Friday, October 12, 2007

സാരിയും നാരിയും

ഡാലിയുടെ കഥ വായിച്ചപ്പോഴാണ് ഇത് അവിടെ കമന്റായി ചേര്‍ക്കണമെന്ന് വിചാരിച്ചത്.കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റാഞ്ഞതിനാല്‍ ഇവിടെ പോസ്റ്റുന്നു.

സെപ്റ്റംബര്‍30 ന്റെ ദേശാഭിമാനി വാരികയില്‍ സാരി-അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ എന്നൊരു ലേഖനവും ചര്‍ച്ചയുമുണ്ട്.അതില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നത് ഇവിടെ ഉദ്ധരിക്കുന്നു:

സാരി ഒരു അത്ഭുത വസ്ത്രമാണ്.അത് ഉടുത്തുകാണുന്നത് ഒരു സൌന്ദര്യാനുഭവവും.അഞ്ചരമീറ്റര്‍ നീളത്തിലുള്ള ഒരു തുണി എങ്ങനെ ഇത്ര ഭംഗിയായി ഉടുക്കുന്നു?വെട്ടുകയോ മുറിക്കുകയോ ഒന്നും ചെയ്യാതെ അത് ഞൊറിയിട്ട് ഉടുക്കുന്നത് കാണാന്‍ തന്നെ രസമാണ്.

ഉടുത്തുകാണുമ്പോള്‍ സാരി പകരുന്ന രഹസ്യാത്മകത തന്നെ ആസ്വാദ്യമാണ്.സ്കൂളുകളില്‍ അധ്യാപികമാരുടെ സാരിത്തലപ്പ് സ്വന്തം ദേഹത്ത് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു പോലും മുതിര്‍ന്ന ആണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറുണ്ട്.ആണാവുന്നു എന്ന തിരിച്ചറിവിലേക്ക് വളര്‍ത്തിയതില്‍ ആ സാരിത്തലപ്പുകള്‍ക്കും പങ്കുണ്ടായിരുന്നു.സാരി അനുവദിക്കുന്ന ശരീരക്കാഴ്ച്ചകളും ഭംഗിയുള്ളതാണ്.വലിഞ്ഞു മുറുകിയ വയറ്,അപൂര്‍വമായി വീണുകിട്ടുന്ന ഒരു പൊക്കിള്‍ കാഴ്ച്ച,പാര്‍ശ്വവീക്ഷണത്തിനുള്ള അവസരം,സൌന്ദര്യ പൂരിതമായ ഈ കാഴ്ച്ചകളൊക്കെ ആസ്വാദ്യമല്ലാതാകുന്നതെങ്ങനെ?ആണിനും പെണ്ണിനുമിടയില്‍ അങ്ങനെയെന്തൊക്കെയോ ഉണ്ട് എന്നുള്ളതില്‍ എന്താ‍ണ് അശ്ലീലമായിട്ടുള്ളത്?ആദ്യമായി സാരിയുടുക്കുമ്പോഴും അത് മറ്റൊരുവന്‍ ആസ്വദിക്കുമ്പോഴുമുള്ള പെണ്‍സംഭ്രമത്തെ പൈങ്കിളിയായി കാണരുത്.

ഉടുക്കുമ്പോഴെന്ന പോലെ അഴിക്കുമ്പോഴും സാരി അതിന്റെ സൌന്ദര്യം കാണിക്കുന്നു.പാഞ്ചാലി സാരിയല്ല ഉടുത്തിരുന്നതെങ്കില്‍ ദുശ്ശാസനന്‍ അഴിക്കാനേ മുതിരില്ലായിരുന്നു എന്ന് എനിക്കു തോന്നുന്നു.ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല.അണിയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ സാരിയെന്നല്ല ഏതൊരു വസ്ത്രവും അതിന്റെ സൌന്ദര്യമുപേക്ഷിക്കും.ഉടുക്കുന്നത് ഭംഗിയായില്ലെങ്കില്‍ സാരി വൈരൂപ്യം പകരും.ഭാരതീയരുടെ ഏറ്റവും മികച്ച കലാരൂപങ്ങളില്‍ ഒന്നാണ് സാരി.

--------------------------------

കടപ്പാട്: സുഭാഷ് ചന്ദ്രന്‍,ദേശാഭിമാനി വാരിക

22 comments:

വര്‍ക്കേഴ്സ് ഫോറം said...

രജി ആര്‍ നായര്‍ എഴുതിയ ‘സാരി അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ’ ഇവിടെ പോസ്റ്റ് ചെയ്തിട്ടുന്റ്.

ഡാലി said...

മാഷേ,

സാരി ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ എന്നൊരു ആശയത്തിലൂന്നി സാരിയെ വല്ലാതെ സ്നേഹിക്കുന്ന ഒരു സ്ത്രീയുടെ അബോധാവസ്ഥയിലെ ചില സാ‍രി ചിന്തകളും അവസാനം, ബോധം വരുമ്പോള്‍ സാരിയെ ഉപേക്ഷിക്കേണ്ട ഒരു ശാരീരികാവസ്ഥയില്ലാണ് താന്‍ എന്നറിയുന്നിടത്തേയ്ക്ക്, സാരിയെ കുറിച്ച്, പൊക്കിളിനെ കുറിച്ച് കുറേ ചോദ്യങ്ങള്‍ ഒക്കെ എഴുതി ഒരു കഥപോലെ ഒന്ന് എഴുതി വച്ചതാണ്. എന്തോ പബ്ലിഷ് ചെയ്യാന്‍ തോന്നില്യാ. അതിലെ ഒരു കഥാപാത്രത്തെ മാത്രം അടര്‍ത്തിയെടുത്ത് എഴുതിയതാണീ കഥ.

സാരിയോടുള്ള സ്നേഹം ഇന്ന് ബഹുഭൂരിഭാഗത്തിനൂം പൊള്ളത്തരമാണ്. സുഭാഷ് ചന്ദ്രനുള്ള മറുപടീ ഇവിടെ നളന്‍ പറഞ്ഞീട്ടുണ്ട്. നാണത്തില്‍ പൊതിഞ്ഞ് കാണുന്ന സ്ത്രീ എന്നതിനു പകരം സാരിയില്‍ പൊതിഞ്ഞു കാണുന്ന സ്ത്രീ എന്നു മാറ്റിയാല്‍ മതി.

ഒരു കായികതാരത്തിനു മാത്രമാണു സാരി തടസ്സം എന്നു ചിന്തിക്കാന്‍ മാത്രം ചിന്താശേഷി കുറഞ്ഞവനാണോ സുഭാഷ് ചന്ദ്രന്‍? ഒരു ലാബില്‍ കെമിക്കലുകളുടെ ഇടയില്‍,ഒരു മെക്കനിക്കല്‍ എഞ്ചിനീ‍ീയര്‍ക്ക്, സ്കൂട്ടറോടിക്കേണ്ടീ വരുന്ന ഒരു സ്ത്രീയ്ക്ക്, ട്രെയിനിലേയ്ക്ക് ദിവസം ഓടിക്കയറുന്ന ഒരു ഉദ്യോഗഥയ്ക്ക് പിന്നെ എന്റെ കഥയില്‍ പറയുന്നപോലെ തിരക്കുള്ള ബസ്സില്‍ സാരീയും ഊരിയെട്ടുത്ത് വരേണ്ടി വരുന്നവര്‍ക്ക് തുടങ്ങി വാര്‍ക്കപണിയ്ക്ക് പോകുന്ന സ്ത്രീകള്‍ക്ക് വരെ (അവരു മുണ്ടും ഷര്‍ട്ടും ആണു) അങ്ങനെ എത്രേങ്കിലും സ്ഥലത്ത സാരി അസൌകര്യമാണ്. ഇതൊന്നും സുഭാഷ് ചന്ദ്രന്‍ ഇതേവരെ കണ്ടീട്ടില്ലേ. അഥവാ ഈ ഫീല്‍ഡിലൊന്നും സ്ത്രീകള്‍ പണിയെടുക്കുന്നത് അദ്ദേഹത്തിന്‍ അറിയില്ലേ?

