Sunday, February 25, 2007

കവിതക്കള്ളന്മാര്‍ ഓര്‍കൂടില്‍

ബൂലോകത്തെ കവിതകള്‍ കട്ട് സ്വന്തം ബ്ലോഗിലിറ്റുന്ന കള്ളന്മാരെ കാണണമെങ്കില്‍ ഈ ലിങ്കുകള്‍ നോക്കൂ.
കള്ളന്മാര്‍ ഓര്‍കൂട്ടില്‍ നിന്ന്കുഴൂരിന്റെയും,അനിലിന്റെയും,ഉമ്പാച്ചിയുടെയും എന്റെയും കവിതകള്‍ കട്ടവരെ ഓര്‍ക്കൂടില്‍ കണ്ടു.ഇതാ കള്ളന്‍http://www.orkut.com/Profile.aspx?uid=16387251684809056504http://www.orkut.com/Profile.aspx?uid=7793998621827523702

Sunday, January 07, 2007

ഒരു കോടി കൊണ്ട് ഒരു സോമയാഗം

ബൂലോകരേ, ഒരു നോട്ടീസാണ്.വിഷയം: പന്നിയൂര്‍ സോമയാഗം.എന്റെ കയ്യില്‍ കിട്ടിയ നോട്ടീസ് പരിപാടികള്‍ എന്ന ഭാഗമൊഴിച്ച് ബാ‍ക്കിയെല്ലാം അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

പന്നിയൂര്‍ സോമയാഗം
ഭക്തജനങ്ങളേ,
മാനവരാശിയുടെയും സകലചരാചരങ്ങളുടെയും ഐശ്വര്യത്തിനും
പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിക്ഷേത്ര സമുച്ചയ തേജോവര്‍ദ്ധനയും ലക്ഷ്യം വെച്ച് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കുന്ന സോമയാഗം,2007 മാര്‍ച്ച് 23 മുതല്‍28 കൂടി ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് നടത്തുന്നതാണ്.ആയജ്ഞത്തിലേക്ക് എല്ലാവരേയും സഹര്‍ഷം സാദരം ക്ഷണിക്കുന്നു.

സോമയാഗം ക്രിയാവിധി നടത്തുന്ന ഋത്വിക്കുകളെ മാത്രമല്ല അതില്‍ ഏതു വിധത്തിലെങ്കിലും പങ്കു കൊള്ളുന്ന ഏവരേയും ,പ്രകൃതിയെപ്പോലും പവിത്രീകരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.കര്‍മം ഭക്തി യോഗം ജ്ഞാനം ഇവ നാലും ചേര്‍ന്നതാണ്ബ്രഹ്മവിദ്യ.കര്‍മം എന്നാല്‍ വൈദികമായ അഗ്നിഹോത്രം,യജ്ഞം ,ദാനം ,തപസ്സ് എന്നിവയെയാണ് ഉദ്ദേശിക്കുന്നത്.അഗ്നയെ ഇദം ന മമഃ എന്ന യജ്ഞ സന്ദേശം തന്നെ എല്ലാം ലോകനന്മയ്ക്കായി മാത്രമേയുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു.സര്‍വസാധാരണമാരായ മനുഷ്യര്‍ക്കെല്ലാം തന്നെ ദേവോപാസനകളും യജ്ഞങ്ങളും ബ്രഹ്മ ജ്ഞാനത്തിലേക്കുള്ള വഴികളായാണ് കണക്കാക്കുന്നത്.ആയതുകൊണ്ട് യജ്ഞങ്ങള്‍ക്ക് ഇക്കാലത്ത് പരമപ്രാധാന്യമുണ്ട്.

സ്ഥാനചലനം വന്ന കേരളക്കരയെ സ്ഥിരമാക്കാന്‍ പരശുരാമന്‍ കേരള മധ്യസ്ഥലമായ പന്നിയൂരില്‍ ശ്രീ വരാഹമൂര്‍ത്തി പ്രതിഷ്ഠ നടത്തി എന്നും ബ്രാഹ്മണരെ കൊണ്ടുവന്ന് കുടിയിരുത്തി പ്രത്യേക ദേവോപാസന സമ്പ്രദായ നിരൂപണം ചെയ്ത് ക്ഷേത്രവും ഭൂമിയും അവര്‍ക്ക് നല്‍കിയതായും ക്ഷേത്രമൈതാനിയിലെ തെക്കുഭാഗത്ത് മത്സ്യ തീര്‍ഥം നിര്‍മ്മിച്ചതായും പറയപ്പെടുന്നു.ഈ ക്ഷേത്ര സമുച്ചയത്തില്‍ വാറ്റാകോവില്‍ എന്ന ശിവക്ഷേത്രം ,മകരകുണ്ഠലമണിഞ്ഞ ശ്രീ അയ്യപ്പന്‍ ,ഐശ്വര്യദായിനിയായ ദുര്‍ഗാദേവിക്ഷേത്രം ,ഗണക്ക്പതി,സുബ്രഹ്മണ്യന്‍ , ലക്ഷ്മീനാരായണന്‍ ,എന്നീ പ്രത്യേക പ്രതിഷ്ഠകളോടെ ശ്രീ വരാഹമൂര്‍ത്തിശ്രീ കോവിലും വലൈയ ഒരു കൂത്തമ്പലം ഉണ്ടായിരുന്നതിണ്ടെ അവശേഷിച്ച തറയും തറയ്ക്കു മേല്‍ ഇന്നും വീഴാതെ നില്‍ക്കുന്ന ഒരു തൂണ്‍ (യക്ഷിയെ ബന്ധിച്ചത്) കൂടാതെ ചിത്രത്തില്‍ വരാഹസാന്നിദ്ധ്യവും ഇവിടത്തെ പ്രത്യേകതകളാണ്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വിശാലമായ പന്നിയൂര്‍ത്തുറയും ചരിത്രസത്യമാണ്.

