിച്ചേല്‍പ്പിക്കുന്നത് തോന്ന്യവാസം തന്നെ. ഉപഭോക്‍തൃ കോടതിയെ സമീപിച്ചാല്‍ പ്രയോജനം കിട്ടുമോ?
വക്കാരീ,ബി.എസ്.എന്‍.എല്‍ ന് അപേക്ഷ (ലാന്ഡ് ലൈന്‍)അപേക്ഷ കൊടുത്തിട്ട് കാലം കുറേയായി.ഇതേ വരെ കണക്ഷന്‍ തന്നിട്ടില്ല.ഇവിടെയടുത്ത് ഒരു ടവര്‍ ഉണ്ടായിട്ടും മൊബൈലില്‍ റെയ്ഞ്ചുമില്ല.ഏഷ്യാനെറ്റ് ഇവിടെയില്ല.
ഞാന്‍ എയര്‍ടെല്‍ ലൈവ് ഉപയോഗിച്ചിട്ടല്ല ഈ സന്ദേശങ്ങള്‍ വരുന്നത്.മറ്റ് സേവനങ്ങളൊന്നും ഉപയോഗപ്പെടുത്തുന്നുമില്ല.
ഹിഹി ഇത് എനിക്കിഷ്ടപ്പെട്ടു. “എന്തായാലും 24 മണിക്കൂര്‍ കഴിഞ്ഞേ നടപടിയുണ്ടാവൂ എന്ന് അറിയിച്ചു. അതുവരെ എങ്ങനെ ഈ ബൂലോകത്തെ വിട്ടു നില്‍ക്കും ?” :-) നമ്മടെ ശ്രീജിത്തിനോടോ അങ്ങിനെ ആരോടെങ്കിലും ചോദിച്ചു നോക്കൂ, അവര്‍ക്കൊക്കെ ഇതിനേക്കുറിച്ച് നല്ല പിടിപാട് കാണും, ഏതാണ് ബെസ്റ്റ് കണക്ഷ്ന്‍ എന്നൊക്കെ അറിയാമായിരിക്കും.
ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപയോഗിക്കണമെന്നില്ല. പക്ഷേ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ് ബാന്‍ഡ് കണക്ഷനെപ്പറ്റി അന്വേഷിക്കുന്നത് നന്നായിരിക്കും (അതും എല്ലായിടത്തും ഇല്ല എന്ന് തോന്നുന്നു). അവര്‍ക്ക് 250 രൂപാ പ്രതിമാസമുള്ള പ്ലാനുണ്ട്- 450 എം.ബി യോ മറ്റോ ഡൌണ്‍ലോഡ് ലിമിറ്റുള്ളത്. സാധാരണ രീതിയിലുള്ള ഇന്റര്‍നെറ്റ്/ഈമെയില്‍ ഉപയോഗത്തിന് അത് മതിയാവും. അവരുടെ തന്നെ ലാന്‍ഡ് ലൈന്‍ ഉണ്ടെങ്കില്‍ എന്തൊക്കെയോ ആനുകൂല്യങ്ങള്‍ ഉണ്ട് (ഇനി അവരുടെ ലാന്‍ഡ് ലൈന്‍ ഉണ്ടെങ്കിലേ അവര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് തരൂ എന്നുണ്ടോ എന്നറിയില്ല). അവരുടെ വെബ്സൈറ്റില്‍ പോയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ കിട്ടാന്‍ ഇത്രയും താമസമുണ്ടോ? ഓരോ പ്രദേശത്തിന്റെയായിരിക്കുമോ?
ആവശ്യമില്ലാത്തത് അടിച്ചേല്പിക്കല്‍ നെറ്റിലും സാധാരണമല്ലേ,
യാഹൂ ആണതിന്റെ വീരന്‍, വെറുപ്പ് തോന്നും ചിലസമയത്ത്. യാഹൂ മെസഞ്ചര്‍ ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കൂ, എന്തൊക്കെ പണ്ടാരമാണ് അതിന്റെ കൂടെ വരുന്നത്, അറിയുക പോലുമില്ല പലപ്പോഴും.
നമ്മുടെ ‘മനോരമ ചേച്ചിയും’ തഥൈവ.
ആ കാര്യത്തില്‍ ഗൂഗിള്‍ വലിയ മാതൃകയാണ്.