ഡാലി said...

ഒന്നുകൂടി,
സാരിയെ കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിക്കാകുന്ന, സൌന്ദര്യാനുഭവം കിട്ടുന്ന പുരുഷന്മാര്‍ക്ക്
മുണ്ടിനോടുള്ള മനോഭാവം എന്താണ്?

ഉപാസന || Upasana said...

ഡാലി പറഞ്ഞതിന് താഴെ ഉപാസനയുടെ ഒപ്പ്
:)
ഉപാസന

Inji Pennu said...

സാരിയെ ഒരുപാട് സ്നേഹിക്കുന്നവളാണ് ഞാന്‍. തരം കിട്ടിയാല്‍ സാ‍രി ഉടുക്കുന്നുവളും. പക്ഷെ അതെന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രമാണെന്ന് എനിക്ക് എപ്പോഴെങ്കിലും ഒരു ചെറിയ തോന്നലിനിടയയാല്‍ സാരി ഒരിക്കലും ഉടുക്കാതെയിരിക്കാനുള്ളതിനു അത് കാരണമാവും.
ഭാരതസ്ത്രീ -> സാരി .. ഇങ്ങിനെയൊരു ലിങ്കിങ്ങ് കൊണ്ട് വന്നു, അടക്കുമുള്ളവള്‍ സാരിയുടുക്കും എന്നൊര് കോണ്‍സെപ്റ്റ് കൊണ്ട് വരുന്നതിനു തീര്‍ത്തും എതിരാണ്.

ഡാലി പറഞ്ഞതുപോലെ പുരുഷന്മാര്‍ മുണ്ട് ഉടുക്കുന്നതിന്റെ ഗൌരവമേ സാരിക്ക് ഉണ്ടാവാന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ നിര്‍വചനണള്‍ കൊടുത്ത് അത് കെട്ടിയേല്‍പ്പിക്കരുത്.

പക്ഷെ, സാരിയെ സ്ത്രീകള്‍ വെറുക്കരുതെന്നും എനിക്കുണ്ട്. സാരി ഉടുക്കുമ്പോള്‍ അല്പം സ്ത്രീയുടെ ഭാഗങ്ങള്‍ “ഷോ” പോലെ കണ്ടാല്‍, സ്ത്രീകള്‍ ഞെട്ടണ്ട, അതിനിത്രയും സേഫ്റ്റി പിന്‍ ഉപയോഗിച്ച് അതിനൊരു പര്‍ദ്ദയുടെ സ്ഥാനം കൊടുക്കരുത്. ചുരിദാര്‍ ഇടുമ്പോള്‍ ഷോള്‍ സൈഡില്‍ പോരാ മാറ് മറക്കാന്‍ ഇടണമെന്ന് വരെയുണ്ട്. ഇങ്ങിനെ അല്പം സ്ത്രീയുടെ സ്കെഷുവാലിറ്റി കണ്ടെന്ന് കരുതി സ്ത്രീകള്‍ ബേജാറാവണ്ട. കോണ്‍ഫിഡന്റായിട്ട് എന്ത് വസ്ത്രവും അവനവനു ഇണങ്ങുന്ന രീതിയില്‍ ഉടുക്കട്ടെ. വേണ്ടത് കോണ്‍ഫിഡന്‍സാണ്.

സുബാഷ് ചന്ദ്രന്‍ എഴുത്തുകാരാ‍യ സ്ത്രീകളെ മാത്രമേ “ജോലിയില്‍” കണ്ടിട്ടുണ്ടാവുള്ളൂ എന്ന് തോന്നുന്നു. പിന്നെ കായികതാരങ്ങളേയും. അതാവാം അങ്ങിനെയൊരു നിരീക്ഷണം.

വേണു venu said...

ജോലി,ദേശ, പരിതസ്ഥിതികളനുസരിച്ചു് ആരും എന്തും ഉടുക്കട്ടെ. സാരിയ്ക്കു് അതിന്‍റേതായ ഒരു മനോഹാരിതയുണ്ടു്.
ആണുങ്ങളുടെ മുണ്ടിനു് ഒരു രസവുമില്ലാതായതു് അതിലെ വര്‍ണ്ണ വൈവിധ്യങ്ങളുടെ കുറവും കാരണമാകാം.
പല നിറങ്ങളില്‍ പല ചിത്രങ്ങള്‍ വരച്ചു് വൈവിദ്ധ്യമാര്ന്ന സാരി ഒരു കലാരൂപം തന്നെ.:)

പരാജിതന്‍ said...

മേല്‍ ഷോവനിസത്തിന് രണ്ട് മുഖങ്ങളുണ്ട്.
ഒന്നാമത്തേത് സ്ത്രീയെ ഒരു തികഞ്ഞ ഇന്‍‌ഫീരിയര്‍ എന്റിറ്റി ആയി കാണുകയെന്നത്. ചവിട്ടടിയിലിട്ട് മെതിക്കാവുന്ന, അപമാനിക്കാവുന്ന, ബലമായി പ്രാപിക്കാവുന്ന ഒരു ജന്തുവായി കാണുകയെന്നത്.

രണ്ടാമത്തേത്, സ്ത്രീയെയും അവളുടെ ശരീരത്തെയും അകമഴിഞ്ഞ് ആരാധിക്കുകയെന്നത്. അവളുടെ കര്‍‌മ്മത്തെക്കാളും ചിന്തയെക്കാളുമൊക്കെ പ്രാധാന്യം അവളുടെ ശരീരത്തിലും ഉടുക്കുന്ന ചേലയിലുമൊക്കെയുള്ള ആലങ്കാരികതയ്ക്കാണെന്ന് കരുതുന്നത്.

സുഭാഷ് ചന്ദ്രന്റേത് രണ്ടാമത്തെ ഗണത്തില്‍ പെടുത്താം. (അദ്ദേഹം വ്യത്യസ്ത സ്വരം കേള്‍‌പ്പിക്കാനുള്ള വ്യഗ്രതയില്‍ പറഞ്ഞതല്ലെന്നു കരുതുന്നു. :))

simy nazareth said...

പണ്ട് ഹിന്ദിപ്രചാരസഭയുടെ ക്ലാസിനു പോവുമ്പോള്‍ ടീച്ചറുടെ ഹാഫ് സാരിയുടുത്ത അനിയത്തിയെക്കാണാന്‍ നല്ല രസമായിരുന്നു..

സ്ത്രീകളും പുരുഷന്മാരും ഒക്കെ അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ. കേരളത്തില്‍ പാവാട / ജീന്‍സ് മോഡലില്‍ പെട്ടെന്ന് ഉടുക്കാന്‍ പറ്റുന്ന തരത്തില്‍ തയ്ച്ച റെഡിമെയ്ഡ് സാരികള്‍ എന്താ ഇറങ്ങാത്തത് എന്ന് വെറുതേ സംശയം വരുന്നു.

രാജ് said...

മെയില്‍ ഷൊവനിസത്തിനു ലോകത്തിലെ മെയിലുകളെ അത്ര തന്നെ മുഖമുണ്ട് പരാജിതനണ്ണാ ;)

സൌന്ദര്യാധനാ എന്ന് ഒഴുക്കന്‍ മട്ടില്‍ വിവാഹിതരും കള്‍ച്ചറലി ഇന്‍ഡ്യൂസ്ഡ് ലിബിഡൊ എന്ന് യുവാക്കളിലും നിരീക്ഷിക്കാന്‍ പറ്റുന്ന ഈ സാരിക്കൊതിയൊന്നും മെയില്‍ ഷൊവനിസത്തില്‍ പെടുത്താന്‍ പറ്റില്ലെന്ന് തോന്നുന്നു.

