Sunday, May 27, 2007

എവിടെപ്പോയ് മറഞ്ഞവര്‍

രണ്ട് മാസം മുന്പ് പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ അംഗസംഖ്യ 650 നോടടുത്തായിരുന്നു.ഇപ്പോഴത് 788.ബൂലോകം വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്നു.ബൂലോകത്തെ എഴുത്തുകാരെ സംബന്ധിച്ച് ആഹ്ലാദകരമായ കാര്യം തന്നെയാണിത്.പക്ഷേ ഇതില്‍ എത്ര പേര്‍ സജീവമായി ഇവിടെ നില്‍ക്കുന്നുവെന്നതാണ് അന്വേഷിക്കേണ്ട ഒരു കാര്യം. ബ്ലോഗ് റോളില്‍ എത്ര ബ്ലോഗുകള്‍ ഉണ്ടെന്ന് അറിയില്ല. അവയില്‍ ഭൂരിഭാഗം ബ്ലോഗുകളും നിര്‍ജ്ജീവമാണ്.ഞാന്‍ ഒരു വയനാട്ടുകാരനാണെന്ന് അറിയാമല്ലോ. നാട്ടുകാരനായതുകൊണ്ട് ആ പേരില്‍(വയനാടന്‍)ബ്ലോഗ് റോളിലുള്ള രണ്ടു ബ്ലോഗുകളും ഞാനെടുത്തു നോക്കി.രണ്ടും നിര്‍ജ്ജീവമാണ്.വള്ളുവനാടിനെ സംബന്ധിച്ച് ഒരു ബ്ലോഗ് തുടങ്ങണമെന്നു കരുതി. അപ്പോഴാണ് വള്ളുവനാട് എന്ന ബ്ലോഗ് കാണുന്നത്.അതും നിര്‍ജ്ജീവമാണ്.ഇങ്ങനെ എത്രയെത്ര ബ്ലോഗുകള്‍.

ഇതൊന്നുമല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്.2006 സെപ്റ്റംബറിലാണ് ഞാന്‍ ബ്ലോഗിങ് ആരംഭിക്കുന്നത്.ഒരു വര്‍ഷം തികഞ്ഞിട്ടില്ല.അതിനിടയില്‍ വാ‍യിച്ചും കമന്റിട്ടും പിന്മൊഴികളില്‍ കണ്ടും ഒരു പാടു പേരെ അറിഞ്ഞു.ഈ അടുത്ത കാലത്ത് താനാണ് മൈനാഗന്‍ എന്നു ശിവപ്രസാദ് പറയുന്നതു വരെ മൈനാഗന്‍ മറ്റൊരാളാണെന്ന് ഞാന്‍ വിശ്വസിച്ചു.അതുകൊണ്ടു തന്നെ, ഒരേ പേരില്‍ എത്ര പേര്‍ ബ്ലോഗ് ചെയ്യുന്നുണ്ടാവും എന്ന് അറിഞ്ഞാലേ മലയാളം ബ്ലോഗര്‍മാരുടെ എണ്ണം കൃത്യമായി പറയാന്‍ പറ്റൂ. വെറുതേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കൂടെവന്ന ഒരു പാടു പേര്‍ വഴിയിലെവിടെയോ വീണു പോയെന്ന് ഞാന്‍ കണ്ടു.ഒരു പക്ഷേ മറ്റൊരു പേരില്‍ അവര്‍ നമ്മോടൊപ്പമുണ്ടാവാം...