ഏറ്റവു പ്രത്യേകതകളുള്ള അഭീഷ്ട സിദ്ധിപൂജ ഈ ക്ഷേത്രത്തിലെ പ്രശസ്തമായ പ്രധാന വഴിപാടാണ്.
പൌരാണികത്യും ചരിത്ര സത്യങ്ങളും ഒളിഞ്ഞുകിടക്കുന്ന 6 ഏക്രയോളം വിസ്തൃതിയുള്ള ഈ ക്ഷേത്ര സമുച്ചയം ഗതകാല രാഷ്ട്രീയ വൈരങ്ങളെക്കൊണ്ട് ജീര്‍ണമായിരിക്കുന്നു.പൌരാണികത നിലനിര്‍ത്തി പഴയ പ്രാഗത്ഭ്യം വീണ്ടെടുത്ത് തേജസ്സും ഐശ്വര്യവും വര്‍ദ്ധിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാന് ഈ സോമയാഗം.

ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച യജ്ഞസമിതിയുടെ ആഭിമുഖ്യത്തില്‍ 2007 മാര്‍ച്ച് 23 മുതല്‍ 28 കൂടി ദിവസങ്ങളില്‍ നടക്കുന്ന ഈ സോമയാഗത്തെ മാ.രാ.രാ.ശ്രീ. മാനവേദസാമൂതിരിരാജ അവര്‍കളും തിരുവിതാംകൂര്‍ ഉത്രാടം തിരുനാള്‍ മഹാരാജാവും ഈ സംരംഭ്ത്തെ ആശീര്‍വദിച്ചിട്ടുണ്ട്.16 ഋത്വിക്കുകളുടെ സഹായത്തോടെ ഒരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ തവനൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍അടിതിരിപ്പാട് യജമാനനായും പത്നി രമണി അന്തര്‍ജ്ജനം പത്തനാടി ആയും കര്‍മമം നടക്കുന്നു. മേഴത്തോള്‍ അഗ്നിഹോത്രിയിടെ പാരമ്പര്യം സൃഷ്ടിച്ച നിളാ തീരത്താണ്‍ ഈ യജ്ഞഭൂമിയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.കലാന്തരത്തില്‍ ഉണ്ടായ പോരായ്മ്കളോ വീഴ്ച്ചകളോ മൂലം മണ്‍ മറഞ്ഞുപോയതിനേ പുനരുജ്ജീവിപ്പിക്കുന്നുവെന്ന വിശേഷണം കൂടി പന്നിയൂര്‍ സോമയാഗത്തിനുണ്ട്.

അഗ്നിഷ്ടോമം ,അത്യാഗ്നീഷ്ടോമം,ഉക്ഥ്യം,ഷോഡശി,വാജപേയ,അതിരാത്രം,അപ്തോര്യാമ എന്നിങ്ങനെ സോമയാഗത്തിന് ഏഴ് പിരിവുകളുണ്ട്. ഇവയ്ക്കുള്ള ക്രിയകളെല്ലാം തന്നെ യജുര്‍ വേദാന്തര്‍ഗതങ്ങളാനേങ്കിലും മന്ത്രങ്ങള്‍ ഋക്സാമ വേദങ്ങളില്‍ നിന്നുമാണ്.മുഖ്യക്രിയ സോമാഹുതിയാണ്.ഈ ക്രിയ നടക്കുന്ന ദിവസത്തെ സൂത്യാഹസ്സ് എന്ന് പറയുന്നു.

