Sunday, October 21, 2007

മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളും

കേരള ചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയവരാണ് മലബാറിലെ മുസ്ലീങ്ങള്‍.സാമ്പത്തികവും സാമൂഹികവുമായ ഒരു സന്തുലിതാവസ്ഥ കേരളീയ ജീവിതത്തിന് പ്രധാനം ചെയ്യുന്നതില്‍ മുസ്ലീങ്ങള്‍ വഹിക്കുന്ന പങ്ക് ഈ ആഗോളീകരണ കാലത്തും വളരെ ഉയര്‍ന്നതാണ്.ആഗോളീകരണ നയങ്ങളുടെ പ്രത്യാഘാതമായി കേരളത്തിലെ കൃഷിക്കാര്‍ സാമ്പത്തികമായി തകരുകയും ആത്മഹത്യകള്‍ പെരുകുകയുംചെയ്ത സമീപ കാല വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും.ആത്മഹത്യ ചെയ്തവരില്‍ മുസ്ലീങ്ങള്‍ ആരുമില്ല.പ്രതിസന്ധികളെ നേരിടാനുള്ള മുസ്ലീങ്ങളുടെ കഴിവ് ജനിതകപരമാവണം.മുസ്ലീം ചരിത്രം പരിശോധിച്ചാല്ലോകമെങ്ങും അവര്‍ പലവിധ പ്രതിസന്ധികളെയും നേരിട്ടിട്ടുണ്ടെന്ന് കാണാന്‍ കഴിയും.

എഴുത്തിനും കുത്തിനും തമ്പ്രാക്കന്മാര്
പുത്തീലും ശക്തീലും വെള്ളക്കാര്
മുന്നിലെറങ്ങാന് മാപ്ലാര്
മോത്തിക്ക് നോക്കാനേ എന്നെ പറ്റൂ...

എന്ന ചവിട്ടുകളി പാട്ടില്‍ മാപ്പിളമാരുടെ ധീരതയെക്കുറിച്ചുള്ള ഈ നിരീക്ഷണം കാണാന്‍ കഴിയും.മലബാറിലെ നാട്ടു രാജ്യങ്ങളില്‍ പടയാളികളായിരുന്നവര്‍ നായന്മാരും മാപ്പിളമാരും ആയിരുന്നുവെന്നത് ഇവിടെ ഓര്‍മിക്കാവുന്നതാണ്.തിരുവിതാംകൂറില്‍ നായന്മാര്‍ക്കുള്ള ഒരു സ്ഥാനപ്പേരാണ് പിള്ള. മഹാപിള്ള എന്ന അര്‍ത്ഥത്തിലാണത്രേ മാപ്പിള എന്ന വാക്ക് ഉപയോഗിക്കുന്നത്.മലയാളക്കരയില്‍ വന്നെത്തിയ കൃസ്ത്യാനികളെ നസ്രാണി മാപ്പിള എന്നും മുസ്ലീങ്ങളെ ജോനകമാപ്പിള എന്നുമാണ് വിളിച്ചിരുന്നത്.ജോനക എന്ന പദം യവനക (ഗ്രീക്ക് എന്ന അര്‍ഥം)എന്ന വാക്കിന്റെ തദ്ഭവമാ‍വണം.

പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ചിരുന്ന ചരിത്ര പണ്ഡിതന്‍ ഷെയ്ക്ക് സൈനുദ്ദീന്റെ അറബി ഭാഷയിലുള്ള തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ കേരളത്തില്‍ ആദ്യമെത്തിയ വിദേശികള്‍ ജൂതന്മാരാണെന്ന് പറയുന്നു.കൃസ്തുവിനു മുന്പ് തന്നെ അവര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് പല ചരിത്രകാരന്മാരും പറയുന്നുണ്ട്.അന്നത്തെ പ്രധാന തുറമുഖമായിരുന്നു മുസിരിസ്,മുചിരി,എന്നെല്ലാം വിളിച്ചിരുന്ന കൊടുങ്ങല്ലൂര്‍ .കൃസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും ശേഷം അറേബ്യയില്‍ നിന്ന് മുസ്ലീങ്ങളായഫുറാഖള്‍(യോഗീ സംഘം) ശ്രീ ലങ്കയിലെ പ്രസിദ്ധമായ ആദം മലയിലെ പാദം സന്ദര്‍ശിക്കുവാന്‍ പോവുമ്പോള്‍ യാത്രാമധ്യേ കൊടുങ്ങല്ലൂര്‍ ഇറങ്ങിയതായും ഇത് കേരളത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ ഉണ്ടാവാന്‍ ഇടയാക്കിയെന്നും സൈനുദ്ദീന്‍ തന്റെ കൃതിയില്‍ പറയുന്നു.