മരിച്ചവരുടെ ഹോം പേജുകള്‍ എന്ന ലതീഷിന്റെ കഥ വായിച്ച ശേഷം ഞാന്‍ മരിച്ചവരുടെ ബ്ലോഗുകളെക്കുറിച്ചും ഓര്‍കൂട് പ്രൊഫൈലുകളെക്കുറിച്ചും ആലോചിച്ചു.ഓര്‍കൂടില്‍ നടന്ന കൊലപാതകം എന്നെ വല്ലാതെ അലോസരപ്പെടുത്തി.അതു സംബന്ധിച്ച് ഹരി ഒരു പോസ്റ്റിട്ടിരുന്നു.അതിനു ചുവട്ടില്‍ ഇതില്‍ എന്താണ് പ്രത്യേകത എന്ന അര്‍ഥത്തില്‍ ഏവൂരാന്റെ ഒരു കമന്റും കണ്ടു.ദൂരെയെവിടെയോ നടക്കുന്ന ഒരു കൊലപാതകം പോലെയല്ല,അയല്പക്കത്തെയോ,എന്റെ വീട്ടില്‍ തന്നെയോ നടന്ന ഒരു കൊലപാതകം പോലെ എനിക്കത് തോന്നിച്ചു.ഇവിടെ ഓര്‍കൂട് കൊലപാതകം നടന്ന ഒരു ഇടമല്ല. ഓര്‍കൂടിലെ രണ്ട് സ്നേഹിതരായിരുന്നു അവര്‍... അതിലൊരാള്‍ മറ്റൊരാളെ കൊന്നു എന്ന് ഞാന്‍ വായിച്ചു... എന്നെ ഒരു കനത്ത ഭയം വന്ന് മൂടി.ഓര്‍കൂടില്‍ ഒപ്പിട്ട് കയറുമ്പോള്‍ എനിക്ക് ഒരാഴ്ച്ചയോളം വല്ലത്തൊരു പേടിയുണ്ടായിരുന്നു.മരിച്ചവളുടെയും കൊന്നവന്റെയും(?) പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചു.അവരുടെ സ്ക്രാപ്പു ബുക്കുകളില്‍ അപരിചിതര്‍ രേഖപ്പെടുത്തിയിരിക്കുന്ന താളുകള്‍ പിന്നോട്ട് പിന്നോട്ട് മറിച്ചു കൊണ്ടിരുന്നു...കൊന്നവന്റെ പ്രൊഫൈലില്‍ കൊച്ചി എന്നും കൂടി കണ്ടതോടെ എന്റെ ഭയം ഇരട്ടിച്ചു.രസകരമായ ഒരു വസ്തുത കൂടി മരിച്ചവള്‍ക്കും കൊന്നവനും വേണ്ടി ഒരു ഓര്‍കൂട് കമ്മ്യൂണിറ്റിയും തുടങ്ങിവെച്ചതുകണ്ടു .ആരാധകര്‍ക്ക് ഇനി അവിടെ അര്‍മാദിക്കാം..

ഈയിടെ ഞാന്‍ ആ പഴയ ബ്ലോഗര്‍മാരെ ഓര്‍ത്തു...?എവിടെയാണ് അവര്‍ പോയ് മറഞ്ഞത്...?ഒരു വാക്കു പോലും പറയാതെ...ആസ്ത്രേലിയയില്‍ നിന്ന് ഓരോചിത്രങ്ങളും അതിനു പറ്റിയ ഒരു കുറുങ്കവിതയുമായി വന്നിരുന്ന തനിമ....,മാഗ്നിഫയര്‍(ഓര്‍മയില്‍ പരാജിതന്‍,അതുല്യേച്ചി,ബൂലോക ക്ലബ്ബ്...സംഭവം ഓര്‍മ).മുരളി വാളൂ‍ര്‍,ശിശു തുടങ്ങിയവരും ഇതേ പോലെ മാഞ്ഞു പോയെന്നാണ് ഞാന്‍ കരുതിയിരുന്നത്.അവര്‍ ഈയിടെ വന്ന് ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് എന്നോട് പറയുകയുണ്ടായി.നവന്‍ എന്ന ബ്ലോഗര്‍ ഇപ്പോള്‍ ഉണ്ടൊ എന്ന് എനിക്കറിയില്ല....കൂമന്‍സ് എന്ന ബ്ലോഗറെ എനിക്കിഷ്ടമായിരുന്നു.നല്ല പോസ്റ്റുകളായിരുന്നു അയാളുടേത്....ഞാന്‍ വന്ന് ഒന്നോ രണ്ടൊ മാസം കഴിഞ്ഞതോടെ കൂമന്‍സിനെ കാണാതായി.മുസാഫിര്‍ എന്ന ബ്ലോഗര്‍ അടുത്തിടെ ഒരു കമന്റിലൂടെ ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ കണ്ടു... പോസ്റ്റുകളിലൂടെയല്ലെങ്കിലും തണുപ്പനെ എപ്പോഴും ഓണ്‍ലൈനായി കാണാറുള്ളതുകൊണ്ട് അയാള്‍ ഇല്ല എന്ന് എനിക്ക് പറയാനാവില്ല.മാത്രമല്ല അടുത്ത ദിവസം ഒരു പോസ്റ്റും വന്നിരുന്നുവെന്ന് തോന്നുന്നു.വീണ എന്നൊരു ബ്ലോഗര്‍ ഉണ്ടായിരുന്നു.നിത്യ എന്ന മറ്റൊരു ബ്ലോഗറും...ഇതൊക്കെ മറ്റു ചിലരുടെ അവതാരങ്ങളാണെന്നും കേള്‍ക്കുന്നുണ്ട്.അവതാരോദ്ദേശ്യം കഴിഞ്ഞതിനാലാവാം അവര്‍ മടങ്ങിപ്പോയത്...അവര്‍ ഇനി തിരിച്ചു വരുമോ...?ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍, പഴയൊരു വിവാദത്തോടെ വിട്ടുപോയ ദ്രൌപതി വര്‍മ എന്ന ബ്ലോഗര്‍ പുതിയൊരു ബ്ലോഗുമായി വന്നതറിഞ്ഞു.പഴയ ദ്രൌപതിയാണോ‍ ഇതെന്ന് ആര്‍ക്കറിയാം...?നിലാവ് എന്ന പേരില്‍ ഒരു ബ്ലോഗര്‍ ഉണ്ടായിരുന്നു...പിന്മൊഴി എന്നും പിന്നീട് ആമി എന്നും പേര് സ്വീകരിച്ച വേറൊരാള്‍ ....എവിടെയോ മറഞ്ഞിരിക്കുന്നു.

