Sunday, October 14, 2007

അയ്യയ്യേ...കൈപ്പള്ളീ...

കൈപ്പള്ളി തന്റെ ബ്ലോഗ് വീണ്ടും ക്ഷണിക്കപ്പെട്ടവര്‍ക്കായി ചുരുക്കിയിരിക്കുന്നു.
എന്തിന്?എന്നെയും നിങ്ങളെയും പോലുള്ള നിഷ്കളങ്കരും നിരപരാധികളുമായ ബ്ലോഗന്മാരെ പേടിച്ചിട്ട്.അല്ലാതെന്താ...
സ്വന്തം അഭിപ്രായം പറയുന്നതിന് വായനക്കാരുടെ ഇഷ്ടം നോക്കണോ...?വായനക്കാര്‍ക്ക് ഇഷ്ടപ്പെടും എന്നു വിചാരിച്ചാണത്രേ(ഭൂരിപക്ഷം സപ്പോര്‍ട്ട് ചെയ്തു കളയും,നമ്മടെ കൈപ്പള്ളിയല്ലേ എന്നൊക്കെ വിചാരിച്ച്)പുള്ളിക്കാരന്‍ ഞാന്‍ അറിഞ്ഞ ഗാന്ധിയെ അവതരിപ്പിച്ചത്...!ആളുകള്‍ എതിര്‍ത്തപ്പോള്‍ പാവം കൈപ്പള്ളി ഇതാ ബ്ലോഗ് തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രമായി കൂട്ടിക്കെട്ടി.ങാ..,മൂപ്പരുടെ ബ്ലോഗ് ..ഇഷ്ടമുള്ളത് ചെയ്യട്ടെ.എന്നാലും എന്റെ ബൂലോകരേ,
ഇതാണോ നിങ്ങള്‍ പറഞ്ഞ വീരശൂര പരാക്രമിയായ കൈപ്പള്ളി?ഇയാളെയാണോ മഹാത്മാ എന്ന് നിങ്ങളൊക്കെ വിളിച്ചാദരിച്ചത്?കൈപ്പള്ളി ഒരു സ്ഥിതപ്രജ്ഞനാണെന്നാണ് ഞാന്‍ കരുതിയത്.ഇപ്പോള്‍ മനസ്സിലായി;കൈപ്പള്ളിയും മൃദുല വികാരങ്ങളൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണെന്ന്.എന്നാലും ഈ ബൂലോകര്‍ ഒന്നടങ്കം അയാളെക്കൊണ്ട് മാപ്പു പറയിക്കണം എന്നൊക്കെ വോട്ടുകുത്തിയത് മോശമായിപ്പോയി.ഗാന്ധി മനുഷ്യനല്ലേ?അങ്ങേര്‍ക്ക് പറ്റിയ തെറ്റുകള്‍ ഒന്ന് ചര്‍ച്ച ചെയ്യുന്നത് വലിയ തെറ്റാണോ?

ഗാന്ധിജി എന്തായാലും തിരിച്ചു വരില്ല.പക്ഷേ കൈപ്പള്ളീ ങ്ങള് പോയാല്‍ ബൂലോകത്ത് വേറെ കൈപ്പള്ളിയില്ല.ഇടയ്ക്കിടെ പള്ള് പറയാനും പോഡ്കാസ്റ്റിറക്കാനും പക്ഷിപ്പടങ്ങള്‍ പിടിക്കാനും യൂണികോഡിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനും പ്രിന്റ് മീഡിയയെ കുറ്റം പറയാനും ഞങ്ങള്‍ക്ക് ങ്ങള് വേണം.ക്ഷണിക്കപ്പെട്ടവര്‍ക്കു വേണ്ടി ആ മഹത്തായ ബ്ലോഗ് ഒതുക്കിക്കളയരുത്... പ്ലീസ്.അതും ജനാധിപത്യവിരുദ്ധമാ‍ണ്.

Saturday, October 13, 2007

സ്ത്രീ സൌന്ദര്യം-നിങ്ങളുടെ കാഴ്ച്ചപ്പാട്

സ്ത്രീ സൌന്ദര്യത്തെ ക്കുറിച്ച് നിങ്ങളുടെ കാ‍ഴ്ച്ചപ്പാടെന്താണ്?നാണം എന്നത് വിധേയത്വത്തിന്റെ അടയാളമാണെന്നാണ് നളന്‍ പറയുന്നത്.നമ്മുടെ സിനിമകളൊക്കെ നാണം കുണുങ്ങികളായ നായികമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇത്തരം സിനിമകള്‍ നമ്മെ സ്വാധീനിച്ചിരിക്കുമോ?ലജ്ജാ‍വതീ...ലജ്ജാവതീ....,ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍ തുടങ്ങിയ പാട്ടുകള്‍.

അങ്ങനെ നാണം എന്നത് പുരുഷനോടുള്ള വിധേയത്വത്തിന്റെ അടയാളമായി പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ കണ്ടു പിടിക്കുകയും നാണം എന്ന ആഭരണം ഉപേക്ഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ.അങ്ങനെയുള്ള ഒരുലോകത്തെ ക്കുറിച്ച് പരമ ബോറ് എന്നേ എന്നെപ്പോലുള്ള പുരുഷ മേധാവികള്‍ പറയൂ.കുറച്ച് നാണം,കുറച്ച് അസൂയ,കുറച്ച് കുശുമ്പ്,കുറച്ച് മണ്ടത്തരം ഇതൊന്നുമില്ലാതെ എന്തു പെണ്ണ്....