അക്കാലത്ത് കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ അബ്ദുള്‍ റഹ്‌മാന്‍ സമിരി എന്ന പേര് സ്വീകരിക്കുകയും ഇസ്ലാം മത വിശ്വാസിയായി മാറുകയും അറേബ്യയിലേക്ക് യോഗീ സംഘത്തോടൊപ്പം രഹസ്യമായി പോയതായും കേരള ചരിത്രത്തെ സംബന്ധിച്ച പല രേഖകളും സാക്ഷ്യപ്പെടുത്തുന്നു.ഈ മലയാളരാജാവിന്റെ ഖബര്‍ അറേബ്യന്‍ തീരത്ത് ഷഹറില്‍ നിന്ന് അധികം അകലെയല്ലാത്ത സഫര്‍ എന്ന സ്ഥലത്ത് ഇക്കാലത്തുമുണ്ടെന്ന് വില്യം ലോഗന്‍ പ്രസിദ്ധമായ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് പോവുന്നതിനു മുന്‍പ് തന്റെ രാജ്യം ബന്ധുമിത്രാദികള്‍ക്ക് പകുത്തുകൊടുത്തു.ഉദയ വര്‍മ്മന്‍ കോലത്തിരിക്ക് വടക്കുഭാഗവും തെക്കുഭാഗം വേണാട്ടടികള്‍ക്കും പെരുമ്പടപ്പു സ്വരൂപം സൂര്യക്ഷത്രിയര്‍ക്കും കുവള രാജ്യം വള്ളുവനും നല്‍കി.ഇതു കൂടാതെ വള്ളുവക്കോനാതിരി അടക്കമുള്ള പലര്‍ക്കും പല ദേശങ്ങള്‍ നല്‍കി.ഏറ്റവും ഒടുവില്‍ വന്ന സാമൂതിരിക്ക് പെരുമാള്‍ തന്റെ ഉടവാളും കോഴി കൂവിയാല്‍ കേള്‍ക്കുന്നത്ര ചെറിയൊരു ദേശവും(കോഴിക്കോട്) നല്‍കി.സാമൂതിരിക്ക് വാള്‍ മാത്രമാണ് നല്‍കിയതെന്ന് ചില കൃതികളില്‍ കാണുന്നു.പെരുമാള്‍ തന്നെ വാള്‍ നല്‍കി ‘നിങ്ങള്‍ ചത്തും കൊന്നും അടക്കി കൊള്‍ക’ എന്നൊരു ഉപദേശവും സാമൂതിരിക്ക് നല്‍കുന്നുണ്ട്.

സാമൂതിരി തന്റെ ഉടവാളിന് പ്രാധാന്യവും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അധികാരത്തില്‍ ഏറുന്നതിനു മുന്‍പ് ചെയ്യുന്ന പ്രതിജ്ഞയും (മക്കത്തു നിന്നും തങ്ങളുടെ കുലകൂടസ്ഥന്‍ മടങ്ങി വരുന്നതു വരെ മാത്രം രാജ്യഭാരം എന്ന പ്രതിജ്ഞ) അറയ്ക്കല്‍ രാജ വംശത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായവും (കണ്ണൂര്‍ ഭാഗത്തെ മുസ്ലീങ്ങളില്‍ മരുമക്കത്തായ വ്യവസ്ഥ ഉണ്ടായിരുന്നു-വില്യം ലോഗന്‍ )അറയ്ക്കല്‍ കൊട്ടാരത്തില്‍ എല്ലായ്പ്പോഴും കത്തിച്ചുവെച്ചിട്ടുള്ള ഭദ്രദീപവും ചേരമാന്‍ പെരുമാളിന്റെ കഥയില്‍ സത്യമുണ്ടാവാമെന്ന് ചരിത്രകാരന്മാരെ സംശയിപ്പിക്കുന്നു.

അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് പെരുമാളില്‍ നിന്ന് ഒരു കത്തുമായി കേരളത്തില്‍ വന്ന അറബികള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.ഇവരാണ് ഇസ്ലാം മത പ്രചരണാര്‍ഥം ധാരാളം പള്ളികള്‍ സ്ഥാപിച്ചതും ആദ്യമായി പലരേയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും.പെരുമാള്‍ പറഞ്ഞയച്ച ആളുകള്‍ എന്ന നിലയിലാണ് കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ അവരെ സ്വീകരിച്ചത്. ചേരമാന്‍ പെരുമാള്‍ തിരിച്ചു വരുമെന്നും തിരിച്ചു വരുന്നതു വരെയാണ് തങ്ങള്‍ക്ക് അധികാരമെന്നും നാട്ടുരാജാക്കന്മാര്‍ വിശ്വസിച്ചിരുന്നു.

മലബാറിലെ രാജാക്കന്മാരില്‍ എന്തുകൊണ്ടും പ്രഗത്ഭനും പ്രശസ്തനും ആയിരുന്നു സാമൂതിരി എന്ന് ഷെയ്ഖ് സൈനുദ്ദീന്‍ പറയുന്നു.സാമൂതിരിയുടെ രാജ്യത്ത് ധാരാളം മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു.ഹിന്ദുക്കളായ മുക്കുവരില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരി അനുശാസിച്ചിരുന്നു.നാവിക മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.സാമൂതിരിയുടെ നാവിക സൈന്യത്തില്‍ ഉണ്ടായിരുന്ന കുഞ്ഞാലി മരയ്ക്കാരെ കടല്‍ക്കൊള്ളക്കാരന്‍ എന്നാണ് ലോഗന്‍ തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത്. മലബാറിലെ മുഹമ്മദീയര്‍ പൊതുവെ കച്ചവടക്കാരോ കടല്‍ക്കൊള്ളക്കാരോ ആയിരിക്കുമെന്ന് ഡച്ച് നാവിക സേനാനിയായ ന്യൂ കാഫ് തന്റെ കൃതിയില്‍ പറയുന്നു.നായന്മാരും മുസ്ലീങ്ങളും പടയ്ക്കു പോവുന്നതു കൂടാതെ കവര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ലോഗന്‍ തന്റെ കൃതിയില്‍ പലഭാഗങ്ങളിലും പറയുന്നുണ്ട്.മാപ്പിളമാര്‍ പെറ്റു പെരുകുന്നതല്ല,മറിച്ച് കീഴാളര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതാണ് മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവിന് കാരണമെന്നും ലോഗന്‍ നിരീക്ഷിക്കുന്നു.

ഇസ്ലാം മതത്തിലേക്ക് മാറുന്ന കീഴാളരെ ഹിന്ദുക്കള്‍ ആദരവോടെയാണ് കണ്ടിരുന്നത്. കീഴാളന്‍ മതം മാറുമ്പോള്‍ അയിത്തം കുറയുന്നതിന് ഇതാണ് കാരണം..കീഴ് ജാതിക്കാരനുമായുള്ള ബന്ധത്താല്‍ കോലത്തിരിരാജകുമാരിക്ക് പ്രഭുത്വം നഷ്ടപ്പെട്ടപ്പോള്‍ അവളുടെ പതിത്വം പരിഹരിക്കുന്നതിന് രാജാവ് അവളെ സമ്പന്നനായ ഒരു മുസ്ലീം അറബിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും അയാള്‍ക്ക് ആലി രാജാവെന്ന ബഹുമതി നല്‍കുകയും ആഴിരാജ്യത്തെ അധിപനായി വാഴിച്ചതായും അറയ്ക്കല്‍ രാജവംശത്തെ സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്..