ഈ അടുത്ത നാളുകളിലൊന്നില്‍ ഞാന്‍ ആലോചിച്ചു.മരണം എപ്പോഴാണ് വരുന്നതെന്ന് നമുക്ക് പ്രവചിക്കാനാവില്ലല്ലോ.(തീര്‍ച്ചയായും ഒരു സഹതാപ തരംഗം ഉണ്ടാകുക എന്നത് എന്റെ ലക്ഷ്യമല്ല.)ഒരു ദിവസം ഞാനും മരിക്കും.എന്റെ പഴയൊരു ചങ്ങാതി രണ്ടാഴച്ച മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.മരിക്കാന്‍ കഴിഞ്ഞില്ല.പക്ഷേ നഷ്ടപ്പെട്ട ചില ബന്ധങ്ങള്‍ തിരിച്ചു കിട്ടിയത്രേ അവന്)ഇവിടെ വീട്ടില്‍ ആര്‍ക്കും എന്റെ മെയില്‍ തുറക്കാനോ ബ്ലോഗില്‍ കയറാനോ ഉള്ള സാങ്കേതിക ജ്ഞാനം ഇല്ല. പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞിട്ടും പാത്തുമ്മക്കുട്ടിക്ക് അതിലൊന്നും താത്പര്യമില്ല. എന്റെ മരണം എങ്ങനെ നിങ്ങളെ അറിയിക്കുമെന്ന കൌതുകത്തിലായിരുന്നു ഞാന്‍.എന്തിനറിയിക്കുന്നുവെന്നൊക്കെ ചോദിച്ച് എന്നെ വലയ്ക്കല്ലേ... അപ്രസിദ്ധനായതുകൊണ്ട് മാധ്യമങ്ങള്‍ എന്റെ മരണത്തെ കാണുകയില്ല.ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ പാത്തുമ്മക്കുട്ടി പറഞ്ഞു:‘ഞാന്‍ ഹരിക്കു(പാരാജിതന്‍) വിളിക്കും...’(ഹരിയുടെ ഫോണ്‍ നമ്പര്‍ ഇവിടെയുണ്ട്.) പക്ഷേ അപ്പോഴും ഒന്ന് ബാക്കിയുണ്ട്:മരിച്ചവന്റെ ബ്ലോഗിന്റെ പാസ് വേഡ് എങ്ങനെ കണ്ടു പിടിക്കും.അതിലെ ഒരു തെറ്റ് എങ്ങനെ തിരുത്തും...നിങ്ങളുടെ വൈകിവന്ന കമന്റ്റുകള്‍ക്ക് ആരു മറുപടി തരും?ഗൂഗിളമ്മച്ചിക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഇതിനൊക്കെ മറുപടിയുണ്ടാവും...എന്നെപ്പോലെയുള്ള പൊട്ടന്മാരേ ഇങ്ങനെയൊക്കെ ചിന്തിക്കൂ...


