Coutrtesy:http://www.simondale.net
എങ്ങനെയുണ്ട് ഈ വീട്? വാടക വീട്ടില്‍ താമസിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന അസ്വസ്ഥചിന്ത എന്നെ ബാധിക്കാറുണ്ട്.വീട്ടുടമയുടെ ദുര്‍മുഖം,ചില നീരസങ്ങള്‍ ഇതൊക്കെയാവും അതിലേക്ക് എന്നെ പെട്ടെന്ന് കൊണ്ടെത്തിക്കുന്നത്.എന്നാല്‍ ഇതൊന്നുമില്ലെങ്കില്‍ സ്വന്തമായി ഒരു വീടു വേണമെന്ന ചിന്ത എന്നെ ബാധിക്കാറില്ല.മാത്രമല്ല ഒരു വീടുണ്ടാക്കുന്നതിന് സാമ്പത്തികവും മാനസികവുമായി ഒരുങ്ങാന്‍ എനിക്ക് സഹജമായ മടിയുമുണ്ട്.
അതുകൊണ്ടാവാം എന്റെ മനസ്സില്‍ രണ്ടു വര്‍ഷമായി ഒരു പുതിയ ചിന്ത കടന്നു കൂടിയിരിക്കുന്നു.എന്തിനാണ് സ്വന്തമായി വീട്?ഇവിടെ വള്ളുവനാട്ടില്‍ ഇഷ്ടം പോലെ പഴയ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു.അതില്‍ ഏതെങ്കിലും ഒന്ന് താത്കാലിക താമസത്തിന് ലഭ്യമാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.മാത്രമല്ല ലോണുകളെ കുറിച്ച് ആലോചിക്കേണ്ട.ഇവിടെ ഒഴിഞ്ഞു കിടക്കുന്ന പല വീടുകളും ഇപ്പോഴും താമസയോഗ്യമായവതന്നെയാണ്.ആഡംബര ഭ്രമം മൂത്തു പോയതുകൊണ്ട് പുതിയ ശൈലിയിലുള്ള വീടുകള്‍ ആളുകള്‍ പണിയുന്നു.അതു മിക്കവാറും റോഡു വക്കത്തായിരിക്കും.ഇവിടത്തെ റോഡുകള്‍ അധികവും പാടത്തിനിടയിലൂടെ ആകയാല്‍ പാടം നികത്താതെ റോഡുവക്കത്ത് വീടു വെക്കാന്‍ പറ്റില്ല.
വീടു വെക്കാതിരിക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്.പാടം നികത്തണ്ട,കുന്നിടിക്കണ്ട,മണല്‍ വാരണ്ട...പഴയ വീടുകള്‍ ഉപയോഗശൂന്യമാവുകയുമില്ല. മൃഗങ്ങളും പക്ഷികളുമൊന്നും വീടുവെക്കാന്‍ പ്രകൃതിയെ ഇത്രമാത്രം ദ്രോഹിക്കുകയോ സ്വയം കഷ്ടപ്പെടുകയോ ചെയ്യുന്നില്ല.ചില
പ്രവാസികള്‍ അവരുടെ ആയുസ്സു മുഴുവന്‍ കഷ്ടപ്പെടുന്നത് നാട്ടില്‍ വലിയൊരു കോണ്‍ക്രീറ്റ് കെട്ടിടവും അതിന് ചുറ്റുമതിലും ഉണ്ടാക്കാനാണ്.
ഈ മഴക്കാലത്ത് ഞാന്‍ കണ്ട കാഴ്ച്ചകള്‍ ഭാവിയെക്കുറിച്ച് ആലോചിച്ച് പേടിക്കാന്‍ തക്കതാണ്.പാടത്തുണ്ടാക്കിയ പല വീടുകളും ഒരു മഴപെയ്തപ്പോഴേക്കും വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന അവസ്ഥയിലായി.പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചു പോയി.വെള്ളത്തിന് ഒഴുകാനുള്ള സ്ഥലമില്ല.ഭൂമിയുടെ കിടപ്പ് നോക്കാതെ വീട് വെച്ചു നിറച്ചതിന്റെ പരിണതികള്‍.