മലബാറിലെ മുസ്ലീങ്ങള്‍ തെക്കന്‍ യമന്റെ തീരത്തു നിന്ന് വന്നതായിരിക്കണമെന്ന് അഹ്‌ലുബൈത്ത് എന്ന കൃതി പറയുന്നു.മലബാര്‍ മുസ്ലീങ്ങളുടെ അരപ്പട്ട കയ്യുള്ള ബനിയന്‍ കള്ളിത്തുണി,തലപ്പാവ് തുടങ്ങിയവ ഇതാണത്രേ സൂചിപ്പിക്കുന്നത്.

അധികാരത്തിന്റെ സ്വാധീനമാവണം മാപ്പിളമാരോടുള്ള ഹിന്ദുക്കളുടെ സവിശേഷമാ‍യ മര്യാദകള്‍ക്ക് കാരണമെന്ന് കരുതുന്നു.ചേരമാന്‍ പെരുമാളിന്റെ പ്രതിനിധികളായാണ് എല്ലാ കേരളീയ രാജാക്കന്മാരും അറിയപ്പെടുന്നത്.പെരുമാള്‍ക്ക് നല്‍കുന്ന ബഹുമാനം മാപ്പിളമാര്‍ക്ക് ലഭിച്ചിരിക്കാം.സാമൂതിരിയുമായുള്ള മുസ്ലീങ്ങളുടെ അടുത്ത ബന്ധവും അവരുടെ സാമൂഹികമായ അന്തസ്സുയര്‍ത്തി. അധികാരം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം കേരളത്തില്‍ ശക്തമായി പ്രതിഫലിപ്പിച്ചതും മുസ്ലീങ്ങളായിരുന്നു(ഖിലാഫത്ത്).പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ വരെ കൊലക്കുറ്റം ചെയ്യുന്ന മുസ്ലീമിനെ പോലും മുസ്ലീം നേതാക്കളുടെ സമ്മത പ്രകാരമേ തൂക്കിക്കൊന്നിരുന്നുള്ളൂ.ശവശരീരമാവട്ടെ സംസ്കരിക്കുന്നതിനായി മുസ്ലീങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അമുസ്ലീങ്ങളെ തൂക്കിക്കൊന്നാല്‍ ശവം നായക്കോ കുറുക്കനോ തിന്നാനിട്ടു കൊടുക്കുകയായിരുന്നു പതിവെന്ന് തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥം സാക്ഷ്യപെടുത്തുന്നു.

കടപ്പാട്:
1.മലബാര്‍ മന്വല്‍-വില്യം ലോഗന്‍
2.കേരളം പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍-വേലായുധന്‍ പണിക്കശ്ശേരി
3.അറയ്ക്കല്‍ രാജവംശം-ഡോ.കെ.കെ.എന്‍ കുറുപ്പ്
4.ന്യൂ ഹാഫ് കണ്ട കേരളം-കെ ശിവശങ്കരന്‍ നായര്‍
5.അഹ്‌ലുബൈത്ത്-സയ്യിദ് അബ്ദുള്ള മുനഫര്‍
6.വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍-എം.ശിവശങ്കരന്‍

10 comments:

simy nazareth said...

1) കേരളം, മലബാര്‍, എന്നിവ പലയിടത്തും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഏതു നാട്ടു രാജ്യങ്ങളില്‍ എന്ന് പലയിടത്തും പറയേണ്ടി വരും.

2) കേരളത്തില്‍ അമുസ്ലീങ്ങളെ തൂക്കിക്കൊന്നതിനുശേഷം നായ്ക്ക് എറിഞ്ഞുകൊടുക്കുന്നു - ഇത് തെറ്റാണ്. കേരളത്തിലെ ഏതെങ്കിലും നാട്ടുരാജ്യത്തിലെ സമ്പ്രദായം ആവാനാണ് സാദ്ധ്യത.