ജാമ്യാപേക്ഷ:

1.ഈ പോസ്റ്റിന്റെ അവസാനം എഴിതിയ കാര്യങ്ങള്‍ തീര്‍ത്തും യുക്തിരഹിതമായ കാര്യങ്ങളാണ്. ആയതിനാല്‍ അതിന്റെ മുകളില്‍ കമന്റ് തൊഴിലാളികള്‍ തൂങ്ങരുത്
2.ഈ പോസ്റ്റില്‍ (മറഞ്ഞുപോയി എന്ന് )പറഞ്ഞ ഏതെങ്കിലും ബ്ലോഗര്‍മാര്‍ ഇപ്പോഴും സജീവ ബ്ലോഗര്‍മാരായി തുടരുന്നുണ്ടെങ്കില്‍ ഇതെന്റെ വിവരക്കേടായി മാത്രം കരുതണം.
3.ഓര്‍കൂട് സംഭവത്തിന്റെ നിജസ്ഥിതി എനിക്ക് അറിയില്ല.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്
:ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ആത്മഹത്യാ ശ്രമം നടത്തിയാല്‍ ഞാന്‍ അതില്‍ ഉത്തരവാദി ആയിരിക്കില്ല

നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ചത്ത ബ്ലോഗുകളുകളുടെയും കാണാതെപോയ ബ്ലോഗര്‍മാരുടെയും ഒരു പട്ടികയുണ്ടാക്കൂ.ബൂലോകത്ത് ഒരു പോലീസ് സ്റ്റേഷന്‍ വേണം,കാണാതായവരെക്കുറിച്ച് പരാതിപ്പെടാന്‍...
പിന്നെ ഒരു ശ്മശാനവും.

17 comments:

വിഷ്ണു പ്രസാദ് said...

ബൂലോകത്ത് ഒരു പോലീസ് സ്റ്റേഷന്‍ വേണം,കാണാതായവരെക്കുറിച്ച് പരാതിപ്പെടാന്‍...
പിന്നെ ഒരു ശ്മശാനവും.

sandoz said...

മാഷെ....പോലീസുകാര്‍ നിലവില്‍ ബൂലോഗത്തുണ്ട്.അത് കൊണ്ട് അവറ്ക്ക് ഒരാലയം വേണ്ടത് ആവശ്യമാണ്.തെറ്റ് ചെയ്യുന്ന ബ്ലോഗേഴ്സിനെ കുനിച്ച് നിര്‍ത്തി ഇടിക്കാന്‍ ഒരു ഇരുട്ട് മുറിയും.
പോസ്റ്റ് മോറ്ട്ടത്തില്‍ അഗ്രഗണ്യര്‍ ഇവിടെ തന്നെയുണ്ട്.അത് കൊണ്ട് ഒരു മോറ്ച്ചറീം വേണം.
ശ്മശാനം വേണ്ടാ....മൃതദേഹം വല്ല പുഴയിലും ഒഴുക്കാം.

ഓടൊ:ഒരു ബ്ലോഗര്‍ക്ക് കുറഞത് ഒരാള്‍[മറ്റൊരു ബ്ലോഗര്‍]ആയിട്ടെങ്കിലും വ്യക്തി ബന്ധം സ്ഥാപിക്കേണ്ടത് ആവശ്യം ആണെന്ന് തോന്നുന്നു.
ഒരു സുപ്രഭത്തില്‍ നമ്മളങ് ചത്ത് പോയാല്‍...ദെ ആ പിശാച് തീറ്ന്ന് പൊയെട്ടാ എന്ന് ഇവിടെ വന്ന് വിളിച്ച് പറയാന്‍ ഒരാളെങ്കിലും വേണ്ടേ....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

വിഷ്ണുമാഷിനു ചാത്തന്റെ ആദ്യ കമന്റാ..
നല്ല പോസ്റ്റ്. റിട്ടയര്‍ ചെയ്യുന്നവരും ലീവ് എടുക്കുന്നവരും ഒരു ക്ലബ്ബിലു റിപ്പോര്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും ചുരുങ്ങിയ പക്ഷം അപരന്മാര്‍ ഇറങ്ങുന്നതെങ്കിലും ഒഴിവാക്കാം.

ഓടോ:
സാന്‍ഡോ നീ പേടിക്കേണ്ടാ ഇന്ത്യ മൊത്തം സകല കള്ള്,ചാരായഷോപ്പുകളും ബാറുകളും ഒരു ദിവസം അടഞ്ഞ് കിടക്കുന്നത് കണ്ടാല്‍ ബൂലോഗം ദു:ഖം ആചരിച്ചോളും.

തൊട്ടാവാടി said...

എന്നെയും നിങളുടെ കൂട്ടത്തില്‍ ചേര്‍ക്കുമൊ?????
തൊട്ടാവാടി

Anonymous said...