പക്ഷേ അബ്ദൂ, ഗൂഗിള്‍ നമ്മളറിയാതെ തന്നെ നമ്മുടെ വിവരങ്ങളും നമ്മുടെ മെയിലിലെ വിവരങ്ങളുമൊക്കെ അവരുടെ ഗോഡൌണില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ജോര്‍ജ്ജ് ബുഷ് ചോദിച്ചാല്‍ പോലും കൊടുക്കില്ല എന്നൊക്കെയാണ് അവര്‍ പറയുന്നതെങ്കിലും ഭൂതം ഭാവി പറയില്ല എന്നാണല്ലോ :) (എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെ-പ്രൈവസി എന്നൊന്ന് ഇന്റര്‍നെറ്റ് ലോകത്ത് വലിയ പാട് തന്നെ).
"Although Google is held in high esteem by the public as a good corporate citizen, past performance is no guarantee of future behavior, especially following Google's IPO when the company will have a legal duty to maximize shareholder wealth,"
അതിനിപ്പൊ ഇന്റെര്‍നെറ്റൊന്നും വേണ്ട, ഇവിടെ ഒരു കടേല്‍ പോയി പാല് മേടിച്ചാല്‍ വരെ അത് ഡേറ്റായണ്. അത് മൈന്‍ ചെയ്ത് നമ്മുടെ കണ്‍സ്യൂമര്‍ ഹാബിറ്റ് കണ്ട് പിടിക്കലാണ് പണി. അപ്പൊ ഞങ്ങള്‍ പറ്റിക്കും. ആദ്യം ആ കടേന്ന് ജ്യൂസ് മേടിച്ചല്‍ പിന്നെ ആ കടെന്ന് രണ്ട് പ്രാവശ്യം സോപ്പ് മേടിക്കും. അപ്പൊ അവരുടെ കമ്പ്യൂട്ടറുകള്‍ കണ്‍ഫ്യൂസാവൂല്ലൊ..ഹിഹിഹി..
വക്കാരിജി തന്നെ പ്രവസിയെക്കുറിച്ചെഴുതിയത് വായിച്ച് ഞാന്‍ ഇങ്ങിനെ വെര്‍ട്ടിക്കലായിട്ട് തലയാട്ടി. ശരിയാണ് അദ്ദേഹത്തിനു അത് കൃത്യമായി അറിയാമായിരിക്കും :-) ഹിഹിഹി
അത് ശരിയാണ് വക്കാരീ, പ്രവചിക്കാനാവാത്തതും,
പക്ഷെ ഞാന്‍ പറഞ്ഞതതല്ല,
യാഹൂ മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യൂന്നും പറഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്ത് ഫേവിറിറ്റ് മെനു നോക്കീക്കേ, അവിടെ വേറെ കുറേ കേറീട്ടുണ്ടാവും, യാഹൂ ഷോപ്പ്, യാഹൂ ഗ്രീറ്റിങ്ങ്, പിന്നെ തേങ്ങ, മാങ്ങാന്ന്നൊക്കെ.
അത് പോലെ വേറൊന്ന്, മനോരമ പത്രം ഓപ്പണാക്കി നോക്ക്, അത് ക്ലോസ് ചെയ്താലും അടിയില് പിന്നേം കാണും കുറേ വിന്‍ഡൊകള്‍,
അങ്ങിനെയൊന്നും ഗൂഗിളില്‍ ഇത് വരെ കണ്ടിട്ടില്ല
വിഷ്ണുമാഷേ,
http://www.tataindicombroadband.in/access/prepaid/order/roi.html
തൃശ്ശൂര് കിട്ടുമെന്നാ ഇവരു പറയുന്നത്. ഒന്നന്വേഷിച്ചു നോക്കൂ.
(എയര്‍ട്ടെല്ലിന്‍റെ കാര്യം പറയാതിരിക്കുന്നതാ ഭേദം; ഈയിടെയായീ വളരെ മോശം സര്‍വ്വീസാ അവരുടെ.ഞാനതുകൊണ്ട് ഹച്ചിലേക്ക് മാറി, അതതിലും ബെസ്റ്റ്!!!)