നാണത്തെ കുറിച്ചുള്ള മലയാളി സങ്കല്പം, സാരിയെ കുറിച്ചുള്ള സെക്ഷ്വല്‍ ഫാന്റസി (സായിപ്പിനിത് ചിലപ്പൊ മിനിയെ കുറിച്ചായിരിക്കും) എന്നിവയെല്ലാം ഒരു ലൈംഗിക-കേളി (ഫോര്‍പ്ലേ) എന്ന മട്ടിലേ കാണേണ്ടതുള്ളൂ. നളന്‍ പറഞ്ഞതു പോലെയാവില്ല നാണത്തില്‍ വിധേയത്വത്തിനേക്കാള്‍ ‘നിന്റെ ലൈംഗികപരാമയ സാന്നിദ്ധ്യം ഞാന്‍ അംഗീകരിക്കുന്നു’ എന്നൊരു അര്‍ഥതലമാണുള്ളതെന്ന് തോന്നുന്നു. സമൂഹത്തിലേയ്ക്കു ലൈംഗിക ചേഷ്ടകള്‍ / പ്രകടനങ്ങള്‍ ഇറങ്ങി വരുന്നതാണോ ഷൊവനിസം? ഷാറൂഖ് ഖാന്റെ ‘പുതിയ’ ത്രീ പാക്ക് ആബ്സ് കണ്ട് വൌ എന്ന് പറയുന്ന പെണ്‍‌കുട്ടികളെയൊക്കെ അപ്പോള്‍ എന്താക്കണം?

സുഭാഷ് പബ്ലിക്കലി അയാളുടെ സെക്ഷ്വല്‍ ഫാന്റസി മേല്പറഞ്ഞ പെണ്‍‌കുട്ടികളെ പോലെ തുറന്നു പറഞ്ഞെന്ന് കരുതി അയാളെ ഒരു ഷൊവനിസ്റ്റ് ആക്കുന്നത് കടന്നകൈയാവും. പരാജിതന്റെ രണ്ടാമത്തെ ഷൊവനിസ്റ്റ് ഡെഫനിഷന്‍ വച്ച് നോക്കുമ്പോള്‍ സുഭാഷിനു അവന്റെ കഥയെ ക്വോട്ട് ചെയ്ത് സാരിയെ കുറിച്ചുള്ള ഫാന്റസി മുഴുമിപ്പിക്കുവാന്‍ ദേശാഭിമാനി സമ്മതിക്കാഞ്ഞതു കാരണം ഷൊവനിസ്റ്റ് ആവേണ്ടി വന്നു എന്ന് കരുതാം.

ഡാലിയുടെ കഥ: സാരി നല്‍കുന്ന സ്വത്വബോധത്തേക്കാള്‍ സാരി നല്‍കുന്ന ഭൌതികസുരക്ഷ (തെറ്റിദ്ധാരണ) മോഹിച്ച് സാരി സ്വീകരിക്കുന്ന കന്യാസ്ത്രീയും, ദേശിയപ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കു ‘പൊതു-ഇടങ്ങളിലുള്ള സ്ത്രീയുടെ’ സ്വത്വബോ‍ധത്തിന്റെ ഒരു ഭാഗമായി മാറിയ സാരിയോട് പുതുതായി മാറിയ കാലഘട്ടത്തിലെ സ്ത്രീയും സംവദിക്കുന്നതില്‍ സ്ത്രീപക്ഷമൊന്നും വായിക്കാനില്ല. അല്ലെങ്കില്‍ തന്നെ അത്തരം ചര്‍ച്ച ഒരു പക്ഷം പിടിക്കേണ്ടതില്ല, കാലം-മാറ്റം എന്നിങ്ങനെ ഒരു ഗ്രാഫില്‍ പ്ലോട്ട് ചെയ്യാന്‍ കഴിയുന്നതേയുള്ളൂ അത്. സാരിയുടെ അസൌകര്യങ്ങളുടെ കൂട്ടത്തില്‍ ആണ്‍-ഒളിച്ചുനോട്ടം ഉള്‍പ്പെടുത്തുമ്പോഴും ഡാലിയുടെ കഥ പഴയതു പോലെ തുടരുകയാണ്, വസ്ത്രത്തിനു പരിഹരിക്കുവാന്‍ കഴിയുന്നതാണ് സ്ത്രീ ഒരു സെക്സ് കൊമൊഡിറ്റി എന്ന പുരുഷചിന്താഗതിയെങ്കില്‍ അതെളുപ്പം മാറ്റിയെടുക്കാവുന്ന ഒന്നായേന്നെ, ദൌര്‍ഭാഗ്യത്താല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

അന്ന ബാരറ്റ് എന്ന കന്യാസ്ത്രീയുടെ മനസ്സില്‍ സാരി എന്ന സ്വത്വബോധം പോലും പ്രകടമാണെന്ന് തോന്നുന്നില്ല (കേരളസമൂഹത്തില്‍ സാരി കടന്നു വന്നതുമായി ബന്ധപ്പെട്ടതാവണം ഈ സ്വത്വബോധം, പൊതു ഇടങ്ങളിലേയ്ക്കുള്ള വസ്ത്രം എന്നതാണ് സാരി പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഐഡന്റിറ്റി, മുണ്ടും റൌക്കയും വരാതെ ഇതെങ്ങനെ വന്നു എന്നും അന്വേഷിക്കുന്നത് നല്ലതാണ്.) തദ്ദേശീയര്‍ക്ക് സാരി ധരിച്ചു വരുന്ന ഒരു മഹതിയോടുള്ള മതിപ്പാണോ അന്ന ബാരറ്റിനെ സാരിയിലേയ്ക്കു നീങ്ങുവാന്‍ മോഹിപ്പിക്കുന്നത്? കഥയില്‍ നിന്ന് അങ്ങനെയുള്ള സൂചനകളാണു ലഭിച്ചത്. സാ‍രിയെ കുറിച്ചു സ്വത്വബോധമില്ലാത്ത ഒരാള്‍ സാരിയുടുത്ത് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നയിടത്തു പരാജയപ്പെടുന്ന കഥ സ്ത്രീ-രാഷ്ട്രീയപരമായി പോലും വലിയ പ്രതീക്ഷയ്ക്കു വക നല്‍കുന്നില്ല. കഥയില്‍ സാരിക്കെതിരെ റോസ്‌ലാന്റ് ആവേശം കൊണ്ടത് പുതിയ കാലം ഉണ്ടെന്ന് സാധൂകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ.

എങ്കില്‍, ഒരു സ്കൂള്‍ ടീച്ചര്‍ എന്തിനു സാരിയില്‍ നിന്ന് ഒളിച്ചോടണം? ഒരു രാഷ്ട്രീയ പ്രവര്‍ത്തക (അവര്‍ പിക്കറ്റിങ്ങിനു പോകില്ലെന്നിരിക്കെ) എന്തിനു സാരിയില്‍ നിന്ന് ഒളിച്ചോടണം? ചുരുങ്ങിയത് വസ്ത്രനിര്‍മ്മിതിയിലെ ചിലവു കുറവെങ്കിലും ആ വസ്ത്രത്തിനു കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുണ്ടു്.

പരാജിതന്‍ said...

പെരിങ്ങോടാ,
ലോകത്തുള്ള എല്ലാത്തരം മേല്‍ ഷോവനിസത്തെയും ഈ രണ്ട് കാറ്റഗറിക്കകത്തു കൊണ്ടു വരാവുന്നതേയുള്ളു. അതിനു വെളിയില്‍ പോകുന്ന തരത്തിലുള്ള ഒരൈറ്റം കാണിച്ചു തരാമോ? പലരും കരുതുന്ന പോലെ അതിവൈവിദ്ധ്യമുള്ള താത്വികമാനങ്ങളൊന്നുമുള്ള ഒരു സംഗതിയല്ല ഷോവനിസമെന്നത്. I would always like to call a spade a spade.