വളരെ ചിന്തനീയമായ ഒരു കാര്യമാണ്.
രണ്ടു ദിവസം മുമ്പ് ഒരു ബ്ലോഗറുടെ ബന്ധുവീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ഞാന്‍ ആലോചിച്ചു’ ഈ പോകുന്ന പോക്കില്‍ ഏതെങ്കിലും വണ്ടി എന്നെ അവസാനിപ്പിച്ചുവെങ്കില്‍ ബൂലോകം എങ്ങിനെ അറിയും” എന്ന്. അറിഞ്ഞിട്ടും വല്യ വിശേഷമുണ്ടായിട്ടല്ല. എങ്കിലും ആ ചോദ്യം വിഷ്ണുമാഷും ചോദിച്ചപ്പോള്‍ വളരെ പ്രസക്തമാണെന്ന് എനിക്കും തോന്നി.

ഒരു പോലീസ്റ്റേഷനും കുറച്ച് പോലീസുകാരും അവര്‍ക്ക് കൂട്ടിരിക്കാന്‍ ഒന്നോ രണ്ടൊ വനിതാ പോലീസുകാരും!!

പോയ് മറഞ്ഞവരെ കുറിച്ച് ആരും വേവലാതി പ്പെടാത്തതിനാലാണ് ഞാന്‍ ഒരുകവിതയില്‍ അവരെ ബ്ലോഗ് പൂട്ടി സീല് വച്ച് പോയവര്‍ എന്ന് ഞാന്‍ സംബോധന ചെയ്തത്.

ആഷ | Asha said...

ഇടയ്ക്കെപ്പഴോ എന്റെ ചിന്തയിലും വന്നൊരു കാര്യാണ് മാഷേ ഇത്. പ്രത്യേകിച്ചും മറഞ്ഞിരുന്നെഴുതുന്നവരെ കുറിച്ച്.
ഇതിപ്പോ എന്താ ചെയ്ക?

ദേവന്‍ said...

പോകുന്നവര്‍ എങ്ങോട്ടു പോയെന്നു തിരക്കുമോന്നോ? നല്ല കഥ. പോകാന്‍ ചാന്‍സ് ഉണ്ടെന്നു പറഞ്ഞാല്‍ മതി, അടിച്ചോടിച്ചു വിടും ബൂലോഗം. പ്രതിഭ മരണമൊഴി എന്ന ഒരാഴ്ച്ച മാത്രം ആയുസ്സുണ്ടായിരുന്ന ഈ ബ്ലോഗ് കണ്ടിട്ടില്ലേ? .

മൊത്തം വായിച്ചു മിനക്കെടണമെന്നില്ല, സ്വാഭാവികമരണം ഉണ്ടാവേണ്ട ഒരു ബ്ലോഗിനു ബൂലോഗം സമ്മാനിച്ച ദയാവധം അറിയാന്‍ അതിന്റെ കമന്റുകള്‍ മാത്രം കണ്ടാല്‍ മതി.

അഭയാര്‍ത്ഥി said...

ബ്ലോഗായാലും എന്തായാലും അംഗീകാരം കിട്ടുക എന്നതാണ്‌ അടിസ്ഥാന മനുഷ്യന്റെ ആഗ്രഹം.

അത്‌ ലഭിക്കാതെ വരുമ്പോള്‍ വെള്ളത്തില്‍ പടം വരച്ച്‌ കളീക്കാന്‍ അധിക നേരമാര്‍ക്കും പറ്റില്ല . അവര്‍ വണ്ടി വിടും.

മരണമൊഴി, മറിയം, ഷേര്‍ലക്‌ എന്നിവര്‍ ഇതിനപവാദം. വ്യക്തിഗതമായ കാരണങ്ങളായിരിക്കണം ഇവരുടെ അസാന്നിദ്ധ്യത്തിന്ന്‌ കാരണം.. എന്റെ അറിവില്‍ മുഖ്യ്ധാരയില്‍ അംഗീകരിക്കപ്പെട്ട എഴുത്തുകാരും ഇടക്കിടെ പല പേരില്‍ ഇവിടെ മുഖം കാട്ടുന്നു. നാമവരെ തിരിച്ചറിയില്ല. അവരുടെ ബ്ലോഗിനെ ഒന്നുകില്‍ അവഗണിച്ചിടുന്ന ശവപ്പറമ്പാക്കും.

ഇനി അവര്‍ മുഖം മൂടികളില്ലാതെ വന്നാല്‍ ....
കുമാരനാശനെ വീണപൂവെന്നെഴുതരുത്‌ , കാരണം വീണ ഒരു വാദ്യോപകരണമാണെന്ന്‌ പറഞ്ഞു കൊടുക്കും. പിന്നെ അവരിവിടെ നില്‍ക്കില്ല.