3) വില്യം ലോഗന്‍ മലബാര്‍ മാനുവല്‍ എഴുതിയത് 19-ആം നൂറ്റാണ്ടില്‍ ആണ്. സൌദിയില്‍ കേരളത്തിലെ രാജാവിന്റെ കബര്‍ കണ്ട കാര്യം ആ കാലത്ത് കണ്ടു എന്ന് വായിക്കാന്‍ താല്പര്യം.

4) സാമൂതിരി ഒരു സ്ഥാനപ്പേരാണ്. ഒരു രാജാവല്ല. സാമൂതിരി എന്ന പേരില്‍ തന്നെ ധാരാളം രാജാക്കന്മാരുണ്ടായിരുന്നു. ഏത് സാമൂതിരി, അല്ലെങ്കില്‍ ഏതു കാലഘട്ടത്തിലെ സാമൂതിരി എന്ന് പറയേണ്ടി വരും.

5) മാപ്പിളമാരില്‍ ഉള്ള വിഭാഗങ്ങളെപ്പറ്റിയും പറയാവുന്നതാണ്. ഉദാ: ഖലാസി മാപ്പിളമാര്‍.

6) അറയ്ക്കല്‍ രാജവംശത്തെക്കുറിച്ച് കൂടുതല്‍ ഇവിടെ.

വിഷ്ണു പ്രസാദ് said...

2004ല്‍ എഴുതിയ ഒരു ലേഖനമാണിത്.പല പുസ്തകങ്ങളും റഫര്‍ ചെയ്താണ് ലേഖനം തയ്യാറാക്കിയത്.എങ്കിലും തെറ്റുകള്‍ പലതും കടന്നു കൂടിയിട്ടുണ്ടാവാം.ഇത് സംബന്ധിച്ച് അന്ന് വായിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ മറന്നു പോയിരിക്കുന്നു.ചരിത്രത്തില്‍ അത്ര താല്പര്യമാണ് :)തെറ്റുകളും ശരിയെന്ന് വായനക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങളും ചൂണ്ടിക്കാണിച്ചാല്‍ ലേഖനം തിരുത്തിയെഴുതാന്‍ അത് സഹായകമായേക്കും.

Sethunath UN said...

വിഷ്ണുപ്രസാദ്,

വിജ്ഞാന‌പ്രദമായ ലേഖ‌ന‌ം. അഭിനന്ദനങ്ങ‌ള്‍

തറവാടി said...

നല്ല ലേഖനം.

ഷാഫി said...

ഇവ്വിഷയകമായി അന്വേഷണം നടത്തുന്ന ഒരു ബ്ലൊഗ്ചര്‍ച്ച
https://www.blogger.com/comment.g?blogID=3841811756647158709&postID=2589158577159525305

vimathan said...

വിഷ്ണൂ, മഹാപിള്ളയാണ് മാപ്പിളയായത് എന്നത് ശരിയായിരിക്കണം എന്നില്ലാ. “മാപ്പിളൈ” എന്നാല്‍ മരുമകന്‍ , മകളുടെ ഭര്‍ത്താവ് എന്ന ദ്രാവിഡ അര്‍ത്ഥാമായിരിക്കണം കൂടുതല്‍ ശരി. വിദേശത്തുനിന്നു വന്ന്, തദ്ദേശ്ശീയ വനിതകളെ വിവാഹം കഴിച്ച വരുത്തര്‍, മുസ്ലീമുകളായാലും, ക്രിസ്ത്യാനികളാ‍ലും, ദ്രാവിഡന് അവര്‍ പുയാപ്ല/ പുതിയ മാപ്പിളമാരായിരുന്നു എന്ന വാദത്തിനാണ് എന്റെ വോട്ട്.