സാരിയുടുത്ത അധ്യാപികയെക്കുറിച്ചോ അടിമുടി മറച്ചു നില്ക്കുന്ന കന്യാസ്ത്രീയെക്കുറിച്ചോ ഒക്കെ ഒരു പുരുഷനു സെക്ഷ്വല്‍ ഫാന്റസി ഉണ്ടാകാം. അത് സ്വാഭാവികവുമാണ്. സുഭാഷ് തന്റെ ഫാന്റസിയെക്കുറിച്ച് പബ്ലിക്കായി പറഞ്ഞതല്ല ഇവിടുത്തെ വിഷയം. അതിന് സാധുത നല്‍കാനായി സാരിയുടുക്കുന്നത് പെണ്ണിന് ഒരു തരത്തിലുമസൌകര്യമാകില്ല എന്നൊക്കെ തട്ടിവിട്ടതാണ്. ‘സിലിക്കണ്‍ മുല’ കണ്ട് ലൈംഗികാനന്ദപരവശനാകുന്ന പുരുഷന്‍ ഇം‌പ്ലാന്റ് വയ്ക്കുന്നതുകൊണ്ട് പെണ്ണിന്റെ ആരോഗ്യത്തിനും മറ്റും യാതൊരു തകരാറുമുണ്ടാകില്ല്ലെന്നു പറയുന്ന പോലെയാണത്. കാഴ്ച സംബന്ധമായ നമ്മുടെ ശീലങ്ങളെ നമുക്ക് ആശ്ലേഷിക്കാം. പക്ഷേ അതിനെ അതിന്റേതായ പരിധിക്കു പുറത്തുകൊണ്ടു പോയി അപ്ലൈ ചെയ്യുമ്പോള്‍ ഒരു കരുതല്‍ വേണം.

ഡാലി said...

പെരിങ്ങോടാ,
കഥ ശരിയായി സംവേദിച്ചില്ലെങ്കില്‍ അതിനൊരു കാരണം എഴുത്തിന്റെ പോരായ്മ തന്നെ. പക്ഷേ സിസ്റ്റര്‍ അന്ന നാട്ടില്‍ വന്നു സാരി തുടര്‍ന്നത് സാരി നല്‍കുന്ന ഭൌതീക സുരക്ഷയോ, തദ്ദേശീയര്‍ക്ക് സാരി ധരിച്ചു വരുന്ന ഒരു മഹതിയോടുള്ള മതിപ്പോ കൊണ്ടല്ല പകരം “സാരിയിലൂടെ തിരിച്ചു കിട്ടാന്‍ പോകുന്ന സ്ത്രീത്വമായിരുന്നു എന്റെ സ്വപ്നം“ എന്ന് കഥയില്‍ തന്നെ വ്യക്തമാക്കിയുട്ടുണ്ടല്ലോ. അന്നയുടെ ഭാഗത്തുനിന്നും സാരിയിലെ സ്ത്രീത്വം എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടും റോസിയുടെ ഭാഗത്ത് നിന്നും സ്ത്രീത്വം എന്നാല്‍ പാരമ്പര്യമൂല്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഒന്നല്ല എന്നുമാണ് പറയിച്ചത്. അതില്‍ ഒരു സ്ത്രീപക്ഷത്തില്‍ ചായ്‌വുള്ള സമൂഹരാഷ്ട്രീയം തന്നെയാണ് വായിക്കേണ്ടത്.

നാണത്തില്‍ “നിന്റെ ലൈംഗികപരാമയ സാന്നിദ്ധ്യം ഞാന്‍ അംഗീകരിക്കുന്നു’ എന്നു കണ്ടെത്തിയപ്പോള്‍ നളന്‍ ചോദിച്ച മറ്റൊരു ചോദ്യം വിട്ടുകളഞ്ഞതെന്ത്? നാണം സ്ത്രീയുടെ മാത്രം സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണോ അതോ പുരുഷന്‍ നാണിക്കുമ്പോ‍ള്‍ പുരുഷന്റെ സൌന്ദര്യവും വര്‍ദ്ധിപ്പിക്കുമോ? നാണിക്കുന്ന ഒരു സ്ത്രീയില്‍ കാണുന്നത് പോലെ തന്നെയുള്ള ലൈഗീകപരമായ സാന്നിദ്ധ്യമാണോ ഷാറൂഖ് ഖാന്റെ ‘പുതിയ’ ത്രീ പാക്ക് ആബ്സ് കണ്ട് വൌ എന്ന് പറയുന്ന പെണ്‍‌കുട്ടിയില്‍ ഇന്നത്തെ മലയാളി സമൂഹം കാണുന്നത്?

സുഭാഷ് ചന്ദ്രന്‍ മാത്രമല്ല ‘കായിക രംഗത്തല്ലാതെ’സാരിയുടെ പ്രശ്നങ്ങള്‍ അറിയാത്തത് എന്ന് പെരിങ്ങോടന്റെ ഈ വരി (“ചുരുങ്ങിയത് വസ്ത്രനിര്‍മ്മിതിയിലെ ചിലവു കുറവെങ്കിലും ആ വസ്ത്രത്തിനു കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുണ്ടു്.“) മനസ്സിലാക്കി തരുന്നു. ഏത് രീതിയിലാണ് ഏറ്റവും ചിലവു കുറഞ്ഞ വസ്ത്രം സാരിയാകുന്നത്? (കല്യാണങ്ങള്‍ക്കും മറ്റും സാരിയുണ്ടാക്കുന്ന ചിലവ്, സാരി വാങ്ങി മുടിയുന്ന ഭര്‍ത്താക്കന്മാര്‍ എന്ന ചെല്ല് ഇതൊന്നും അറിയാത്ത മലയാളിയോ! :))

സാരിയില്‍ നിന്നും ഒരു ഒളിച്ചോട്ടമൊന്നും ആരും പറയുന്നില്ല, പക്ഷേ അതിന്റെ സൌന്ദര്യം, കുലീനത, ശാലീനത,അടക്കം, ഒതുക്കം, നാണം... ഒക്കെ വാഴ്ത്തി വാഴ്ത്തി അത് മലയാളി സ്ത്രീയൂടെ പുറത്ത് അടിച്ചേല്‍പ്പിക്കരുത്

രാജ് said...

പരാജിതന്‍,

‘ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല’ എന്നല്ലേ സുഭാഷിന്റെ വരി? അതിലെ ഊഹത്തിന്റെ ഭാഷയാണോ സാരി ഉടുക്കുന്നത് ഒരു തരത്തിലും അസൌകര്യമാവില്ലെന്ന് സുഭാഷ് പറഞ്ഞുവെന്ന് തോന്നിപ്പിക്കുന്നത്?

സുഭാഷിനെ കുറിച്ച് പറഞ്ഞ് വന്നത് ദേശാഭിമാനി മാത്രം വായിച്ചാണെങ്കില്‍ ഷൊവനിസ്റ്റ് എന്ന ലേബല്‍ അവനു ചാര്‍ത്തുവാന്‍ പരാജിതന്റെ രണ്ട് ഷൊവനിസ്റ്റ് ഡെഫനിഷനുകള്‍ മതിയാവും, അത് അങ്ങനെയല്ലെന്ന് സൂചിപ്പിക്കുകയായിരുന്നു ഞാന്‍.