ബെന്യാമിനെപ്പോലെ നല്ല മലയാളമെഴുതുന്ന പ്രഗല്‍ഭരിവിടെയുണ്ട്‌.
വേണ്ട രീതിയില്‍ നാമവരെ വായിക്കില്ല.
പെരിങ്ങോടനുണ്ട്‌ , ഏവൂരാനുണ്ട്‌, സംകുചിതനുണ്ട്‌.
ഇവരെയൊക്കെ നാം ശരിയായി വായിക്കുന്നുണ്ടോ?

കമെന്റുകളില്‍ അധികവും വ്യക്തി ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കണ്ടുവരുന്നത്‌. നന്നായിരിക്കുന്നു. മുമ്പത്തേതിനേക്കാള്‍....
സ്മെയിലി. തീര്‍ന്നു.

നല്ല ബ്ലോഗെഴുത്തുകാരനേക്കാള്‍ ആവശ്യം നല്ല ബ്ലോഗ്‌ വായനക്കാരേയാണ്‌.
നല്ല എഴുത്തുകാരെ നമുക്ക്‌ നഷ്ടപ്പെടരുതെന്ന അവബോധമുള്ള.

Anonymous said...

ഗന്ധര്‍വ്വന്‍ റെ വളരെ നല്ല ഒരു പോയന്‍ റില്‍ ഞാന്‍ കയറി തൂങ്ങുന്നു.
‘നല്ല ബ്ലോഗ് വായനക്കാരാണ് നമുക്കാവശ്യം.’
തീര്‍ച്ചയായും വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്.
നല്ല വായനക്കാരെ ബൂലോക എഴുത്തുകാര്‍ തേടി പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ബഹറിനില്‍ ഞങ്ങള്‍ അതിനൊരു ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒരു എഴുത്ത് സമൂഹം പോലെ നല്ല വായനക്കാരില്ലെങ്കില്‍ ഇതിനൊന്നും ഒരു പ്രസക്തിയും ഇല്ല.
കൂടുതല്‍ വായിക്കുക കുറച്ചെഴുതുക അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

അങ്കിള്‍. said...

വിഷ്ണൂ,
പോസ്റ്റിന്റെ അവസ്സാനമിട്ട കാര്യങ്ങള്‍ തീര്‍ത്തും യുക്തിസഹമാണ്‌. ബ്ലോഗറായിട്ട്‌ മൂന്ന്‌ നാലു മാസമേ ആയിട്ടുള്ളൂ, ഞാന്‍. ധാരാളം പേരെ പരിചയപ്പെട്ടു. ചിലരെ വളരെ അടുത്ത്‌ പരിചയപ്പെട്ടു, അവരറിയുന്നില്ലെങ്കിലും. ചിലരുടെ പോസ്റ്റകള്‍ വായിച്ച്‌ മണിക്കൂറുകളോളം പൊട്ടിച്ചിരിച്ചു. ചിലര്‍ക്കുള്ള അറിവുകള്‍ കണ്ട്‌ സ്തബ്ദനായിപ്പോയിട്ടുണ്ട്‌. വ്യത്യസ്തമായ വിഷയങ്ങളില്‍ ചിലര്‍ നടത്തിയ അതിഗഹനമായ ചര്‍ച്ചകള്‍ വായിച്ച്‌ കോള്‍മയിര്‍കൊണ്ടു. ഏതുവിഷയവും തനിക്കിണങ്ങുമെന്ന്‌ ചിലരെങ്കിലും തെളിയിച്ചു. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുന്നതു കണ്ടു. ഉപദേശിക്കേണ്ടവരെ ഉപദേശിക്കുന്നതു കണ്ടു. അര്‍ഹിക്കുന്നവര്‍ക്ക്‌ അര്‍ഹിക്കുന്ന വിധത്തില്‍തന്നെ ശകാരിക്കുന്നതും കണ്ടു. ചുരുക്കത്തില്‍ ബൂലോഗരാരും അറിയുന്നില്ലെങ്കിലും അവരുടെയടുത്ത്‌ ചെല്ലാന്‍ കഴിയാത്ത ദിനങ്ങള്‍ ശപിക്കപ്പെട്ടതണെന്ന്‌ തോന്നിത്തുടങ്ങിയപ്പോഴാണ്‌ വിഷ്ണുവിനൂണ്ടായ അതേ ചിന്ത എന്നെയും പിടികൂടിയത്‌. 'എന്റെ മരണം എന്റെ പ്രീയ ബൂലോഗരെ എങ്ങനെ അറിയിക്കും.' എന്റെ ശ്രീമതിയോട്‌ ചര്‍ച്ച ചെയ്തു. ഫലം, അന്നു മുഴുവന്‍ എന്നോട്‌ മിണ്ടിയില്ല. പ്രത്യേകിച്ചും ഹൃദയ ബൈപാസ്സ്‌ സര്‍ജറിയും അതിന്റെ ഗ്യാരണ്ടി പിരിയടും കഴിഞ്ഞിരിക്കുന്ന എന്റെ കാര്യം. ഒരു പോം വഴി കണ്ടാല്‍ ഈ അങ്കിളിനോടും പറയണേ, വിഷ്ണൂ.