അനപത്യ നിവാ‍രനത്തിനും (സന്താനലബ്ധി)കുട്ടികളുടെ ബുദ്ധിശക്തിക്കും ഉത്തമമായ സൌമ്യം എന്നു വിളിക്കുന്ന ഈ മഹാക്രിയയുടെ ഹവിസ്സ് യാഗശാലയില്‍ വെച്ച് സേവിക്കുന്നത് അതി വിശേഷമാണ്. താത്പര്യമുള്‍ലവര്‍ ബൊക്ക് ചെയ്ത് മാര്‍ച്ച് 28ന് പുലര്‍ച്ചെ ദമ്പതീ സമേതരായി പ്രസാദം സേവിക്കാന്‍ യാഗശാലയില്‍ ഹാജരാകേണ്ടതാണ്. വേദം മനുഷ്യ രാശിയുടെ പൊതുസ്വത്താണ്.അഹങ്കാരം, അസൂയ,സ്വാര്‍ഥത , ദുഷ്ടവിചാരം എന്നീ ദുര്‍ വാസനകളെ ഇദം ന മമഃ എന്ന ആത്മാര്‍ഥ പ്രാര്‍ഥന നടത്തി മന്ത്രോച്ചാരണസഹിതം വിശിഷ്ടദ്രവ്യങ്ങളെക്കൊണ്ട് ജ്ഞാനാഗ്നിയില്‍ ഹോമിച്ച് ലോകജനതയെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് മോചിപ്പിച്ച് പ്രകൃതിയേയും പവിത്രീകരിക്കുന്ന പ്രക്രിയകള്‍ക്ക് സോമയാഗം പോലുള്ള യജ്ഞങ്ങള്‍ ശക്തി പകരുന്നു.തദ്വാരാ, ക്ഷേത്രതേജോവര്‍ദ്ധനയും നാടിന്റെ ഐശ്വര്യവും വര്‍ദ്ധിക്കുമെന്നും പ്രവചിക്കുന്നു.കൈമുക്ക് വൈദികരായ സര്‍വശ്രീ ജാതവേദന്‍ നമ്പൂതിരിയും ശ്രീധരന്‍ നമ്പൂതിരുയുമാണ് വൈദികക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.സോമയാഗം നറ്റക്കുന്ന ദിവസങ്ങളിലും അതിനു മുന്‍പും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സാമുദായിക,സാംസ്കാരിക ,നയതന്ത്ര,കലാ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.യാഗശാലയിലെത്തുന്നവര്‍ക്ക് ഉച്ച നേരത്ത് പ്രസാദ ഊട്ടിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്. അത്യപൂര്‍വമായ സോമാപ്യായനമെന്ന കര്‍മത്താല്‍ പവിത്രമാക്കുന്ന ചിതി(ശ്വേനപ്പക്ഷി)യുടെയും ശ്രീ വരാഹമൂര്‍ത്തിയുടെയും രൂപം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ രണ്ടുഗ്രാം,നാലുഗ്രാം,എട്ടുഗ്രാം എന്നീ തൂക്കങ്ങളില്‍ (2500 ക,4500 ക,9000ക.)ക്രമപ്രകാരം വില നിശ്ചയിച്ച് തയ്യാറാക്കുന്നുണ്ട്.ഇവയ്ക്കുള്ള ബുക്കിങിന് ആവശ്യക്കാര്‍ മുഴുവന്‍ തുകയും അടച്ച് കൂപ്പണ്‍ എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണ്.പൂജിച്ച് പവിത്രമാക്കിയ ലോക്കറ്റുകള്‍ 2007 മാര്‍ച്ച് 29 ന് കാലത്തു മുതല്‍ കൂപ്പണ്‍ ഹാജരാക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം, യജ്ഞസമിതി ഓഫീസ്,ധന ലക്ഷ്മി ബാങ്കിന്റെ എല്ലാ ശാഖകള്‍ , ഭീമ ജ്വല്ലേഴ്സിന്റെ ഷോരൂമുകള്‍ എന്നിവിടങ്ങളില്‍ കൂപ്പണ്‍ ലഭിക്കുന്നതാണ്.
സ്വര്‍ണം ,വസ്ത്രം, നെയ്യ് മറ്റു വിശിഷ്ട ദ്രവ്യങ്ങള്‍ , ഹോമത്തിനുപയോഗിക്കുന്ന മണ്‍ പാത്രങ്ങള്‍ തുടങ്ങിയവ വഴിപാടായി നല്‍കാന്‍ അപേക്ഷിക്കുന്നു.
കൂടാതെ യാഗദിനങ്ങളിലെ അതിഥികളായെത്തുന്ന ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ക്ക്
സൌജന്യ ഭക്ഷണം(പ്രസാദ ഊട്ട്) നല്‍കേണ്ടതിലേക്ക് സാധനങ്ങളായോ സാമ്പത്തികമായോ
മറ്റോ പരമാവധി സംഭാവന ചെയ്ത് സഹായിക്കാനും അപേക്ഷിക്കുന്നു.
അത്യപൂര്‍വമായി നടക്കുന്ന ഈ സോമയാഗത്തിന് ഓരോരുത്തരും പങ്കാളികളായി ഈ യജ്ഞ സംരംഭത്തെ വിജയിപ്പിക്കാനപേക്ഷിക്കുന്നു. ശ്രീ വരാഹമൂര്‍ത്തി ഭഗവത് കൃപ ഓരോരുത്തരിലും വര്‍ഷിക്കേണമെന്ന് പ്രാര്‍ഥിച്ച്

വന്ദനത്തോടെ ,
യജ്ഞസമിതിക്കു വേണ്ടി
എന്‍ . ആര്‍ നമ്പൂതിരി(ജനറല്‍ കണ്‍വീനര്‍ )
ബ്രഹ്മശ്രീചോന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ( (ഗുരുവായൂര്‍ തന്ത്രി) (ചെയര്‍മാന്‍ )

N.B:യാഗത്തിലെ നാമ സ്തുതികളും പന്ത്രണ്ട് ശസ്ത്രങ്ങളും അതി വിശിഷ്ടങ്ങളായി പറയപ്പെടുന്നു.
ദദസോമയാഗത്തില്‍ പങ്കെടുക്കാനെത്തി ച്ചേരുന്ന ആയിരക്കണക്കിനുപേര്‍ക്ക് അന്നദാനം നടത്തുന്നതിന് കഴിവിനനുസൃതമായി സംഭാവനകള്‍ നല്‍കിയോ അരി പച്ചക്കറി പലചരക്കുസാധനങ്ങള്‍ പാല്‍ മോര് നാളികേരം തുടങ്ങി ആവശ്യമായ പദാര്‍ഥങ്ങല്‍ നല്‍കിയോസഹായിക്കുക.