ഡാലി,
പൊതുസ്ഥലത്തു സ്ത്രീസ്വത്വം ഉയര്‍ത്തിക്കാട്ടുന്ന വസ്ത്രം എന്ന സാരിയെ ‘നസ്രാണി എന്നു മുതലാണ് സാരി ധരിക്കുവാന്‍ തുടങ്ങിയതെന്ന’ ചോദ്യത്തിലാഴ്ത്തിയപ്പോള്‍ അന്നയ്ക്കു ന്യായീകരണങ്ങള്‍ ഇല്ലാതിരുന്നതും റോസിക്കു ആ ചോദ്യം ചോദിക്കേണ്ടി വന്നതും സാരിയുടെ സ്വത്വബോധം അറിവില്ലാഞ്ഞാകണം. ഇന്ത്യന്‍ സമൂഹത്തില്‍ സാരി പ്രദര്‍ശിപ്പിക്കുന്നത് ആദ്യത്തെ കമന്റില്‍ എഴുതിയ പോലെ പൊതുയിടത്തിലേയ്ക്കുള്ള വസ്ത്രം എന്നാണ്. സാരി സ്ത്രീത്വത്തിന്റെ പ്രതീകമാണെന്ന് തോന്നിപ്പോകുന്നത് പോലും പൊതുഇടങ്ങളില്‍ അതിനു ലഭിച്ച സ്വീകാര്യതയെ ആണ് സൂചിപ്പിക്കുന്നത്. അതേ സ്വീകാര്യതയെ അല്ലേ അന്ന ആഗ്രഹിച്ചിരിക്കുന്നത്, കന്യാസ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് പൊളിറ്റിക്കലി വേണ്ടതും അതു തന്നെയല്ലേ? തിരിച്ചുകിട്ടുവാന്‍ പോകുന്ന സ്ത്രീത്വം എന്നത് ഒരു വരിയില്‍ മാത്രമേയുള്ളൂ, മറ്റിടത്തു വായിക്കുവാന്‍ കഴിയുന്നത് വേറൊന്നാണ്.

സാരിയുടെ ചിലവിനെ കുറിച്ചു പറയുമ്പോള്‍ എന്തിനാണ് വൈവാഹികം വരെ ഓടിച്ചെല്ലുന്നത്, നൂറു രൂപയ്ക്കും വാങ്ങാന്‍ കിട്ടുന്ന സാരിയുണ്ടല്ലോ.

നളന്റെ ചോദ്യം ഡാലി ആവര്‍ത്തിച്ചതിനെ കുറിച്ച്: നാണമെന്നുമാത്രമല്ല ഓരോ ചേഷ്ടയും മൃഗങ്ങളില്‍ ജെന്‍ഡറുമായി ബന്ധപ്പെട്ടതാണ്, സ്ത്രീയുടെ നാണം തന്നെയാണ് പുരുഷന്റെ നാണം എന്ന്‍ കരുതുന്നതിന്റെ ലോജിക് മനസ്സിലായിട്ടില്ല. സ്ത്രീ കരയുന്നതും പുരുഷന്‍ കരയുന്നത് ഒരേ വികാരബാധയാലാണോ? ഷാറൂഖ് ഖാന്റെ ആബ്സ് കണ്ട് വൌ എന്ന് പറയുന്ന പെണ്‍‌കുട്ടിയെ ഉദാഹരിച്ചത് സമൂഹത്തില്‍ ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുമ്പോഴുണ്ടായിരുന്ന മറകള്‍ അഴിഞ്ഞുപോകുന്നതിനെ കുറിച്ചാണ്. സുഭാഷിന്റെ വെളിപ്പെടുത്തലിനും ആ പ്രാധാന്യമേ നല്‍കേണ്ടതുള്ളൂ, അത് ഷൊവനിസത്തിന്റെ വ്യാഖ്യാനവുമല്ല.

സാരിയേക്കാള്‍ സെക്സിയാണ് മുണ്ടും ചട്ടയും എന്ന് കരുതുന്നവരുണ്ട്, ആ വേഷത്തിന്റെ കുലീനതയും പാരമ്പര്യവും ഡാലി പറഞ്ഞ മറ്റു വിശേഷണങ്ങളും ചേര്‍ത്ത് മുണ്ടും ചട്ടയും ഉടുക്കണമെന്ന് ആരും പറയാത്തതെന്താണ്? സാമൂഹികസ്വത്വബോധം സാരിയേക്കാള്‍ ഉള്‍ക്കൊള്ളുന്ന വേറെ വസ്ത്രം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇല്ലാതിരിക്കുന്നതുകൊണ്ടാണത്.

സാരി നിര്‍ബന്ധിക്കണമെന്ന് ചുരുങ്ങിയത് ഈ ചര്‍ച്ചയിലെ മുഖ്യ ഡയലോഗിന്റെ ഉടമസ്ഥന്‍ സുഭാഷും പറഞ്ഞു കാണുന്നില്ല. സാരി നിര്‍ബന്ധിക്കുന്ന ആരെങ്കിലും അതിന്റെ സെക്ഷ്വാലിറ്റിയെ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ തല്ലുകൊള്ളാഞ്ഞിട്ടാണ് ;) അതേ സമയം പരുത്തിവസ്ത്രം (ഖദര്‍) എന്ന സ്വത്വബോധം പോലെ സാരിയെ സ്വീകരിക്കുന്നവര്‍ നേരിടുന്ന കാമ്പില്ലാത്ത ചോദ്യമാണ് റോസി ചോദിക്കുന്നതും ;) സമയവും സൌകര്യവും ആധുനികതയും എളുപ്പം തീറെടുക്കുന്ന ഒന്നല്ലല്ലൊ സ്വത്വബോധം.

ഡാലി said...

പെരിങ്ങോടന്‍,
ഹിന്ദി രാഷ്ട്രഭാഷയാണ് എന്ന് ഒന്നാംക്ലാസ്സ് മുതല്‍ പഠിച്ചാലും ഹിന്ദി വെറുക്കുന്നവരുണ്ട്. സാരിയാണ് ഇന്ത്യന്‍ സ്ത്രീയുടെ സ്വത്വബോധം എന്ന് പറഞ്ഞ് പഠിപ്പിച്ചാലും എഴുതിപഠിപ്പിച്ചാലും അത് മനസ്സില്‍ പ്രതിഷ്ഠിക്കാത്തവരുണ്ടാകാം. അതില്‍ ഒരാളാണ് റോസി.അതായത് സ്വത്വബോധത്തിന്റെ അറിവ് കുറവല്ല റോസിയെകൊണ്ട് ചോദ്യം ചോദിപ്പിക്കുന്നത്. അതുപോലെ എന്താണ് സാരി തരുന്നതെന്തെന്നറിയാതെ (ഇന്ത്യന്‍) സ്ത്രീത്വത്തിന്റെ പ്രതീകം ആണ് സാരി എന്ന് കരുതുന്നവരുണ്ടാകാം അതിലൊരാണ് അന്ന. ഒരു സ്ഥലത്തു മനസ്സ് സ്ഥിരപ്പെടുത്തി ഇട്ട ആളല്ല അന്ന. ആ മനസ്സില്‍ ശാന്തതയേയില്ല. ആദ്യം സാരി എന്തായിരുന്നുവോ അതിനായിരുന്നില്ല സാരിയ്ക്ക് വേണ്ടി അവര്‍ വാദിച്ചത്. സാധരണ സ്ത്രീയകാം എന്നു മോഹിച്ച് തന്നെ ആയിരുന്നു. അതു നടക്കില്ല എന്ന് റോസി പറയുന്നുമുണ്ട്. സാരി ഉടുത്തത് കൊണ്ട് മാത്രമൊരു സാധാരണ സ്ത്രീ ആകാന്‍ തനിക്കാകില്ലെന്ന് അന്നയ്ക്കു കൂടെ ബോധ്യമായപ്പോഴാണ് അവര്‍ സാരി ഉപേക്ഷിക്കുന്നത്.കഥയുടെ അവസാന ഭാഗത്ത് ഇത് മാത്രമാണ് പറയുന്നത്. അതായത് സ്ത്രിത്വം കിട്ടും എന്ന ധാരണയില്‍ ആണ് അന്ന സാരി ഉടുത്തത്. അതുകൊണ്ടാണ് അന്ന മറുപടി പറയാത്തത്, അവിടേയും സാരിയുടെ ദേശ,ഭാഷ, മത തുടങ്ങിയ പ്രാധാന്യങ്ങളൊന്നും വരുന്നില്ല.