വളരെ സാമ്പ്രദായികമായ ഈ കാഴ്ച്ചപ്പാടിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?അതല്ല,ഈ വക കുഴപ്പങ്ങള്‍(നാണം+കുശുമ്പ്+അസൂയ+മണ്ടത്തരം) ഒന്നുമില്ലാത്ത
ഒരു പുതിയ സ്ത്രീയാവുമോ കൂടുതല്‍ സുന്ദരി?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു...
ഒരു പോളും ഉണ്ടാക്കിവെച്ചിട്ടുണ്ട്(പോള്‍ മാനിയ).

ഇതുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട പോസ്റ്റുകള്‍
-സിസ്റ്റര്‍ അന്ന ബാരറ്റിന്റെ സാരി
-സൌന്ദര്യവും ലോഹിത ദാസും
-സാരിയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍
-സാരി: അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ

Friday, October 12, 2007

സാരിയും നാരിയും

ഡാലിയുടെ കഥ വായിച്ചപ്പോഴാണ് ഇത് അവിടെ കമന്റായി ചേര്‍ക്കണമെന്ന് വിചാരിച്ചത്.കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റാഞ്ഞതിനാല്‍ ഇവിടെ പോസ്റ്റുന്നു.

സെപ്റ്റംബര്‍30 ന്റെ ദേശാഭിമാനി വാരികയില്‍ സാരി-അഞ്ചരമീറ്റര്‍ തുണിയിലൊരു തടവറ എന്നൊരു ലേഖനവും ചര്‍ച്ചയുമുണ്ട്.അതില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നത് ഇവിടെ ഉദ്ധരിക്കുന്നു:

സാരി ഒരു അത്ഭുത വസ്ത്രമാണ്.അത് ഉടുത്തുകാണുന്നത് ഒരു സൌന്ദര്യാനുഭവവും.അഞ്ചരമീറ്റര്‍ നീളത്തിലുള്ള ഒരു തുണി എങ്ങനെ ഇത്ര ഭംഗിയായി ഉടുക്കുന്നു?വെട്ടുകയോ മുറിക്കുകയോ ഒന്നും ചെയ്യാതെ അത് ഞൊറിയിട്ട് ഉടുക്കുന്നത് കാണാന്‍ തന്നെ രസമാണ്.

ഉടുത്തുകാണുമ്പോള്‍ സാരി പകരുന്ന രഹസ്യാത്മകത തന്നെ ആസ്വാദ്യമാണ്.സ്കൂളുകളില്‍ അധ്യാപികമാരുടെ സാരിത്തലപ്പ് സ്വന്തം ദേഹത്ത് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു പോലും മുതിര്‍ന്ന ആണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറുണ്ട്.ആണാവുന്നു എന്ന തിരിച്ചറിവിലേക്ക് വളര്‍ത്തിയതില്‍ ആ സാരിത്തലപ്പുകള്‍ക്കും പങ്കുണ്ടായിരുന്നു.സാരി അനുവദിക്കുന്ന ശരീരക്കാഴ്ച്ചകളും ഭംഗിയുള്ളതാണ്.വലിഞ്ഞു മുറുകിയ വയറ്,അപൂര്‍വമായി വീണുകിട്ടുന്ന ഒരു പൊക്കിള്‍ കാഴ്ച്ച,പാര്‍ശ്വവീക്ഷണത്തിനുള്ള അവസരം,സൌന്ദര്യ പൂരിതമായ ഈ കാഴ്ച്ചകളൊക്കെ ആസ്വാദ്യമല്ലാതാകുന്നതെങ്ങനെ?ആണിനും പെണ്ണിനുമിടയില്‍ അങ്ങനെയെന്തൊക്കെയോ ഉണ്ട് എന്നുള്ളതില്‍ എന്താ‍ണ് അശ്ലീലമായിട്ടുള്ളത്?ആദ്യമായി സാരിയുടുക്കുമ്പോഴും അത് മറ്റൊരുവന്‍ ആസ്വദിക്കുമ്പോഴുമുള്ള പെണ്‍സംഭ്രമത്തെ പൈങ്കിളിയായി കാണരുത്.

ഉടുക്കുമ്പോഴെന്ന പോലെ അഴിക്കുമ്പോഴും സാരി അതിന്റെ സൌന്ദര്യം കാണിക്കുന്നു.പാഞ്ചാലി സാരിയല്ല ഉടുത്തിരുന്നതെങ്കില്‍ ദുശ്ശാസനന്‍ അഴിക്കാനേ മുതിരില്ലായിരുന്നു എന്ന് എനിക്കു തോന്നുന്നു.ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം സാരി ഒരു അസൌകര്യമാണ്.എന്നാല്‍ മറ്റേതെങ്കിലും തൊഴിലിനെ അത് തടസ്സപ്പെടുത്തുന്നുവെന്ന് തോന്നുന്നില്ല.അണിയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ സാരിയെന്നല്ല ഏതൊരു വസ്ത്രവും അതിന്റെ സൌന്ദര്യമുപേക്ഷിക്കും.ഉടുക്കുന്നത് ഭംഗിയായില്ലെങ്കില്‍ സാരി വൈരൂപ്യം പകരും.ഭാരതീയരുടെ ഏറ്റവും മികച്ച കലാരൂപങ്ങളില്‍ ഒന്നാണ് സാരി.

--------------------------------

കടപ്പാട്: സുഭാഷ് ചന്ദ്രന്‍,ദേശാഭിമാനി വാരിക