സോമാപ്യായനം ചെയ്തു പവിത്രമാക്കിയ സ്വര്‍ണലോക്കറ്റ് ആവശ്യമുള്ളവര്‍ ഉടന്‍ ബുക്ക് ചെയ്യുക.സൌമ്യം ഹവിസ്സ് ആവശ്യമുള്ളവര്‍ക്ക് 28-ആം തീയതി പുലര്‍ച്ചെ 2 മണിക്കും6 മണിക്കും ഇടയില്‍ യാഗഭൂമിയില്‍ വെച്ച് വിളമ്പി നല്‍കുന്നതാണ്.

50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ മഹല്‍ യജ്ഞത്തിന് സംഭാവനയായോ സ്വര്‍ണം, വെള്ളി ,വസ്ത്രം,ധാന്യങ്ങള്‍ ,അത്യപൂര്‍വമായ മറ്റ് ഹോമദ്രവ്യങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്ത് സഹായിക്കേണ്ടതാണ്.

കൂട്ടരേ, നോട്ടീസ് വായിച്ചുവല്ലോ.യജ്ഞസമിതിയിലുള്ള ഒരു പ്രധാനവ്യക്തി യജ്ഞത്തിന് ഒരു കോടിയിലധികം ചെലവു വരുമെന്ന് എന്നോട് പറയുകയുണ്ടായി.എന്തു പറയുന്നു.കടക്കെണിയില്‍ പെട്ട് മരിക്കുന്ന മലയാളികളെ ഈ യജ്ഞങ്ങള്‍ രക്ഷിക്കുമോ?
ഈ നോട്ടീസ് ഇവിടെ പ്രസിദ്ധീകരിച്ചത് വിപരീതഫലമേ ചെയ്യൂ എന്നറിയാഞ്ഞിട്ടല്ല.മതങ്ങളും ദൈവങ്ങളും മനുഷ്യരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന ഗവേഷണം തുടരുമ്പോള്‍
വിവേകമുള്ളവരെ ഉദ്ദേശിച്ച് ഈ നോട്ടീസ് ഇവിടെ ഒരു ചര്‍ച്ചയ്ക്കായി പതിക്കാമെന്ന് കരുതി
.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റുണ്ട്:ഇതാ...
പന്നിയൂരമ്പലത്തിന്റെ ചിത്രങ്ങള്‍...

Thursday, December 28, 2006

യുറീക്കാ....യുറീക്കാ...

പതിവു പോലെ ഇത്തവണയും കുട്ടികളുണ്ടാക്കിയ യുറീക്ക പുറത്തിറങ്ങി.മുന്‍ വര്‍ഷത്തേക്കാള്‍ അതിമനോഹരം എന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന ഒന്നാണ് ഈ ലക്കം.കുട്ടികള്‍ എഴുതി കുട്ടികള്‍ എഡിറ്റു ചെയ്ത് പുറത്തിറക്കുന്ന ആറാമത്തെ യുറീക്കായാണിതെന്ന് മുഖക്കുറിപ്പില്‍ പറയുന്നു.കേരളത്തിലെ മുഖ്യധാരാബാലമാസികകള്‍ക്ക് ആവാത്തത് ചെയ്തു കാണിക്കുകയാണ് യുറീക്ക. ഇതിന്റെ ചുവട്പിടിച്ച് തത്തമ്മയും ഒരു ലക്കം കുട്ടികളെക്കൊണ്ട് എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നു.
എന്താണ് ഇത്തരമൊരു ശ്രമത്തിന്റെ ആവശ്യമെന്ന് ചിലരെങ്കിലും ചിന്തിച്ചുകൂടായ്കയില്ല.ഇത്തരമൊരു രീതി
ലോകത്താദ്യമായി യുറീക്ക അവതരിപ്പിച്ചതാവാനും തരമില്ല.കുട്ടികള്‍ തന്നെ എഴുതി കുട്ടികള്‍ തന്നെ എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ലോകത്ത് വേറെയുമുണ്ടെന്നാണ് തോന്നുന്നത്.അറിയുന്നവര്‍ അതിവിടെ എഴുതുമല്ലോ.