ദേവന്‍ said...

അയ്യയ്യോ, വിഷ്ണുമാഷിന്റെ ബ്ലോഗ് ആയിരുന്നോ ഇത്? സ്ഥലം മാറിപ്പോയി, പ്രതിഭയുടെ ബ്ലോഗ് ആണെന്നു ധരിച്ചാണ് മുകളിലെ കമന്റില്‍ ലിങ്കിട്ടത് (അവരൊരു പുതിയ ബ്ലോഗറല്ലേ, അതാ). ഒരു സാമ്യവുമില്ലാത്ത നിങ്ങളെ രണ്ടുപേരെയും എങ്ങനെ തമ്മില്‍ മാറിപ്പോയെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ.

അറിയാവുന്നവരെ ദീര്‍ഘകാലം കാണാതായാല്‍ ഞാന്‍ അന്വേഷിക്കാറുണ്ട്.
(കൂമന്‍സ് സുഖമായിരിപ്പുണ്ട്, തിരക്കാണെന്നു തോന്നുന്നു. മാഗ്നി ഇടയ്ക്കെപ്പോഴോ ഒരു കമന്റ് ഇട്ടിരുന്നു ബ്ലോഗില്‍ വരാന്‍ സാധിക്കുന്നില്ലെന്ന്. പഴയവരില്‍ പ്രബേഷ്, പാപ്പാന്‍ തുടങ്ങിയവരും ബ്ലോഗില്‍ വരാറില്ലെങ്കിലും ക്ഷേമത്തിന്റെ പാതയില്‍ തന്നെ)

Anonymous said...

അയ്യോ! ഞാന്‍‌ ഇവിടൊക്കെ ഉണ്ടേ..
പിന്നെ പോസ്റ്റിടാത്തതു മടി കാരണം, കമന്റിടാത്തതു പേടി കാരണം‌. :)

മാവേലികേരളം(Maveli Keralam) said...

വിഷ്ണു

ബ്ലോഗ് അകലത്തിലുള്ള ഒരു കൂട്ടായ്മയൂടെ അനുഭവം തരുന്നുണ്ട് എന്നതില്‍ സംശയമില്ല. പക്ഷെ അതിനെ പലരും പലതരത്തിലാണ് കാണുന്നത്.

ക്ലിക്കുളും ഗ്രൂപ്പുകളും ഒക്കെ അതിലുണ്ടല്ലോ. അതു കൊണ്ട് ഒരാളുടെ പോസ്റ്റിന് അര്‍ഹമായ അംഗിക്കരം കിട്ടുന്നുണ്ടൊ എന്ന സംശയ്മുണ്ട്.അതു പലപ്പോഴും അസുഖകരമായി പലര്‍ക്കും തോന്നിയേക്കാം.

ബ്ലോഗെന്ന സ്വതന്ത്ര മാധ്യമത്തില്‍ വര്‍ത്തിയ്ക്കുന്നവരില്‍ എത്ര പേര്‍ക്കു സ്വാതന്ത്യബോധം ഉണ്ട് എന്നുള്ള സംശയവും ചിപ്പോഴുണ്ടാകാറുണ്ട്.

അങ്ങനെ തോ‍ാന്നുന്നവര്‍ ഇതുപേക്ഷിച്ചു പോകുകയാകാം.അവരെവിടെ എന്നു ചോദിയ്ക്കുമ്പോള്‍ അവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടാകാം.

പിന്നെ അവരെക്കുറിച്ചൊക്കെ അറിയാനായി ഒരു blogers directory. No. പല പേരുകളീല്‍, ഒരു തരം മായാവികളായി നിലനില്‍ക്കുന്ന ഈ ബൂലോകത്ത്.

പാത്തുമ്മക്കുട്ടിയോടു സാവകാശം പറയൂ. മനസു മാറും. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ സ്വന്തമായി ബ്ലോഗില്‍ കുറിച്ചിടാന്‍ പറയു. അങ്നഗ്നെ ക്രമേണ...

magnifier said...

വിഷ്ണുജീ....ഓര്‍ത്തതിനു നന്ദി. ഏതായാലും ശ്മശാനത്തിലേക്കെടുക്കാറായില്ല എന്നു തോന്നുന്നു. മുരളിയും ഇവിടൊക്കെതന്നെ ഉണ്ടെന്നാണ് അറിവ്.