‍ നസ്രാണി മാത്രമല്ല, മൊത്തം കേരളീയര്‍ ഒന്നടങ്കം സാരി ധരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാ‍ലമായില്ല. ഒരു വസ്ത്രത്തില്‍ നിന്ന് കൂടുതല്‍ കംഫര്‍ട്ട് തരുന്ന മറ്റൊരു വസ്തം. അത്തരം പരിണാമങ്ങളാണ് മുണ്ടും ചട്ടയും, മുണ്ടും നേരിയതും ഒക്കെ മാറ്റി സാരിയുടുക്കാന്‍ പ്രേരിപ്പിച്ചത്. അല്ലാതെ ഗ്രാമ ഗ്രാമാന്തരം സാമൂഹിക സ്വത്വബോധം ഉണ്ടായതു കൊണ്ടല്ല. (ഇപ്പോള്‍ സാരി വേണ്ടാ എന്ന് ഒരു ബോധം ഉണ്ടാകുന്നെങ്കില്‍ അതിനു കാരണവും ചുരിദാര്‍, അല്ലെങ്കില്‍ മറ്റൊരു വസ്ത്രം തരുന്ന കംഫര്‍ട്ട് ആണ്)

ചുരുങ്ങിയത് വസ്ത്രനിര്‍മ്മിതിയിലെ ചിലവു കുറവെങ്കിലും ആ വസ്ത്രത്തിനു കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുണ്ടു്.
വസ്ത്രനിര്‍മ്മിതിയിലെ ചിലവുകുറയ്ക്കലിനു മറുപടി പറഞ്ഞതാണ്. 100 രൂപയ്ക്ക് ഒരു സാരി കിട്ടുമെങ്കില്‍ 100 രൂപയ്ക്ക് ചുരിദാറും കിട്ടുമെന്നോര്‍ക്കണം. സാരിയുടെ കൂടെ ഒരു ബ്ലൌസ് കൂടെ വേണ്ടി വരും

സ്ത്രീകള്‍ നാണിക്കുന്നതെപ്പോഴും അവളുടെ ലൈംഗികപരമായ സാന്നിദ്ധ്യം പുരുഷന്‍ അംഗീകരിക്കുന്നു എന്ന് പറയുന്നിടത്താണ് പെരിങ്ങോടാ നളന്റെ രണ്ടാമത്തെ ചോദ്യത്തിന്റെ പ്രസക്തി വരുന്നത്. നാണിക്കുന്ന സ്ത്രീയല്ലല്ലോ, അത് കാണുന്ന പുരുഷനല്ലേ പറയുന്നത് നീ നാണിക്കൂ അപ്പോഴാണു നിന്റെ ലൈംഗികപരമായ സാന്നിദ്ധ്യം അവന്‍ കാണുന്നതെന്ന്.നാണത്തിനു പുരുഷന്‍ കൊടുക്കുന്ന നിര്‍വചനവും അത് തുടര്‍ന്ന് കൊണ്ടേയിരിക്കൂ എന്ന് പറയുകയും ചെയ്യുന്നിടത്താണ് രണ്ടാമത്തെ ചോദ്യവും മൂന്നാമത്തെ ചോദ്യവും വരുന്നത്. അങ്ങനെ ചോദിക്കുബോഴാണ് വിഷ്ണു മാഷ് ഇതിനു ശേഷം ഇട്ട പോലത്തെ പോസ്റ്റുകള്‍ വരുന്നത്. പുരുഷനിര്‍മ്മിത സ്ത്രീയില്‍ തന്നെ ചുറ്റികെട്ടാനുള്ള താല്പര്യം.

സാരി നിര്‍ബന്ധിച്ചു എന്ന സുഭാഷ് ചന്ദ്രന്‍ പറഞ്ഞതിനല്ലല്ലോ പകരം എന്തിനു സാരിയില്‍ നിന്ന് ഒളിച്ചോടണം എന്ന പെരിങ്ങോടന്റെ ചോദ്യത്തിനാണല്ലോ ഒളിച്ചോടുന്നില്ല എന്ന ഉത്തരം പറഞ്ഞത്, അത് സുഭാഷിന്റെ മുകളില്‍ കെട്ടിവയ്ക്കണ്ട. “ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല.“ എന്ന സുഭാഷിന്റെ വിചിത്രമായ സാമാന്യവത്കരണമാണ് എതിര്‍പ്പിനു കാരണം. അതിനെ ഊഹത്തിന്റെ ഭാഷ എന്നൊക്കെ പറയാന്‍ രസണ്ട്, പക്ഷേ കണ്‍‌മുന്‍പിലുള്ള സംഗതിയെ അങ്ങനെ ഊഹിക്കുകയൊന്നും വേണ്ടാ, കണ്ണുതുറന്ന് നോക്കിയാല്‍ മതി. സ്കൂളുകളില്‍ അധ്യാപികമാരുടെ സാരിത്തലപ്പ് സ്വന്തം ദേഹത്ത് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു പോലും മുതിര്‍ന്ന ആണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറുണ്ട് എന്നു സമ്മതിക്കുന്ന സുഭാഷ് ചന്ദ്രനു തന്റെ വിദ്യാര്‍ത്ഥിയുടെ അനുഭൂതിയെ കുറിച്ച് മനസ്സിലക്കുമ്പോഴുള്ള ഒരു അദ്ധ്യാപികയുടെ സാരിയുടുക്കുമ്പോഴുള്ള അസൌകര്യം മനസ്സിലായില്ല, അവിടെ ഊഹമാണ് എന്നൊക്ക കരുതുക വിഡ്ഡിത്തല്ലേ.

സമയവും സൌകര്യവും ആധുനികതയും എളുപ്പം തീറെടുക്കുന്ന ഒന്നല്ലല്ലൊ സ്വത്വബോധം. അതുശരിയാണ് കൂടെ ആദ്യം പറഞ്ഞതും എത്ര എഴുതിയാലും പഠിപ്പിച്ചാലും ഉണ്ടാവണതും അല്ല. സ്ത്രീയ്ക്ക് കംഫര്‍ട്ട് കൊടുക്കുന്ന വസ്ത്രം അവള്‍ ധരിക്കട്ടെ. അതില്‍ സ്വത്വബോധത്തിനൊന്നും വലിയ പ്രാധ്യാന്യമില്ല.

പരാജിതന്‍ said...
This comment has been removed by the author.
പരാജിതന്‍ said...

പെരിങ്ങോടാ,

സുഭാഷിനെ കുറിച്ച് പറഞ്ഞ് വന്നത് ദേശാഭിമാനി മാത്രം വായിച്ചാണെങ്കില്‍ ഷൊവനിസ്റ്റ് എന്ന ലേബല്‍ അവനു ചാര്‍ത്തുവാന്‍ പരാജിതന്റെ രണ്ട് ഷൊവനിസ്റ്റ് ഡെഫനിഷനുകള്‍ മതിയാവും, അത് അങ്ങനെയല്ലെന്ന് സൂചിപ്പിക്കുകയായിരുന്നു ഞാന്‍.

പിന്നെങ്ങനെയാണ്‌?

സുഭാഷ്‌ ചന്ദ്രന്‌ മേയ്‌ല്‍ ഷോവനിസ്റ്റിന്റെ ലേബല്‍ ചാര്‍ത്തിക്കൊടുക്കാന്‍, സത്യത്തില്‍ അയാളുടെ ഈ കവിത വായിച്ചയാളെന്ന നിലയ്ക്ക്‌ എനിക്ക്‌ യാതൊരു താല്‌പര്യവുമില്ല. എന്നാല്‍ ഉള്ളിലുള്ള ചില ഷോവനിസ്റ്റ്‌ എലിമെന്റുകള്‍ പുറത്തേയ്ക്ക്‌ തൂകുന്നത്‌ കാണുമ്പോള്‍, സ്വന്തം ഉള്ളിലുള്ള അത്തരം ഘടകങ്ങളെ മനസ്സിലാക്കാന്‍ നിരന്തരം ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക്‌, അത്‌ ചൂണ്ടിക്കാണിക്കണമെന്ന് തോന്നി. അത്രേയുള്ളു കാര്യം.