മലയാളത്തില്‍ നല്ല ബാലസാഹിത്യകൃതികളുടെ അഭാവം കാര്യമായുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.പ്രശസ്തരായ എഴുത്തുകാരൊന്നും ബാലസാഹിത്യം കൈകാര്യം ചെയ്യുന്നില്ലെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.എം.ടി ഒരു മാണിക്യക്കല്ല് എഴുതിയിട്ടുണ്ട്.ടാഗോറോ ടോള്‍സ്റ്റോയിയോ ഇക്കാര്യത്തില്‍ നമുക്കില്ല.നമുക്കാകെയുള്ളത് ഒരു സിപ്പിപള്ളിപ്പുറമാണ്.സിപ്പിക്ക് തനതായ ഒരു ശൈലിയുണ്ട്.ഡി.പ്പി.ഇ.പി വന്നതുകൊണ്ട് ഒരുഗുണമുണ്ടായി.കുറെ അന്യഭാഷാ രചനകള്‍ മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്ത് വന്നു.ഇതിലേറെയും ബാലസാഹിത്യ വിഭാഗത്തിലായിരുന്നു.മാത്രമല്ല ബാലസാഹിത്യത്തിന് ഒരു മാര്‍ക്കറ്റും ഉണ്ടായി.ഡി.പി.ഇ.പി കൊണ്ട് ഇങ്ങനെ ചില പരോക്ഷ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്.ഉപഭോക്തൃസംസ്കാരത്തിലേക്ക് ആക്കം കൂട്ടുന്നാതാണെന്നതായിരുന്നല്ലോ അത് നേരിട്ട അനേകം ആരോപണങ്ങളില്‍ ഒന്നെന്ന് കാര്യവും വിസ്മരിക്കുന്നില്ല.അതിനെ തുടര്‍ന്നു വന്ന എസ്.എസ്.എ യും ഡി.പി.ഇ.പി യുടെ നല്ല വശങ്ങള്‍ പിന്തുടരുന്നുണ്ട്.സ്കൂള്‍ ഗ്രന്ഥശാലകള്‍ക്ക് ഫണ്ടനുവദിക്കുന്നതില്‍ വന്ന നല്ല മാറ്റമാണ് കേരളത്തിലെ ബാലസാഹിത്യകൃതികളുടെ എണ്ണം പെട്ടെന്ന് കൂട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ, തര്‍ജ്ജുമകളും സ്വതന്ത്രപരിഭാഷകളുമല്ലാതെ മലയാളത്തിന്റെ മണമൂള്ള ബാലസാഹിത്യകൃതികള്‍ ഇപ്പോഴും തുച്ഛമാണ്.വിശ്വ സാഹിത്യ കൃതികള്‍ ചെറുപ്പത്തിലേ പരിചയപ്പെടാമെന്ന ഒരു നല്ല വശം ഇതിനുണ്ട്.എങ്കിലും മലയാളത്തിന്റെ സ്വന്തമെന്ന് പറയാനാണെങ്കില്‍ ഞാനും നിങ്ങളും ചെറുപ്പത്തില്‍ വായിച്ചതില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കുട്ടികള്‍ക്ക് പുതിയതായി ഒന്നും വായിക്കാനില്ല എന്നത് ഒരു ദുഃഖസത്യമാണ്.


ഇതര സാഹിത്യ പരിശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം ബാലസാഹിത്യത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിയവരാണ് ഇന്നത്തെ ബാലസാഹിത്യകൃതികളിലധികവും പടച്ചുവിടുന്നത്.ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യുറീക്കയുടെ ഈ ശ്രമത്തിന്റെ പ്രസക്തി.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിയാനും പോഷിപ്പിക്കാനും മറ്റ് ലാഭങ്ങളൊന്നുമില്ലതെ ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?
എങ്കിലും യുറീക്കയ്ക്ക് ചില ദോഷങ്ങളുള്ളത് അതിന്റെ ഇപ്പോഴത്തെ എഡിറ്ററായ ശ്രീ രാമകൃഷ്ണന്‍ കുമരനെല്ലൂരിനോട് ഞാന്‍ പറഞ്ഞിരുന്നു.യുറീക്കയില്‍ എഴുതുന്നവരധികവും വള്ളുവനാട്ടുകാരാണ്.എഴുതുന്നതാവട്ടെ നാട്ടു ഭാഷയിലും .മലയാളസിനിന്മയും എം.ടിയും ഈ നാട്ടുഭാഷയ്ക്ക് വേണ്ടത്ര പ്രചാരം കൊടുത്തിട്ടുള്ളതിനാല്‍ ഇതൊരു പ്രശ്നമായി ആര്‍ക്കും തോന്നിക്കാണില്ല.
ഇതൊരു തരം പക്ഷ്പാതിത്ത്മായാണ് എനിക്ക് തോന്നിയത്. എന്റെ കുഴപ്പമാവാം.ഇതിന് രാമകൃഷ്ണന്‍ പറഞ്ഞ മറുപടി രസകരമാണ്.തിരുവനന്തപുരത്തുള്ള ആളും എന്തെങ്കിലും എഴുതി അയയ്ക്കുന്നത് വള്ളുവനാടന്‍ ഭാഷയിലാണത്രേ...പിന്നെന്തു ചെയ്യും.

മറ്റൊന്ന്,നിലവാരത്തില്‍ വന്ന അപചയമാണ്. കുട്ടികളോട് സൌഹൃദപരമാക്കാനാണെന്നാവും അതിന് ന്യായമെന്ന് കരുതുന്നു.പണ്ട് യുറീക്കയില്‍ എഴുതിയിരുന്നത് ശാസ്ത്രജ്ഞരോ അതിനോടടുത്തു നില്ക്കുന്ന ഗവേഷകരോ പണ്ഡിതരോ ആയിരുന്നു. ഇപ്പോള്‍ എഴുതുന്നവര്‍ വെറും ബാലസാഹിത്യകാരന്മാര്‍ മാത്രമാണ്.