ഇടങ്ങള്‍,
യാഹൂ മെസ്സ്ഞ്ചര്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഡിഫോള്‍ട്ട് ആയിട്ട് ചെക്ക്ഡ് ആണ്. അതു കൊണ്ടാണ് അതെല്ലാം ഇന്‍സ്റ്റോള്‍ ആകുന്നത്. ഇന്‍സ്റ്റ്ലോള്‍ സ്ക്രീനുകള്‍ എല്ലാം ശ്രദ്ധിച്ച് വായിച്ച്, എല്ലാ വിന്‍ഡോ പെയ്‌നുകളിലും പോയി നോക്കി ആവശ്യമില്ലാത്തതെല്ലാം അണ്‍-ചെക്ക് ചെയ്യാന്‍ സാധിയ്ക്കും. പിന്നെ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞ് ഫയല്‍->പ്രിഫറന്‍സസില്‍ പോയി ആദ്യം വരുന്ന വെല്‍ക്കം സ്ക്രീന്‍ (യാഹൂ ഇന്‍സൈഡര്‍) വരെ വേണ്ടെന്നു വെയ്ക്കാനുള്ള ഓപ്ഷനും ഉണ്ട്.
ആദിത്യന്റെ പിന്നിനിട്ടൊരു താങ്ങ്. പിന്നെ ലെവന്മാരെ തോന്ന്യവാസം കാണിക്കാന്‍ ഒരിക്കലും അനുവദിക്കരുത്. എല്ലാം ഞങ്ങള്‍ തന്നെ ചെയ്തോളാം പോരേ എന്നൊക്കെ വിനീതാ കോട്ടായിയായി ചോദിക്കും. ബുദ്ധിയില്‍ മുട്ടേണ്ട, എല്ലാം ഞാന്‍ തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് മെസഞ്ചര്‍ സഞ്ചിയാണെങ്കില്‍ അത് മാത്രം മതി എന്ന് ചെക്ക് ചെയ്താല്‍ മതി (ഇങ്ങിനെയൊക്കെയാ ഞാന്‍ ചെയ്യുന്നത് കേട്ടോ).ലെവന്മാര്‍ പിന്നെയും പ്രലോഭിപ്പിക്കും. വീഴരുത്.
മണ്‍രമയുടെ പ്രശ്നം പോപ്പോ ഈ പോപ്പപ്പിനു മദമിളകി ആണോ? പോപ്പപ്പീ ബ്ലോക്കറപ്പിയുള്ളതുകൊണ്ടാണോ ആവോ വേണ്ട പേജുപോലും എനിക്ക് മണ്‍രമണന്‍ തുറന്ന് തരുന്നില്ല. ഈയിടെയായി ഫോണ്ടിനും പനി ആദ്യം തുറന്ന് വരുമ്പോള്‍. ഒരു നാണം പോലെ :)
നാട്ടില്‍ റിലയന്‍സ് ലഭ്യമല്ലേ വിഷ്ണൂ?അതാവും നല്ലതെന്ന് തോന്നുന്നു.അവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫോണ്‍ ഉണ്ടല്ലോ?അതു ഉപയോഗിച്ചാല്‍ പോരെ?
എയര്‍ടെല്ലിനെതിരെ കണ്‍സ്യൂമര്‍ ഫോറത്തില്‍ ഒരു പരാതി നല്‍കൂ.അവന്‍ താനെ താഴെ വരും.പരാതി നേരിട്ട് കൊടുത്താല്‍ മതി.അല്ല വക്കിലിനെ വേണമെന്നുണ്ടെങ്കില്‍ അതിന്റെ ഫീസ് മുന്‍കൂറായി കിട്ടിയാല്‍(ഫ്ലൈറ്റ് ടിക്കറ്റ്,താമസം, ഭക്ഷണം, പിന്നെ അല്ലറ ചില്ലറ(വെള്ളമടി,സിനിമ കാണല്‍) തുടങ്ങിയവ)എല്ലാം കൂടി ചേര്‍ത്ത് ഒരു ഡി.ഡി.അയക്കൂ. വക്കീല്‍ റെഡി.)
മാഷുടെ സങ്കടം വായിച്ചു. എയര്‍ടെല്ലിന്റെയും മറ്റ് പ്രൈവറ്റ് സേവനദാതാക്കളുടെ സ്ഥിരം പരിപാടിയാണിത്. മറ്റു പലരും പറഞ്ഞ പോലെ പേടിപ്പിക്കല്‍ ഒരു വഴിയാണ്, അല്ലേല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പറയുകയും. പക്ഷെ അതു ശാശ്വതമായ പരിഹാരമാവുന്നില്ല. BSNL landphoneകിട്ടുന്ന മുറക്ക് ഈ ലിങ്കിലെ ഏതെങ്കിലും സ്കീം തിരഞ്ഞെടുക്കുന്നതാകും ഉത്തമം.http://www.bsnl.co.in/service/dataone_tariff.htm
മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുക.