ഇപ്പോ ബ്ലോഗ് വായന കാണുമ്പോ ഭാര്യ പറയും “ദേണ്ടെ കുഞ്ഞിനു മുല കൊടുക്കാന്‍ പോണു” എന്ന്. കിട്ടുന്ന ഇടവേളകളില്‍ ഒന്നു കയറി നോക്കുന്നത് കൊണ്ട്!

ഗന്ധര്‍വന്‍ പറഞ്ഞതാണ് പോയിന്റ്. ബ്ലോഗില്‍ ശരിയായ ദിശയിലുള്ള വായന കുറയുന്നു.പിന്നെ കിട്ടുന്ന സമയത്ത് വായന വളരെ സെലക്റ്റീവ് ആയിപ്പോവുകയും ചെയ്യുന്നു. പുതിയ പലരേയും അറിയാനേ പറ്റുന്നില്ല എന്നു തന്നെ പറയാം. എങ്കിലും ഇവിടേയൊക്കെ തന്നെ ഇങ്ങനെ ചുറ്റിപ്പറ്റി നില്‍ക്കാം....അങ്ങു തെക്കോട്ടെടുക്കും വരെ. അത്രടം കഴിഞ്ഞാ പിന്നെ ബൂലോഗരറിഞ്ഞിട്ടെന്താ കാര്യം? കമന്റിട്ടിട്ടെന്താ കാര്യം? കമന്റു കാണേണ്ടവനല്ലേ ഈ കെടപ്പ് കെടക്കണേ....ബ്ധും..ബ്ധും ബ്ധും..(അദ് നെഞ്ഞത്തടിച്ചതാ) അപ്പോ സാന്റോ..മോര്‍ച്ചറീലേ അതോ നേരെ പൊഴേലേക്കോ?

വിഷ്ണു പ്രസാദ് said...

ബൂലോകത്തു നിന്ന് മാഞ്ഞു പോയ ആ മഹാനുഭാവന്മാരുടെ സ്മരണയ്ക്കുമുന്നില്‍ വെച്ചതായിരുന്നു ഈ പോസ്റ്റ്.എല്ലാവരും ഇവിടെയൊക്കെത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നു.സാന്‍ഡോസ്,കുട്ടിച്ചാത്തന്‍,രാജു അഷ,ദേവേട്ടന്‍,ഗന്ധര്‍വന്‍,അങ്കിള്‍,നവന്‍,മാവേലികേരളം...ഏവര്‍ക്കും നന്ദി.സച്ചൂ,കൂട്ടത്തില്‍ ചേര്‍ത്തു.സാന്‍ഡോ,ബൂലോക പോലീസുകാരുടെ ഒരു ലിസ്റ്റ് തരുമോ...:)
കുട്ടിച്ചാത്തന്‍ ,ശരിയാണ് അങ്ങനൊരു ക്ലബ് വേണം.
ദേവേട്ടാ,ആബ്ലോഗ് ഞാന്‍ നേരത്തേ വായിച്ചതാണ്...മൊത്തം.
രാമേട്ടാ,ശരിയാണ്.നല്ല വായനക്കാരെ നമുക്ക് ആവശ്യമുണ്ട്.
അങ്കിള്‍,ഇരിങ്ങല്‍...സാന്‍ഡോസ് പറഞ്ഞത് വായിക്കൂ.
നവന്‍...ക്ഷമി.
മാവേലിചേച്ചി,പാത്തുമ്മക്കുട്ടിയോട് പറഞ്ഞു നോക്കാം..:)

reshma said...

ഒന്നരകൊല്ലത്തോളം ‍ മിക്കവാറും എല്ലാ ദിവസവും ഒരു പോസ്റ്റിട്ടിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ഹൃദയത്തോട് സംസാരിക്കുന്ന പോസ്റ്റുകള്‍. ഒരു ദിവസം അദ്ദേഹത്തെ കാണാനില്ല. എവിടെ അന്വേഷിക്കണമെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ മൂന്ന് വര്‍ഷമായി. ബ്ലോഗ് ബ്ലോഗ് മാത്രമാണെന്നും മോണിറ്ററിലെ വാക്കുകളോടടുക്കരുതെന്നും അന്ന് പറഞ്ഞുറപ്പിച്ചതാ. പേടി തോന്നാറുണ്ട് ചിലപ്പോള്‍.

കുറുപ്പന്‍ said...

sariyaanu ezhuthiyathu..

valare valare sathyam