എന്തെല്ലാം പറഞ്ഞാലും ഡിസംബര്‍ രണ്ടാം ലക്കത്തെ എത്ര അഭിനന്ദിച്ചലും മതിയാവില്ല.ഇത്തവണത്തെ കുട്ടികളുണ്ടാക്കിയ യൂറീക്കയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.ഇപ്രാവശ്യത്തേത് കുട്ടികളുടേയും വലിയവരുടേയും ഒരു കൂട്ടായ്മയാണ്. അതായത് കുട്ടികള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്താണെകിലും ഈ ലക്കത്തില്‍ അവരുടെ രചനകള്‍ക്ക് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് കേരളത്തിലേ പ്രശസ്ത ചിത്രകാരന്മാരും കവികളുമാണ്.ഈ ലക്കം എനിക്ക് ഒരു നൊസ്റ്റാള്‍ജിക് പതിപ്പായി തോന്നിച്ചു. കൃത്യമായിപ്പറഞ്ഞാല്‍ ഞാനൊരു പഴയ മാസികയെ ഓര്‍മിച്ചു.കുട്ടികളെ ഭാവനയുടെ സ്വപ്ന സമാനമായ വഴികളിലൂടെ നടത്തിയ, എന്റെ കുട്ടിക്കാലത്തെ കഥകളുടെയും ചിത്രങ്ങളുടെയും വിസ്മയങ്ങളുടെ നിഗൂഢമായ ദ്വീപുകളിലേക്ക് കൊണ്ടുപോയ ...‘അമ്പിളിഅമ്മാവന്‍' എന്ന മാസിക.നിങ്ങളില്‍ ചിലരെങ്കിലും ആ മാസികയെ ഓര്‍ക്കുന്നുണ്ടാവും.

യുറീക്കയിലേക്ക് തിരിച്ചുവരാം.ആരൊക്കെയാ‍ണ് ഈ ലക്കം യുറീക്കയില്‍ ചിത്രങ്ങള്‍ വരച്ചെതെന്നറിയേണ്ടേ?
നമ്പൂതിരി,ജെ.ആര്‍ പ്രസാദ്,അമ്പിളി,മദനന്‍ ,ശേഖര്‍ അയ്യന്തോള്‍ ,പുണിഞ്ചിത്തായ,ഗണപതി,കെ .യു കൃഷ്ണകുമാര്‍ ,കൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രസിദ്ധര്‍ ഈ ലക്കത്തില്‍ കുട്ടികളുടെ രചനകളെ ചിത്രങ്ങള്‍ കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു.പി. പി രാമചന്ദ്രന്‍ ,റഫീക് അഹമ്മദ്,ശാന്തന്‍ തിടങ്ങിയ കവികളും ചിത്രം വരച്ചിട്ടുണ്ട്.ഇതില്‍ ചില ചിത്രങ്ങള്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.അരുണ്‍ ഒടുമ്പ്ര,സന്ദീപ് കെ ലൂയീസ്,ശേഖര്‍ അയ്യന്തോള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ എടുത്തു പറയുകയാണ്.കഥാകൃത്താ‍യ ഹാഫിസ് മുഹമ്മദ് ഒരുചിത്രം വരച്ചിട്ടുണ്ട്.ഇനിയും പല പ്രമുഖരുമുണ്ട്.വാസു പ്രദീപിന്റെ ഒരു ചിത്രം കണ്ടു.

കുട്ടികളുടെ രചനകളും ഒന്നാന്തരമായിട്ടുണ്ട്.ഹരിത ആര്‍ എഴുതിയ ഒരു തിരക്കഥയുണ്ട്.ഹരിത പൊന്നാനി എ.വി സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ്.(കവിയും എ.വി സ്കൂല്‍ അധ്യാപകനുമായ പി.പി രാമചന്ദ്രന്റെ മകളാവുമെന്ന് ഞാന്‍ കരുതുന്നു. സംശയനിവാരണം വരുത്തിയിട്ടില്ല.)ഒളിച്ചുകളി എന്ന ഈ തിരക്കഥ അസാധാരണമായ നിലവാരം പുലര്‍ത്തുന്നതാണ്:

അമ്മുവും ഉണ്ണിയും ഒളിച്ചു കളിക്കുകയാണ്.ഉണ്ണി എണ്ണുകയാണ്. എണ്ണുന്നതിനിടയില്‍ ഉണ്ണി ഒരു എട്ടുകാലിയെ കാണുന്നു.അവന്റെ ശ്രദ്ധ തെറ്റുന്നു..അവന്‍ എണ്ണിത്തീരുന്നു.ഉണ്ണി ചിലന്തിവല നോക്കി നില്‍ക്കുകയാണ്.അമ്മു അവന്‍ കണ്ടൊട്ടെ എന്ന് വിചാരിച്ച് ഒളിയിടത്തില്‍ നിന്ന് തന്റെ പാവാട ഉണ്ണിക്ക് കാണാനാവും വിധം വിടര്‍ത്തിയിടുന്നുണ്ട്. പക്ഷേ ഉണ്ണി തുമ്പിയുടേയും ഉറുമ്പിന്റേയും പിന്നാലെ പോവുന്നു. അവന്‍ കളിയെക്കുറിച്ച് മറന്നു പോയിരിക്കുന്നു.
പെട്ടെന്ന് മഴ വന്നു .ഉണ്‍നി മഴ നോക്കിയിരിക്കുന്നു. അവന്‍ ഒരു തോണിയുണ്ടാക്കുന്നു.തോണിയില്‍ ഒരു ഉറുമ്പിനെ പിടിച്ചിട്ട് വീട്ടുമുറ്റത്തെ വെള്ളത്തില്‍ തോണിയിറക്കുന്നു. തോണികാണാന്‍ ചേച്ചിയെ വിളിക്കുന്നു.അപ്പോഴാണ് അവന് ചേച്ചിയെ(അമ്മുവിനെ) ഓര്‍മ്മ വരുന്നത്.അവന്‍ ചേച്ചീ എന്ന് വിളിച്ച് ഓടി നടന്ന് തിരയുന്നു.അമ്മുവിനെ കാണുന്നില്ല.തോണി ഒഴുകിപ്പോവുന്നത് അവന്‍ കാണുന്നു.തോണി ഒരു തോട്ടിലേക്ക് കടക്കുന്നു.ഉണ്ണി ഓടി തോടിന്റെ വക്കത്തു വന്ന് നില്‍ക്കുന്നു.അവന്റെ മുഖത്ത് പരിഭ്രമവും അത്ഭുതവും.അവനുണ്ടാക്കിയ കടലാസു തോണിയില്‍ അമ്മു തുഴഞ്ഞ് പോവുന്നത് അവന്‍ കാണുന്നു.അമ്മു പുഞ്ചിരിച്ചുകൊണ്ട് കൈവീശികാണിക്കുന്നു.അവള്‍ തോണി തുഴഞ്ഞ് അകലേക്ക് പോവുന്നു.....