വിഷ്ണു ഇവിടെ സുഭാഷ്‌ ചന്ദ്രന്റെ ഡയലോഗ്‌ ആയി പോസ്റ്റിയിരിക്കുന്നതിലെ അവസാനഖണ്ഡിക മുഴുവന്‍ നോക്കൂ. സാരി അഴിക്കുന്നതിന്റെ ദൃശ്യരതിയെപ്പറ്റി തുടങ്ങി പുരാണത്തിലെ കുപ്രസിദ്ധമായ ചേലയുരിയല്‍ സംഭവത്തിലേക്കൊക്കെ ഓടിക്കയറുന്ന പരാമര്‍ശത്തില്‍ നിന്ന് പെരിങ്ങോടന്‍ എന്താണ്‌ വായിച്ചെടുത്തത്‌? ദ്രൗപതി ജീന്‍സാണിട്ടിരുന്നതെങ്കില്‍ ലവന്‍ അത്‌ വലിച്ചൂരുകില്ലാരുന്നോ? പെണ്ണിന്റെ ജീന്‍സ്‌ ബലമായി അഴിച്ചെടുക്കുന്നതിന്റെ ഹരത്തെപ്പറ്റി ഒരു മധുരമനോഹരകാവ്യാത്മകവര്‍ണ്ണന നടത്തിയാല്‍ സുഭാഷിന്റെ സാരിയുരിയല്‍ തിയറിയ്ക്ക്‌ മറുപടിയാകുമോ? അപ്പോള്‍ പുരുഷനില്‍ ഉറങ്ങിയും ഉണര്‍ന്നും കിടക്കുന്ന സാരി അഡിക്ഷന്‍, അതുടുപ്പിക്കാനും ഉടുത്തു കാണാനും അഴിക്കാനുമൊക്കെയുള്ള അദമ്യമായ വാഞ്ഛ, അതു മാത്രമാണ്‌ പ്രതി. അല്ലാതെ, പെണ്ണിന്റെ ഉടുതുണി വലിച്ചൂരി അപമാനിച്ച് രസിക്കണമെന്നുള്ള അധമവിചാരമല്ല! എന്തൊരു സൗന്ദര്യാരാധന!! (ഇത്‌ പറയണ്ട എന്നു കരുതിയതാ, സുഭാഷ്‌ എന്ന എഴുത്തുകാരനോടുള്ള ആദരവ്‌ കൊണ്ട്‌.)

അപ്പോള്‍, സാരിയുടെ സാധ്യതകളെയും കലാത്മകതയെയുമൊക്കെപ്പറ്റി വാചാലനാകുന്ന സുഭാഷ്‌, സാരിയുടുത്ത്‌ പണിയ്ക്കു പോകുന്ന പെണ്ണിന്റെ കാര്യം വന്നപ്പോള്‍ മയോപ്പിയയുള്ളവനായി മാറിയതെന്തേ? ഉള്ളിലെവിടെയോ അടയിരിക്കുന്ന ഷോവനിസത്തിന്റെ ഇഫക്ട്‌ എന്ന് എന്റെ ഉത്തരം. അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞതും.

Inji Pennu said...

പരാജിതന്റെ ലാസ്റ്റ് കമന്റിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. സാരിക്ക് പകരം ഇവിടെ സുഭാഷ് എഴുതിയിരിക്കുന്നത് പര്‍ദ്ദ എന്ന് ഞാന്‍ വായിച്ച് നോക്കി. എനിക്കപ്പോള്‍ തന്നെ ശക്തിയായ അറപ്പ് വന്നു. എങ്ങിനെ പര്‍ദ്ദയെ ഒരാള്‍ക്ക് നല്ല വസ്ത്രമായി സാധൂകരിക്കാം എന്ന് അതിശയം തോന്നിയിട്ടുണ്ട്. സ്വയം പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളുണ്ട്, അതൊരു തരം സ്റ്റോക്ക് ഹോം സിണ്ട്രോം പോലെ തോന്നിയിട്ടുമുണ്ട്.
അതുപോലെയൊരു സ്റ്റോക്ക് ഹോം സിണ്ട്രോമാണ് സാരിയെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നു.
പര്‍ദ്ദയിട്ട സ്ത്രീയുടെ പര്‍ദ്ദ അവള്‍ അഴിക്കുമ്പോള്‍ എന്ന് സുബാഷ് എഴുതുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പര്‍ദ്ദ ഇട്ടതുകൊണ്ട് കായികതാരങ്ങള്‍ക്ക് അല്ലാതെ ബുദ്ധിമുട്ടുകള്‍ ഇല്ലായെന്നും. അത്രകണ്ട് സാരിയെ നമ്മള്‍ ഫിക്സ് ചെയ്തു വെച്ചിരിക്കുന്നു സ്ത്രീ ശരീരത്തില്‍. ഇത് സൌന്ദര്യാരാധനയല്ല, മറിച്ച് തികഞ്ഞ ഷോവനിസം തന്നെയാണ്.

സാരി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച ഒരു വസ്ത്രമെന്ന് ഞാന്‍ കരുതുന്നതിന്റെ കാരണങ്ങള്‍ വേറെയാണ്. ഇന്ത്യന്‍ സ്ത്രീകളുടെ ബോഡി structureനെ നന്നായി ഡിഫൈന്‍ ചെയ്യുന്ന ഒന്നാണ് സാരി. ഇത് ഫാഷന്‍ രംഗത്തുള്ള വെസ്റ്റേണ്‍ ആളുകള്‍ പോലും പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മദാമ്മകള്‍ സാരിയുടുത്ത് കണ്ടിണ്ടോ? ഭയങ്കര ബോറാണ്, അവര്‍ക്ക് ചേരുന്ന വസ്ത്രം ഷോട്ട് സ്കേര്‍ട്ട് പോലെയാണ് എനിക്ക് സാരി. അത്രമാത്രമേയുള്ളൂ എന്റെ സാരി ഇഷ്ടം. എനിക്ക് ഏറ്റവും ഭംഗിയായി എന്നെ തോന്നുന്ന വസ്ത്രം എന്നതുകൊണ്ട് മാത്രം.

ഗുപ്തന്‍ said...

ഇവിടെ എന്തു കമന്റണമെന്ന് അറിയാന്‍ പാടില്ലാരുന്നേയ്. ഇന്നാണ് ഈ വീഡിയോ (http://www.youtube.com/watch?v=dvNRx67-314) കണ്ടത്. ഇപ്പോഴേ മനസ്സിലായുള്ളൂ സുഭാഷ്ചന്‍ദ്രന്‍ പറഞ്ഞ ക്രൈറ്റീരിയ വച്ച് ഞാന്‍ എഴുതിയിരുന്നേല്‍ പെണ്ണൂങ്ങള്‍ക്ക് നല്ലത് കൈലിയും ബ്ലൗസും ആണെന്ന് എഴുതിയിരുന്നേനേന്ന്.

ഒരു തോര്‍ത്തുകൂടെ ഉണ്ടങ്കില്‍ ശാലീന സൗന്ദര്യം ആയി. മൊത്തത്തില്‍ ഒരു സൗകര്യം ; കാലാവസ്ഥക്ക് അനുയോജ്യം അങ്ങനെ മേന്മകള്‍ വേറേം ഉണ്ട്. പിന്നെ സൗന്ദരയ്ത്തിന്റെ കാര്യം. കൈലീം ബ്ലൗസും ഇട്ട് ആ സുമലതയെ കാണാന്‍ എന്താ ഒരു കളറ്!!! ന്റ ഭഗവതീ...

umbachy said...