കടല്‍ തീണ്ടിയാല്‍ പതിത്വം കല്‍പ്പിക്കപ്പെട്ടിരുന്നവരായിരുന്നു, സവര്‍ണ്ണ ഹിന്ദുക്കള്‍. അതു കൊണ്ട് തന്നെ ഒരു നാവിക സേന എന്നത്, സാമൂതിരിയെ പോലെയുള്ള ഒരു പരമ്പരാഗത സവര്‍ണ ഹിന്ദു രാജാവിന് തികച്ചും അന്യമായിരുന്ന ഒന്നായിരുന്നു. അറബികള്‍ എത്തിയതോടെ മാത്രമാണ്, കടല്‍ മാര്‍ഗ്ഗമുള്ള കച്ചവടത്തിന്റെ സാധ്യതകള്‍ അറിഞ്ഞതോടെ മാത്രമാണ്, സാമൂതിരിക്ക് ഒരു നാവിക സേനയുടെ ആവശ്യകത മനസ്സിലായിട്ടുണ്ടാവുക, എന്നാല്‍ പരമ്പരാഗത സൈന്യമായിരുന്ന നായന്മാര്‍ ഒരിക്കലും കടല്‍ തീണ്ടി ജാതി നഷ്ടപ്പെടുത്താന്‍ തയ്യാറാവില്ലാ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് സാമൂതിരി ,വരുത്തന്മാരായ അറബികളുടെ കൂടെ ചേരാന്‍ അവര്‍ണ്ണരായ അരയന്മാരുടെ കുടുംബങാളില്‍ നിന്ന് ഒരാളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധിച്ചത്.

കള്ളിമുണ്ടും, അരപ്പട്ടയും, ബനിയനും, മലബാറി മുസ്ലീമുകളുടെ യെമന്‍ ബന്ധം സൂചിപ്പിക്കുന്നു എന്ന് പറഞ്ഞത് ശരിയായിരിക്കണം. ചുരുങിയത് വസ്ത്രധാരണരീതിയിലെങ്കിലും സമാനതകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സൌദിയുടെ തെക്കന്‍ പ്രവിശ്യകളില്‍ (പണ്ട് യെമന്നിന്റെ ഭാഗമായിരുന്ന)സഞ്ചരിക്കുമ്പോള്‍ , കള്ളിമുണ്ട് ഉടുത്ത്, പച്ച നിറത്തില്‍ വീതിയുള്ള അരപ്പട്ട കെട്ടിയ, ബനിയന്‍ ധരിച്ച, തദ്ദേശവാസികളെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതും, മലബാറി മാപ്പിള കാരണവന്മാരെയായിരുന്നു.

പ്രാചീന കേരളത്തില്‍ കീഴാള ജനവിഭാഗങള്‍ ഇസ്ലാമിലേക്ക് മാറിയതാണ് മുസ്ലീം ജനസംഖ്യാവര്‍ദ്ധനവിന് കാരണം എന്ന് ലോഗന്‍ നിരീക്ഷിക്കുന്നതും ശരിയായിരിക്കണം. വര്‍ണ്ണ/വംശ വിവേചങള്‍ ഇല്ലാതെ, ഇസ്ലാം മതം സ്വീകരിക്കുന്ന ആരെയും,സമ ഭാവനയോടെ കണ്ടിരുന്ന ആദിമ ഇസ്ലാമിക/ അറബ് സംസ്കാരം, ഇവിടത്തെ അവര്‍ണ്ണര്‍ക്ക് മുന്നില്‍ തുറന്നു കിട്ടിയ ഒരു മോചന മാര്‍ഗ്ഗമായിരുന്നു എന്നതില്‍ സംശയമില്ല.