ഹാ..എത്ര മനോഹരമായ ത്രെഡ്. എങ്ങനെയാണ് ഈ കുട്ടിയെ അഭിനന്ദിക്കാതിരിക്കുക.വായനക്കാരേ,യുറീക്ക വായിച്ച് ഈ കുട്ടിക്ക് ഒരഭിനന്ദനക്കുറിപ്പെഴുതണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.അല്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കുറിച്ചിടുകയുമാവാം.ഹരിതയ്ക്ക് ഇത് കാണാനുള്ള സൌകര്യങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.
.

Monday, December 25, 2006

എയര്‍ടെല്‍ ,ഇത് ശരിയോ...?

ഈ എയര്‍ടെല്‍ ഇല്ലായിരുന്നെങ്കില്‍ വിഷ്ണുപ്രസാദ് എന്ന ഒരു ബ്ലോഗര്‍ ഉണ്ടാവില്ലായിരുന്നു.മാത്രമല്ല ഈ ബൂലോകത്തെ കൂട്ടുകാരെയാരെയും എനിക്ക് കിട്ടില്ലായിരുന്നു.എയര്‍ടെല്ലിന് നന്ദി പറഞ്ഞ് ഒരു പോസ്റ്റിട് എന്ന് മനസ്സ് പല തവണ പറഞ്ഞതാണ്.എന്റെ മടി കൂട്ടാക്കിയില്ല. അല്ലെങ്കില്‍ സ്വയം പ്രകാശനം എന്ന കിട്ടാക്കനി കിട്ടിയപ്പോള്‍ ഞാനത് സൌകര്യ പൂര്‍വം മാറ്റിവെച്ചു.

മാസം 250രൂപ കൊടുത്ത് ഒരു GPRSകാര്‍ഡ് എടുത്താല്‍ ഒരു മാസം പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരുന്നത്.സെപ്റ്റംബര്‍ മാസം മുതലാണ് ഞാന്‍ എയര്‍ടെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തിതുടങ്ങിയത്.നവംബര്‍ മാസം വരെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