കുറേ മുമ്പ്
രാമചന്ദ്ര ഗുഹ ഹിന്ദുവില്‍
എഴുതിയ ഒരു ലേഖനം വായിച്ചിരുന്നു.
ഇസ്ലാമിക് സല്‍വാറും ഹിന്ദുസാരിയും, അന്നു തുടങ്ങിയ കുറേ മുട്ടലുകള്‍ക്ക് ഇവിടെ ഉത്തരം ക്ട്ടി.
ദുബായില്‍ വന്ന ഉടനെ
ഒരു വെള്ളിയാഴ്ച ഖലീജ് ടൈംസ് വാങ്ങി.
അന്നത്തെ സപ്ലിമെന്‍റില്‍
ശശി തരൂറിന്‍റെ
എഴുത്ത്, സാരി തന്നെ വിഷയം.
ഇതൊക്കെ വായിച്ചപ്പോള്‍ ഒരു പുതിയ പ്രഷ്നം.
മുമ്പ് സാരിയുടുത്തതിന്‍റെ
പേരില്‍ ചീത്ത കേട്ട
അവരിപ്പോള്‍ സാരി ഉടുക്കുന്നേയില്ല.
നമ്മുടെ അങ്ങേതിലെ ബേനസീറില്ലേ അവള്‍...

jinsbond007 said...

ഇവിടെയും അപ്പുറത്തുമായിക്കിടക്കുന്ന എല്ലാ കമന്റുകളും വായിക്കണമെന്നുണ്ട്, സമയം അനുവദിക്കുന്നില്ല. എനിക്കു പെങ്കുട്ട്യോള്‍ സാരി ഉടുത്താലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം, ഉടുക്കാനും നോക്കാനും അറിയുമെങ്കില്‍ മാത്രം ഉടുക്കുക. പിന്നെ ഇവിടെ പറഞ്ഞ പോലെ മാത്രമുള്ള ഒരു സ്ഥാനമല്ല സാരിക്കുള്ളത് എന്നു തോന്നുന്നു. ഓണത്തിന് വീട്ടീപ്പോവാന്‍ കഴിയാതിരുന്ന എന്നെ ഒരു അനിയത്തിക്കുട്ടി ഫോണ്‍ വിളിച്ച് പറഞ്ഞു, അവള്‍ സാരിയാണ് ഉടുത്തതെന്ന്, അവള്‍ക്ക് സാരി മുതിര്‍ന്നവരുടെ കൂട്ടത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്, സ്കൂളില്‍ പഠിപ്പിക്കാന്‍ പോയ എന്റെ ക്ലാസ്മേറ്റ് ആദ്യദിവസം ചുരിദാര്‍ ഇട്ടു ചെന്നപ്പോള്‍ കുട്ടികള്‍ക്ക് തമാശ, പിറ്റേന്ന് സാരിയും ഉടുത്ത് ചെന്നപ്പോള്‍ എവിടെനിന്നല്ലാതെ ബഹുമാനം, അവിടെയും സാരി മുതിര്‍ന്ന സ്ത്രീയുടെ പരിവേഷം നല്‍കുന്നു. വെറും അഞ്വരമീറ്റര്‍ തുണിക്ക് ഇത്രയും മാറ്റങ്ങള്‍ മനുഷ്യമനസ്സില്‍ വരുത്താന്‍ കഴിയുമെങ്കില്‍ അത് ചില്ലറയല്ല എന്ന് എന്റെ വിനീത അഭിപ്രായം.

പിന്നെ ഞാന്‍ കണ്ടറിഞ്ഞിടത്തോളം, സാരി സ്ഥിരമായി ഉടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പുതുതലമുറയില്‍ ഇല്ല എന്നു പറയാം, ഒരു സെറിമോണിയല്‍ സ്റ്റാറ്റസ് ആണ് എല്ലാവര്‍ക്കും സാരിയോടുള്ളത്. അത്ര തന്നെ മതി എന്നാണ് എന്റെ അഭിപ്രായവും. പിന്നെ മുണ്ടിന്റെ കാര്യം, സാരി ഉടുത്താലും എക്സിക്യൂട്ടീവ് ലുക്കുണ്ടെന്നാണ് വിദഗ്ദനിരിക്ഷണം, മുണ്ടിനതില്ലെങ്കില്‍ ഞങ്ങള്‍ പാവം പുരുഷപ്രജകളെന്തു പിഴച്ചു. ഇപ്പോഴും തരം കിട്ടിയാല്‍ മുണ്ടുടുത്തുതന്നെ ഞാന്‍ ജോലിക്ക് പോകാറുമുണ്ട്. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ് ഞാന്‍ എന്നു കൂടി പറഞ്ഞോട്ടെ!

കണ്ണൂസ്‌ said...

സാരി എപ്പോഴാണാവോ ഭാരതത്തിന്റെ ഔദ്യോഗിക സ്ത്രീ വേഷമായത്? ഇന്നും തെക്കേ ഇന്ത്യയിലും ബംഗാളിലും മാത്രമേ ഒരു ദൈനം ദിന വേഷമായി സാരി പ്രചാരത്തിലുള്ളൂ എന്ന് തോന്നുന്നു. ഇത് തന്നെ ഒരു 1920-n~ ശേഷം വന്നതാവാനാണു വഴി.

സാരി ഉടുക്കുന്നതിന്റേയും അഴിക്കുന്നതിന്റേയും സൗന്ദര്യബോധവും എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ നോക്കിയിട്ട് ഇത്ര വൃത്തികെട്ട വേറെ രണ്ടു വേഷങ്ങള്‍ (സ്ത്രീകള്‍ക്ക്) അബായയും മാക്സി എന്ന ഓമനപ്പേരിലുള്ള നിശാവസ്ത്രവും മാത്രമാണ്‌.

എന്നാലും ആണുങ്ങളെപ്പോലെയല്ല പെണ്ണുങ്ങള്‍. വിവിധ തരത്തിലുള്ള ഏതു വസ്ത്രവും ഒരു സൗകര്യവും നോക്കാതെ ധരിക്കാന്‍ അവര്‍ തയ്യാറാവും. " നീ ഇത് ധരിച്ചാല്‍ മതി" എന്ന് ഒരു ആണും പറയാതിരുന്നാല്‍ മതി. :-)

Vanaja said...

ഇതിപ്പോഴാണ് കാണുന്നത്.

എന്തിനാണ്‍` സ്ത്രീകളുടെ മാത്രം വസ്തധാരണ രീതികളെ കുറിച്ച് ഇത്രയധികം ചര്‍ച്ച്യെന്നു മനസ്സിലാവുന്നില്ല. ഏതു വസ്ത്രവും മാന്യമായും അല്ലാതെയും ധരിക്കാം. കഴിഞ ദിവസം ഒരുവന്‍ അരഭാഗത്തിനും താഴെയായി പാന്റിട്ടിരുക്കുന്നതു കണ്ടു. ഭയങ്കര സ്റ്റൈലിലാണു പോക്ക്. പക്ഷേ അതിനടിയിലിട്ടിരിക്കുന്ന മുഴിഞു നാറിയ സാധനം മുഴുവന്‍ വെളിയില്‍ കാണാം. ഒന്നു കാര്‍ക്കിച്ചു തുപ്പണമെന്നുണ്ടായിരുന്നു. പക്ഷേ എയ്ര്‍പോട്ടായതു കൊണ്ട് സഹിച്ചു.

ചന്ത്രക്കാറന്‍ said...

"ഭാരതീയരുടെ ഏറ്റവും മികച്ച കലാരൂപങ്ങളില്‍ ഒന്നാണ് സാരി."

എടോ ബുദ്ധിജീവീ, സാരി ഭാരതീയവും കേരളീയവും മാനവീയവും ഒന്നുമല്ല. ഗ്രീക്കാണ്,ഗ്രീക്ക്. ഇയാള് കലിഗുളയെങ്കിലും കണ്ടിട്ടില്ലേ ആവോ.