കേരള ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്, അറേബ്ബ്യയിലേക്ക് പോയി, അവസാനം ഇന്നത്തെ ഒമാനില്‍ , സലാലയില്‍ മരണപ്പെട്ടു, അവിടെ തന്നെ കബര്‍ അടക്കി എന്നാണ് ഐതിഹ്യം. ചേരമാന്‍ പെരുമാളിന്റെ കബര്‍ ഇന്നും സലാലയില്‍ കാണാം എന്ന്നും പറയപ്പെടുന്നു. മണ്‍സൂണ്‍ മഴ ധാരാളം കിട്ടിയിരുന്ന കേരളത്തില്‍ നിന്ന്, മരുഭൂമിയായ അറേബ്യന്‍ പെനിന്‍സുലയില്‍ എത്തിയ ചേരമാന്‍പെരുമാള്‍ , ഈ മരുഭൂമിയിലും , തന്റെ നാട്ടിലെ പോലെ മഴ ഉണ്ടാകണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും, മനസ്സലീഞ്ഞ ദൈവം, ആ ആഗ്രഹം സാധിച്ചു കൊടുത്തത് കോണ്ടാണ് പോലും, ഒമാനിലെ സലാല മാത്രം മണ്‍സൂണ്‍ മഴ ലഭിക്കുന്ന സ്ഥലമായതും,അവിടത്തെ കാലാവസ്ഥ കേരളത്തിലേതുപോലെയായതും എന്നും ഒരു ഐതിഹ്യം ഉണ്ട്.

“അധികാരം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം കേരളത്തില്‍ ശക്തമായി പ്രതിഫലിപ്പിച്ചതും മുസ്ലീങ്ങളായിരുന്നു(ഖിലാഫത്ത്).” ഇവിടെ അല്‍പ്പം വിയോജിക്കട്ടെ. തുര്‍ക്കി ഖലീഫയുടെ “ഖാലിഫേറ്റ് അല്ലെങ്കില്‍ തുര്‍ക്കിഷ് ഖിലാഫത്ത്” ബ്രിട്ടന്‍ അവസാനിപ്പിച്ചതില്‍ മലബാ‍റി മുസ്ലീമിന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ലാ, മാത്രമല്ലാ, മലബാറി മുസ്ലീമിന് ചരിത്രപരമായി ബന്ധമുള്ള, അറേബ്യന്‍ രാജ്യങള്‍, ഖിലാഫത്തിന്റെ പതനത്തില്‍ സന്തോഷിക്കുന്നവരും, അതിന്റെ ഗുണഭോക്താക്കളും ആയിരുന്നു. അങിനെ ഒരിക്കലും, മലബാറി മുസ്ലീമുമ്മായി ഒരു ബന്ധമില്ലാത്ത തുര്‍ക്കിഷ് ഖിലാഫത്തിന്റെ പുനസ്ഥാപനത്തിനായി രൂപം കൊണ്ട ഒരു പാന്‍-ഇസ്ലാമിക് പ്രസ്ഥാനമായിരുന്നു (ഇന്നത്തെ അര്‍ത്ഥത്തില്‍, കമ്മ്യൂണല്‍ ആയ) ഖിലാഫത്ത് പ്രസ്ഥാനം. ഇവിടെ മലബാറി മുസ്ലീമിന്റെയോ, ഇന്ത്യന്‍ മുസ്ലീമിന്റെയോ, “നഷ്ടപ്പെട്ട അധികാരം” ഒരിക്കലും ഒരു വിഷയമേ അല്ലാ.

വിനയന്‍ said...

സിമി,

മാപ്പിള ഖലാസിമാര്‍ എന്നത് മാപ്പിളമാരിലെ ഒരു വിഭാഗമൊന്നുമല്ല.ആരോഗ്യ ദ്യഡഗാത്രരായ മാപ്പിളമാര്‍ ഖലാസി ജോലികള്‍ ചെയ്യുന്നത് കൊണ്ട് അങ്ങനെ പേര് വന്നു.ഒരു പക്ഷെ കോഴിക്കോട്ട് അങ്ങാടിയിലും മറ്റും എല്ലാ വീട്ടില്‍ നിന്നും ഓരൊരുത്തര്‍ ഇങ്ങനെ ജോലിചെയ്യുന്നവര്‍ ഉണ്ടാവാം.അവര്‍ ഒരു പ്രത്യേക വിഭാഗമൊന്നുമല്ല.

ശ്രി.വിമതന്‍

തുര്‍ക്കിയിലെ അവസാനത്തെ ഖിലാഫത്ത് അവസാനിപ്പച്ചത് വെള്ളക്കാര്‍ ആയിരുന്നു എന്നത് കൊണ്ട് ഇന്ത്യയിലെ മുസ്ലിംഗങ്ങള്‍ ക്ക് അതില്‍ അവരോട് അരിശം ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ്.അതിന്റെ പേരില്‍ തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതും.ഇതില്‍ അന്നത്തെ മുസല്‍മാന്റെ അഭിമാനമാനത്തിന്റെ പ്രശ്നമായിരഉന്നു പ്രധാനം.