നവംബര്‍ ഒടുവില്‍ ഞാന്‍ വീണ്ടും പതിവു പോലെ റീചാര്‍ജ് ചെയ്തു.പുതിയ GPRSകാര്‍ഡും എടുത്തു.അന്നു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍ .ഒരു ദിവസം നെറ്റില്‍ ബ്രൌസ് ചെയ്തുകൊന്റിരിക്കുമ്പോള്‍ കുറേ മെസ്സേജുകള്‍ വന്നു. എയര്‍ടെല്‍ ലൈവ് ഉപയോഗിച്ചതിന് നന്ദി സൂചിപ്പിക്കുന്ന മെസ്സേജുകളായിരുന്നു അവ.ഞാനത് കാര്യമാക്കിയില്ല.ഞാന്‍ എയര്‍ടെല്‍ ലൈവ് ഉപയോഗിക്കുന്നില്ലല്ലോ.
പക്ഷേ പിറ്റേന്ന് അന്തം വിട്ടു. എനിക്ക് നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ല.ആര്‍ക്കും വിളിക്കാന്‍ പറ്റുന്നില്ല. ബാലന്‍സ് നോക്കിയപ്പോള്‍ മൈനസ്ബാലന്‍സും.മൊബൈല്‍ വാങ്ങി അധികമൊന്നും ആയിട്ടില്ലാത്ത എനിക്ക് ആരോടാണ് പരാതി പറയേണ്ടതെന്ന് വരെ അറിയില്ലായിരുന്നു(ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നത് എനിക്ക് കാണാം ).ഞാന്‍ റീചാര്‍ജ് ചെയ്യുന്ന കടയില്‍ പോയി അവിടെ നില്‍ക്കുന്ന കുട്ടിയോട്
വിവരങ്ങള്‍ പറഞ്ഞു.കസ്റ്റമെര്‍ കെയറിലേക്ക് വിളിച്ചു പരാതി ബോധിപ്പിച്ചു.എന്തായാലും 24 മണിക്കൂര്‍ കഴിഞ്ഞേ നടപടിയുണ്ടാവൂ എന്ന് അറിയിച്ചു. അതുവരെ എങ്ങനെ ഈ ബൂലോകത്തെ വിട്ടു നില്‍ക്കും ? എന്റെ ഈ ഭ്രാന്ത് കാരണം ഞാന്‍ ഒന്നും ആലോചിക്കാതെ അപ്പോള്‍ തന്നെ ഒരു 100 രൂപയുടെ ടോപ് അപ് എടുത്തു.അതില്‍ ശരിക്ക് 90 രൂപയിലധികം ടോക് ടൈം കിട്ടേണ്ടതാണ്. മൈനസ് ബാലന്‍സ് ഉള്ളതു കാരണം ബാലന്‍സായി 82 രൂപയും ചില്ലറയുമാണ് എനിക്ക് ലഭിച്ചത്.ഞാന്‍ വീട്ടില്‍ വന്ന് വീണ്ടും ബ്ലോഗാനിരുന്നു. പെട്ടെന്ന് കമ്പ്യൂട്ടര്‍ ചില തകരാറുകള്‍ കാണിച്ച് പൂര്‍ണമായും നിശ്ചലമായി. CPUവിലെ ഫാനുകളൊന്നും കറങ്ങുന്നില്ല. മദര്‍ബോഡിലെ ഇന്‍ഡികേറ്റര്‍ മാത്രം കത്തുന്നുണ്ട്.ഞാന്‍ നേരെ കുന്നംകുളത്തേക്ക് വെച്ചുപിടിച്ചു.വഴിയില്‍ വെച്ച് ഒരു ടെക്നീഷ്യന്റെ നമ്പറില്‍ വിളിച്ചു. അതു കഴിഞ്ഞതും തുരു തുരെ സന്ദേശങ്ങള്‍ വന്നു. പ്രതിപാദ്യ വിഷയം പഴയതു തന്നെ. ഞാന്‍ ബാലന്‍സ് പരിശോധിച്ചു. 40 രൂപ കുറഞ്ഞിരിക്കുന്നു. വൈകുന്നേരമായപ്പോഴേക്കും കാശൊക്കെ തീര്‍ന്നു..കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.നിരന്തരം വിളിച്ചു. അവര്‍ പലതരം ആരോപണങ്ങള്‍ ഉന്നയിച്ചു.ഞാന്‍ ചാര്‍ജബിള്‍ സൈറ്റുകളില്‍ കയറിയെന്നാണ് ഒന്ന്. മറ്റൊന്ന് ഞാന്‍ വാള്‍പേപ്പറും റിങ്ടോണും ഡൌണ്‍ ലോഡ് ചെയ്തുവെന്നാണ്. സത്യത്തില്‍ ഇതൊന്നും ഞാന്‍ ചെയ്തിട്ടില്ല.ഞാനല്ലാതെ വീട്ടില്‍ ആരും നെറ്റ് ഉപയോഗിക്കുന്നില്ല. അവസാ‍നം അവര്‍ സമ്മതിച്ചു നഷ്ടപ്പെട്ട കാശ് റീഫണ്ട് ചെയ്തു.പക്ഷേ പ്രശ്നം അതുകൊണ്ടും തീര്‍ന്നില്ല.

ഈ സന്ദേശങ്ങളുടെ വരവ് തുടരുകയാണ്. ഇതിനകം പലതവണ കാശ് പോവുകയും നിരന്തരം വിളിച്ച് ബുദ്ധിമുട്ടിയതുകൊണ്ടുമാത്രം പലതവണ റീഫണ്ട് ചെയ്യുകയും ചെയ്തു. പക്ഷേ അതു കൊന്റ് ഒരു കാര്യവുമില്ല. റീഫണ്ട് ചെയ്ത് അഞ്ചാറ് മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും തഥൈവ. അന്ന് 100 രൂപയ്ക്ക് ടോപ് അപ് എടുത്തതിനു ശേഷം ഞാന്‍ രണ്ട് മൂന്ന് ലോക്കല്‍കാളുകള്‍ മത്രമേ വിളിച്ചിട്ടൂള്ളൂ.ഇപ്പോള്‍
എന്റെ ബാലന്‍സ് അഞ്ചു രൂപയാണ് സുഹൃത്തുക്കളേ. ആദ്യത്തെ സംഭവത്തിനു ശേഷം തന്നെ എന്റെ മൊബൈലിലെ എയ്ര്ടെല്‍ ലൈവിന്റെ അഡ്രസ്സ് ഞാന്‍ ഡിലിറ്റിയിരുന്നു.എന്നിട്ടും സന്ദേശങ്ങള്‍ വരികയാണ്: എയര്‍ടെല്‍ ലൈവ് ഉപയോഗിച്ചതിന് നന്ദി....

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചാല്‍ പരിഹാരത്തിന് 24 മണിക്കൂര്‍ കഴിയണം. 48 മണിക്കൂര്‍ കഴിഞ്ഞ് വിളിച്ചാല്‍
ഒരു 6മണിക്കൂര്‍ കൂടി കാത്തിരിക്കൂ‍ എന്ന് പറയും .ചിലര്‍ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കും.ഞാന്‍ മടുത്തു.എയര്‍ ടെല്‍ , ഇങ്ങനെ നിന്നെ കൊണ്ടുനടക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് ബൂലോകരേ, ചിലപ്പോള്‍ എയര്‍ടെല്ലിന്റെ കണക്ഷന്‍ ഞാന്‍ ഒഴിവാക്കിയാല്‍ ഈ ബൂലോകം എങ്ങനെ എനിക്ക് തിരിച്ചുകിട്ടും...?