ഫോണിലെ ബ്രൌസര്‍ സെറ്റിംഗ് ‘എയര്‍ടെല്‍ ലൈവ്’ ആണെങ്കില്‍ അത് മാറ്റി ‘മൊബൈല്‍ ഓഫീസ്’ എന്ന സെറ്റിംഗ് ഡൌണ്‍ലോഡ് ചെയ്ത് അത് ഉപയോഗിക്കുക.
ഈ സെറ്റിംഗ് കിട്ടാന്‍ ‘എം ഒ’ എന്ന് ടൈപ്പ് ചെയ്ത് 501ലേക്ക് സെന്റ് ചെയ്താല്‍ മതി.
കമ്പ്യൂട്ടറിലെ മോഡം സെറ്റപ്പില്‍ പോയി ‘അഡ്വാന്‍സ്ഡ്’ സെറ്റപ്പില്‍
AT+CGDCONT=1,"IP","airtelgprs.com","",0,0
എന്നടിക്കുക.
ഇനി നോക്കൂ..
ചെലപ്പൊ ശരിയാവും
ഇക്കാസ്, ഞാന്‍ മൊബലില്‍ നെറ്റ് ഉപയോഗിക്കുന്നില്ല. മാത്രമല്ല മൊബൈല്‍ ഓഫീസ് ഉപയോഗിച്ച് തന്നെയാണ് നെറ്റിലേക്ക് കയറുന്നത്. ആദ്യത്തെ അനുഭവത്തോടെ തന്നെ എയര്‍ടെല്‍ ലൈവിന്റെ അഡ്രസ്
മൊബൈലില്‍ നിന്ന് ഡിലിറ്റ് ചെയ്തു. വീണ്ടും സെറ്റിങ്സ് അയച്ചു തരാന്‍ ആവശപ്പെട്ടു. അയച്ചുതരികയും ചെയ്തു. അത് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷവും എയ്ര്റ്റെല്‍ ലൈവ് ഉപയോഗിക്കാത്ത എനിക്ക് അത് ഉപയോഗിച്ചുവെന്നും അതിന് നന്ദിയും പറയുന്ന് 24 സന്ദേശങ്ങള്‍ ഇതിനകം വന്നു.ഓരോ സന്ദേശം വരുമ്പോഴും എന്റെ ടോക് ടൈമില്‍ നിന്ന് 10 രൂപയോളം പോവുന്നു.ഇതില്‍ എന്റെ ഭാഗത്തു നിന്ന് യാതൊരു കുഴപ്പവുമുണ്ടായിട്ടല്ല.അവിടെ അപ്ഡേഷനായതുകൊണ്ടാണെന്ന് അവര്‍ തന്നെ പലതവണ പറഞ്ഞു കഴിഞ്ഞു.
what about reliance?
വിഷ്ണു മാഷേ ഞാന്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ എയര്‍റ്ടെല്‍ 45 ദിവസം ഉപയോഗിച്ചു. എനിക്കവന്‍ പാരയൊന്നും പണിതില്ല.
അതിനാല്‍ ബൂലോഗത്തു നിന്നും മാറിനിന്നതായി തോന്നിയില്ല.
സലീം കുമാര്‍ പറഞ്ഞപോലെ
“എന്നെ പേടിയായിരിക്കും. ഞാനാരാ മോന്‍!”
കരീം മാഷേ, ഓര്‍കൂടില്‍ അംഗത്വം ഉണ്ടെങ്കില്‍ എയര്‍ടെല്‍ കേരള(Airtell Kerala)എന്നൊരു കമ്മ്യൂണിറ്റിയുണ്ട്.അവിടെയൊന്ന് പോയിനോക്കൂ. ഇതാ ലിങ്ക്.
http://www.orkut.com/CommMsgs.aspx?cmm=14278643&tid=2494378535796964600&start=1
പരാതിക്കാര്‍ വേറെയുമുണ്ട്.ഈ പോസ്റ്റിട്ടതിന് ശേഷം കസ്റ്റമര്‍ കെയറില്‍ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട കാശ് മുഴുവന്‍ എനിക്ക് ഇന്ന് തിരിച്ചു തന്നു. പക്ഷേ അരമണിക്കൂര്‍ കഴിഞ്ഞില്ല 3സന്ദേശങ്ങള്‍ തുരുതുരെ വന്ന് 30രൂപ പോയിക്കിട്ടി.കഥ തുടരുന്നു.
Post a Comment