ശ്രീ.ശ്രീജിത്ത്
വളരെ നല്ല പോസ്റ്റ്.വളരെ വിജ്ഞാനപ്രദം തന്നെ.നന്ദി

chithrakaran ചിത്രകാരന്‍ said...

വിജ്ഞാനപ്രദമായ ലേഖനം. ഭംഗിയായി എഴുതിയിരിക്കുന്നു. മാപ്പിളയെ മഹാപിള്ളയായി വ്യഖ്യാനിച്ചതിനോട് യോജിപ്പില്ല. ചേരമാന്‍ പെരുമാളിന്റെ ബന്ധുക്കളായി മറ്റു രാജ-നാടുവാഴി കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന പ്രതിജ്ഞയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം ജനിപ്പിച്ചു ഈ പൊസ്റ്റ്.
നമ്മുടെ വര്‍മ്മമാരെല്ലാം പുലയന്മാരാണെന്ന് തെളിവു നല്‍കുന്ന ആ പ്രത്ജ്ഞ ലഭിച്ചാല്‍ ... ജാതി ഭൂതം സ്വയം നശിക്കാന്‍ തയ്യാറായിക്കൊള്ളും.
അഭിനന്ദനങ്ങള്‍.... വിഷ്ണുപ്രസാദ് !!!

ഗുപ്തന്‍ said...

മാഷേ നന്നായി ഈ ഉദ്യമം.വിമതന്‍ മാത്രമേ എന്തെങ്കിലും സംഭാവന ചെയ്തുള്ളൂ എന്ന വിഷമം ബാക്കിയാവുന്നു. മലബാറ് മുസ്ലിംങ്ങളുടെ ചരിത്രം അറിവുള്ള ആരും ബ്ലോഗ് എഴുതുന്നവരില്‍ ഇല്ലെന്നാണോ അര്‍ത്ഥം....

പിന്നെ പതിവുപോലെ കൊതുകുണ്ട് അകിട്ടില്‍ :(

Rasheed Chalil said...

പ്രവാചകന്റെ കാലത്തിന് മുമ്പ് തന്നെ (ക്രിസ്തുവര്‍ഷം 527-632) ഇന്ത്യയുമായും കേരളവുമായും അറബികള്‍ക്ക് ബന്ധമുണ്ടാ‍യിരുന്നു എന്ന് പറയപ്പെടുന്നു. അതിന് ഏറ്റവും പ്രധാന തെളിവുകള്‍ പ്രവാചകന് മുമ്പുള്ള അറബി കവിതകളിലുള്ള ഇന്ത്യന്‍ പരാമര്‍ശങ്ങളാണ്. പ്രവാചക കലത്ത് തന്നെ ജീവിച്ചിരുന്ന കഃഅബ് ബ്നു സുഹൈറിന്റെ കവിതയിലൊരിടത്ത് പ്രവാചകനെ ‘ഇന്ത്യന്‍ നിര്‍മ്മിതമായ ഖഡ്കം പോലെ ശോഭിക്കുന്നവന്‍’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഇനി ഖിലാഫത്ത് പ്രസ്ഥാനം : അന്നേ വരെ ലോക മുസ്ലിങ്ങളുടെ മുഴുവന്‍ പ്രതിനിധിയായാണ് തുര്‍ക്കി ഖലീഫയെ കണ്ടിരുന്നത്. അദ്ദേഹം സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ അതിനെതിരെ നിലവില്‍ വന്ന പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഇന്ത്യയില്‍ മൌലാന മുഹമ്മദലി സഹോദര്‍ന്‍ ഷൌക്കത്തലി എന്നിവരാണ് അതിന്റെ പ്രചാരകരില്‍ മുന്‍പന്തിയില്‍ നിന്നത്.