Friday, October 12, 2007

സാരിയും നാരിയും

ഡാലിയുടെ കഥ വായിച്ചപ്പോഴാണ് ഇത് അവിടെ കമന്റായി ചേര്‍ക്കണമെന്ന് വിചാരിച്ചത്.കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റാഞ്ഞതിനാല്‍ ഇവിടെ പോസ്റ്റുന്നു.

സെപ്റ്റംബര്‍30 ന്റെ ദേശാഭിമാനി വാരികയില്‍ സാരി-അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ എന്നൊരു ലേഖനവും ചര്‍ച്ചയുമുണ്ട്.അതില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നത് ഇവിടെ ഉദ്ധരിക്കുന്നു:

സാരി ഒരു അത്ഭുത വസ്ത്രമാണ്.അത് ഉടുത്തുകാണുന്നത് ഒരു സൌന്ദര്യാനുഭവവും.അഞ്ചരമീറ്റര്‍ നീളത്തിലുള്ള ഒരു തുണി എങ്ങനെ ഇത്ര ഭംഗിയായി ഉടുക്കുന്നു?വെട്ടുകയോ മുറിക്കുകയോ ഒന്നും ചെയ്യാതെ അത് ഞൊറിയിട്ട് ഉടുക്കുന്നത് കാണാന്‍ തന്നെ രസമാണ്.

ഉടുത്തുകാണുമ്പോള്‍ സാരി പകരുന്ന രഹസ്യാത്മകത തന്നെ ആസ്വാദ്യമാണ്.സ്കൂളുകളില്‍ അധ്യാപികമാരുടെ സാരിത്തലപ്പ് സ്വന്തം ദേഹത്ത് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു പോലും മുതിര്‍ന്ന ആണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറുണ്ട്.ആണാവുന്നു എന്ന തിരിച്ചറിവിലേക്ക് വളര്‍ത്തിയതില്‍ ആ സാരിത്തലപ്പുകള്‍ക്കും പങ്കുണ്ടായിരുന്നു.സാരി അനുവദിക്കുന്ന ശരീരക്കാഴ്ച്ചകളും ഭംഗിയുള്ളതാണ്.വലിഞ്ഞു മുറുകിയ വയറ്,അപൂര്‍വമായി വീണുകിട്ടുന്ന ഒരു പൊക്കിള്‍ കാഴ്ച്ച,പാര്‍ശ്വവീക്ഷണത്തിനുള്ള അവസരം,സൌന്ദര്യ പൂരിതമായ ഈ കാഴ്ച്ചകളൊക്കെ ആസ്വാദ്യമല്ലാതാകുന്നതെങ്ങനെ?ആണിനും പെണ്ണിനുമിടയില്‍ അങ്ങനെയെന്തൊക്കെയോ ഉണ്ട് എന്നുള്ളതില്‍ എന്താ‍ണ് അശ്ലീലമായിട്ടുള്ളത്?ആദ്യമായി സാരിയുടുക്കുമ്പോഴും അത് മറ്റൊരുവന്‍ ആസ്വദിക്കുമ്പോഴുമുള്ള പെണ്‍സംഭ്രമത്തെ പൈങ്കിളിയായി കാണരുത്.

ഉടുക്കുമ്പോഴെന്ന പോലെ അഴിക്കുമ്പോഴും സാരി അതിന്റെ സൌന്ദര്യം കാണിക്കുന്നു.പാഞ്ചാലി സാരിയല്ല ഉടുത്തിരുന്നതെങ്കില്‍ ദുശ്ശാസനന്‍ അഴിക്കാനേ മുതിരില്ലായിരുന്നു എന്ന് എനിക്കു തോന്നുന്നു.ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല.അണിയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ സാരിയെന്നല്ല ഏതൊരു വസ്ത്രവും അതിന്റെ സൌന്ദര്യമുപേക്ഷിക്കും.ഉടുക്കുന്നത് ഭംഗിയായില്ലെങ്കില്‍ സാരി വൈരൂപ്യം പകരും.ഭാരതീയരുടെ ഏറ്റവും മികച്ച കലാരൂപങ്ങളില്‍ ഒന്നാണ് സാരി.

--------------------------------

കടപ്പാട്: സുഭാഷ് ചന്ദ്രന്‍,ദേശാഭിമാനി വാരിക