അമിതമായ വീടുവെക്കല്‍ ഭ്രമത്തില്‍ നിന്നാണ് മലയാളി ആദ്യം മോചിപ്പിക്കപ്പെടേണ്ടത്.കൂട്ടുകുടുംബവ്യവസ്ഥിതിക്ക് എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ പ്രകൃതിസൌഹൃദപരമായ ഒരു കാഴ്ച്ചപ്പാടുണ്ട്.പ്രകൃതിവിഭവങ്ങളെ ഇത്രയധികം നമുക്ക് ചൂഷണം ചെയ്യേണ്ടി വരുമായിരുന്നില്ല.
ചിത്രത്തിലേക്ക് തിരിച്ചുവരാം.ഒരു കുടുംബം സ്വയം രൂപകല്പന ചെയ്തതാണ് മുകളില്‍ കാണുന്ന വീട്.പ്രകൃതിയെ പിണക്കാതെ എങ്ങനെയാണ് ആ വീട് ഉണ്ടാക്കിയതെന്നും അതിലേക്ക് എത്തിച്ചേരാന്‍ ഇടയായതിനെക്കുറിച്ചും ഇവിടെ വായിക്കാം.അതിലെ അഭിമുഖം,ഉള്‍പേജുകളിലെ മറ്റുചിത്രങ്ങള്‍ എല്ലാം ഒന്ന് കാണുന്നത് നന്നായിരിക്കും.വീടിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് മാറ്റാന്‍ സമയമായിരിക്കുന്നു.
Wednesday, July 04, 2007
സ്വര്‍ഗം പോലൊരു വീട്
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007
Subscribe to:
Post Comments (Atom)
2 comments:
വിഷ്ണു മാഷേ,
നല്ല ഒരു പരിചയപ്പെടുത്തലായി ഇത്. ‘ജൈവഭവനം’ അസ്സലായിരിക്കുന്നു. അതുപോലെ തന്നെ ഇതോടൊപ്പമുള്ള കുറിപ്പും.
ഭൂമിയെ വെട്ടികീറിയും മണ്ണിട്ട് നിറച്ചുമൊക്കെ വീട് വെയ്ക്കുവാന്‍ വെമ്പല്‍കൊള്ളുന്ന നമുക്ക് മഴക്കാലത്ത് പൊങ്ങുന്ന വെള്ളത്തെകുറിച്ചും, ഒലിച്ച് പോകുന്ന റോഡുകളെകുറിച്ചും വേവലാതിപ്പെടാം.മഴവെള്ളം താഴാത്തവിധം കോണ്‍ക്രീറ്റ് ഇട്ട മുറ്റത്ത് നിന്ന് മഴവെള്ള സംഭരണത്തെ കുറിച്ച് ആഹ്വാനം ചെയ്യാം. കുടിവെള്ളമില്ലെങ്കിലും നമുക്ക് കുപ്പിവെള്ളത്തില്‍ ആശ്വസിക്കാം...
ഉപജീവനമെന്ന നിലയില്‍ പലപ്പോഴും മുകളില്‍ പറഞ്ഞതൊക്കെയും ചെയ്യുവാന്‍ നിര്‍ബന്ധിതനായിപ്പോകുന്ന ഒരു ആര്‍ക്കിടെക്റ്റ്, മനസ്സില്‍ മണ്ണിന്റെ മണമുണ്ടെങ്കിലും നിശ്വാസത്തില്‍ സിമന്റിന്റെ ഗുണം, എന്താ ചെയ്ക..!!
എന്റെ സ്വപ്നങ്ങളില്‍ ഇങ്ങനെയൊരു വീടുണ്ട്, ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നം.
Post a Comment